UPDATES

അല്‍-ഷബാബിന്റെ തീക്കളി; സൊമാലിയയില്‍ കൊല്ലപ്പെട്ടത് 300-ലേറെപ്പേര്‍

ഇസ്ലാമിസ്റ്റ് സംഘടനയായ അല്‍-ഷബാബ് അടുത്തിടെ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായാത്

ഈ അടുത്ത കാലഘട്ടത്തിലുണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ഭീകരവാദി ആക്രമണത്തില്‍ സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300-ലധികമായി. തിരിച്ചറിയപ്പെടാത്ത 165 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു കഴിഞ്ഞതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. നൂറുകണക്കിന് കിലോ വരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് സൊമലിയന്‍ വിദേശകാര്യ മന്ത്രാലത്തിനടുത്തു വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

മനുഷ്യ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലിലൊന്നും ഭൂമിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ടതുമാണ് ആഫ്രിക്കന്‍ മുനമ്പ്. മത വര്‍ഗീയ, വംശീയ ഗ്രൂപ്പുകളുടെ പിടിയില്‍ നിന്നും ഈ പ്രദേശം മോചിപ്പിച്ച് പുതിയൊരു ദേശരാഷ്ട്രത്തിന് രൂപം നല്‍കാനുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ കൂടി കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ മേഖല വീണ്ടും കാടന്‍ യുദ്ധമുറകള്‍ക്ക് വേദിയാകുന്നത്.

ചെക്ക് പോയിന്റനടുത്തു നിര്‍ത്തിയ വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ ഡ്രൈവര്‍ അതിവേഗം വാഹനം മുന്നോട്ടെടുക്കുയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ബാരിയറും തകര്‍ത്ത് മുന്നോട്ടു പോയ ട്രക്ക് അവിടെ വച്ച് പൊട്ടിത്തെറിച്ചു. ഇത് സമീപത്തുണ്ടായിരുന്ന ഒരു എണ്ണ ടാങ്കറില്‍ തീപിടിപ്പിക്കുകയും അതും പൊട്ടിത്തെറിക്കുകയുമായിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് വിദേശകാര്യ മന്ത്രാലയത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു ഉദ്ദേശമെന്നാണ് കരുതുന്നത്. തിരക്കു പിടിച്ച നിരത്തില്‍ വച്ച് പൊട്ടിത്തെറിച്ചതോടെ സമീപത്തെ ഹോട്ടലും മറ്റ് കെട്ടിടങ്ങളും പുര്‍ണമായി തകര്‍ന്നു.

മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാവാത്ത വിധം കത്തിനശിച്ചതായാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തരത്തിലുള്ള 165 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

മൊഗാദിഷുവില്‍ സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയാണെങ്കിലും ഇത്ര വലിയ ഒരാക്രമണം ആദ്യമായാണ്.

രാജ്യത്ത് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളൈ മൊഹമ്മദ് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കാനും രക്തദാനം നല്‍കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ആക്രമണം

സൊമാലിയയിലെ ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘടനയായ അല്‍-ഷബാബുമായി കഴഞ്ഞ ഒരു ദശകമായി നിലനില്‍ക്കുന്ന പോരാട്ടം പുതിയ ആക്രമണത്തോടെ വീണ്ടും ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുകയാണ്. ആക്രണമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചപ്പോള്‍ സൊമാലിയയിലേക്കുള്ള യു.എന്‍ പ്രത്യേക പ്രതിനിധി മൈക്കല്‍ കീറ്റിംഗ് വിശേഷിപ്പിച്ചത് കലാപംം എന്നാണ്.

ട്രംപ് ഭരണകൂടവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സൊമാലിയന്‍ സര്‍ക്കാരും ചേര്‍ന്ന് അല്‍-ഷബാബ് ഗ്രൂപ്പിനെതിരായ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് പ്രസ്താവിച്ചതിനു പിന്നാലെ ആക്രമണം ശക്തമാക്കുമെന്ന് അല്‍-ഷബാബ് ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് മൊഗാദിഷുവില്‍ നിന്ന് പിന്‍വാങ്ങി പ്രാന്ത പ്രദേശങ്ങളിലായിരുന്നു അല്‍-ഷബാബ കേന്ദ്രമാക്കിയിരുന്നതെങ്കിലും കുറച്ചു നാളുകളായി ചെറു പട്ടണങ്ങള്‍ വീതം കീഴക്കി വരികയായിരുന്നു. അതോടൊപ്പം, സൊമാലിയയിലുള്ള ആഫ്രിക്കയന്‍ യൂണിയന്‍ ഓഫ് മിഷനും സൊമാലി സൈന്യത്തിനും നാശനഷ്ടങ്ങളുമുണ്ടാക്കിക്കൊണ്ടിരുന്നു.

അല്‍-ഷബാബിനെതിരായ ഡ്രോണ്‍ ആക്രണമങ്ങള്‍ അമേരിക്ക ശക്തമാക്കിയതിനിടെ, ഗ്രൂപ്പുമായുണ്ടായ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. മൊഗാദിഷുവില്‍ 1993-ല്‍ നടന്ന ബ്ലാക്ക് ഹാവ്ക് ഡൗണിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ സൈന്യത്തിന് ആഫ്രിക്കയില്‍ തിരിച്ചടിയേല്‍ക്കുന്നത്.

സൊമാലിയയുടെ വടക്കന്‍ മേഖലയിലുള്ള അര്‍ധ സ്വയംഭരണ പ്രദേശമായ പുണ്ഡ്‌ലാന്‍ഡില്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഒരു ചെറുസംഘം ആക്രമണത്തിനു പിന്നിലെന്ന് സംശയിച്ചെങ്കിലും ഇത്ര വലിയ ആക്രമണത്തിന് അവര്‍ക്ക് ശേഷിയില്ല എന്നാണ് കണാക്കാക്കുന്നത്.

ആഫ്രിക്കന്‍ മുനമ്പിന്റെ പ്രത്യേകത

നാലു രാജ്യങ്ങള്‍ ചേര്‍ന്ന പ്രദേശമാണ് ആഫ്രിക്കന്‍ മുനമ്പ് എന്നറിയപ്പെടുന്നത്- എത്യോപ്യ, എരിട്രിയ, ജിബുട്ടി, സൊമാലിയ. ആഫ്രിക്കയുടെ ഒരു സത്തയെന്ന നിലയിലുള്ള ഈ പ്രദേശം കടന്നുപോകാത്ത കാര്യങ്ങളില്ല- സാമ്രാജ്യത്വം, നവ കൊളോണിയലിസം, ശീതയുദ്ധം, വംശീയ പോരാട്ടങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, പട്ടിണി, രോഗങ്ങള്‍, കൃഷിനാശം തുടങ്ങി എണ്ണമറ്റ കാര്യങ്ങള്‍.

ഈ മേഖലയുടെ പുരോഗതിയുണ്ടാവാതെ ആഫ്രിക്കന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നത് ഒരിക്കലും സാധ്യമല്ല.

ഏറ്റവും പഴക്കം ചെന്ന സംസ്‌കാരവും അതിന്റെ ചരിത്രത്തില്‍ കൂടുതല്‍ ഭാഗവും സ്വതന്ത്രവുമായിരുന്ന എത്യോപ മുതല്‍ സൊമാലിയ വരെയുള്ള ഈ ഉപമേഖലയാണ് ഇന്ന് ഭൂഗോളത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലുള്ള രാഷ്ട്രങ്ങള്‍. എരിട്രിയ, ജിബൂട്ടി എന്നീ എന്നീ കടല്‍ത്തീര രാജ്യങ്ങളായ അയല്‍വാസികളും ഈ കുഴപ്പങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം, എത്യോപയും സൊമാലിയയുമായി അത്ര നല്ല ബന്ധവുമല്ല ഉള്ളത്.

എത്യോപയുമായുള്ള 30 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്കു ശേഷമാണ് എരിട്രിയ ഒരു സ്വതന്ത്ര രാജ്യമായി മാറുന്നത്. ഇതോടെ എത്യോപ്യ മറ്റു രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട ഒന്നായി തീര്‍ന്നു. ഇതില്‍ ഫ്രഞ്ച് സൊമാലിലാന്‍ഡ് ആയിരുന്ന ജിബൂട്ടി മാത്രമാണ് താരതമ്യേനെ സ്ഥിരതയും മോശമല്ലാത്ത അവസ്ഥയുമുള്ള ഒരു രാജ്യം. അവര്‍ ഈ ആഫ്രിക്കന്‍ മുനമ്പ് രാജ്യങ്ങള്‍ക്കകത്തും പുറത്തും തങ്ങളാലാവും വിധം സമാധാന ശ്രമങ്ങളും മധ്യസ്ഥ ശ്രമങ്ങളും നടത്തുന്നു.

സൊമാലിയ ഇന്നൊരു ഐക്യരാജ്യം എന്നതിനേക്കാള്‍ ഒരു ഭൂഗോളത്തിലെ ഒരു പ്രദേശം മാത്രമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ 15 സര്‍ക്കാരുകളെങ്കിലും ഇവിടെ മാറിമാറി ഭരിച്ചു.

മനുഷ്യവംശത്തിന്റെ ആദ്യ സെറ്റില്‍മെന്റുകളില്‍ ഒന്നായ ഈ ആഫ്രിക്കന്‍ മുനമ്പില്‍ നിന്ന്, കപ്പലുകള്‍ റാഞ്ചുന്ന കടല്‍ക്കൊള്ളക്കാര്‍ക്ക് തങ്ങളുടെ ബോട്ടുകള്‍ കടലിലേക്ക് പായിക്കാനുള്ള പ്രദേശമായി സൊമാലിയ മാറി. കടല്‍ക്കൊള്ളയും ഭീകരവാദവും മാത്രമാണ് ഈ മേഖലയില്‍ ഇന്ന് സ്ഥിരതയുള്ള ‘ലാഭ’മുള്ള രണ്ടു ബിസിനസുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍