കാലിഫോർണിയയ്ക്കുള്ള ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡണ്ട് ട്രംപ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു.
കാലിഫോർണിയയിലെ കാട്ടുതീയിൽ മരണം 31 ആയി. ഇരുന്നൂറിലധികം പേരെ കാണാനില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കാലിഫോർണിയയുടെ ചരിത്രത്തിലെ വലിയ കാട്ടുതീകളിലൊന്നായി ഇത്തവണത്തേത് മാറി. 1933ല്‍ ലോസ് ആൻജലസിലെ ഗ്രിഫിത്ത് പാർക്കിലുണ്ടായ കാട്ടുതീയാണ് ഇപ്പോഴത്തേതിനോട് സമാനതയുള്ള മറ്റൊരു സംഭവം.
രണ്ടര ലക്ഷത്തോളം ആളുകളെ അധികൃതർക്ക് ഇതിനകെം ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. തീപ്പിടിത്തത്തെ വൻ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കാലിഫോർണിയ ഗവർണർ ജെറി ബ്രൗണ്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ അടിയന്തിര ഫണ്ട് ഫെഡറൽ സർക്കാരിൽ നിന്നും ലഭിക്കാൻ ഇത് വഴിയൊരുക്കും.
അതെസമയം കാലിഫോർണിയയ്ക്കുള്ള ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡണ്ട് ട്രംപ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. സർക്കാരിന്റെ വനപരിപാലനം മോശമാണെന്നും ഇക്കാരണത്താലാണ് കാട്ടുതീയുണ്ടായതെന്നും ട്രംപ് ആരോപിക്കുന്നു.
6700 വീടുകളും അനവധി കച്ചവടസ്ഥാപനങ്ങളും കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ തീപ്പിടിത്തത്തിൽ നശിച്ചിട്ടുണ്ട്. 109,000 ഏക്കർ വനം നശിച്ചുപോയതായും റിപ്പോർട്ടുകൾ പറയുന്നു.
കാലിഫോർണിയയിലെ തൗസന്റ് ഓക്സിൽ നിന്നാണ് കാട്ടുതീ ആദ്യം പുറപ്പെട്ടത്. അതിവേഗം പടർന്ന തീ ഞായറാഴ്ചയോടെ തന്നെ 83,000 ഏക്കർ പ്രദേശം നശിപ്പിച്ചിരുന്നു. ശക്തിയേറിയ കാറ്റാണ് തീപ്പിടിത്തത്തെ ഇത്രയേറെ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കുകയുണ്ടായി.