UPDATES

സാംബ- 2014

(മറ്റൊരു) വെള്ളാനകളുടെ നാട്

Avatar

ബ്ലെയ്ക് ഷ്മിഡ്
(ബ്ലൂംബര്‍ഗ്)

സാവോപോളയില്‍ ഇറ്റക്വെറ സ്റ്റേഡിയത്തിലേക്ക് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മാ റൂസേഫ്  അതിന്റെ നിര്‍മ്മാണ തൊഴിലാളികളുമായി ഹസ്തദാനം ചെയ്തു. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ഒഡേബ്രെത്തിലെ തൊഴിലാളികളാണ് അവര്‍. തുടര്‍ന്ന് തൊഴിലാളികള്‍ പ്രസിഡന്‍റിന് ഒരു സ്വര്‍ണ നിറത്തിലുള്ള തോപ്പി കൊടുത്ത് ‘സെല്‍ഫി’യെടുക്കാന്‍ ചുറ്റുംകൂടി.

കമ്പനിയുടെ മുദ്രയുള്ള വലിയ പതാക ‘ദൌത്യം പൂര്‍ത്തിയാക്കി’എന്ന വാചകവുമായി ഇരിപ്പിടങ്ങള്‍ക്ക് മുകളില്‍ പാറി. പക്ഷേ, മുകളില്‍ ക്രെയിനുകളുടെ കഴുത്തുകള്‍ നീണ്ടുനിന്നു, പണിതീരാത്ത ഭാഗങ്ങള്‍ മറയ്ക്കാന്‍ കെട്ടിയ പായകള്‍ വലിയ ശബ്ദത്തില്‍ കാറ്റിലുലഞ്ഞു. കളി തുടങ്ങാന്‍ ആഴ്ച്ചകള്‍ക്ക് മുന്‍പ് ഒഡേബ്രെത്തി പണി തീര്‍ക്കാന്‍ നെട്ടോട്ടമോടുകയായിരുന്നു. കണക്കുകള്‍ തെറ്റിയ ചെലവ്, രണ്ടു തൊഴിലാളികളുടെ മരണം എല്ലാം കമ്പനിയെ കുഴപ്പിച്ചു.

അതേ സമയം 19 ദശലക്ഷം ജനങ്ങളുള്ള ഈ നഗരത്തിന്റെ മറുഭാഗത്ത് 1500 പ്രതിഷേധ പ്രകടനക്കാര്‍ ഒഡേബ്രെത്തിന്‍റെ കാര്യാലയത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ചുമരുകളില്‍ മുദ്രാവാക്യങ്ങളെഴുതിയ അവര്‍, ലോകകപ്പ് വേദികള്‍ക്കായി ഒഡേബ്രെത്ത് പോലുള്ള സ്ഥാപനങ്ങള്‍ക്ക് നികുതിപ്പണം കൊള്ളയടിക്കാന്‍ ഒഴുക്കിക്കൊടുക്കുന്നതിനെതിരെ പ്രതിഷേധിച്ചു.

“തൊഴിലാളികളുടെ ചോരയും, ജനങ്ങളുടെ പണവും കൊണ്ട്  ഒഡേബ്രെത്ത് കോടികളാണ് ഉണ്ടാക്കുന്നത്,” ഒരു പ്രതിഷേധക്കാരന്‍ രോഷം കൊണ്ടു.

ലോകകപ്പിനുള്ള 4 സ്റ്റേഡിയങ്ങള്‍ പണിയുന്നതിനും വലുതാക്കുന്നതിനുമായി ബ്രസീല്‍ സര്‍ക്കാരിന്റെ വികസന ബാങ്ക് 447 ദശലക്ഷം ഡോളറാണ് ഇളവുകളോടുകൂടിയ വായ്പയായി ഒഡേബ്രെത്തിന് നല്കിയത്. റൂസേഫിന്റെ തൊഴിലാളി കക്ഷിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നവരില്‍ ഒന്ന് ഒഡേബ്രെത്താണ്.

“ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നയങ്ങളാണ് ഞങ്ങള്‍ക്കാവശ്യം, അല്ലാതെ സ്വകാര്യ നിര്‍മ്മാതാക്കളെ സഹായിക്കാനുള്ള പരിപാടികളല്ല,” വീടില്ലാത്ത തൊഴിലാളികളുടെ മുന്നേറ്റത്തിന്റെ നേതാവായ ഗില്‍ഹെര്‍മേ ബൌലോസ് പറയുന്നു.

ബ്രസീലിലെ ഏറ്റവും വലിയ കരാറുകാരാണ് ഒഡേബ്രെത്ത്. 64 വര്‍ഷത്തിന് ശേഷം ബ്രസീല്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുമ്പോള്‍ നികുതിദായകരുടെ പണമുപയോഗിച്ച് അതിന്റെ ഗുണം പറ്റുകയാണവര്‍. ബ്രസീലിലെ 1964-1985 കാലത്തെ പട്ടാള ഭരണത്തെക്കുറിച്ചുള്ള ഒരു അന്വേഷണത്തിന്റെ അതേ സമയത്താണ് ഈ പ്രതിഷേധവും ഒത്തുവന്നത്. ട്രൂത്ത് കമ്മീഷനെന്ന് വിളിക്കുന്ന ഈ അന്വേഷണം അന്നത്തെ പട്ടാള ഭരണകൂടത്തിന് ഒഡേബ്രെത്ത് അടക്കമുള്ള രാജ്യത്തെ കെട്ടിട നിര്‍മ്മാതാക്കളുമായി ഉണ്ടായിരുന്ന അവിശുദ്ധബന്ധത്തിലേക്കും, വന്‍തോതില്‍  അവര്‍ സ്വത്ത് സമ്പാദിച്ചതിലേക്കും വെളിച്ചം വീശുന്നു.

ലോകകപ്പിന് മുന്നോടിയായി ഒഡേബ്രെത്തും അതുപോലുള്ള സ്ഥാപനങ്ങളും നല്കിയ തെരഞ്ഞെടുപ്പ് പ്രചാരണ സംഭാവനകള്‍, കോര്‍പ്പറേറ്റ് സംഭാവനകളെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നു. എന്നാല്‍ പ്രത്യേക സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനല്ല മറിച്ച് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായം ശക്തിപ്പെടുത്താനാണ് തങ്ങള്‍ പണം നല്‍കുന്നതെന്നാണ് ഒഡേബ്രെത്ത് നല്‍കുന്ന വിശദീകരണം.

റിയോ ഡി ജെനീറോയിലെ മരക്കാനാ സ്റ്റേഡിയം കൈകാര്യം ചെയ്യുന്ന ഒരു സംഘത്തില്‍പ്പെട്ട ഒഡേബ്രെത്ത് പട്ടാള ഭരണത്തിനുശേഷം ബ്രസീലിലെ ഭീമന്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി നല്ല ബന്ധം വളര്‍ത്തി തങ്ങളുടെ സ്വാധീനം വിപുലമാക്കി എന്നു റിയോ സര്‍വ്വകലാശാലയിലെ ചരിത്രാധ്യാപകന്‍ പെഡ്രോ കാമ്പോസ് അഭിപ്രായപ്പെട്ടു. “സ്വേച്ഛാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഏറ്റവും വഴക്കം കാട്ടിയ കുത്തക കമ്പനിയാണ് ഒഡേബ്രെത്ത്. അതിന്റെ ഗുണം ഇപ്പോള്‍ കാണുന്നു.”“കരാറുകാരുടെ സ്വേച്ഛാധിപത്യം” ട്രൂത്ത് കമ്മീഷന്റെ മാര്‍ച്ചിലെ തെളിവെടുപ്പില്‍ ചര്‍ച്ചാവിഷയമായി.“ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഈ കമ്പനിയാണ്.”

ഒഡേബ്രെത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 16% ഉയര്‍ന്നു. അവരിപ്പോള്‍ കുടുംബ ഉടമസ്ഥതയിലുള്ള തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ കമ്പനിയാണ്. 1,75,000 തൊഴിലാളികള്‍, 30 ബില്ല്യണ്‍ ഡോളറിന്റെ പണി. അംഗോളയിലെ ദേശീയപാതകളും, മിയാമിയിലെ വിമാനത്താവളവും അടക്കം ലോകത്തെ 26 രാജ്യങ്ങളിലായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തികളാണ് കമ്പനി നടത്തുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

കൈയില്‍ നയാപൈസയില്ല; എങ്കിലും നമ്മുടെ ബ്രസീല്‍ അല്ലേ, ഫുട്ബോള്‍ അല്ലേ…
ലോകകപ്പാണ്, പക്ഷേ ബ്രസീലില്‍ കളി വേറെയാണ്
വിജയം പ്രലോഭനമാകുമ്പോള്‍ ബ്രസീല്‍ ജനത എന്തു ചെയ്യും?
ലോകകപ്പ് ഞങ്ങളുടെ അരവയർപട്ടിണിയെ മുഴുപ്പട്ടിണിയാക്കും – പറയുന്നത് റൊമാരിയോയാണ്
എപ്പോഴും ആരെങ്കിലുമൊക്കെ കളിച്ചുകൊണ്ടിരിക്കുന്ന ബ്രസീല്‍

ബ്രസീലില്‍ ആമസോണില്‍ പണിയുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ അണക്കെട്ട്,എണ്ണ പര്യവേക്ഷണം, ഇപ്പോള്‍ പുതിയ സംരഭത്തില്‍ സൈന്യത്തിനായി മിസൈലുകളും മുങ്ങിക്കപ്പലുകളും-ഒഡേബ്രെഹ്ത് എത്താത്ത മേഖലകളില്ല.

“ബ്രസീലില്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള നിരവധി പൊതുമേഖല, സ്വകാര്യ കമ്പനികളുണ്ട്. ഇങ്ങനെ കരാറുകള്‍ നേടിയെടുത്ത് കുത്തക പുലര്‍ത്തുന്ന കമ്പനികളിലൊന്നാണ് ഒഡേബ്രെത്ത്. പക്ഷേ ആത്യന്തികമായി അവര്‍ എന്നും ഒരു കാര്യമാണ് ചെയ്യുന്നത്, എങ്ങനെ കാര്യങ്ങള്‍ നടത്തിക്കാം എന്നത്,”ഓഹരി കമ്പനിയായ സി ആര്‍ ടി കാപ്പിറ്റല്‍ ഗ്രൂപ്പിന്റെ എം ഡി പീറ്റര്‍ ലാനിഗാന്‍ പറയുന്നു.

ഈ നടത്തിപ്പുഗുണം അവരുടെ സ്വത്തില്‍ പ്രതിഫലിക്കുന്നു. കുടുംബത്തലവന്‍ 93-കാരനായ നോബേര്‍റ്റോ ഒഡേബ്രെത്ത് 4 ബില്ല്യണ്‍ ഡോളറിന്റെ അധിപതിയാണ്. 1941-ല്‍ സ്ഥാപിച്ച കമ്പനി ഒരു ഡസനോളം കുടുംബാംഗങ്ങള്‍ക്കിടയില്‍ വീതിച്ചിരിക്കുന്നു. 21% ഓഹരി മറ്റൊരു ബ്രസീല്‍ കുടുംബം നിയന്ത്രിക്കുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത് നിര്‍മ്മാണ വസ്തുക്കള്‍ക്ക് പണപ്പെരുപ്പം മൂലം വിലകൂടിയതോടെ അച്ഛന് വന്ന കടങ്ങളേറ്റെടുത്താണ് നോബേര്‍റ്റോ ഒഡേബ്രെത്ത് കച്ചവടം തുടങ്ങുന്നത്. കടമെല്ലാം വീട്ടിതീരാന്‍ തന്റെ ആയുസ്സ് മുഴുവനുമെടുക്കുമെന്ന് അയാള്‍ കരുതി. പക്ഷേ 4 കൊല്ലം കൊണ്ട് കടം വീടി.

ഷിപ്യാര്‍ഡും, വാണിജ്യ സമുച്ചയങ്ങളും, സാല്‍വഡോര്‍ വിമാനത്താവളത്തില്‍ ഒരു ടെര്‍മിനലും നിര്‍മ്മിച്ചാണ് അയാള്‍ തുടങ്ങിയത്. 1973-ആയപ്പോഴേക്കും കമ്പനി ബ്രസീലിലെ മൂന്നാമത്തെ വലിയ നിര്‍മ്മാതാവായി. 1974-ല പട്ടാള ഭരണകാലത്ത് ആ വര്‍ഷത്തെ ബ്രസീലിലെ ഏറ്റവും മികച്ച സംരഭകനുള്ള പുരസ്കാരവും അയാള്‍ നേടി.

കമ്പനിയുടെ സര്‍ക്കാര്‍ ബന്ധങ്ങളുടെ പ്രതീകമായിരുന്നു ഗതാഗത മന്ത്രി എലിസ്യൂ റെസെണ്ടെ. അയാള്‍ പിന്നീട് ഒഡേബ്രെത്ത് ഡയക്ടര്‍മാരിലൊരാളായി. കാറ്റ് മാറിവീശുന്നു എന്നു മനസ്സിലായപ്പോള്‍ ഒഡേബ്രെത്ത് മാറ്റത്തിന്റെ മുന്‍പന്തിയില്‍  നിന്നു. എല്ലാ കാലത്തും വേണ്ട ബന്ധങ്ങള്‍ അവര്‍ കാത്തുവെച്ചു.

ഒഡേബ്രെത്തിന്റെ വലിപ്പവും ശേഷിയും അവര്‍ക്ക് കരാറുകള്‍ കിട്ടാന്‍ സഹായിച്ചെങ്കിലും ഇതില്‍ തെരഞ്ഞെടുപ്പ് സംഭാവനകളുടെ പങ്ക് ചെറുതല്ലെന്ന് ഡാനിയല്‍ ഹിദാല്‍ഗോ അടക്കമുള്ള രാഷ്ട്രതന്ത്ര അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഒഡേബ്രെത്ത് അടക്കമുള്ള പൊതുമരാമത്തു കമ്പനികള്‍ 2002, 2006,2010 വര്‍ഷങ്ങളില്‍ നല്കിയ സംഭാവനകളുടെ കണക്ക് നോക്കിയാല്‍ ഒരു റെയിസ് (ബ്രസീല്‍ നാണയം)മുടക്കിയാല്‍ വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ 14 മുതല്‍ 19 വരെ റെയിസ് ആദായമുണ്ടാക്കിയെന്ന് കാണാം. ഒഡേബ്രെത്തിന്റെ 5 വിഭാഗങ്ങളുടെ പ്രചാരണ സംഭാവനകള്‍ 2002-ലെ 8.1 ദശലക്ഷം റെയിസില്‍ നിന്നും 2012-ല 37.9 റെയിസായി ഉയര്‍ന്നു. പട്ടാള ഭരണകാലത്ത് പീഡനങ്ങള്‍ക്കിരയായ മുന്‍ ഒളിപ്പോരാളി റൂസേഫ്, ഇപ്പോഴത്തെ പ്രസിഡണ്ട്, തെരെഞ്ഞെടുപ്പില്‍ മത്സരിച്ച2013-ല്‍ അവരുടെ വര്‍ക്കേഴ്സ് പാര്‍ടിക്ക് ഒഡേബ്രെത്ത് കെട്ടിടനിര്‍മ്മാണ വിഭാഗം 6 ദശലക്ഷം റെയിസ് നല്കി.

കോര്‍പ്പറേറ്റുകളുടെ തെരഞ്ഞെടുപ്പ് സംഭാവനകള്‍ രാഷ്ട്രീയത്തിനുമേല്‍ വിനാശകാരിയായ സ്വാധീനം ചെലുത്തുന്നു എന്നു സുപ്രീം കോടതി തലവന്‍ ജോകീം ബര്‍ബോസ തന്റെ വിധികളിലൊന്നില്‍ പ്രസ്താവിച്ചു. ഇത്തരം ആറ്വിധികളാണ് ഏപ്രിലില്‍ കോര്‍പ്പറേറ്റ് സംഭാവനകള്‍ നിരോധിക്കുന്നതിന് അനുകൂലമായി കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ നിരോധനം വളഞ്ഞ വഴികളിലൂടെ ഇത്തരം പണമൊഴുക്കിന് വഴിവെക്കുമെന്ന് വിയോജന വിധിന്യായത്തില്‍ ടിയോരി സവാസാക്കി അഭിപ്രായപ്പെട്ടു. 1995-ല്‍ ഇത്തരം സംഭാവന അനുവദിക്കുന്നതിന് മുമ്പ് ഇതായിരുന്നു അവസ്ഥയെന്നും ചൂണ്ടിക്കാട്ടുന്നു.

ദില്‍മാ റൂസേഫ് 2009-ല്‍ അവകാശപ്പെട്ടത് ലോകകപ്പിന് വേദികള്‍ പണിയാന്‍ പൊതുപണം ചെലവിടേണ്ട കാര്യമില്ലെന്നാണ്. എന്നാല്‍ കാലതാമസത്തിനും, ചെലവ് പെരുപ്പത്തിനുമിടയില്‍ 6 ബില്ല്യണ്‍ റെയിസിലേറെയാണ് 12 വേദികള്‍ പണിയാനായി നല്‍കുന്നത്. സര്‍ക്കാര്‍ കണക്ക് പരിശോധകര്‍ തന്നെ പറയുന്നത് ഇതില്‍ 4 എണ്ണമെങ്കിലും പൊതുമുതല്‍ ധൂര്‍ത്തടിച്ച വെള്ളാനകളാണെന്നാണ്.

കോറിന്താസ് ക്ലബ്ബിന്റെതാകാന്‍ പോകുന്ന സാവോപോളയിലെ ഇറ്റക്വെറ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണച്ചെലവ് ക്ലബ്ബും ഒഡേബ്രെത്തും തമ്മിലുള്ള തര്‍ക്കം സൃഷ്ടിച്ച രണ്ടു വര്‍ഷത്തെ പ്രതിസന്ധിക്കിടയില്‍ 1 ബില്ല്യണ്‍ റെയിസ് വര്‍ദ്ധിച്ചു. ബ്രസീല്‍ വികസന ബാങ്ക് മാര്‍ച്ചില്‍ 400 ദശലക്ഷം റെയിസ് വായ്പയായി അനുവദിച്ചു. ഇടക്കാല വായ്പ പലിശയില്‍  100 മില്ല്യണ്‍ റെയിസ് കുടിശ്ശികയുള്ളപ്പോഴാണ് ഇതെന്നും ഓര്‍ക്കണം.

പക്ഷേ നവംബര്‍ മാസത്തില്‍  മേല്‍ക്കൂര വെക്കാന്‍ ശ്രമിക്കവേ 1500 ടണ്‍ ഭാരമുള്ള ക്രെയിന്‍ തകര്‍ന്നു വീണ് സ്റ്റേഡിയത്തിന്റെ പണി പിന്നേയും നീണ്ടു. അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. മറ്റൊരു കരാറുകാരുടെ കീഴില്‍ മൂന്നാമതൊരു തൊഴിലാളി മാര്‍ച്ചില്‍ മരിച്ചു. ഒഡേബ്രെത്ത് പറഞ്ഞത് മരണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ്.

ഇറ്റക്വെറ സ്റ്റേഡിയത്തിന്റെ അടുത്തുള്ള ബൌലോസ് സംഘത്തില്‍പ്പെട്ട പ്രതിഷേധക്കാരുടെ തുണികെട്ടി മറച്ച താവളത്തില്‍ ആളുകള്‍ക്ക് പറയാനുള്ളത് സ്റ്റേഡിയം വന്നതോടെ എങ്ങനെയാണ് വീടുകളുടെ വില കുതിച്ചുയര്‍ന്നതെന്നും, വാടക ആകാശം മുട്ടിയതെന്നുമാണ്. സര്‍ക്കാരുമായി ഇവിടത്തെ താമസക്കാര്‍ക്ക് ഭവന ഇളവുകള്‍ക്കായി ചര്‍ച്ച നടത്തുകയാണ് ബൌലോസ്. സാമൂഹ്യാവശ്യങ്ങള്‍ക്കുപരിയായ് കോര്‍പ്പറേറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന്റെ ഉദാഹരണമാണ് ഈ സ്റ്റേഡിയമെന്ന് ബൌലോസ് പറയുന്നു.

“കരാറുകാരുടെ സംഭാവന നിക്ഷേപമാണ്. പൊതുകരാറുകളുടെ രൂപത്തില്‍ അത് ആദായമായി തിരികേക്കിട്ടും. അവരാണ് ഈ കളിയിലെ ജേതാക്കള്‍.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍