ചൈനയുടെ ബഹിരാകാശ പദ്ധതിയിൽ നാഴികക്കല്ലായി ചന്ദ്രനിലെ ‘ഇരുണ്ട പ്രദേശ’മെന്ന് വിളിക്കപ്പെടുന്ന മേഖലയിൽ വാഹനമിറക്കി. ഇതുവരെ അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയും ചന്ദ്രന്റെ ഭൂമിയോട് അഭിമുഖമായി നിൽക്കുന്ന ഭാഗങ്ങളിലാണ് ബഹിരാകാശ വാഹനം ഇറക്കിയിരുന്നത്. ഇത്തവണ അങ്ങേത്തലയിലാണ് ബഹിരാകാശവാഹനത്തിന്റെ ലാൻഡിങ് നടത്തിയത്.
മനുഷ്യന്റെ ചാന്ദ്രദൗത്യങ്ങളിൽ ഒരു പുതിയ അധ്യായം തുറന്നതായി ചൈനയുടെ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.
ചൈനയുടെ ബഹിരാകാശ താൽപര്യങ്ങളിൽ വലിയ മുന്നേറ്റമായാണ് ഈ ദൗത്യത്തിന്റെ വിജയത്തെ ലോകം നോക്കിക്കാണുന്നത്. ലോക ബഹിരാകാശ നീക്കങ്ങളുടെ മുന്‍നിരയിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. ചൈനീസ് ഐതിഹ്യങ്ങളിലെ ചന്ദ്രദേവതയുടെ പേരാണ് (Chang’e-4) ഈ ദൗത്യത്തിന് ഇട്ടിരിക്കുന്നത്.
അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമായിരുന്നു ചന്ദ്രനിൽ വാഹനമിറക്കിയ രാജ്യങ്ങൾ. ഈ നിരയിലേക്ക് തങ്ങളുടെ ബഹിരാകാശ വാഹനവുമായി ചൈന 2013ൽ തന്നെ ഇടംപിടിച്ചു. ഇപ്പോൾ പ്രസ്തുത ദൗത്യത്തിന്റെ കൂടുതൽ വികസിതമായ ദൗത്യങ്ങളുമായി മുമ്പോട്ടു പോകുകയാണ് ചൈന.