ആഫ്രിക്കൻ-അമേരിക്കൻ ഗായകനും പൗരാവകാശ പ്രവർത്തകനുമായ ഹാരി ബെലഫോണ്ടെ അവതരിപ്പിച്ച ജമൈക്കൻ നാടോടി ഗാനമാണ് കറുത്ത മേക്കപ്പോടെ ട്രൂഡോ അന്ന് അവതരിപ്പിച്ചത്.
അധ്യാപകനായിരുന്ന കാലത്ത് 2001-ൽ ഒരു പാർട്ടിക്കിടെ ബ്രൌണ്‍ നിറത്തിലുള്ള മേക്കപ്പ് ധരിച്ചതില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖേദം രേഖപ്പെടുത്തി. ‘അത് വംശീയമായ അധിക്ഷേപമായിരുന്നുവെന്ന്’ അദ്ദേഹം തുറന്നു സമ്മതിച്ചു. മുഖത്തും കഴുത്തിലും കൈയിലും തവിട്ടുനിറത്തിലുള്ള മേക്കപ്പും തലപ്പാവും വസ്ത്രവും ധരിച്ച ട്രൂഡോയുടെ ഫോട്ടോ ടൈം മാഗസിനാണ് പുറത്തുവിട്ടത്.
ട്രൂഡോ വെസ്റ്റ് പോയിന്റ് ഗ്രേ അക്കാദമിയിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്തെ സ്കൂൾ ഇയർബുക്കിൽ നിന്നുമാണ് ഫോട്ടോ ലഭിച്ചത്. ‘ഞാൻ അതിയായി ഖേദിക്കുന്നു. അന്നത്തെകാലത്തെ അറിവില്ലായ്മയാണ് അത്. അന്ന് അതൊരു വംശീയമായ അധിക്ഷേപമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതിന്‍റെ ആഴം ഉള്‍ക്കൊള്ളുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു’ എന്നാണ് ട്രൂഡോ പറഞ്ഞത്.
അടുത്ത മാസം കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടുതന്നെ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ലഭിച്ച അവസരം എതിരാളികൾ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. അത് ട്രൂഡോയുടെ പ്രതിച്ഛായക്ക് നേരിയതോതിലെങ്കിലും മങ്ങലേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ഫോട്ടോ കണ്ട് ഞാന്‍ ഞെട്ടിപ്പോയി’ എന്നാണ് കൺസർവേറ്റീവ് നേതാവും ട്രൂഡോയുടെ പ്രധാന എതിരാളിയുമായ ആൻഡ്രൂ സ്‌കീർ പറഞ്ഞത്. ‘കാനഡയെ മുന്നോട്ടു നയിക്കാൻട്രൂഡോ യോഗ്യനല്ല. അദ്ദേഹം അന്നും ഇന്നും വംശവെറിയുടെ ആളാണ്’ എന്നും സ്‌കീർ തുറന്നടിച്ചു.
ആഫ്രിക്കൻ-അമേരിക്കൻ ഗായകനും പൗരാവകാശ പ്രവർത്തകനുമായ ഹാരി ബെലഫോണ്ടെ അവതരിപ്പിച്ച ജമൈക്കൻ നാടോടി ഗാനമാണ് കറുത്ത മേക്കപ്പോടെ ട്രൂഡോ അന്ന് അവതരിപ്പിച്ചത്. ‘അറേബ്യന്‍ നൈറ്റ്സ്’ എന്ന തീമിലായിരുന്നു വസ്ത്രധാരണം. ‘സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെയായി കൂടിയ ആഘോഷത്തില്‍ അലാവുദ്ദീനെന്ന കഥാപാത്രമായാണ് അദ്ദേഹം വേഷമിട്ടതെന്ന്’ ട്രൂഡോയുടെ പാര്‍ട്ടിയായ ലിബറൽ പാർട്ടി ഓഫ് കാനഡയുടെ വക്താവ് സീത അസ്ട്രാവാസ് പറഞ്ഞു.