UPDATES

വിദേശം

ന്യൂ സീലാൻഡ് വെടിവെപ്പിന്റെ ലൈവ് സ്ട്രീമിങ്ങിൽ പ്രതിഷേധിച്ച് എയർ ഏഷ്യ സിഇഒ ഫേസ്ബുക്ക് വിട്ടു

ഇപ്പോൾ ഫേസ്ബുക്ക് ചെയ്തിരിക്കുന്നത് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് ടോണി പറഞ്ഞു.

ന്യൂ സീലാൻഡിൽ ഭീകരവാദികൾ മുസ്ലിം പള്ളിയിൽ കയറി നടത്തിയ വെടിവെപ്പ് ലൈവ് സ്ട്രീമിങ് ചെയ്തതിൽ പ്രതിഷേധിച്ച് ഏഷ്യാ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ് ഫേസ്ബുക്ക് വിട്ടു. സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം ശക്തമാകുന്നതും ഇതിനെതിരെ കമ്പനികൾ യാതൊന്നും ചെയ്യാതിരിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് ടോണി ഫെർണാണ്ടസ് പേജ് പൂട്ടുന്നത്. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ ട്വിറ്റർ അക്കൗണ്ട് പൂട്ടാൻ ആലോചിക്കുന്നതായും സമാനമായൊരു വിഷയത്തിൽ പ്രതികരിക്കവെ ടോണി പറഞ്ഞിരുന്നു. ഫേസ്ബുക്കിൽ 670,000 ഫോളോവേഴ്സ് ഉള്ളയാളാണ് ടോണി ഫെർണാണ്ടസ്.

ട്വിറ്റർ അക്കൗണ്ടിൽ 1.29 ദശലക്ഷം ഫോളോവേഴ്സ് ടോണി ഫെർണാണ്ടസിനുണ്ട്. 2008 മുതൽ ഇതുവരെ 20,300 ട്വീറ്റുകൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്.

ട്വിറ്ററിൽ താൻ തുടരുമെന്ന് ടോണി ഫെർണാണ്ടസ് പറയുന്നുണ്ടെങ്കിലും ഇതും പ്രശ്നാധിഷ്ഠിതമാണെന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോൾ ഫേസ്ബുക്ക് ചെയ്തിരിക്കുന്നത് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് ടോണി പറഞ്ഞു.

ന്യൂസീലാൻഡ് വെടിവെപ്പിന്റെ ലൈവ് സ്ട്രീമിങ് വീഡിയോകൾ ഫേസ്ബുക്കിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോൾ. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ വെറുപ്പ് പടർത്തുന്ന ഉള്ളടക്കങ്ങൾ പങ്കിടുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഇന്ത്യയിൽ വ്യാജ വാട്സാപ്പ് മെസ്സേജുകൾ പ്രചരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ അപരിചിതരെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നാരോപിച്ച് തല്ലിക്കൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. ഇത്തരം കണ്ടന്റുകൾ പ്രചരിക്കുന്നത് തടയണമെന്ന് വാട്സാപ്പിനോട് ഇന്ത്യക്ക് ആവശ്യപ്പെടേണ്ടി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍