UPDATES

വിദേശം

സ്വവര്‍ഗ ചുംബനം ചിത്രീകരിച്ച ഗ്രാഫിക് നോവല്‍ സുവിശേഷകനായ റിയോ മേയര്‍ക്ക് നിരോധിക്കണം; ചിത്രം പ്രസിദ്ധീകരിച്ച് ബ്രസീല്‍ പത്രം

സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ സന്ദേശം നല്‍‍‌കുകയാണ് തങ്ങള്‍ ലക്ഷ്യമാക്കിയതെന്ന് പത്രത്തിന്റെ എഡിറ്ററായ സെര്‍ജിയോ ഡാവില പറയുന്നു.

അവന്‍ജേഴ്സ് ഗ്രാഫിക് നോവല്‍ നിരോധിക്കാനുള്ള റിയോ ഡി ജനീറോ മേയര്‍ മാര്‍സെലോ ക്രിവെല്ലയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് ബ്രസീല്‍ പത്രം. ഫോലാ ഡി എസ് പോളോ പത്രത്തിന്റെ ആദ്യ പേജിലാണ് ഗ്രാഫിക് നോവലില്‍ നിന്നുള്ള രംഗം അച്ചടിച്ചു വന്നത്. രണ്ട് പുരുഷന്മാര്‍ ചുംബിക്കുന്നതാണ് ഈ ചിത്രം.

കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഭാഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഗ്രാഫിക് നോവല്‍ ഒരു പുസ്തകോത്സവത്തില്‍ നിന്നും വിലക്കാന്‍ അധികാരികള്‍ തീരുമാനിച്ചത്. ഈ നടപടി രാജ്യത്തെ പുരോഗമന നിലപാടുള്ളവരില്‍ നിന്നും വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരിക്കുകയാണ്.

നിരോധനം നടപ്പാക്കാന്‍ ആലോചിച്ച മാര്‍സെല്ലോ ക്രിവെല്ല നേരത്തെ ക്രിസ്ത്യന്‍ സുവിശേഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പാരമ്പര്യമാണ് ഇദ്ദേഹത്തെ കടുത്ത യാഥാസ്ഥിതികനാക്കിയതെന്ന് വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്രാഫിക് നോവലിന്റെ കോപ്പികള്‍ പിടിച്ചെടുക്കാന്‍ സുവിശേഷക മേയര്‍ ഉത്തരവിട്ടത്. ഇതിനകം തന്നെ പുസ്തകങ്ങളെല്ലാം വിറ്റഴിഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് കുടുംബങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്’ എന്നായിരുന്നു മേയറുടെ ന്യായം.

ബ്രസീല്‍ മുന്‍കാലങ്ങളില്‍ സമാനമായ സെന്‍സര്‍ഷിപ്പുകളിലൂടെ കടന്നുപോന്നിട്ടുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. 21 വര്‍ഷം നീണ്ട പട്ടാളഭരണകാലത്തായിരുന്നു ഇത്. 1985ലാണ് ഈ ഭരണം അവസാനിച്ചത്. നിലവിലെ ജയില്‍ ബോള്‍സൊനാരോയുടെ വലതുപക്ഷ സര്‍ക്കാര്‍ പട്ടാളഭരണകാലത്തെ പുകഴ്ത്തുന്നയാളാണ്. രാജ്യത്തെയപ്പാടെ ഗ്രസിച്ചു കഴിഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ് ഇപ്പോഴത്തെ പുസ്തക നിരോധന ശ്രമത്തിനു പിന്നിലെന്ന് പുരോഗമനകാരികള്‍ ചൂണ്ടിക്കാട്ടുന്നു.

സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ സന്ദേശം നല്‍‍‌കുകയാണ് തങ്ങള്‍ ലക്ഷ്യമാക്കിയതെന്ന് പത്രത്തിന്റെ എഡിറ്ററായ സെര്‍ജിയോ ഡാവില പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് പുസ്തക നിരോധനനീക്കമെന്ന് പുസ്തകമേള സംഘടിപ്പിക്കുന്ന മരിയാന സഹര്‍ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍