UPDATES

കായികം

സ്‌കോട്‌ലന്‍ഡിന്റെ റണ്‍മല ബംഗ്ലാദേശ് അനായാസം കീഴടക്കി


അഴിമുഖം പ്രതിനിധി

ഒരു വിജയം സ്വപ്നം  കണ്ട് സ്‌കോട്‌ലന്‍ഡിനെ ബംഗ്ലാദേശ് നിരാശപ്പെടുത്തി. സ്‌കോട്‌ലന്ഡ് ഉയര്‍ത്തിയ 318 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ വലിയ പ്രയാസമൊന്നും കൂടാതെ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ കീഴടക്കിയപ്പോഴാണ് ലോകകപ്പിലെ തങ്ങളുടെ ആദ്യവിജയം ഏതാണ്ടുറപ്പിച്ച സ്‌കോട്ടിഷ് ടീമിന് തലകുനിക്കേണ്ടി വന്നത്. 48.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ബംഗ്ലാദേശ് 319 എന്ന വിജയലക്ഷ്യം മറികടന്നത്. 

ബംഗ്ലാദേശ് പിന്തുടര്‍ന്ന് നേടിയതില്‍ ഏറ്റവും വലിയ വിജയമാണിന്ന് സ്‌കോട്‌ലന്‍ഡിനെതിരെ സ്വന്തമാക്കിയത്. ലോകകപ്പിലെ രണ്ടാമത്തെ വലിയ റണ്‍ ചേസ് എന്ന റെക്കോഡും ബംഗ്ലാദേശ്  സ്വന്തമാക്കി. 2011 ല്‍ ഇംഗ്ലണ്ടിന്റെ 334 പിന്തുടര്‍ന്ന് ജയിച്ച അയര്‍ലന്‍ഡാണ് ഒന്നാംസ്ഥാനത്ത്.

വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ക്രീസിലെത്തിയ ബംഗ്ലാദേശിന് തുടക്കത്തിലേ സൂമി സര്‍ക്കാരിനെ (2) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 139 റണ്‍ കൂട്ടിച്ചേര്‍ത്ത തമീം ഇഖ്ബാലും (100 പന്തില്‍ 95) മഹ്മൂദുള്ളായും (62 പന്തില്‍ 67) ചേര്‍ന്ന് ഇന്നിങ്‌സിന് അടിത്തറയിട്ടു. ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ലോകകപ്പില്‍ ബംഗ്ലാ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡും തമീം ഇഖ്ബാല്‍ സ്വന്തമാക്കി. മുഷ്ഫിഖുര്‍ റഹീമുമായി ചേര്‍ന്ന് (42 പന്തില്‍ 60) തമീം മൂന്നാം വിക്കറ്റില്‍ 57 റണ്‍സും കൂട്ടിച്ചേര്‍ത്തു.

സ്‌കോര്‍ 247 ല്‍ നില്‍ക്കേ ആക്രമിച്ചു കളിച്ചിരുന്ന മുഷ്ഫിഖ് പുറത്തായെങ്കിലും അര്‍ധ സെഞ്ച്വറി നേടിയ ഷാക്കിബല്‍ ഹസനും (41 പന്തില്‍ 52) ഷാബിര്‍ റഹ്മാനും (40 പന്തില്‍ 42) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്തെത്തിച്ചു. ജയത്തോടെ നാല് കളിയില്‍ നിന്ന് അഞ്ച് പോയിന്റുമായി ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ പ്രതീക്ഷ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തു. ലോകകപ്പിലെ ആദ്യ സ്‌കോട്ടിഷ് സെഞ്ച്വറി കണ്ടെത്തിയ ഓപ്പണര്‍ കൈല്‍ കോട്ട്‌സറാണ് സ്‌കോട്ട്‌ലന്‍ഡ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 17 ബൗണ്ടറികളും 4 സിക്‌സും ഉള്‍പ്പെടെ കോട്ട്‌സര്‍ 134 പന്തില്‍ 156 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങിയ കോട്‌സര്‍ 45മത്തെ ഓവറിലാണ് പുറത്തായത്. കോട്‌ലറാണ് കളിയിലെ കേമനും. പതര്‍ച്ചയോടെയായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ തുടക്കം. 38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീട് കോട്‌സറ മാറ്റ് മക്കാനുമായി (35) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 78 റണ്‍സും മോംസണുമായി (39) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 141 റണ്‍സും കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ റിച്ചീ ബെറിങ്ടണും (16 പന്തില്‍ 26) മാത്യൂ ക്രോസും (14 പന്തില്‍ 24) സ്‌കോര്‍ ഉയര്‍ത്തി. മൂന്ന് വിക്കറ്റെടുത്ത തസ്‌കിന്‍ അഹ്മദാണ് ബംഗ്ലാ ബൗളര്‍മാരില്‍ തിളങ്ങിയത്. നാസിര്‍ ഹൊസൈന്‍ രണ്ട് വിക്കറ്റ് നേടി. മുര്‍താസയും ഷാക്കിബും സാബിര്‍ റഹ്മാനും ഓരോ വിക്കറ്റെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍