UPDATES

ട്രെന്‍ഡിങ്ങ്

ശിഖര്‍ ധവാന്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഒമ്പതാം ഓവറില്‍ കൈവിരലിന് പരിക്കേറ്റ ശേഷം കളിക്കളത്തില്‍ തുടര്‍ന്നാണ് ധവാന്‍ സെഞ്ചുറി നേടിയത്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓവലില്‍ നടന്ന മത്സരത്തില്‍ ശിഖര്‍ ധവാന്‍ നേടിയ സെഞ്ചുറി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അതേസമയം തനിക്ക് ധവാന്റെ സെഞ്ചുറിയില്‍ അത്ഭുതമൊന്നുമില്ലെന്നാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നത്. മാത്രമല്ല, ഐസിസി ടൂര്‍ണമെന്റുകളിലെ സെഞ്ചുറിയുടെ എണ്ണത്തില്‍ തന്റെ പേരിലുള്ള റെക്കോര്‍ഡ് ധവാന്‍ തകര്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സച്ചിന്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ധവാന്റെ മൂന്നാമത്തെ ലോകകപ്പ് സെഞ്ചുറിയാണ് ഇന്നലെ ഓവലില്‍ കണ്ടത്. ഐസിസി ടൂര്‍ണമെന്റുകളില്‍ (ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും) ഇതുവരെ ധവാന്‍ ആറ് സെഞ്ചുറി നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്കും റിക്കി പോണ്ടിംഗിനുമൊപ്പം ഇപ്പോള്‍ രണ്ടാമതാണ് ധവാന്‍. ഏഴ് സെഞ്ചുറികള്‍ വീതം നേടിയ സച്ചിനും സൗരവ് ഗാംഗുലിയുമാണ് ഒന്നാമത്.

ശിഖര്‍ ധവാന്‍ ഈ ലോകകപ്പില്‍ തന്നെ ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് സച്ചിന്‍ പറയുന്നു. ഇംഗ്ലണ്ടില്‍ തന്നെ അത് സംഭവിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ടീം മടങ്ങിയെത്തുന്നത് ലോകകപ്പുമായായിരിക്കും. എല്ലാ ബാറ്റ്‌സ്മാന്മാരും പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്നാണ് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്. അപ്പോള്‍ ബൗളര്‍മാര്‍ക്ക് എതിരാളികളെ എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാക്കാനാകും. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ശക്തരായ എതിരാളികള്‍ക്കെതിരെ പ്രത്യേക കളിയാണ് ധവാന്‍ പുറത്തെടുത്തതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

വിമര്‍ശകര്‍ക്ക് അദ്ദേഹം മനോഹരമായ മറുപടി നല്‍കി. മനോഹരമായ സെഞ്ചുറിയാണ് ഇന്ന് നേടിയത്. അദ്ദേഹത്തിന് തന്നെ അതില്‍ അഭിമാനം തോന്നിയിരിക്കും. ഹോട്ടല്‍ മുറിയിലെത്തി കണ്ണാടിയില്‍ നോക്കുമ്പോള്‍ വൗ ഞാനിന്നൊരു പ്രത്യേക കാര്യം ചെയ്തുവെന്ന് പറയണം- ടെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു.

ഒമ്പതാം ഓവറില്‍ കൈവിരലിന് പരിക്കേറ്റ ശേഷം കളിക്കളത്തില്‍ തുടര്‍ന്നാണ് ധവാന്‍ സെഞ്ചുറി നേടിയത്. തനിക്കതില്‍ അത്ഭുതമില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇത്തരം പരിക്കുകളൊന്നും ആരും കാര്യമാക്കാറില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ധവാന് ഒരിക്കലും ബാറ്റ് ചെയ്യാതിരിക്കാനാകില്ല.

109 പന്തുകളില്‍ 117 റണ്‍സാണ് ധവാന്‍ ഇന്നലെയെടുത്തത്. ഒരു സിക്‌സ് പോലും അടിക്കാതെ 16 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. രോഹിത് ശര്‍മ്മയുമായി ചേര്‍ന്ന് ധവാന്‍ 127 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും സൃഷ്ടിച്ചു. രണ്ടാം വിക്കറ്റില്‍ കോഹ്ലിയ്‌ക്കൊപ്പം 93 റണ്‍സിന്റെ കൂട്ടുകെട്ടും ധവാന്‍ സൃഷ്ടിച്ചു. ഇന്ത്യയുടെ മുന്‍നിര മികച്ച അടിത്തറയാണ് ഇന്നലെ സൃഷ്ടിച്ചത്. നാലാം നമ്പരില്‍ ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48 റണ്‍സും അഞ്ചാമനായി വന്ന ധോണി 14 പന്തില്‍ 27 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റുകള്‍ വീതവും യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റും നേടിയതോടെ ഓസ്‌ട്രേലിയ 316 റണ്‍സിന് പുറത്തായി.

read more:20 വര്‍ഷത്തിനിടെ ഇതാദ്യം; ഇന്നലെ ഓവലില്‍ സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍