UPDATES

വിദേശം

പ്രവാചകനിന്ദ: ആസിയ ബീബിയെ വെറുതെ വിട്ടതിൽ മുസ്ലിം തീവ്രവാദികളുടെ പ്രതിഷേധം ശക്തമാകുന്നു

പാകിസ്താനിലെ പട്ടണങ്ങളിലെല്ലാം വൻ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറുകയാണ്.

പ്രവാചകനിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ആസിയ ബീബി എന്ന ക്രിസ്ത്യൻ യുവതിയെ മോചിപ്പിച്ച സുപ്രീംകോടതി നടപടിക്കെതിരെ പാകിസ്താനിൽ മുസ്ലിം തീവ്രവാദികളുടെ പ്രതിഷേധം ശക്തമാകുന്നു. എട്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് രണ്ട് കുട്ടികളുടെ മാതാവായ ആസിയയെ സുപ്രീംകോടതി മോചിപ്പിച്ചത്. കൃഷിപ്പണിക്കാരിയായ ആസിയ തന്നോട് മതം മാറാൻ ആവശ്യപ്പെട്ടവരോട് പറ്റില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയതും പിന്നീട് പ്രവാചകനിന്ദാ കുറ്റം ആരോപിക്കപ്പെട്ടതെന്നുമാണ് വാർത്തകൾ പറയുന്നത്.

പാകിസ്താനിലെ പട്ടണങ്ങളിലെല്ലാം വൻ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറുകയാണ്. കാറുകളും ലോറികളും ട്രക്കുകളുമെല്ലാം കത്തിക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു. നഗരങ്ങളില്‍ ട്രാഫിക് ജാമുകൾ രൂപപ്പെട്ടിരിക്കുന്നു. രാജ്യത്തെ സ്കൂളുകൾ‍ക്ക് അധികൃതർ അവധി നൽകിയിട്ടുണ്ട്.

പുറത്തുവരുന്ന വീഡിയോകളിൽ പ്രതിഷേധക്കാർ പാക് പ്രധാനമന്ത്രിയുടെയും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ്സിന്റെയും പോസ്റ്ററുകളിലേക്ക് ചെരുപ്പുകളെറിയുന്നതും മറ്റും കാണാം. അതേസമയം പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസ്താവിച്ചു.

എന്നാൽ ‘ഈ വിശുദ്ധമായ കാര്യത്തിനു വേണ്ടി ചോര കൊടുക്കാൻ വരെ തയ്യാറാണെ’ന്ന നിലപാടിലാണ് പ്രതിഷേധം നടത്തുന്നവർ. പ്രധാനമന്ത്രി പറയുന്നത് അനുസരിക്കാൻ തയ്യാറല്ലെന്നും അവർ പറയുന്നു.

തെഹ്‌രീക് ഇ ലബ്ബൈക് പാകിസ്താൻ എന്ന സംഘടനയാണ് പ്രതിഷേധങ്ങളുടെയെല്ലാം പിന്നിൽ. പ്രവാചക നിന്ദ ചെയ്യുന്നവരെ കൊല്ലുക എന്നത് ഈ സംഘടനയുടെ പ്രധാന പ്രത്യയശാസ്ത്ര ഉദ്ദേശ്യങ്ങളിലൊന്നാണ്.

പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ല. കലാപങ്ങളാണ് ഇവർ ലക്ഷ്യം വെക്കുന്നത് എന്നതിനാൽ ഏറെ ശ്രദ്ധിച്ചാണ് പൊലീസിന്റെ നീക്കങ്ങൾ. തെഹ്‍രീക് ഇ ലബ്ബൈക്കിന്റെ പ്രക്ഷോഭത്തിന് പിന്തുണ ഏറിവരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ജമാഅത്ത് ഉദ് ദവ, ജമാഅത്ത് ഉലമ ഇ ഇസ്ലാം എന്നീ സംഘടനകള്‍ പരസ്യമായി പിന്തുണ അറിയിച്ചു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍