UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം മുതല്‍ പാരീസ് വരെ: ലോകം ശക്തമായ വലതുപക്ഷ പാതയിലേക്ക്

Avatar

ടീം അഴിമുഖം

ലോകത്തിന് മുകളിലൂടെ വീശുന്ന കാറ്റിന്റെ ഗതി നിങ്ങള്‍ കാണുന്നുണ്ടോ? കേരളത്തിലെ സദാചാരപോലീസുകാരും ന്യൂഡല്‍ഹിയിലെ പുതിയ രാഷ്ട്രീയക്രമവും പാരീസിലെ ഭീകരാക്രമണവും ശ്രീലങ്കയിലെ തെരഞ്ഞെടുപ്പുകളും തമ്മില്‍ എന്തെങ്കിലും പൊതുവായ സാമ്യം ഉണ്ടെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

പുതിയ വലതുപക്ഷ രാഷ്ട്രീയ ഭൂമികയിലേക്ക് സ്വാഗതം. ലോകത്തെമ്പാടും യാഥാസ്ഥിതിക രാഷ്ട്രീയം കൂടുതല്‍ വ്യക്തമായ രൂപം കൈവരിക്കുകയും പ്രബലമായി തീരുകയും ചെയ്യുന്നു. വൈദേശിക വിദ്വേഷവും അത്തരം ഭയങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന അക്രമങ്ങളും യുക്തിരഹിതമായ പ്രതികരണങ്ങളുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതാണ്. ഫ്രാന്‍സില്‍ മൂന്ന് മുസ്ലീം യുവാക്കള്‍ അവിടെത്തെ ആക്ഷേപഹാസ്യ വാരികയായ ഷര്‍ളി ഹെബ്ദോയുടെ ഓഫീസിലേക്ക് പഞ്ഞ് കയറുകയും, ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും ചെയ്തു. കാര്‍ട്ടൂണിസ്റ്റുകളുടെ പെരുമാറ്റത്തെ കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്, ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന സായുധവും യാഥാസ്ഥിതികവും ആക്രമോത്സുകവുമായ രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ചാവിഷയമാകുന്നത്.

ബഹുതല-സംസ്‌കാരങ്ങളെ കുറിച്ചും ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ തരം പഴവും പച്ചക്കറിയും വെവ്വേറെ നില്‍ക്കുകയും അങ്ങനെ മനോഹരമാവുകയും ചെയ്യുന്ന ഒരു സലാഡ് പാത്രമായിരിക്കണോ സമൂഹങ്ങള്‍ എന്നതാണ് ഒരു ചോദ്യം. അതോ എല്ലാ അസ്തിത്വങ്ങളും ഒന്നായി തീരുന്ന, ആരും വ്യത്യസ്തരല്ലാത്ത, തങ്ങളുടെ വിശ്വാസങ്ങളും സംസ്‌കാരങ്ങളും ആരും പരസ്യമായി പ്രകടിപ്പിക്കാത്ത ഒരു തിളയ്ക്കുന്ന കറിപ്പാത്രമായി അത് മാറണോ?

സലാഡ് പാത്ര അസ്തിത്വത്തിന് നല്ല ഉദാഹരണമാണ് ഇന്ത്യ. എന്നാല്‍ ഫ്രാന്‍സാകട്ടെ ഒരു തിളയ്ക്കുന്ന കറിപ്പാത്രവും. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ആളുകള്‍ ഹിജാബ് ധരിക്കുകയോ സിന്ദൂരമിടുകയോ അല്ലെങ്കില്‍ നെഞ്ചില്‍ ഒരു വലിയ കുരിശ് തൂക്കിയിടുകയോ ചെയ്യുന്നത് ആരും വലിയ കാര്യമായി എടുക്കില്ല. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കുന്നത് ഫ്രാന്‍സില്‍ നിരോധിച്ചിരിക്കുന്നു. ഓരോ രീതികളും പിന്തുടരുന്നതിന്റെ ഗുണദോഷങ്ങളെ കുറിച്ച് സംവാദങ്ങള്‍ ഉണ്ടാവാമെങ്കിലും ഒരു ബഹുതല-സംസ്കാര സംവിധാനത്തിന് ഈ രണ്ടില്‍ ഒരു രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം.

 

 

അതിന്റെ ചരിത്രത്തില്‍ തന്നെ വേരോടിയിരിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഫ്രാന്‍സില്‍, കാര്‍ട്ടൂണിസ്റ്റുകള്‍ക്കും എഴുത്തുകാര്‍ക്കും നമ്മള്‍ സ്വപ്‌നം കാണുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ക്കും മറ്റ് സമുദായങ്ങള്‍ക്കും ഈ സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. പ്രവാചകനായ മുഹമ്മദിനെ കുറിച്ച് അവര്‍ വരച്ച കാര്‍ട്ടൂണുകള്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ സാധിക്കുമോ?

യൂറോപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികളും ആക്രമണോത്സുകമായ ഇസ്ലാമും തമ്മില്‍ പരിക്കേല്‍പ്പിക്കുന്ന തരത്തിലുള്ള മത്സരങ്ങള്‍ നടക്കുന്നു എന്ന് മാത്രമല്ല, ബഹുതല-സംസ്‌കാരത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കുക, ആ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊളിലാളികളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുക, സര്‍വോപരി പുറത്ത് നിന്നുള്ളവരുടെ അസ്തിത്വം ഈ രാജ്യങ്ങളില്‍ അസ്വസ്ഥജനകമാകുക തുടങ്ങിയവയായിരിക്കും ഇതിന്റെ അന്തിമഫലങ്ങള്‍. ഇപ്പോള്‍ തന്നെ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന, വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ സാമ്പത്തികരംഗത്തിന്റെ ചിലവിലാവും ഇത് സംഭവിക്കുക. പക്ഷെ മറ്റൊരു രാഷ്ട്രീയ പോംവഴി നിലനില്‍ക്കുന്നില്ല എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഐഎസ്‌ഐഎസ് ആക്രമണങ്ങള്‍ കൂടുതല്‍ ലക്ഷ്യവേധിയാവുന്നതോടെ കുടിയേറ്റക്കാര്‍ക്ക് നിലവിലുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയേ ഉള്ളു. സിറിയയിലും ഇറാഖിലും ആയിരക്കണക്കിന് യൂറോപ്യന്‍ മുസ്ലീങ്ങള്‍ സായുധ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല ഈ നിന്ദ്യമായ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് ആളുകളെ യൂറോപ്പില്‍ കണ്ടെത്താനും സാധിക്കും.

ഫ്രഞ്ച് ആക്ഷേപഹാസ്യ വാരികയ്ക്ക് നേരെ ബുധനാഴ്ച ഉണ്ടായ ആക്രമണം ബഹുതല സംസ്‌കാരത്തിന്റെ കുറ്റമാണെന്ന് ഫ്രാന്‍സിന്റെ അയല്‍രാജ്യമായ ബ്രിട്ടനിലെ വലതുപക്ഷ പാര്‍ട്ടിയായ യുകെഐപിയുടെ നേതാവ് നൈജല്‍ ഫാരേജ് ഇതിനകം ആരോപിച്ച് കഴിഞ്ഞു. ഫരേജിന്റെ പാര്‍ട്ടി ബ്രിട്ടനില്‍ സമീപകാലത്തായി അതിന്റെ പൊതുജനാടിത്തറ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല, വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി മാറുകയും ചെയ്യും.
പുതിയ സംഭവവികാസങ്ങള്‍ മൂലം ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ കക്ഷിയായ ‘ഫ്രണ്ട് നാഷണ’ലും അതിന്റെ നേതാവ് മാരിനെ ലെ പെന്നും കൂടുതല്‍ ജനകീയമായി തീരുമെന്ന് പല നിരീക്ഷകരും ഭയപ്പെടുന്നു. ലെ പെന്നിന്റെ പാര്‍ട്ടി സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക വിജയങ്ങള്‍ നേടിയെന്ന് മാത്രമല്ല, 2017-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ പ്രധാനപ്പെട്ട ശക്തികളില്‍ ഒന്നായിരിക്കും എന്ന് വിലയിരുത്തപ്പെടുകയും ചെയ്യുന്നു. അവരുടെ പാര്‍ട്ടി കുടിയേറ്റ വിരുദ്ധ, വൈദേശിക വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

ജര്‍മ്മനിയില്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന മുസ്ലീം വിരുദ്ധ റാലികളില്‍ ആയിരക്കണക്കിന് സാധാരണക്കാരാണ് അണിചേര്‍ന്നത്. പല പ്രമുഖ പൗരന്മാരും അതിനെതിരെ പ്രചാരണം നടത്തിയിട്ടും, ഇതിന്റെ അടിസ്ഥാന സംഘടനയായ പിഇജിഐഡിഎ (പാട്രിയോട്ടിക് യൂറോപ്യന്‍ എഗന്‍സ്റ്റ് ദ ഇസ്ലാമൈസേഷന്‍ ഓഫ് ദ വെസ്റ്റ്) ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം ജര്‍മ്മന്‍ ദിനപത്രമായ ബില്‍ഡ് വിദേശവിദ്വേഷം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും റോക് ഗായകന്‍ ഉഡോ ലിന്‍ഡന്‍ബര്‍ഗിന്റെയും ജര്‍മ്മന്‍ ഫുഡ്‌ബോള്‍ ക്യാപ്റ്റന്‍ ഒലിവര്‍ ബിയറോഫിന്റെയും ഉള്‍പ്പെടുയള്ള അമ്പത് പ്രമുഖരുടെ പ്രസ്താവന ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും സമൂഹത്തില്‍ വലിയ പ്രതികരണം സൃഷ്ടിക്കുന്നില്ല. വിദേശവിദ്വേഷത്തിന്റെ ഒരു ദീര്‍ഘ ശൈത്യത്തിലേക്ക് യൂറോപ്പ് അതിവേഗം അടിവയ്ക്കുകയാണ്.

 

 

വെള്ളിയാഴ്ച ശ്രീലങ്കയില്‍ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ജനാധിപത്യത്തിന്റെ വലിയ വിജയമാണെന്ന് മാത്രമല്ല, ദ്വീപ് രാജ്യത്തിന് അത് നല്ല ദിനങ്ങള്‍ പ്രദാനം ചെയ്യുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ വലതുപക്ഷ സിംഹള ആധിപത്യത്തില്‍ നിന്നുമുള്ള ഒരു ഗതിമാറ്റമായി ഇതിനെ വിലയിരുത്താനാവില്ല. പ്രസിഡന്റ് മഹീന്ദ രാജപക്‌സെയെ പരാജയപ്പെടുത്താന്‍ തയ്യാറെടുക്കുന്ന മൈത്രിപാല സിരിസേനയാണ് 2009 ലെ എല്‍ടിടിഇ വിരുദ്ധ ക്രൂരമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ചതും സംഘടനയെ നിര്‍വീര്യമാക്കിയതും. അതുകൊണ്ട് തന്നെ തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ന്യായമായ പരിഗണനയും ബഹുമാനവും നല്‍കാന്‍ ശ്രീലങ്ക തയ്യാറാവുമെന്ന് വളരെ ചെറിയ പ്രതീക്ഷയെ നിലനില്‍ക്കുന്നുള്ളു.

ഇന്ത്യയിലും കഥയില്‍ വലിയ വ്യത്യാസങ്ങള്‍ കാണാനില്ല. വികസനവും സാമ്പത്തിക അത്ഭുതങ്ങളും വാഗ്ദാനം ചെയ്യുന്ന പുതിയ സര്‍ക്കാര്‍, പക്ഷെ ഹിന്ദു തീവ്ര വലതുപക്ഷത്തിന്റെ മറ്റു സമുദായക്കാരോടുള്ള വിരുദ്ധ പ്രസ്താവനകളെ പറ്റി മൗനം പാലിക്കുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയില്‍ ക്രിസ്ത്യന്‍, മുസ്ലീം യാഥാസ്ഥിതിക വിഭാഗങ്ങള്‍ സമാനമായ രീതിയിലുള്ള അധിക്ഷേപാര്‍ഹ പ്രസ്താവനകള്‍ക്ക് തയ്യാറാവുന്നു.

 

ലോകത്തെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയം, യുഎസിലെയും മറ്റ് യാഥാസ്ഥിതിക രാഷ്ട്രീയക്കാര്‍ വാദിക്കുന്നത് പോലെ സാമ്പദ്ഘടനയെ സംബന്ധിച്ച നിലപാടുകളിലോ അല്ലെങ്കില്‍ ഭരണനിര്‍വഹണത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളിലോ അല്ല ഊന്നല്‍ നല്‍കുന്നത്. മറിച്ച് അതൊരു മാനസിക വ്യാപാരം മാത്രമാണ്. പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകള്‍ അതിര്‍ത്തി കടക്കുകയും സമ്പത്ത് വളരെ സ്വതന്ത്രമായി ഒഴുകുകയും സാങ്കേതിക വളര്‍ച്ച ഒരു ആഗോള ഗ്രാമമാക്കി നമ്മെ മറ്റുകയും ചെയ്ത ഇന്ത്യപോലെയുള്ള ഒരു രാജ്യത്തിന് യോജിക്കുന്നതല്ല, പല വലതുപക്ഷ തത്വശാസ്ത്രങ്ങളും.

കേരളത്തിലെ നഗരങ്ങളില്‍ കൂട്ടമായി പ്രതിഷേധവുമായി എത്തുകയും സ്ത്രീകളെയും സമൂഹത്തിലെ മറ്റ് അംഗങ്ങളെയും അപമാനിക്കുകയും ചെയ്ത ആളുകളും യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കണ്ടുവരുന്നവരും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. ചുംബനസമരത്തിന് നേരെ ആക്രമണം നടത്തുകയും നമ്മുടെ സ്ത്രീകളുടെ ലിബറലായ നിലപാടുകള്‍ വിമര്‍ശിക്കുകയും ചെയ്ത പുരുഷന്മാരും സ്ത്രീകളും ഇതേ ഔദാര്യങ്ങളുടെ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണെന്ന് യാഥാര്‍ത്ഥ്യം മറക്കരുത്. തീര്‍ച്ചയായും, സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വിദേശമണ്ണില്‍ കൂടുതല്‍ നല്ല ജീവിതത്തിന്റെ വിസ കാത്തിരിക്കുന്നവരാണ് ഈ പ്രതിഷേധക്കാര്‍ എല്ലാം തന്നെ. അവര്‍ ആസ്വദിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഈ വിസകളും സാങ്കേതികവിദ്യകളും ഒക്കെ സ്വതന്ത്ര സമൂഹങ്ങളുടെയും ഉദാരമനസുകളുടെയും സംഭാനയാണെന്ന് അവര്‍ മറക്കുകയും ചെയ്യരുത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍