UPDATES

കായികം

അഫ്ഗാനിസ്ഥാന് അത്ഭുത വിജയം

അഴിമുഖം പ്രതിനിധി

ചരിത്രവിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. സ്‌കോട്ട്‌ലാന്‍ഡിനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാന്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യവിജയം ആഘോഷിച്ചത്. വിജയലക്ഷ്യമായ 211 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 97 റണ്‍സ് എന്ന നിലയില്‍ പതറിയപ്പോള്‍ രക്ഷയായത് 96 റണ്‍സ് എടുത്ത സലിമുള്ള ഷെന്‍വാരിയുടെ പ്രകടനമാണ്. 147 പന്തില്‍ 7 ഫോറുകളും 5 സിക്‌സുകളും ഉള്‍പ്പെട്ടതായിരുന്നു ഷെന്‍വാരിയുടെ മാസ്മരിക ഇന്നിംഗ്‌സ്. സെഞ്ച്വറിക്ക് നാലു റണ്‍സ് അകലെ മജീദ് ഹഖിന്റെ പന്തില്‍ ജോഷ് ഡേവി പിടിച്ചു പുറത്താവുമ്പോഴേക്കും അഫ്ഗാനിസ്ഥാന് വിജയത്തിനടുത്ത് എത്തിയിരുന്നു. സ്‌കോട്ട്‌ലാന്‍ഡിനായി റിച്ചി ബെറിംഗ്ടണ്‍ 4 വിക്കറ്റ് വീഴ്ത്തി. ജോഷ് ഡേവി, അലിസ്റ്റര്‍ ഇവാന്‍സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോട്ട്‌ലാന്‍ഡിനെതിരെ മികച്ച പ്രകടനമാണ് അഫ്ഗാന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. അവരുടെ പേസിന് മുന്നില്‍ പതറിപ്പോയ സ്‌കോട്‌ലാന്‍ഡ് തട്ടിയും മുട്ടിയുമാണ് ഒരുവിധം 50 ഓവര്‍ ക്രീസില്‍ നിന്നതും 200 റണ്‍സ് തികച്ചതും. 22 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 95 റണ്‍ നേടുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട സ്‌കോട്ട്‌ലാന്‍ഡിനെ 200 ലെത്തിച്ചത് മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ്. 28 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത മാറ്റ് മാച്ചനും 51 പന്തില്‍ നിന്ന് 31 റണ്ണെടുത്ത മാജിദ് ഹഖുമാണ് ടോപ്‌സ്‌കോറര്‍മാര്‍. റിച്ചി ബെറിങ്ടണ്‍ 46 പന്തില്‍ നിന്ന് 25 ഉം വാലറ്റക്കാരന്‍ അലെസ്‌ഡ്രെയ് എവാന്‍സ് 37 പന്തില്‍ നിന്ന് 28 ഉം പ്രെസ്റ്റണ്‍ മൊംസണ്‍ 46 പന്തില്‍ നിന്ന് 25 ഉം റണ്‍സെടുത്തു.

ഒമ്പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇവാന്‍സും ഹഖുമാണ് സ്‌കോട്‌ലാന്‍ഡിനെ നാണേക്കേടില്‍ നിന്ന് രക്ഷിച്ചത്. 12.3 ഓവര്‍ ചെറുത്ത ഇവര്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. നാലാം വിക്കറ്റില്‍ മാറ്റ് മാച്ചനും മോംസണും ചേര്‍ന്നപ്പോള്‍ നേടിയ 53 റണ്‍സ് മധ്യനിരയിലും അവര്‍ക്ക് തുണയായി. ആറാം വിക്കറ്റില്‍ ക്രോസും ബെറിങ്ടണും ചേര്‍ന്ന് 37 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പത്തോവറില്‍ 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടിയ ഷാപുര്‍ സാദ്രാനും 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദാവ്‌ലത്ത് സാദ്രാനുമാണ് സ്‌കോട്ടിഷ് നിരയെ നിലംപരിശാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍