UPDATES

വിദേശം

കുട്ടികൾ കുടുങ്ങിയ തായ് ഗുഹയുടെ ചെറുരൂപം നിർമിച്ച് ബാങ്കോക്ക് മാൾ

ഈ ചെറുഗുഹയില്‍ ചെറിയ റോബോട്ടുകളും കാണാം. അകത്തു നടക്കുന്നതെല്ലാം പുറത്തു നിന്നും ദ്വാരങ്ങളിലൂടെ കാണാനും കഴിയും.

തായ്‌ലൻഡിലെ കിലോമീറ്ററുകൾ നീളമുള്ള ഗുഹയിൽ പന്ത്രണ്ട് കൂട്ടികളും അവരുടെ ഫൂട്ബോൾ കോച്ചും പത്തു ദിവസത്തിലധികം കുടുങ്ങിക്കിടന്നതും പിന്നീടുണ്ടായ അത്ഭുതകരമായ രക്ഷപ്പെടലും ലോകത്തിന്റെ മൊത്തം ആശങ്കയും ആകാംക്ഷയുമായി മാറിയിരുന്നു. ചരിത്രമായി മാറിയ ഈ രക്ഷാപ്രവർത്തനത്തിന്റെ ഒരു മിനിയേച്ചർ രൂപം സൃഷ്ടിച്ചിരിക്കുകയാണ് ബാങ്കോക്കിലെ സിയാം പാരഗൺ ഷോപ്പിങ് മാൾ.

പത്ത് മീറ്റർ നീളമുള്ള ഒരു കൃത്രിമ ഗുഹയാണ് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചെടുത്തിട്ടുള്ളത്. അകത്ത് സ്വാഭാവികത തോന്നിക്കാനായി വെള്ളം ഒഴുകുന്നതിന്റെയും മറ്റും ശബ്ദം സ്പീക്കറുകൾ വഴി കേൾപ്പിക്കുന്നു. കുട്ടികൾ ഗുഹയ്ക്കുള്ളിൽ അനുഭവിച്ച ഭീതിയും ആശങ്കയും ചെറിയൊരു തോതിലെങ്കിലും മാളിലെത്തുന്ന കുട്ടികൾക്ക് അറിയാൻ ഈ ചെറുഗുഹ സഹായിക്കും.

ഈ ചെറുഗുഹയില്‍ ചെറിയ റോബോട്ടുകളും കാണാം. അകത്തു നടക്കുന്നതെല്ലാം പുറത്തു നിന്നും ദ്വാരങ്ങളിലൂടെ കാണാനും കഴിയും.

അനാവശ്യമായ സാഹസങ്ങൾക്ക് മുതിരരുതെന്ന് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ഈ ചെറുഗുഹ നിർമിച്ചതിലൂടെ തങ്ങൾ ചെയ്യുന്നതെന്ന് മാൾ അധികൃതർ പറയുന്നു. ഗുഹയിൽ ഏറ്റവും കൂടുതൽ കയറുന്നത് കുട്ടികളാണെന്നും ഇവർ പറയുന്നു.

ജൂലൈ മാസത്തിലായിരുന്നു തായ്‌ലാൻഡിന്റെ വടക്കൻ പ്രദേശത്തുള്ള ചായിങ് റായ് പ്രദേശത്തെ വലിയ ഗുഹാശൃംഖലയിലേക്ക് ഫൂട്ബോൾ പരിശീലനം കഴിഞ്ഞെത്തിയ കുട്ടികൾ കയറുകയായിരുന്നു. കുട്ടികളുടെ അസിസ്റ്റന്റ് കോച്ചും കൂടെയുണ്ടായിരുന്നു. അൽപസമയത്തിനകം കനത്ത മഴ പെയ്യുകയും ഗുഹയിൽ വെള്ളം കയറുകയും ചെയ്തു. വെള്ളം പൊങ്ങിവന്നതോടെ രക്ഷപ്പെടാനായി നീങ്ങിയ കുട്ടികൾ ഒടുവിൽ കിലോമീറ്ററുകൾ ഉള്ളില്‍ അകപ്പെട്ടു. ഗുഹയുടെ പുറത്ത് ബാഗുകൾ കണ്ടെത്തിയതോടെയാണ് കുട്ടികൾ ഉള്ളിലുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടത്. വിദേശങ്ങളിൽ നിന്ന് വിദഗ്ധരായ ഗുഹാ പര്യവേക്ഷകർ എത്തിയാണ് കുട്ടികളെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു രക്ഷാപ്രവർത്തകൻ സിലിണ്ടറിലെ ഓക്സിജൻ തീര്‍ന്ന് മരിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍