UPDATES

വിദേശം

കയ്യേറ്റക്കാർ ആമസോണിന് തീയിടുമ്പോൾ പൊലീസ് സന്നാഹത്തെ പിൻവലിച്ചത് മനപ്പൂർവ്വമോ? ബ്രസീലിൽ ഉദ്യോഗസ്ഥ സംവിധാനം പരാജയപ്പെട്ടെന്ന് റിപ്പോർട്ട്

ആമസോണിലെ വരണ്ട സീസണുകളിൽ കാട്ടുതീ സാധാരണമാണ്. എന്നാല്‍ ഈ മാസം മാത്രം 26,000ത്തോളം കൂടുതൽ ഇടങ്ങളിലാണ് തീപിടുത്തമുണ്ടായത്.

മുന്നറിയിപ്പ് ഉണ്ടായിട്ടും ആമസോണ്‍ തീ തടയുന്നതില്‍ ബ്രസീലിലെ ഉദ്യോഗസ്ഥ സംവിധാനം പരാജയപ്പെട്ടു. തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കുള്ള സന്ദേശമെന്നോണം ആമസോണിലെ കർഷകരും ഭൂമി കയ്യേറ്റക്കാരും ഓഗസ്റ്റ് 10-ന് കാടിന് തീയിടാന്‍ പദ്ധതിയിട്ടിരുന്നു. ഉടന്‍തന്നെ അത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും സാഹചര്യത്തിനനുസരിച്ച് ഉയർന്ന് പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് ബ്രസീലിയൻ പരിസ്ഥിതി ഉദ്യോഗസ്ഥരും ഫെഡറൽ പ്രോസിക്യൂട്ടർമാരും പറയുന്നു.

ആമസോണിലെ വരണ്ട സീസണുകളിൽ കാട്ടുതീ സാധാരണമാണ്. എന്നാല്‍ ഈ മാസം മാത്രം 26,000-ത്തിലധികം ഇടങ്ങളിലാണ് തീപിടുത്തമുണ്ടായത്. 2010-ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. അതോടെ ജി 7 ഉച്ചകോടിയിലടക്കം വിവിധ അന്താരാഷ്ട്ര തലങ്ങളിൽ വിഷയം ചര്‍ച്ചചെയ്യുന്ന സ്ഥിതിയുണ്ടായി.

ആമസോൺ സംസ്ഥാനമായ പാരയിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കാട്ടുതീ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. നോവോ പ്രോഗ്രസ്സോ പട്ടണത്തിന് ചുറ്റുമായി പ്രതിഷേധക്കാര്‍ ഒരു ‘അഗ്നിദിന’ പ്രകടനം ആസൂത്രണം ചെയ്യുന്നതായി ബ്രസീലിന്റെ പരിസ്ഥിതി ഏജൻസിയായ ഇബാമയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ‘ഫോൾഹ ഡോ പ്രോഗ്രസ്സോ’ എന്ന ഒരു പ്രാദേശിക ന്യൂസ് വെബ്സൈറ്റ് തീയിടാനുള്ള ആസൂത്രിത നീക്കങ്ങളെകുറിച്ച് നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഞങ്ങൾക്ക് ജോലി ചെയ്യണമെന്ന് പ്രസിഡണ്ടിന് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ട്. ഭൂമി ഉപയോഗപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം മരങ്ങൾ വെട്ടി കത്തിക്കുക എന്നതാണ്’, എന്നാണ് ഒരു പ്രാദേശിക കർഷകൻ വെബ്‌സൈറ്റിനോട് പറഞ്ഞത്.

എന്നാല്‍, പ്രതിഷേധം ആരംഭിച്ച് രണ്ട് ദിവസം കഴിയുന്നത് വരെ ഇബാമ ഇനങ്ങിയില്ല. മാത്രവുമല്ല തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഭീഷണി നേരിടുന്ന ആമസോണ്‍ പോലെയുള്ള ഒരു പ്രദേശത്ത് പോലീസ് ഇക്കാലമത്രയും നല്‍കിവരുന്ന സുരക്ഷ പിന്‍വലിച്ചതാണ് പ്രശ്നത്തിനു കാരണമെന്ന് അവര്‍ ന്യായീകരിക്കുന്നു. ‘ഇത് കൃത്യമായ പരാജയമായിരുന്നു. ഈ തീപിടുത്തത്തിന്റെ അപകടസാധ്യത നേരിടാൻ അടിയന്തര നടപടി ഉണ്ടായിരിക്കണമായിരുന്നു’- പ്രോസിക്യൂട്ടർ പൗലോ മൊറീറ ഒലിവേര ഗാർഡിയനോട് പറഞ്ഞു. പാരയിലെ വനനശീകരണം വർദ്ധിച്ചതില്‍ പൊതുസ്ഥാപനങ്ങൾക്കും അധികാരികൾക്കും ഉത്തരവാദിത്തമുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍