UPDATES

വിദേശം

റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിച്ച് ബംഗ്ലാദേശ്

മ്യാന്‍മറിലെ വംശീയ ഉന്മൂലനത്തില്‍ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഒരു ജനതയെ കൂടുതല്‍ ഒറ്റപ്പെടുത്തരുതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥിക്യാമ്പുകളില്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ ബംഗ്ലാദേശിലെ അഭയാര്‍ഥിക്യാമ്പുകളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിങ്ങളാണ് ആശയവിനിമയ സംവിധാനങ്ങില്ലാതെ ബുദ്ധിമുട്ടുന്നത്. തെക്ക്-കിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്‌സ് ബസാറിലുള്ള ക്യാമ്പുകളിലെ ജനബാഹുല്യവും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് അടുത്ത ഞായറാഴ്ചയോടെ പ്രദേശത്ത് എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. നിയമവിരുദ്ധ മൊബൈല്‍ ഉപയോഗവും ഒരു കാരണമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് പ്രാദേശിക സിം കാര്‍ഡുകള്‍ നല്‍കുന്നതിന് നേരത്തെ തന്നെ തടസങ്ങളുണ്ട്. കാരണം ദേശീയ തിരിച്ചറിയല്‍ കാര്‍ഡുള്ള ബംഗ്ലാദേശികള്‍ക്ക് മാത്രമേ സിം കാര്‍ഡ് നല്‍കാന്‍ അനുവാദമുള്ളൂ. എന്നിട്ടും ക്യാമ്പുകളിലെ ആളുകള്‍ക്ക് സിം കാര്‍ഡ് ലഭിക്കുന്നത് കരിഞ്ചന്തയിലൂടെയാണ്. എന്നാല്‍, അയല്‍രാജ്യമായ മ്യാന്‍മറിലെ വംശീയ ഉന്മൂലനത്തില്‍ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഒരു ജനതയെ കൂടുതല്‍ ഒറ്റപ്പെടുത്തരുതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില അഭയാര്‍ഥികള്‍ മ്യാന്‍മറിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നുവെന്ന വാര്‍ത്തകള്‍ സമീപകാലത്ത് പുറത്തു വന്നിരുന്നു. അടുത്ത മാസങ്ങളിലായി 40ലധികം റോഹിംഗ്യകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഭരണകക്ഷി അംഗമായിരുന്ന ഒമര്‍ ഫാറൂഖ് എന്നയാള്‍ അടുത്തിടെ കൊല്ലപ്പെട്ടത് വിവാദമായ സംഭവമായിരുന്നു. റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് കൊലക്കുപിന്നിലെന്നാണ് പോലീസ് ഭാഷ്യം. അതോടെ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രാദേശികമായി ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫാറുഖിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലാമതൊരു റോഹിംഗ്യനെക്കൂടെ പോലീസ് വെടിവച്ചു കൊന്നത് കഴിഞ്ഞ വാരാന്ത്യത്തിലാണ്.

റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കടുത്ത നിരാശയിലാണ്. റോഹിംഗ്യന്‍ ജനതയെ മ്യാന്‍മറില്‍ നിന്ന് നിര്‍ബന്ധിതമായി നാടുകടത്തിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 25-ന് ക്യാമ്പില്‍ അഹിംസാത്മക റാലികള്‍ സംഘടിപ്പിച്ചിരുന്നു. അതാണ് ആശയവിനിമയ സംവിധാനങ്ങള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്ന് അനുമാനിക്കുന്നു. റാലിക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥനെ ഏതോ വിദൂര പ്രദേശത്തേക്ക് സ്ഥലം മാറ്റിയെന്നാണ് വിവരം.

2017 ഓഗസ്റ്റില്‍ 750,000 ത്തോളം പേര്‍ മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയില്‍ നിന്നും പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയതെന്നാണ് കണക്കുകള്‍. എന്നാലിപ്പോള്‍ റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള തീരുമാനത്തിലാണ് ബംഗ്ലാദേശും മ്യാന്‍മറും. 2017 ഓഗസ്റ്റ് 25-ന് റോഹിംഗ്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഒട്ടേറെ പോലീസ് പോസ്റ്റുകള്‍ ആക്രമിക്കുകയ ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തുവെന്നാണ് മ്യാന്‍മര്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ നേരിടാനെന്ന വ്യാജേന പ്രതികരിച്ച സൈന്യവും പോലീസും മുഴുവന്‍ റോഹിംഗ്യന്‍ ഗ്രാമങ്ങളും ചുട്ടു ചാമ്പലാക്കി. സാധാരണക്കാര്‍ ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തതായി യുഎന്‍ അന്വേഷകര്‍ കണ്ടെത്തിയിരുന്നു.

പ്രാദേശിക ബുദ്ധമത സംഘവും അക്രമങ്ങളുടെ നേതൃനിരയില്‍തന്നെ ഉണ്ടായിരുന്നു. വംശീയ ഉന്മൂലനത്തിന്റെ ഏറ്റവുംവലിയ ‘പാഠപുസ്തക ഉദാഹരണമാണ്’ അത് എന്നാണ് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തിയത്. മ്യാന്‍മറിലെ ഒരു മുസ്ലീം വംശീയ ന്യൂനപക്ഷമാണ് റോഹിംഗ്യകള്‍. അവരില്‍ ഭൂരിഭാഗവും റാഖൈനിലാണ് താമസിച്ചിരുന്നത്. അവര്‍ക്ക് സ്വന്തം ഭാഷയും സംസ്‌കാരവുമുണ്ട്. എന്നാല്‍ തലമുറകളായി മ്യാന്‍മറില്‍ താമസിച്ചിട്ടും അവരെ പൗരന്മാരായി അംഗീകരിക്കാനോ സെന്‍സസില്‍ എണ്ണമെടുക്കാനോ മ്യാന്‍മാര്‍ തയ്യാറല്ല. പകരം അവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയാണ് ചെയ്യുന്നത്.

അതുതന്നെയാണ് റോഹിഗ്യകളെ ഭയപ്പെടുത്തുന്ന പ്രധാന കാര്യവും. പൗരത്വം, സുരക്ഷ, തുല്ല്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അനുമതി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും അവര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല. അവര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് മ്യാന്‍മാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ നേരത്തെ തിരിച്ചുപോകാന്‍ തയ്യാറായവര്‍പോലും ഭയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

Read: ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍