UPDATES

വിദേശം

ട്രംപിന്റെ നികുതി ഉയർത്തൽ: തിരിച്ചടിക്കാൻ മടിയില്ലെന്ന് ചൈന

ചൈന അമേരിക്കന്‍ കമ്പനികളുടെ ടെക്നോളജികള്‍ അപഹരിക്കുകയാണെന്നും, വ്യാപാര തന്ത്രങ്ങള്‍ വെളിപ്പെടുത്താന്‍ അവരെ നിര്‍ബന്ധിക്കുകയാണെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ അമേരിക്ക ഉയര്‍ത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം സങ്കീര്‍ണമാക്കുകയാണ്. തീരുവ ഉയര്‍ത്തിയതിനു ശേഷം ചൈന ഇതുവരെ മറ്റൊരു പ്രതികാര നടപടികളും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അത് ഉടന്‍തന്നെ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അമേരിക്ക. ‘ചൈന ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് ഇന്നോ നാളെയോ അറിയാമെന്ന്’ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കട്‍ലോ പറഞ്ഞു. ഇതോടെ ഷെയര്‍ മാര്‍ക്കറ്റുകള്‍ വീണ്ടും ഇടിഞ്ഞു. ഏഷ്യന്‍ ഷെയറുകള്‍ നേരത്തെതന്നെ തകര്‍ച്ച നേരിട്ടു തുടങ്ങിയിരുന്നു.

ചൈനയുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ അനുകൂല തീരുമാനത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് അമേരിക്ക നികുതി വര്‍ധന പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം സമാന സാഹചര്യത്തില്‍ അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയും നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. അത് ഇരു രാജ്യങ്ങള്‍ക്കും ഒരേപോലെ ക്ഷീണം ചെയ്തു. നിലവില്‍ ചൈണ ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടിയത് അമേരിക്കക്കും തിരിച്ചടിയാണെന്ന് സമ്മതിച്ചിരിക്കുകയാണ് ലാറി കട്‍ലോ. ചൈനയും പ്രതികാര നടപടി പ്രഖ്യാപിച്ചാല്‍ അത് ഏതറ്റംവരേ പോകുമെന്ന് പറയാന്‍ കഴിയില്ല. പ്രശ്ന പരിഹാരത്തിനായി അടുത്ത മാസം ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ട്രംപും ഷി ജിംപിങും തമ്മില്‍ ചര്‍ച്ച നടത്തിയേക്കുമെന്നും ലാറി ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചര്‍ച്ചകള്‍ക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ‘ഒരു വ്യാപാര യുദ്ധത്തിലും വിജയം എന്നൊന്നില്ല. അതുകൊണ്ടുതന്നെ അത്തരമൊരു മല്‍പ്പിടുത്തത്തിന് ചൈനക്ക് താല്‍പര്യമില്ല. എന്നാല്‍, ഏതുതരത്തിലുള്ള വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെടാനും പേടിയുമില്ല’ എന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്സിന്‍ഹുവ പത്രം പറയുന്നു.

ചൈന അമേരിക്കന്‍ കമ്പനികളുടെ ടെക്നോളജികള്‍ അപഹരിക്കുകയാണെന്നും, വ്യാപാര തന്ത്രങ്ങള്‍ വെളിപ്പെടുത്താന്‍ അവരെ നിര്‍ബന്ധിക്കുകയാണെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്. റോബോട്ടിക്സിലും ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലും ചൈന ലോകത്തെ നമ്പര്‍ വണ്‍ ശക്തിയായതോടെയാണ് അമേരിക്ക ഇത്തരമൊരു ആരോപണവുമായി രംഗത്തുവരാന്‍ തുടങ്ങിയത്. നിർബന്ധിത സാങ്കേതികവിദ്യ കൈമാറ്റം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ ചൈന തയ്യാറാകാത്തതാണ് പശ്നം ഇത്രധികം വഷളാക്കിയത് എന്ന് ലാറി കട്‍ലോ പറയുന്നു.

അതേസമയം ട്രംപ് പ്രഖ്യാപിച്ച നികുതി വര്‍ദ്ധനവ്‌ പ്രാബല്യത്തില്‍വരാന്‍ മൂന്നുമാസത്തോളം സമയമെടുത്തേക്കാമെന്നും കട്‍ലോ പറഞ്ഞു. അവസരം മുതലെടുത്ത്‌ ആഭ്യന്തര രാഷ്ട്രീയം കളിക്കാനും ട്രംപ് മറന്നില്ല. അമേരിക്കയിലെ തൊഴിലാളികള്‍ക്കുവേണ്ടിയാണ് താനീ കടുത്ത നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് അമേരിക്കക്ക് നല്‍കുന്ന ആഘാതത്തെകുറിച്ച് ട്രംപ് ഇപ്പോഴും ബോധവാനല്ല എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നികുതിവര്‍ദ്ധനക്ക് ആനുപാതികാമായി അതാത് ഉത്പന്നങ്ങളുടെ വിലയും വര്‍ദ്ധിക്കുമെന്നും, അത് സാധാരണക്കാരെ ബാധിക്കുമെന്നും അവര്‍ പറയുന്നു. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവും അത് തുറന്നു സമ്മതിച്ചിട്ടുണ്ട്.

അമേരിക്കയുടെ കടുംപിടുത്തമാണ് പ്രശ്നപരിഹാരത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നത് എന്നാണ് ചൈനയുടെ ആരോപണം. പ്രതിനിധിതല ചര്‍ച്ചകളിലൊന്നും പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ട്രംപും ഷി ജിംപിങും തമ്മില്‍ നേരിട്ട് ചര്‍ച്ചക്കൊരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍