UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്തം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക; ഒരു ഫോണ്‍കാള്‍ ദൂരത്ത് ജിഷ്ണുവുണ്ട്

Avatar

വി ഉണ്ണികൃഷ്ണന്‍

ഇന്ന് ലോക രക്തദാന ദിനം. ജിഷ്ണുവിന് തിരക്കോട് തിരക്കാണ്. തൃശൂര്‍ അമല ആശുപത്രിയില്‍ ഒരു സര്‍ജറിയുണ്ട്. രോഗിക്കായി 13 യൂണിറ്റ് രക്തം വേണം. ഇതുവരെ എട്ടു പേരെ ജിഷ്ണു അറേഞ്ച് ചെയ്തു കഴിഞ്ഞു. ഇനിയും വേണം അഞ്ചുപേര്‍. രക്തദാതാക്കളുടെ ദിവസമായതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ ഒരുപാടുണ്ട് താനും. രക്തദാതാക്കളുടെ സംഘടനകള്‍ എല്ലാം ചേര്‍ന്ന് അനവധി പരിപാടികളാണ് ഇന്നത്തെ ദിവസം സംഘടിപ്പിച്ചിരിക്കുന്നത്. അത്തരം ഒരു കൂട്ടായ്മയെ മുന്നോട്ടുകൊണ്ടുപോകുന്ന ആളെന്ന നിലയ്ക്ക് ജിഷ്ണുവിന് ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്.

മലപ്പുറം വേങ്ങരക്കാരനാണ് ജിഷ്ണു. 17കഴിഞ്ഞു 18ലേക്ക് നടന്നു തുടങ്ങിയതേയുള്ളൂ  രക്തദാതാക്കളുടെ കൂട്ടായ്മയായ ലൈഫ് ഡ്രോപ്സിന്റെ ഈ കുട്ടി അമരക്കാരന്‍. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി അഡ്മിഷന്‍ കാത്തിരിക്കുകയാണ് ജിഷ്ണു ഇപ്പോള്‍. ആകെ 15000 രക്തദാതാക്കളുടെ സഹകരണത്തോടെയാണ് ജിഷ്ണു ആവശ്യമുള്ളവര്‍ക്ക് രക്തമെത്തിക്കുക. റെയര്‍ ബ്ലഡ് ഗ്രൂപ്പുകള്‍ ഉള്ളവരുടെ ഡാറ്റാബേസ് പോലും ലൈഫ്ഡ്രോപ്സിന്റെ പക്കലുണ്ട്.

സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ച് സമപ്രായക്കാര്‍ ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിക്കൂടുമ്പോള്‍ വേറിട്ട പാത വെട്ടിത്തെളിക്കുന്ന ചിലരില്‍ ഒരാളാണ് ജിഷ്ണു. സ്കൂളില്‍എന്‍എസ്എസിലൂടെയാണ് ജിഷ്ണുവിന് ആ സ്പാര്‍ക്ക് കിട്ടുന്നത്. 2014ല്‍ ചെന്നൈ ഐഐടി യില്‍ നടന്ന ഒരു ക്യാമ്പ് ജിഷ്ണുവിന്റെ ഉള്ളിലെ ആ സ്പാര്‍ക്ക് ആളിക്കത്തിച്ചു. ജിഷ്ണുവിനോടൊപ്പം 16പേര്‍ കൂടി ആ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.17 പേരും ഓരോ പ്രോജക്റ്റ് ഏറ്റെടുത്തു, ജിഷ്ണു തെരഞ്ഞെടുത്തത് രക്തദാനമേഖലയായിരുന്നു.

നാട്ടില്‍ എത്തിയപ്പോള്‍ ഇതേ ഉദ്ദേശ്യം മുന്‍നിര്‍ത്തി ഒരു ടീം രൂപപ്പെടുത്തിയെടുക്കാനാണ് ജിഷ്ണു ആദ്യം ശ്രമിച്ചത്. അതു ഫലം കാണുകയും ചെയ്തു.

അതിനു തുടക്കമിട്ടത് അച്ഛന്‍റെ ഫോണില്‍ നിന്നും. അച്ഛന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം ജിഷ്ണു ആ ഫോണില്‍ നിന്നും മെസ്സേജ് അയച്ചു. രക്തദാനത്തിനു സന്നദ്ധരായവരുടെ ഡാറ്റാബേസ് തയ്യാറാക്കുകയാണ് താത്പര്യമുള്ളവര്‍ സഹകരിക്കണം എന്നായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം.

‘തുടക്കത്തില്‍ ആരും റെസ്പോണ്‍ഡ് ചെയ്തില്ല. അച്ഛന്‍റെ പരിചയത്തിലുള്ള ഒരു ചേട്ടന്‍ ആണ് ആദ്യം മറുപടി അയക്കുന്നത്. പോസിറ്റീവ് ആയ മറുപടിയായിരുന്നു കിട്ടിയത്. കൂടാതെ എന്റെ മെസ്സേജ് ആ ചേട്ടന്‍ കുറച്ചു വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്തു. അങ്ങനെയാണ് കൂടുതല്‍ പേര്‍ താത്പര്യം കാട്ടിത്തുടങ്ങുന്നത്’-ജിഷ്ണു തന്റെ തുടക്കത്തെക്കുറിച്ചു പറയുന്നു.

പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയമാണ് രക്തദാനമേഖലയിലേക്ക് ജിഷ്ണു ഇറങ്ങുന്നത്. പഠനത്തിനു കോട്ടം തട്ടാതെ അയാള്‍ മുന്നോട്ടു പോയി. മലപ്പുറത്തെ കോളേജുകളില്‍ നിന്നും ജിഷ്ണു താത്പര്യമുള്ളവരുടെ വിശദവിവരങ്ങള്‍ ശേഖരിച്ചു. അങ്ങനെയാണ് ഇന്നുള്ള 15000പേരുടെ ഡാറ്റാബേസ് ജിഷ്ണു തയ്യാറാക്കുന്നത്.

ആദ്യമായി ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ ജിഷ്ണുവിനു കഴിയുന്നത്‌ 2014മേയിലാണ്. ആ വര്‍ഷം തന്നെ 1000പേര്‍ക്ക് ജിഷ്ണു രക്തം എത്തിച്ചു. 18വയസ്സ് തികയുന്നതിനു മുന്‍പാണ്‌ ഇത്. രക്തം ആവശ്യപ്പെട്ട് വരുന്ന വിളികള്‍ വെരിഫൈ ചെയ്ത ശേഷമേ

ഇന്ന് കേരളത്തിലും ബെംഗളുരു, ഹൈദരാബാദ്, തമിഴ്നാട് എന്നിവിടങ്ങളിലും രക്തദാനത്തിനു സന്നദ്ധരായവരുടെ വിശദവിവരങ്ങള്‍ ജിഷ്ണുവിന്റെ പക്കലുണ്ട്. ചെന്നൈ ഐഐടിയിലെ സുഹൃദ് വലയവും ഇതിനായി ജിഷ്ണു ഉപയോഗപ്പെടുത്തുന്നു. ഫറൂഖ് കോളേജിലെ വിവാദ പുറത്താക്കലിലൂടെ വാര്‍ത്താ കേന്ദ്രമായ ദിനു വെയില്‍ ഫൌണ്ടറായ ദിശയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയാണ് ജിഷ്ണു.

ഒരു സേവനം എന്നാ രീതിയില്‍ ചെയ്യുന്ന രക്തദാനത്തിനിടയില്‍ തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ജിഷ്ണു പറയുന്നു.

‘ഗുരുതരമായ ഒരു കേസിന് ആണെന്നും പറഞ്ഞാണ് വിളി വന്നത്. രക്തഗ്രൂപ്പിന്‍റെ കാര്യമൊക്കെ പറഞ്ഞു. അവസാനം പറഞ്ഞ ഡയലോഗ് ഞെട്ടിച്ചു കളഞ്ഞു. രോഗിയുടെ അതേ മതത്തിലുള്ള ഒരാളുടെ രക്തം തന്നെ വേണം എന്നായിരുന്നു അവരുടെ ആവശ്യം. ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്‍റെയും മുസ്ലിമിന്റെയും രക്തം ഇവിടെയില്ല. മനുഷ്യന്‍റെ രക്തമേയുള്ളൂ എന്ന് പറയേണ്ടി വന്നു’-ജിഷ്ണു ഓര്‍ക്കുന്നു.

രണ്ടു വര്‍ഷത്തിനിടയില്‍ 1600 ഓളം പേര്‍ക്കാണ് ജിഷ്ണു രക്തത്തിന്‍റെ രൂപത്തില്‍ സഹായമെത്തിച്ചിരിക്കുന്നത്‌.

രക്തം ആവശ്യമുള്ളവര്‍ക്കായി എപ്പോള്‍ വേണമെങ്കിലും ഒരു ഫോണ്‍കാള്‍ ദൂരത്ത് ജിഷ്ണുവുണ്ടാവും. ബന്ധപ്പെടാനുള്ള നമ്പര്‍ 7736239097  

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍