UPDATES

വിദേശം

ആഞ്ജല മെര്‍ക്കല്‍ തന്നെ; നവനാസികള്‍ ജര്‍മന്‍ പാര്‍ലമെന്റിലെത്തുന്നത് അര നൂറ്റാണ്ടിനു ശേഷം

തീവ്രവലതു പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) നിലവിലുള്ള പ്രസ്ഥാനങ്ങളെ ഞെട്ടിച്ചുകൊണ്ട് 13.5 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനം കൈക്കലാക്കിക്കൊണ്ട് ആദ്യ പാര്‍ലമെന്റ് പ്രവേശനം സാധ്യമാക്കി.

ഞായറാഴ്ച തന്റെ എതിരാളികളെ പിന്തള്ളിക്കൊണ്ട് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ആഞ്ജല മെര്‍ക്കല്‍ തുടര്‍ച്ചയായി നാലാം തവണയും അധികാരം പിടിച്ചച്ചപ്പോള്‍, അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നവനാസികളും ജര്‍മ്മന്‍ പാലമെന്റില്‍ ഇടംപിടിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായി ബ്രിട്ടണ്‍ ജനഹിതപരിശോധനയില്‍ വോട്ട് ചെയ്തതും അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതും ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം, ബ്രക്‌സിറ്റ് അനന്തര യൂറോപ്പിന്റെ നേതൃത്വം എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് ക്ഷതമേറ്റ സ്വതന്ത്ര പാശ്ചാത്യ വ്യവസ്ഥയ്ക്കായി ശ്രമിക്കും എന്ന നിലയിലാണ് പലരും മെര്‍ക്കലിനെ ഉറ്റുനോക്കിയത്.

ഇനി ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങും. പക്ഷെ അവരുമായി അധികാരം പങ്കിടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സാധ്യതയുള്ള പങ്കാളികളികളിലെല്ലാം അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു കഠിന പ്രക്രിയ ആവാന്‍ സാധ്യതയുണ്ട്.

32.5 ശതമാനം വോട്ട് നേടിക്കൊണ്ട് മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ 2013ല്‍ നേടിയ 41.5 ശതമാനത്തില്‍ നിന്നും കുത്തനെയുള്ള ഇടിവാണ് പാര്‍ട്ടിയുടെ പിന്തുണയില്‍ ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്.

അവരുടെ തൊട്ടടുത്ത എതിരാളികളും ‘വിശാലസഖ്യം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണമുന്നണിയിലെ മെര്‍ക്കല്‍ പാര്‍ട്ടിയുടെ ഇളയ പങ്കാളികളുമായ മധ്യ ഇടുതു പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ജനകീയ പിന്തുണ 20 ശതമാനമായി ഇടിഞ്ഞു. യുദ്ധാനന്തര കാലഘട്ടത്തിലെ ഏറ്റവും മോശം ജനപിന്തുണയാണ് എസ്ഡിപിക്ക് ലഭിച്ചത്. അതിനാല്‍ തന്നെ ‘വിശാലസഖ്യ’വുമായി മുന്നോട്ട് പോകില്ലെന്ന് എസ്ഡിപി പ്രഖ്യാപിച്ചുകഴിഞ്ഞു.

തീവ്രവലതു പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) നിലവിലുള്ള പ്രസ്ഥാനങ്ങളെ ഞെട്ടിച്ചുകൊണ്ട് 13.5 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനം കൈക്കലാക്കിക്കൊണ്ട് ആദ്യ പാര്‍ലമെന്റ് പ്രവേശനം സാധ്യമാക്കി.

ജര്‍മ്മനിയുടെ ഏകീകരണം സാധ്യമാക്കിയ തന്റെ മാര്‍ഗ്ഗദര്‍ശി ഹെര്‍മട്ട് കോളിനും രണ്ടാം ലോക യുദ്ധത്തില്‍ തകര്‍ന്ന ജര്‍മ്മനിയുടെ പുനര്‍ജന്മത്തിന് നേതൃത്വം നല്‍കിയ കോണ്‍ട്രാഡ് അഡെനോവറിനും ശേഷം തുടര്‍ച്ചയായി നാലു തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന ഏകവ്യക്തിയാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ആഞ്ജല മെര്‍ക്കല്‍.

തന്റെ കക്ഷി പ്രതിപക്ഷത്തിരിക്കുമെന്ന് എസ്ഡിപി ഉപനേതാവ് മാനുവേല ഷെവ്‌സിഗ് പറഞ്ഞു. മെര്‍ക്കലുമായി നിലവിലുള്ള സഖ്യം എസ്ഡിപി ഉപേക്ഷിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. സ്വതന്ത്രവാദികളായ ഫ്രീ ഡെമോക്രാറ്റുകളും (എഫ്ഡിപി) പരിസ്ഥിതി വാദികളായ ഗ്രീന്‍ പാര്‍ട്ടിയുമായി ത്രികക്ഷി മുന്നണിയുണ്ടാക്കുകയാണ് മെര്‍ക്കലിന്റെ മുന്നിലുള്ള ഇതരമാര്‍ഗ്ഗം. ജമൈക്കന്‍ ദേശീയ പതാകയിലെ കറുപ്പ്, സുവര്‍ണ്ണ, പച്ച നിറങ്ങളെ അനുസ്മരിപ്പിക്കുന്ന കൊടിയാണ് ഈ മൂന്ന് പാര്‍ട്ടികള്‍ക്കും എന്നതിനാല്‍ ഇതിനെ ‘ജമൈക്ക’ സാധ്യത എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം ഒരു സഖ്യം ദേശീയതലത്തില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല.

എഫ്ഡിപിയും പരിസ്ഥിതിവാദികളായ ഗ്രീനുകളും ജമൈക്ക സഖ്യത്തിന്റെ സാധ്യതകള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും യഥാക്രമം നാലും പന്ത്രണ്ടും വര്‍ഷം അധികാരത്തില്‍ നിന്നും അകന്നുനിന്ന അവരെ അധികാരസാധ്യതകള്‍ കാണിച്ച് പ്രലോഭിപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു സഖ്യത്തിലേക്ക് നയിക്കാന്‍ സാധിച്ചേക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സഖ്യം എന്ത് തന്നെയായാലും നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ എഫ്ഡിപിയുടെയും ആദ്യമായി പാര്‍ലമെന്റിലെത്തുന്ന എഎഫ്ഡിയുടെയും സാന്നിധ്യം കൊണ്ടുതന്നെ ചിതറിത്തെറിച്ച ഒരു പാര്‍ലമെന്റിനെ നാലുവര്‍ഷത്തെ ഭരണത്തില്‍ നേരിടാന്‍ 63 കാരിയായ മെര്‍ക്കല്‍ ബാധ്യസ്ഥയാവും.

യുറോ വിരുദ്ധ അക്കാദമിക്കുകള്‍ 2013ല്‍ സ്ഥാപിച്ച എഎഫ്ഡി, അധികവും മധ്യേഷ്യയിലെ യുദ്ധമുഖത്ത് നിന്നും പലായനം ചെയ്ത ഒരു ദശലക്ഷത്തിലേറെ വരുന്ന കുടിയേറ്റക്കാര്‍ക്ക് വേണ്ടി ജര്‍മ്മന്‍ അതിര്‍ത്തികള്‍ തുറന്നിടാനുള്ള മെര്‍ക്കലിന്റെ 2015ലെ തീരുമാനത്തില്‍ നിന്നും നേട്ടമുണ്ടാക്കിക്കൊണ്ട് ഒരു കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായി മാറുകയായിരുന്നു. യുദ്ധാനന്തര കാലഘട്ടത്തിലെ ജര്‍മ്മന്‍ രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവമായിരുന്ന അഭിപ്രായ ഐക്യത്തിന്റെ അടിസ്ഥാനത്തിനുള്ള സമീപനത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള, ആരോഗ്യകരമായ സംവാദത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് പ്രവേശനം കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ജര്‍മ്മനിയുടെ വാതിലുകള്‍ തുറന്നിട്ടുകൊടുത്ത മെര്‍ക്കലിന് ‘കടുത്ത ശിക്ഷ’ നല്‍കണം എന്ന ആവശ്യം തങ്ങള്‍ മുന്നോട്ട് വെയ്ക്കുമെന്ന് പ്രഖ്യാപിച്ച എഎഫ്ഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബുണ്ടെസ്റ്റാഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റെല്ലാ പാര്‍ട്ടികളും വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ജര്‍മനിയുടെ ചില ഭാഗങ്ങളില്‍ എഎഫ്ഡിക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ കണ്‍സര്‍വേറ്റീവുകളെ എഎഫ്ഡി പരാജയപ്പെടുത്തിയതോടെ, താന്‍ വീണ്ടും മത്സരിക്കണമോ എന്ന സംശയം, ഒരു വികാരിയുടെ പുത്രിയായി കമ്മ്യൂണിസ്റ്റ് കിഴക്കന്‍ ജര്‍മ്മനിയില്‍ വളര്‍ന്ന മെര്‍ക്കല്‍ പ്രകടിപ്പിച്ചിരുന്നു.

പക്ഷേ കുടിയേറ്റ പ്രശ്‌നം ഈ വര്‍ഷം നിയന്ത്രണ വിധേയമായതോടെ ഒരു അസന്നിഗ്ധ ലോകത്തില്‍ സ്ഥിരതയ്ക്ക് വേണ്ടി വാദിക്കുന്ന വ്യക്തിയായി തന്നെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് തിരക്കിട്ട ഒരു പ്രചാരണ പരിപാടിയിലേക്ക് അവര്‍ സ്വയം ഇറങ്ങുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍