‘അവിടെ (കാശ്മീര്‍) നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ കേവലം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമോ ആഭ്യന്തര പ്രശ്നമോ മാത്രമല്ല, അന്താരാഷ്ട്ര പ്രശ്നംകൂടിയാണ്.’ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം കാശ്മീരിലുണ്ടായ മനുഷ്യാവകാശ ലംഘന ആരോപണങ്ങളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം എത്രയുംവേഗം നടത്തണമെന്ന് ബ്രിട്ടന്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കാശ്മീര്‍ വിഷയത്തിലുള്ള യു കെയുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വരികയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്ന നിലപാടിലാണ് ബ്രിട്ടന്‍.
‘പൗരന്മാരെ തടങ്കലിലാക്കല്‍, അവരോടുള്ള മോശമായ പെരുമാറ്റം, ആശയവിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെല്ലാം ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. എന്നാല്‍ അവ താല്‍ക്കാലികം മാത്രമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞത്’ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു റാബ്.
‘അവിടെ (കാശ്മീര്‍) നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ കേവലം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമോ ആഭ്യന്തര പ്രശ്നമോ മാത്രമല്ല, അന്താരാഷ്ട്ര പ്രശ്നംകൂടിയാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.’ ഡൊമിനിക് റാബ് പറഞ്ഞു.
കാശ്മീര്‍ വിഷയത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഉയര്‍ന്നത്. ‘ഉപരോധം’ അവസാനിപ്പിക്കണമെന്നും സ്വതന്ത്ര നിരീക്ഷകരെ ഈ മേഖലയിലേക്ക് വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി എംപിമാര്‍ രംഗത്തുവന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിച്ചാണ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍ സംസാരിച്ചത്. അത് സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുമുള്ള വിവേചനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.