UPDATES

വിദേശം

ആമസോൺ: നമ്മുടെ വീടാണ് കത്തിക്കൊണ്ടിരിക്കുന്നതെന്ന് ഫ്രാന്‍സ്, ബ്രസീലിനെതിരെ ശക്തമായ പ്രതിഷേധം

വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പ്രതികരിച്ചത്.

ഭൂമിയുടെ ശ്വാസകോശമെന്നു വിളിക്കപ്പെടുന്ന ആമസോൺ മഴക്കാടുകള്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നു പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിഷയം ജി 7 ഉച്ചകോടിയിലെ അജണ്ടയിൽ ഒന്നാമതായി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ‘നമ്മുടെ വീടാണ് കത്തിക്കൊണ്ടിരിക്കുന്നത്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ മാക്രോൺ ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പ്രതികരിച്ചത്. ബ്രസീലിന്‍റെ പങ്കാളിത്തമില്ലാത്ത ജി 7 ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച്ചർച്ച ചെയ്യാനുള്ള ആഹ്വാനം ‘തെറ്റായ കൊളോണിയലിസ്റ്റ് മനോഭാവ’മാണെന്ന് അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വര്‍ഷം ഉണ്ടായതെന്ന് ബ്രസീലിലെനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് (ഇൻപെ) പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കാട്ടുതീ അപകടകരമാംവിധം വർധിച്ചതോടെ ലോകവ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 74,000 ത്തിലധികം തീപിടുത്തങ്ങളാണ് ബ്രസീലില്‍ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്.തീ നിയന്ത്രണാതീതമായതോടെ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നമ്മുടെ ഗ്രഹത്തില്‍ 20% ഓക്സിജൻ ഉൽ‌പാദിപ്പിക്കുന്ന ശ്വാസകോശത്തിനാണ് തീപിടിക്കുന്നതെന്ന്’ മാക്രോണ്‍ ട്വീറ്റ് ചെയ്തു.ആമസോണിലെ തീപിടുത്തത്തെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പറഞ്ഞു. ‘ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ നടുവിൽ നിന്നുകൊണ്ട്,ഓക്സിജന്റെയും ജൈവവൈവിധ്യത്തിന്റെയും ഒരു പ്രധാന സ്രോതസ്സ് കൂടുതൽ നശിപ്പിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ആമസോൺ പരിരക്ഷിക്കണം’- അദ്ദേഹം ട്വീറ്റ് ചെയ്തു.

കൂടുതല്‍ വായനയ്ക്ക് – https://www.bbc.com/news/world-latin-america-49443389

Read: ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചുവെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന തടവിലാക്കി

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍