UPDATES

കോഹ്ലിയും കൂട്ടരും ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുന്നത് ആമിര്‍ പേടിയിലോ മഴപ്പേടിയിലോ?

കാലാവസ്ഥയാണ് അന്തിമ വാക്കെന്ന് ഓര്‍മ്മിപ്പിച്ച് ഇന്നലെ മുഴുവന്‍ ഓള്‍ഡ് ട്രഫോര്‍ഡിന് മുകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. അയല്‍ക്കാരും ചിരവൈരികളുമായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ മാത്രമല്ല അതിന് കാത്തിരിക്കുന്നത്, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടുമ്പോഴെല്ലാം ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും നയതന്ത്രവും എല്ലാം ചര്‍ച്ചയാകാറുണ്ട്. ആ ചര്‍ച്ചകളില്‍ നിന്നെല്ലാം ക്രിക്കറ്റ് മാറിനില്‍ക്കുന്നു എന്നതാണ് അതിന്റെ ദൗര്‍ഭാഗ്യം. അതേസമയം മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മുതല്‍ അത് ക്രിക്കറ്റ് മാത്രമായി മാറുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് ലോകകപ്പിലെ മറ്റ് ഏതൊരു മത്സരത്തേക്കാളും പ്രത്യേകതയൊന്നും പാകിസ്ഥാനുമായുള്ള പോരാട്ടത്തിനില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നത്. മാഞ്ചസ്റ്ററില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോടേറ്റ പരാജയത്തിന്റെ ഓര്‍മ്മകള്‍ കോഹ്ലിപ്പടയ്ക്കുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഇന്ന് വരെ നേരിട്ടിട്ടുള്ള ആറ് മത്സരങ്ങളിലും ജയം ഇന്ത്യയ്ക്കായിരുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിനെല്ലാമുപരി 2017നേക്കാള്‍ ഇന്ത്യന്‍ ടീം ഏറെ വളര്‍ന്നു കഴിഞ്ഞു. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഫീല്‍ഡിലും സമാനതകളില്ലാത്ത ടീമാണ് ഇന്ന് വിരാട് കോഹ്ലിയുടെ കീഴില്‍ അണിനിരക്കുന്നത്.

അതേസമയം മഴ കളിക്കുന്ന ഈ ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരവും മഴപ്പേടിയില്‍ നിന്നും മാറി നില്‍ക്കുന്നില്ല. ലോകകപ്പ് ഷെഡ്യൂളിനെ തന്നെ താറുമാറാക്കുന്ന വിധത്തിലാണ് ഇംഗ്ലണ്ടിലെ കാലാവസ്ഥ. ശനിയാഴ്ച ഒളിച്ചുകളി നടത്തിയ കാലാവസ്ഥയ്ക്കിടയില്‍ ഇടയ്ക്കിടെ സൂര്യനും കാര്‍മേഘങ്ങളും പ്രത്യക്ഷപ്പെടുകയും ഓടിയൊളിക്കുകയും ചെയ്തു.

മാഞ്ചസ്റ്ററില്‍ കുറച്ചു ദിവസമായി നല്ല തോതില്‍ മഴ പെയ്യുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ചയോടെ മഴ മാറിനില്‍ക്കുകയാണെന്നത് ആശ്വാസകരമാണ്. മഴ മാറിനിന്ന സാഹചര്യത്തില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ചിലും ഔട്ട്ഫീല്‍ഡിലും ചില അറ്റകുറ്റപ്പണികള്‍ നടത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ നഗരത്തില്‍ വീണ്ടും മഴ വീശിയടിച്ചു. കാലാവസ്ഥയാണ് അന്തിമ വാക്കെന്ന് ഓര്‍മ്മിപ്പിച്ച് ഇന്നലെ മുഴുവന്‍ ഓള്‍ഡ് ട്രഫോര്‍ഡിന് മുകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരും പറയുന്നത്.

ഇന്ത്യന്‍ ടീമും പാക് ടീമും ഇന്നലെ പരിശീലനം നടത്തിയിരുന്നു. അതേസമയം നനഞ്ഞ പിച്ചില്‍ ബാറ്റിംഗ് പരിശീലനം സാധ്യമായിരുന്നില്ല. അതിനാല്‍ ഇന്ത്യന്‍ ടീം ചില കായിക പരിശീലനങ്ങളും ഫീല്‍ഡിംഗ് പരിശീലനവുമാണ് നടത്തിയത്. ഉച്ചയ്ക്ക് ശേഷം പരിശീലനം നടത്തിയ പാകിസ്ഥാന്‍ പൂര്‍ണമായും ഇന്‍ഡോറിലാണ് പരിശീലിച്ചത്.

പേസര്‍മാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് പാകിസ്ഥാനെ ഒടുവില്‍ നേരിട്ടത്. അന്ന് മുഹമ്മദ് ആമിറിന്റെ മികവില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് സാധിക്കുകയും ചെയ്തു. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന്‍ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തിലും ആമിര്‍ പത്ത് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ മറ്റ് ബൗളര്‍മാരില്‍ നിന്നൊന്നും ആമിറിന് പിന്തുണ ലഭിക്കാതെ വന്നതോടെ ഓസ്‌ട്രേലിയ 300ന് മുകളില്‍ റണ്‍സ് നേടുകയും ചെയ്തു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഓവലില്‍ ഏറ്റുമുട്ടിയപ്പോഴും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍ എന്നിവകെയും ആമിര്‍ പുറത്താക്കി. അതിനാല്‍ തന്നെ ആമിര്‍ ഭീഷണിയിലാണ് ഇന്ത്യയെന്ന് ഒറ്റവാക്കില്‍ പറയാം. പേസര്‍മാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ചാമ്പ്യന്‍ ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ രണ്ട് പേസര്‍മാരില്‍ ഒരാള്‍ നിറം മങ്ങിയിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ ഇന്ന് മൂന്ന് പേസര്‍മാരുമായി ഇറങ്ങാനാണ് സാധ്യത.

read more:ക്രിസ് ഗെയിലും റെഡിയാണ് ഇന്ത്യ-പാക് പോരാട്ടം കാണാന്‍; വ്യത്യസ്തമായ കോട്ടുമായി താരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍