UPDATES

വായിച്ചോ‌

ടൈറ്റാനിക് കപ്പൽ വീണ്ടും ലോക സഞ്ചാരത്തിന്; നിർമിക്കുന്നത് ഓസ്ട്രേലിയൻ കോടീശ്വരൻ

കപ്പൽ നിർമിക്കുന്നത് ടൈറ്റാനിക്കിന്റെ അതേ ഡിസൈനിലാണ്. അതേ ഇന്റീരിയർ ഡിസൈനും കാബിൻ ലേഔട്ടും തന്നെയായിരിക്കും ക്ലൈവിന്റെ ടൈറ്റാനിക് 2ലും ഉണ്ടായിരിക്കുക.

ടൈറ്റാനിക് എന്നത് ഒരിക്കലും മുങ്ങാതിരിക്കാൻ വേണ്ടി നിർമിച്ചതായിരുന്നു എന്നതുപോലെ, ടൈറ്റാനിക് 2 എന്ന ആശയം ഒരിക്കലും കൊല ചെയ്യപ്പെടാതിരിക്കാൻ സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നിപ്പോകുന്നു.

ഓസ്ട്രേലിയൻ ഖനന വ്യവയായിയായ ക്ലൈവ് പാമർ ടൈറ്റാനിക്കിനെ പുനസ്സൃഷ്ടിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു; ആറുവർഷം മുമ്പ്. മൂന്നു വർഷത്തിനു ശേഷം ഈ പദ്ധതിയിൽ നിന്നും താൻ പിന്മാറുന്നതായും ക്ലൈവ് പ്രഖ്യാപിച്ചു. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമായി പറഞ്ഞത്. ഇപ്പോളിതാ ക്ലൈവ് വീണ്ടും വരുന്നു; പദ്ധതി വീണ്ടും തുടങ്ങാൻ പോകുകയാണെന്ന പ്രഖ്യാപനവുമായി.

കപ്പൽ നിർമിക്കുന്നത് ടൈറ്റാനിക്കിന്റെ അതേ ഡിസൈനിലാണ്. അതേ ഇന്റീരിയർ ഡിസൈനും കാബിൻ ലേഔട്ടും തന്നെയായിരിക്കും ക്ലൈവിന്റെ ടൈറ്റാനിക് 2ലും ഉണ്ടായിരിക്കുക. ഇതോടൊപ്പം മറ്റൊരു പദ്ധതി കൂടി ക്ലൈവിനുണ്ട്. എല്ലാ യാത്രക്കാർക്കും ആ കാലത്തെ ഓർമിപ്പിക്കുന്ന വസ്ത്രങ്ങളും ക്ലൈവ് നൽകും.

യാഥാസ്ഥിതിക കക്ഷികളോട് ചേർന്ന് പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനായ ക്ലൈവിന്റെ ഒരു ദീർഘകാല സ്വപ്നം കൂടിയാണിത്.

ആദ്യത്തെ ടൈറ്റാനിക് യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്ന അതേ പാതയിലൂടെയായിരിക്കും പുതിയ ടൈറ്റാനിക്കും യാത്ര തിരിക്കുകയെന്ന് ക്ലൈവ് പാമർ പറയുന്നു. സതാംപ്റ്റണിൽ നിന്നും ന്യൂയോർക്കിലേക്ക് ടൈറ്റാനിക് യാത്ര ചെയ്യാനുദ്ദേശിച്ച അതേ പാത.

എന്നാൽ ഈ പാതയിൽ മാത്രമല്ല ടൈറ്റാനിക് 2 യാത്ര ചെയ്യുക. ലോകത്തെമ്പാടും ചുറ്റിസ്സഞ്ചരിക്കും. അസാധ്യമായ ശ്രദ്ധ നേടിയും ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചും അവൾ ലോകത്തിലെ എല്ലാ തുറമുഖങ്ങളിലേക്കും അടുക്കുമെന്ന് ക്ലൈവ് പറയുന്നു. ടൈറ്റാനിക്കിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ദശലക്ഷങ്ങളാണ്. അവരുടെ സ്വപ്നം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറയുന്നു.

2012ലാണ് ക്ലൈവ് ഈ ആശയവുമായി ആദ്യം വരുന്നത്. അന്ന് സിറ്റിക് എന്ന ചൈനീസ് കമ്പനിയുമായി കപ്പൽ നിർമാണത്തിന് കരാറുണ്ടാക്കി. പക്ഷെ 2015ൽ സാമ്പത്തിക തർക്കത്തെ തുടർന്ന് കപ്പൽനിർമാണം മുടങ്ങി. പ്രശ്നം കോടതിയിലെത്തി. 2017ൽ വെസ്റ്റ് ഓസ്ട്രേലിയൻ സുപ്രീംകോടതി കേസിൽ തീർപ്പുണ്ടാക്കി. ക്ലൈവിന്റെ കമ്പനിക്ക് ദശലക്ഷക്കണക്കിന് ഡോളർ ലോയൽറ്റി പേയ്മെന്റ് നൽകണമെന്ന് വിധിയുണ്ടായി. ഇതോടെ ക്ലൈവ് വീണ്ടും ഇറങ്ങിയിരിക്കുകയാണ്; ടൈറ്റാനിക്കുണ്ടാക്കാൻ.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍