UPDATES

വിദേശം

പ്രതിഷേധക്കാര്‍ക്കെതിരായ സൈനികനടപടി: ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്പെന്‍ഡ് ചെയ്തു

ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാരുന്നതിനുള്ള സമയപരിധി കഴിഞ്ഞ മാസംതന്നെ അവസാനിച്ചിരുന്നു.

ആഫ്രിക്കന്‍ യൂണിയനില്‍ (എ.യു) നിന്ന് സുഡാനെ സസ്‌പെന്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി. നിലവില്‍ രാജ്യ ഭരണം കയ്യാളുന്ന സൈന്യത്തിനുള്ളില്‍ തന്നെയുള്ള ഭിന്നതകള്‍ സുഡാനെ അരാജകത്വത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും നയിച്ചേക്കാം എന്ന ഭീതി പരക്കുന്നതിനിടെയാണ് ആഫ്രിക്കന്‍ യൂണിയന്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്തിരിക്കുന്നത്.

സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. നിലവിലെ സംഘര്‍ഷം തടയുന്നതിന് ജനാധിപത്യ സര്‍ക്കാര്‍ മാത്രമാണ് പോംവഴിയെന്നും ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി. ഈ തീരുമാനം സുഡാനിലെ സൈന്യത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. നയതന്ത്രപരമായി ഒറ്റപ്പെടും. ആഫ്രിക്കന്‍ യൂണിയന്‍റെ വിവിധ പ്രവര്‍ത്തനങ്ങളിലുള്ള സുഡാന്‍റെ പ്രാതിനിധ്യങ്ങളെല്ലാം ഇതോടെ നിര്‍ത്തലാവും.

ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാരുന്നതിനുള്ള സമയപരിധി കഴിഞ്ഞ മാസംതന്നെ അവസാനിച്ചിരുന്നു. ഏകാധിപതിയായ പ്രസിഡന്‍റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുത്തത്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്‍റെ നേട്ടം സൈന്യം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. അതോടെ സൈന്യത്തിനെതിരെ ജനകീയ സമരം ശക്തമായി. പട്ടാളവും പ്രക്ഷോഭകരും തമ്മില്‍ മൂന്നു വർഷത്തേക്ക് സുഡാനിൽ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതില്‍നിന്നും സൈന്യം നാടകീയമായി പിന്മാറി. പ്രക്ഷോഭകര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെപ്പു നടത്തി. ഇതുവരെ 108 പേര്‍ മരിക്കുകയും 500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സുഡാനീസ് ഡോക്ടേഴ്സ് കമ്മിറ്റി പറയുന്നു.

ഒരു സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍ വരുന്നവരെ പ്രതിഷേധം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സൈന്യത്തിനകത്ത് ബാഷറിന്‍റെ അനുയായികളായിരുന്ന മുതിര്‍ന്ന ചില മേലുദ്യോഗസ്ഥരും യുവാക്കളായ ഉദ്യോഗസ്ഥരും തമ്മിലാണ് രൂക്ഷമായ അഭിപ്രായ വ്യത്യാസമുള്ളതെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് സാധാരണ പട്ടാളക്കാരെ ഖാര്‍ത്തൂമിന് പുറത്തേക്ക് മാറ്റിയതായും, ചിലരെ നിരായുധരാക്കിയതായും മറ്റു ചിലരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മേലുദ്യോഗസ്ഥരുടെ നടപടികളോട് ഒട്ടും യോജിക്കാത്ത പട്ടാളക്കാര്‍ അവര്‍ക്കെതിരെ തിരിയാനുള്ള സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ വിദഗ്ധനായ ജീൻ ബാപ്റ്റിസ്റ്റ് ഗലോപിൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍