UPDATES

കായികം

സുവാരസിന്റെ ഗോളില്‍ ഉറുഗ്വായ് പ്രീ ക്വാര്‍ട്ടറില്‍

പന്ത് കൈവശം വെക്കുന്നതിൽ മുന്നിട്ടു നിന്നത് സൗദി ആണെങ്കിലും ഒരു തവണ പോലും ഉറുഗ്വെൻ കോട്ടയിൽ വിള്ളൽ വീഴ്‌ത്താൻ ഏഷ്യൻ പടക്കായില്ല

ആദ്യ മത്സരത്തില്‍ ഈജിപ്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ഉറുഗ്വായ്ക്ക് സൗദി അറേബ്യയെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അതേസമയം ആദ്യ മത്സരത്തിൽ റഷ്യയോട് മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകർന്ന സൗദിക്ക് ഇന്ന് തോറ്റാൽ നാട്ടിലേക്കു മടങ്ങാം. ഇതായിരുന്നു മത്സരത്തിന് മുൻപുള്ള അവസ്ഥ. വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസിന്റെ ഗോളിൽ ഉറുഗ്വായ് സൗദിയെ തോൽപ്പിച്ചുകൊണ്ട് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി. സൗദിക്ക് ഈജിപ്തുമായുള്ള മത്സരം കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങാം.

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ സൗദിയുടെ നീക്കങ്ങൾ ഒരു അട്ടിമറിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. കളിയുടെ എട്ടാം മിനുട്ടിൽ പോസ്റ്റിന് വെളിയില്‍ നിന്ന് സല്‍മാന്റെ ശക്തി കുറഞ്ഞ ഷോട്ട് നേരെ ഉറഗ്വായ് ഗോളി മുസ്ലേരയുടെ കൈകളില്‍. പതിയെ താളം വീണ്ടെടുത്ത ഉറുഗ്വായ് മുന്നേറ്റ നിര സൗദി ഗോൾ മുഖത്തെ ഇരച്ചു കയറി, പോസ്റ്റിന് സൈഡില്‍ നിന്ന് സുവാരസിന്റെ ഷോട്ട്. സൗദി പ്രതിരോധം തട്ടിയകറ്റി. എന്നാൽ ഏറെനേരം ഉറുഗ്വൻ ആക്രമണത്തെ ചെറുക്കാൻ സൗദിക്കായില്ല കളിയുടെ ഇരുപത്തിയൊന്നാം മിനുട്ടിൽ കാര്‍ലോസ് സാഞ്ചസ് എടുത്ത കോര്‍ണര്‍ കിക്ക് ഇടംകാല്‍ കൊണ്ട് തട്ടിയിട്ട് വലയിലെത്തിച്ച് സുവാരസ് ഉറുഗ്വായെ മുന്നിലെത്തിച്ചു. രാജ്യത്തിന് വേണ്ടി ലൂയിസ് സുവാരസിന്റെ നൂറാമത്തെ മത്സരത്തിൽ ആണ് നിർണായക ഗോൾ. ഉറുഗ്വായ്ക്കായി സുവാരസിന്റെ 52-ാം ഗോളാണിത്‌. മൂന്ന് ലോകകപ്പുകളില്‍ ഉറുഗ്വായ്ക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കാഡും ഇനി സുവാരസിന് സ്വന്തം.

പന്ത് കൈവശം വെക്കുന്നതിൽ മുന്നിട്ടു നിന്നത് സൗദി ആണെങ്കിലും ഒരു തവണ പോലും ഉറുഗ്വൻ കോട്ടയിൽ വിള്ളൽ വീഴ്‌ത്താൻ ഏഷ്യൻ പടക്കായില്ല. മത്സരത്തിന്റെ 36-ാം മിനുട്ടിൽ വലതു വിങ്ങില്‍ നിന്ന് അല്‍ ബുറായ്ക്കിന്റെ ലോങ് റേഞ്ചര്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതി അവസാനിക്കും മുൻപ് സൗദിയുടെ ഏറ്റവും നല്ല നീക്കവും അതായിരുന്നു. ഫാസ്റ്റ് ഹാഫ് അവസാനിക്കുമ്പോൾ ഉറുഗ്വായ് 1 സൗദി 0.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. കളിയുടെ അന്‍പതാം മിനുട്ടിൽ ലീഡ് ഉയര്‍ത്താന്‍ ഉറുഗ്വായ്ക്ക് അവസരം. പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ഫ്രീകിക്ക്. സുവരാസ് തൊടുത്ത ഷോട്ട് മികച്ച ഡൈവിലൂടെ മുഹമ്മദ് ഖ്വായിസ് തട്ടിയകറ്റി. അറുപതാം മിനുട്ടിൽ ഉറുഗ്വേൻ നിര രണ്ടു മാറ്റങ്ങൾ വരുത്തി റോഡ്രിഗ്യൂസിന് പകരം ലക്‌സാല്‍റ്റും വെസീനോയ്ക്ക് പകരം ടൊറെയ്‌റയും ഇറങ്ങി. ലീഡ് ഉയർത്താനുള്ള സുവർണാവസരം സാഞ്ചസ് പാഴാക്കുമ്പോൾ മത്സരത്തിന് ഒരു മണിക്കൂർ പ്രായം.

സാഞ്ചസും, സുവാരസും വീണ്ടും ചില നീക്കങ്ങൾ നടത്തിയെങ്കിലും ഇത്തവണ സൗദി പ്രതിരോധം കുലുങ്ങിയില്ല. ഒറ്റ സ്‌ട്രെക്കറെ മുന്‍നിര്‍ത്തിയുള്ള സൗദി കോച്ച് പിസിയുടെ തന്ത്രങ്ങൾ പാളി എന്ന് വേണം മനസ്സിലാക്കാൻ. കാരണം സൗദി നടത്തുന്ന കൗണ്ടറുകൾ ഒരിക്കൽ പോലും ഗോളിൽ കലാശിക്കുന്നില്ല. ഈ ഒരു തിരിച്ചറിവിലേക്ക് സൗദി ക്യാമ്പ് എത്തുമ്പോഴേക്കും ഫൈനൽ വിസിൽ മുഴങ്ങിയിരുന്നു. അവസാന സ്‌കോർ ഉറുഗ്വായ് 1 – സൗദി 0.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍