UPDATES

വിദേശം

ആമസോണ്‍: ഓഗസ്റ്റില്‍ ഇതുവരെ നശിച്ചത് ഹോങ്കോങിനോളം വിസ്തൃതിയുള്ള കാട്‌, ഇതില്‍ തീപിടുത്തം പെടില്ല

ബോള്‍സോനാരോ അധികാരത്തില്‍ വന്നതിനുശേഷം പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെയും ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ കീഴില്‍ വനസംരക്ഷണം ദുര്‍ബലമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിവരയിടുന്ന കാര്യങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 2015 -ല്‍ പുതിയ മോണിറ്ററിംഗ് സംവിധാനം നിലവില്‍ വന്നതിനുശേഷം ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. സര്‍ക്കാരിനു കീഴിലുള്ള സാറ്റലൈറ്റ് മോണിറ്ററിംഗ് ഏജന്‍സിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളില്‍ ഈ മാസത്തിന്റെ ആദ്യ 26 ദിവസങ്ങളില്‍ മാത്രം 1,114.8 ചതുരശ്ര കിലോമീറ്റര്‍ (430 ചതുരശ്ര മൈല്‍) ആണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തീപിടുത്തത്തിന്റെ വിവരങ്ങള്‍ ഉള്‍പെടുത്തിയിട്ടുമില്ല.

ഫോറസ്റ്റ് റേഞ്ചര്‍മാര്‍ക്ക് ഹ്രസ്വകാല അലേര്‍ട്ടുകള്‍ നല്‍കുന്നതിനായി 2015 ല്‍ ‘ഡിറ്റര്‍-ബി സാറ്റലൈറ്റ് സിസ്റ്റം’ സജ്ജീകരിച്ചിരുന്നു. അതിനു ശേഷമാണ് വന നശീകരനവുമായി ബന്ധെപ്പെട്ട കൃത്യവും ആധികാരകമായതുമായ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഈ വര്‍ഷം മാത്രം ഒരു ദശകത്തിനിടെ ആദ്യമായി 10,000 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് തരിശാക്കി മാറ്റിയതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ വര്‍ഷത്തില്‍ 25,000 ചതുരശ്ര കിലോമീറ്ററിലധികം വനനശീകരണം നടന്ന ഒരു കാലമുണ്ടായിരുന്നു ബ്രസീലില്‍. എന്നാല്‍ സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങളും ശിക്ഷാനടപടികളും കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങളും നടപ്പാക്കിയാതോടെ വനനശീകരണം 80% കുറയ്ക്കാന്‍ സാധിച്ചു. ഈ വിജയം പാരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്രസീലിന് ലോകനെതാവെന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ നേട്ടങ്ങള്‍ ക്രമാനുഗതമായി ഇല്ലാതാകുകയും കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ അതിവേഗം ത്വരിതപ്പെടുകയും ചെയ്തു.

ഈ വര്‍ഷം തുടക്കത്തില്‍ ബോള്‍സോനാരോ അധികാരത്തില്‍ വന്നതിനുശേഷം പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെയും ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നത്. തദ്ദേശീയ സമുദായങ്ങളെക്കാളും മറ്റ് വനവാസികളെക്കാളും ഖനി മുതലാളിമാര്‍ക്കും കര്‍ഷകര്‍ക്കുമാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. അദ്ദേഹം അധികാരത്തിലെത്തിയത്തിനു ശേഷം മാത്രം ആമസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റര്‍ (355 ചതുരശ്ര മൈല്‍) വര്‍ധിച്ചതായി ബ്രസീലിന്റെ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് പ്രാഥമികമായ കണക്കു മാത്രമാണെന്നും, കൂടുതല്‍ വിശദമായ ഇമേജിംഗിനെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കിനെ അത് കടത്തിവെട്ടി 15% വര്‍ധനവ് രേഖപ്പെടുത്തുമെന്നും അവര്‍ പറയുന്നു.

അതിനെതിരെ ലോകവ്യാപകമായി, പ്രത്യേകിച്ചും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നും, പ്രതിഷേധമുയര്‍ന്നപ്പോള്‍ ‘ആമസോണ്‍ ഞങ്ങളുടെതാണ്, നിങ്ങള്‍ തല്‍ക്കാലം നിങ്ങളുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നു’മായിരുന്നു ബോള്‍സോനാരോയുടെ പ്രതികരണം. ആഴ്ചകള്‍ക്കുമുമ്പ് വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിന് ഏജന്‍സിയുടെ തലവനെ അദ്ദേഹം പുറത്താക്കുകയും ചെയ്തിരുന്നു.

Read: ലിയണാര്‍ഡോ ഡികാപ്രിയോ ഇന്നിന്റെ പോരാളി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍