UPDATES

വിദേശം

യുഎസ്സിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കരികിൽ താമസിക്കുന്നവരിലധികവും അധഃസ്ഥിതരും ന്യൂനപക്ഷങ്ങളും; 16 ലക്ഷം പേര്‍ ഇരകളാകുന്നുവെന്ന് പഠനം

വൈദ്യുത പദ്ധതികള്‍, ഹൈവേകൾ, ലാൻഡ്ഫില്ലുകൾ, വ്യവസായശാലകള്‍ തുടങ്ങിയ മലിനീകരണമുണ്ടാകുന്ന ഇടങ്ങളിലെല്ലാം താമസിക്കുന്നവരില്‍ ബഹുഭൂരിഭാഗവും അധസ്ഥിത വിഭാഗക്കാരാണ്.

ഏറ്റവുമധികം മലിനീകരണമുണ്ടാക്കുന്ന ഇൻസിനറേറ്ററുകൾക്ക് (മാലിന്യ സംസ്കരണ സംവിധാനം) ചുറ്റുമായി 1.6 ദശലക്ഷം അമേരിക്കക്കാർ താമസിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ഇതില്‍നിന്നും വരുന്ന മലിനീകരണങ്ങളുടെ ഇരകളാകുന്നത് ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരും ന്യൂനപക്ഷ സമുദായങ്ങളുമാണ്. ന്യുയോർക്കിലെ ടിഷ്മാൻ എൻവയോൺമെന്‍റ് ആൻഡ് ഡിസൈൻ സെന്‍ററാണ് ഗവേഷണം നടത്തിയത്. റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ സ്ഥാപിച്ചിട്ടുള്ള 73 ഇൻസിനറേറ്ററുകൾക്ക് ചുറ്റും താമസിക്കുന്നതില്‍ 79% ജനങ്ങളും കുറഞ്ഞ വരുമാനമുള്ളവരും, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുമാണ്.

അമേരിക്കയില്‍ ഒരു ഇൻസിനറേറ്ററിന്‍റെ മൂന്നു മൈലിനുള്ളില്‍മാത്രം 4.4 മില്യൺ ജനങ്ങളാണുള്ളത്. അതില്‍തന്നെ 1.6 ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത് ഏറ്റവും മലിനവായു പുറന്തള്ളുന്ന 12 ഇൻസിനറേറ്ററുകൾക്ക് ചുറ്റുമാണ്. മെർക്കുറി, ലെഡ്, സൾഫർ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ മാരകമായ വാതകങ്ങളാണ് ഇവ പുറന്തള്ളുന്നത്.

ഈ മലിനീകരണം ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അമേരിക്കയില്‍ ഇൻസിനറേറ്ററുകളുടെ ഉദ്വമനത്തിന് കൃത്യമായ അളവ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഈ അളവിനുള്ളിലും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിന് കൂടുതല്‍ ഇരകളാകുന്നത് കറുത്ത വര്‍ഗ്ഗക്കാര്‍ അടക്കമുള്ള പട്ടിണിപ്പാവങ്ങളാണ്.

മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും അമേരികയില്‍ വലിയ രീതിയിലുള്ള അനീതികള്‍ കാണാം. വൈദ്യുത പദ്ധതികള്‍, ഹൈവേകൾ, ലാൻഡ്ഫില്ലുകൾ, വ്യവസായശാലകള്‍ തുടങ്ങിയ മലിനീകരണമുണ്ടാകുന്ന ഇടങ്ങളിലെല്ലാം താമസിക്കുന്നവരില്‍ ബഹുഭൂരിഭാഗവും അധസ്ഥിത വിഭാഗക്കാരാണ്. അതിനുപിന്നിലും ചരിത്രപരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണാം. ഇത്തരം ഘട്ടങ്ങളിലെല്ലാം വിട്ടുവീഴ്ച ചെയ്യാന്‍ വിധിക്കപ്പെടുന്നത് സാധാരണ ജനവിഭാഗങ്ങളാണ്. അവരുടെ വീടുകളുടെ മൂല്യമിടിയും, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടും. വിഷലിപ്തമായ വായുവും വെള്ളവും തലമുറകളെ വേട്ടയാടും.

അതുകൊണ്ട് മാലിന്യ സംസ്കരണ സംവിധാനങ്ങളെ കേവലം ആരോഗ്യ പ്രശ്നങ്ങളുമായി മാത്രം ചേര്‍ത്തു വായിച്ചാല്‍ പോരെന്ന് പാരിസ്ഥിതിക വിദഗ്ധനായ മുസ്തഫ സാന്റിയാഗോ അലി പറയുന്നു. ‘അവ വർഗം, അധികാരം, നീതി, ഭരണം, ദാരിദ്ര്യം തുടങ്ങിയവയുമായും കൂട്ടിവായിക്കണം’ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍