UPDATES

സാംബ- 2014

ജയിച്ച് നില്‍ക്കുന്നവരുടെ കളി; മാനം കാക്കാനുള്ളവരുടെയും- എന്‍.പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ജയിക്കണമെന്ന് വാശിയിലാണ് ഹോളണ്ട് ഓരോ മത്സരത്തിനും ഇറങ്ങുന്നത്. രണ്ടു കളിയിലും അവരുടെ വാശി തന്നെ ജയിച്ചു. മൂന്നാം മത്സരത്തിനായി ഇന്നിറങ്ങുന്നു. രണ്ടാം റൗണ്ടിലേക്ക് അവര്‍ കടന്നു കഴിഞ്ഞാലും എതിരാളികളോട് യാതൊരു ദാക്ഷിണ്യവും കാണിക്കാന്‍ ഡച്ച് പട തയ്യാറാകില്ല. പുരാണത്തില്‍ ബാലിയെ കുറിച്ച് പറയുന്നത്, അദ്ദേഹം ആരോടു യുദ്ധം ചെയ്യുന്നുവോ അവരുടെ പാതി ശക്തികൂടി ബാലിക്ക് കിട്ടുന്നു എന്നാണ്. ഹോളണ്ടിന്റെ കളികാണുമ്പോള്‍ ബാലിയുടെ കഥയാണ് മനസ്സിലൂടെ കടന്നുപോകുന്നത്. 

എതിരാളികളെ ആക്രമിച്ച് കീഴടക്കുകയാണ് ഹോളണ്ട്. എത്രത്തോളം എതിരാളികള്‍ അവരോട് എതിര്‍ത്തു നില്‍ക്കുന്നോ അത്രത്തോളം വീറു കൂടുകയാണ് അവര്‍ക്ക്. ഉദാഹരണം ഓസ്‌ട്രേലിയയുമായുള്ള മത്സരം. നന്നായി കളിച്ച ഓസ്‌ട്രേലിയയെ അതിലും നന്നായി കളിച്ചാണ് ഹോളണ്ട് തോല്‍പ്പിച്ചത്. ഇപ്പോഴത്തെ ഫോം വച്ചു നോക്കിയാല്‍ ഈ ലോക കപ്പില്‍ കളിക്കുന്ന ഒരു ടീമും അവരുടെ മുന്നില്‍ വരാന്‍ അത്രകണ്ടൊന്നും താല്‍പര്യപ്പെടില്ല. എന്നാല്‍ ഞാന്‍  ഈ പറഞ്ഞത് ജോര്‍ജി സാമ്പൗളി സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല. ചിലിയുടെ കോച്ചാണ് കക്ഷി. ഹോളണ്ടിനെപ്പോലെ തന്നെ രണ്ടു ജയത്തോടെ രണ്ടാം ഗ്രൂപ്പില്‍ സ്ഥാനം ഉറപ്പിച്ച ടീമാണ് അവരും. ഹോളണ്ട് തോല്‍പ്പിച്ച ടീമുകളെ തന്നെ അവരും തോല്‍പ്പിച്ചു. പിന്നെ അവര്‍ക്ക് ഹോളണ്ടിനെ എന്തിനു പേടിക്കണം? ഈ പേടിയില്ലായ്മ തന്നെയാണ് ഇന്നത്തെ ഹോളണ്ട്-ചിലി മത്സരം കടുപ്പിക്കുന്നത്. 

ജയത്തോടെ ഗ്രൂപ്പിലെ രാജാവാകാന്‍ തന്നെയായിരിക്കും ചിലിയും ഹോളണ്ടും തയ്യാറെടുക്കുന്നത്. തോറ്റാലും പേടിക്കണ്ട, പക്ഷെ ജയിക്കണം എന്നൊരു അവസ്ഥയില്‍ ഇവരിരുവരും ഇറങ്ങുമ്പോള്‍ നമ്മള്‍ കാണികള്‍ക്ക് നല്ലൊരു മത്സരത്തിന്റെ രുചി നുണയാം. ഈ കളിയില്‍ ഒരു താരത്തിന്റ അഭാവം ഉണ്ടാകുമല്ലോ എന്നതുമാത്രമാണ് നിരാശ. ഹോളണ്ടിന്റെ പടനയകന്‍ വാന്‍പേഴ്‌സി ഇന്നിറങ്ങില്ലല്ലോ! ചുവപ്പ് കാര്‍ഡ് കിട്ടി ഇന്നദ്ദേഹം കളിക്കുന്നില്ല. ആര്യന്‍ റൂബനും സ്‌നൈഡറുമൊക്കെയുണ്ട്. ചിലി ആഹ്ലാദിക്കേണ്ടെന്നു സാരം. വാന്‍പേഴ്‌സിക്ക് കളിക്കാനാകാത്തത് ഒരു തരത്തില്‍ നന്നായി. അദ്ദേഹത്തിന് വിശ്രമം കിട്ടുമല്ലോ. ഒരുപക്ഷെ ഇന്ന് സീനിയര്‍ താരങ്ങളെ മുഴുവന്‍ സമയം കളത്തിലിറക്കാതെ കോച്ച് നോക്കുമായിരിക്കും. പുതുതാരങ്ങളെ ഇറക്കുമായിരിക്കും. വിശ്രമം ലഭിക്കാനും പരുക്കിന്റെ പിടിയില്‍പ്പെടാതിരിക്കാനും ഡച്ച് താരങ്ങള്‍ക്ക് ഇന്നത്തെ കളിയെ കോച്ച് ഉപയോഗിക്കാം. ഹോളണ്ട് ചവിട്ടി താഴെയിട്ട സ്‌പെയിനെയാണ് ചിലി വീണ്ടും ചവിട്ടി താഴ്ത്തുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേയുള്ള ആദ്യ കളിയിലും അവര്‍ നന്നായാണ് കളിച്ചത്. ഇന്ന് ഹോളണ്ടിനെതിരേയും ചിലി മികച്ച ഫോം തന്നെ തുടരും. അതുകൊണ്ട് തന്നെ ജയം ആര്‍ക്കാകുമെന്ന് പറയാനാവില്ല. അവര്‍ രണ്ടുപേരും ജയിച്ചു നില്‍ക്കുന്നവരാണല്ലോ!

ഇന്നത്തെ ആദ്യത്തെ കളി ജയിച്ചു നില്‍ക്കുന്ന രണ്ടുപേര്‍ തമ്മില്‍ ആരാണ് കൂടുതല്‍ കേമനെന്ന് തെളിയിക്കാനുള്ള മത്സരമാണെങ്കില്‍ രണ്ടാമത്തെ മത്സരം തോറ്റുപോയ രണ്ടുപേരുടെ അഭിമാനം സംരക്ഷിക്കാനുള്ള അവസാന അവസരമാണ്. ഈ ലോകകപ്പിന്റെ ദുരന്തമായി മാറിയ സ്‌പെയിന്‍ ആണ് അവരില്‍ ഒരാള്‍. സിംഹാസനത്തില്‍ നിന്ന് നിഷ്‌കാസിതനായ രാജാവാണ് ഇന്ന് സ്‌പെയിന്‍. കൊമ്പൊടിഞ്ഞ ഈ കാളക്കൂറ്റന്റെ അവസാന ആഗ്രഹം ഒരു ജയത്തിന്റെയെങ്കിലും നിശ്വാസമായിരിക്കണം. അതിനവരെ ഓസ്‌ട്രേലിയക്കാര്‍ സമ്മതിക്കുമോ? അവരും രണ്ടു കളിയും തോറ്റവരാണെങ്കിലും, പൊരുതിയാണ് കീഴടങ്ങിയത്. നിലവിലെ ഫോം വച്ച് ഈ മത്സരം വിലയിരുത്തിയാല്‍ നാട്ടിലേക്കുള്ള വിമാനത്തില്‍ സ്‌പെയിന്‍ ടീം മൂന്നു പരാജയത്തിന്റെ ഭാരം പേറുന്ന തലയുമായിട്ടായിരിക്കും ഇരിക്കുക. കാസിയസ് ഇന്നു കളക്കില്ലായിരിക്കും. പകരക്കാരന്‍ ഗോള്‍വല കാക്കുമായിരിക്കും. ബാക്കിയുള്ളവരൊക്കെ കളിക്കും. അവര്‍ കേമന്മാരാണെന്ന കര്യത്തില്‍ ഇപ്പോഴും എനിക്ക് സംശയമില്ല. അതവര്‍ ഇന്നെങ്കിലും തെളിയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മറുവശത്ത് കാഹില്‍ ഇല്ലെന്നൊരു പോരായ്മ, വലിയ പോരായ്മ ഓസ്‌ട്രേലിയ പേറുന്നുണ്ട്. പക്ഷെ, അവര്‍ക്കും തോല്‍ക്കാന്‍ താല്‍പര്യം കാണില്ല. അഭിമാനം അവര്‍ക്കുമുണ്ടല്ലോ.

ഇനി കാനറികളുടെ ചിറകടിയിലേക്കു പോകാം. വേണമെങ്കില്‍ പറയാം ഒരു സമനില മതി ബ്രസീലിന് രണ്ടാം റൗണ്ടിലേക്കു പോകാനെന്ന്. പക്ഷെ, അങ്ങിനൊരു സമനില, ആ നാടിന്റെ സമനില തെറ്റിച്ചേക്കാം. മുടന്തിയും നിരങ്ങിയും മുന്നോട്ടു പോകാനാണോ? അങ്ങിനെ എത്രദൂരം. ബ്രസീല്‍-നിങ്ങള്‍ നിങ്ങള്‍ക്കിന്ന് ജയിക്കണം. അതില്‍ക്കുറഞ്ഞൊന്നും നിങ്ങള്‍ ചെയ്‌തേക്കരുത്. കാമറൂണാണ് എതിരാളികള്‍.തനിക്കുപോന്നവനായി കാമറൂണിനെ ബ്രസീല്‍ കാണണ്ടതില്ല.നെയ്മറിനും സംഘവും നല്ല ഫോമില്‍ തന്നെയാണ്. കഴിഞ്ഞ കളിയില്‍ ഗ്വില്ലര്‍മൊ ഓച്ചേ എന്ന മാന്ത്രികനോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും. ഹള്‍ക് കൂടി ഒന്നു ഫോമായി കിട്ടിയാല്‍, പിന്നെ ബ്രസീല്‍ ശരിക്കും ബ്രസീല്‍ തന്നെയായിരിക്കും. എതിരാളിയുടെ ശക്തിയറിയാമെങ്കിലും അവരുടെമേലുള്ള സമമ്മര്‍ദ്ദവും കാമറൂണിന് അറിയാം. എന്നാലും അവസരം കിട്ടിയാല്‍ മസ്തകത്തിന് ഒരടികൊടുക്കാന്‍ പറ്റിയാലോ!

സാംബ- 2014

ലോകകപ്പാണ്, പക്ഷേ ബ്രസീലില്‍ കളി വേറെയാണ്

ഈ നൈനാംവളപ്പ് ബ്രസീലിലാണോ?

ഞങ്ങളുടെ ഓര്‍മ്മകളെ സ്പോണ്‍സര്‍ ചെയ്യേണ്ട

ഈ ലോകകപ്പില്‍ പാകിസ്ഥാനും ഒരു താരമാണ്

ഫ്ലക്സ് പിള്ളേര്‍ അറിയാന്‍; ഒരു ഫുട്ബോള്‍ ഓര്‍മ

മെക്‌സിക്കോ- ക്രൊയേഷ്യ മത്സരമാണ് നാലാമത്തേത്. മെക്‌സിക്കോയ്ക്ക് ഒരു സമനില മതി രണ്ടാം റൗണ്ടില്‍ എത്താന്‍. ക്രൊയേഷ്യക്ക് ജയം തന്നെവേണം. ബ്രസീലിനെ സമനിലയില്‍ തളച്ചതിന്റെ ആവേശം മെക്‌സിക്കോയ്ക്കുണ്ട്. ആദ്യകളിയില്‍ തോറ്റെങ്കിലും കാമറൂണിനെ തോല്‍പ്പിച്ചതിന്റെ ആവേശം ക്രൊയേഷ്യക്കും ഉണ്ട്. ഇവരില്‍ ഒരാള്‍ക്കേ എതായാലും സെക്കന്‍ഡ് റൗണ്ടില്‍ എത്താന്‍ പറ്റൂ- അതാരകണം എന്ന് അവര്‍ പോരാടി തീരുമാനിക്കും.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍