UPDATES

വിദേശം

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധി: ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് ഒരുക്കാന്‍ ബംഗ്ലാദേശ്

ഇക്കഴിഞ്ഞ ആഗസറ്റ് 25 മുതല്‍ 5 ലക്ഷം അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലെത്തിയെതെന്നാണ് ഔദ്യോഗിക കണക്കുകള്‍

800,000 പേരെ ഉള്‍ക്കൊളളിക്കാവുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് ഒരുക്കാന്‍ ബംഗ്ലാദേശ് നടപടികളാരംഭിച്ചതായി ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.നിരന്തര ആക്രമണം മൂലം മ്യാന്‍മര്‍ വിട്ട രാജ്യത്തെ വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കു വേണ്ടിയാണ് കൂറ്റന്‍ അഭയാര്‍ത്ഥി സങ്കേതം ഒരുങ്ങുന്നത്. ബുദ്ധിസ്റ്റ് ആധിപത്യമുളള മ്യാന്‍മറില്‍ നിന്നും ഇക്കഴിഞ്ഞ ആഗസറ്റ് 25 മുതല്‍ 5 ലക്ഷം അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലെത്തിയെതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

നിലവില്‍ ബംഗ്ലാദേശില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥലപരിമിതി മൂലം കടുത്ത പ്രതിസന്ധിയിലാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രീതിയിലാണിവര്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 8 ലക്ഷത്തിലധികം പേരെ ഉള്‍ക്കൊളളിക്കാവുന്ന അഭയാര്‍ത്ഥി ക്യാമ്പുകളുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നതെന്ന് ദുരന്ത നിവാരണ മന്ത്രിയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ കാലത്ത് മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യകളുടെ വീടുകള്‍ക്ക് നിരന്തരം തീവെയ്ക്കുന്നത് കാരണം അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചതായും അധികൃതര്‍ അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശ് – മ്യാന്‍മര്‍ അന്താരാഷ്ട്ര അതിര്‍ത്തി പട്ടണമായ കോക്‌സ് ബസാറിനടുത്തെ കുത്ത്പലോങിലാണ് പുതിയ അഭയാര്‍ത്ഥി ക്യാമ്പ് സ്ഥാപിക്കുന്നതെന്നും അധികൃതരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം അതിര്‍ത്തി കടന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് തങ്ങാന്‍ ബംഗ്ലാദേശ് അനുവദിച്ചത് 2,000 ഏക്കര്‍ ഇടമാണ്. എന്നാല്‍ പുതിയ അഭയാര്‍ത്ഥി പ്രവാഹം 5 ലക്ഷത്തില്‍ കവിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുതുതായി ക്യാമ്പ് നിര്‍മ്മിക്കാനായി 1000 ഏക്കര്‍ സ്ഥലം കൂടി കണ്ടെത്തിയിരിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിക്കരികില്‍ സ്ഥിതിചെയ്യുന്ന 23 ക്യാമ്പുകളിലെ അഭയാര്‍ത്ഥികളെ പടിപടിയായി പുതിയ ക്യാമ്പില്‍ എത്തിക്കുമെന്ന് ബംഗ്ലാദേശ് ദുരന്തനിവാരണ വകുപ്പ് മന്ത്രി മൊഫസ്സാല്‍ ഹൊസൈന്‍ ചൗധരി മായ ദി ഗാര്‍ഡിയനോട് പറഞ്ഞു. “ഇപ്പോള്‍ ചിതറി കിടക്കുന്ന അഭയാര്‍ത്ഥികളെ ഒരിടത്തേക്ക് മാറ്റാനാണ് ശ്രമം. അതിനു കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്” മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് ക്യാമ്പുകള്‍ അടച്ചുപൂട്ടിയെന്നും മന്ത്രി പറഞ്ഞു. ഈ ആഴ്ച മാത്രം 4,000 -5,000 ത്തിനിടയ്ക്ക് അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്നു. അതിര്‍ത്തിയില്‍ ഇനിയും അഭയാര്‍ത്ഥികള്‍ കാത്തിരിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി 430 ദശലക്ഷം ഡോളറിന്റെ സഹായം ലഭ്യമാക്കാന്‍ യുനിസെഫ് ചീഫ് ആന്തൊണി ലെക്ക്, യുഎന്‍ എമര്‍ജെന്‍സി റിലീഫ് കോ ഓര്‍ഡിനേറ്റര്‍ മാര്‍ക്ക് ലോകോക്ക് എന്നിവര്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍