UPDATES

വിദേശം

അധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരെ പരാതി നൽകിയ കൗമാരക്കാരിയെ തീക്കൊളുത്തി കൊന്നു; ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധം

പെൺകുട്ടിയെ തീക്കൊളുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

മദ്രസയിലെ പ്രധാന അധ്യാപകനെതിരെ ലൈംഗീകാതിക്രമത്തിന് പരാതി നൽകിയ കൗമാരക്കാരിയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. പ്രധാന അധ്യാപകന് എതിരെ പോലീസിൽ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു പെൺകുട്ടി മദ്രസയുടെ മുകൾ നിലയിൽ വച്ച് ആക്രമണത്തിന് ഇരയായിരുന്നത്. ബുർഖ ധാരികളായ നാലുപേർ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർ‌ട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ഏപ്രിൽ 6 നായിരുന്നു സംഭവം. ബംഗ്ലാദേശിലെ ഫെനി സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ മാർച്ച് 27 നാണ് മദ്രാസയിലെ പ്രധാന അധ്യപകനായ സിറാജ് ഉദ് ദവ്ലയ്ക്കെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നൽകിയത്. തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറിയെന്നും, ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു എന്നുമായിരുന്നു പരാതി. ഇതിന് ശേഷമായിരുന്നു ഏപ്രില്‌‍ 6 ന് പെൺകുട്ടിക്ക് നേരെ അതിക്രമം അരങ്ങേറിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെഴുതിയ കത്തും കേസിൽ പ്രധാന തെളിവാണ്. ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ, അക്രമണത്തിന് ഇരയായ പെൺകുട്ടി അധ്യാപകനെതിരെ പോലീസിന് മുൻ‌പ് നൽകിയ മൊഴി പുറത്തായത് വിവാദത്തിനും വഴിവച്ചു. പോലീസ് ഓഫീസർ പകർത്തിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. പരാതിയിൽ കാര്യമായൊന്നും ഇല്ലെന്ന് വീഡിയോ പകർത്തിയ ഓഫീസർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ പെൺകുട്ടിക്കെതിരെയും ചിലർ രംഗത്തെത്തി. അതിനിടെ സംഭവത്തിൽ വീഡിയോ പകർത്തിയ ഓഫീസർ മൊസീം ഹുസൈനെതിരെ വകുപ്പ് തല നടപടിയും ഉണ്ടായി. ഇയാളെ അടിയന്തരമായി സ്ഥലം മാറ്റുകയായിരുന്നു.

ഇതിനിടെ, പെൺകുട്ടിയെ തീക്കൊളുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിക്കെതിരായ ആക്രമണത്തിൽ വൻ ഗൂഡാലോചന ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. മദ്രസ ഹെസ് മാസ്റ്റർ, വിദ്യാർത്ഥികൾ, സ്കുൾ അധികൃതർ എന്നിവരും ഗൂഡാലോചനയുടെ ഭാഗമാണെന്നും പോലീസ് പറയുന്നു.

മദ്രസയിലെ പ്രധാന അധ്യാപന് പുറമെ ജോലിക്കാരായ രണ്ട് പേരുൾപ്പെടെയാണ് അറസ്റ്റിലായിട്ടുള്ളത്. അതേസമയം സംഭവത്തിൽ രണ്ട് പെൺകുട്ടികൾക്ക് നേരിട്ട് ബന്ധമുള്ളതായി ഗി ധാക്ക ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒരാൾ സംഭവത്തിന്റെ ദൃക്സാക്ഷിയും രണ്ടാമത്തെ കുട്ടിയാണ് മണ്ണെണ്ണ എത്തിച്ചു നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. പീഡന പരാതിയിൽ അറസ്റ്റിലായ പ്രധാന അധ്യാപകൻ കസ്റ്റഡിയിൽ ഇരിക്കവെയാണ് കൃത്യം ആസുത്രണം ചെയ്തതെന്നും പോലീസ് പറയുന്നു. പരീക്ഷക്കായി പെൺകുട്ടി മദ്രസയിലെത്തുമെന്ന് അറിയാവുന്ന പ്രതികള്‍ പദ്ധതി തയ്യാറാക്കി ആക്രമിക്കുക ആയിരുന്നു എന്നും പോലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍