UPDATES

കായികം

ലോകകപ്പില്‍ ഇംഗ്ലണ്ടിന് ആദ്യ വിജയം

അഴിമുഖം പ്രതിനിധി

തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കുശേഷം ലോകകപ്പില്‍ ഇംഗ്ലണ്ടിന് ആദ്യ വിജയം. സ്‌കോട്ട്‌ലന്‍ഡിനെ 119 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എടുത്തു. ഇംഗ്ലണ്ടിനായി ഓപ്പണര്‍ മോയീന്‍ അലി(128) സെഞ്ചുറി നേടി. മറ്റൊരു ഓപ്പണര്‍ ഇയാന്‍ ബെല്‍(54) അര്‍ദ്ധ സെഞ്ച്വറിയും നേടി. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 172 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണിത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ഇംഗ്ലണ്ട് മധ്യനിരയ്ക്കു കഴിഞ്ഞില്ല. അതാണവരെ 303ല്‍ ഒതുക്കിയത്. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗരന്‍(46), വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍(24) എന്നിവര്‍ക്കൊഴികെ ആര്‍ക്കും പിടിച്ച് നില്‍ക്കാനായില്ല. സ്‌കോട്ട്‌ലന്‍ഡിനായി ജോഷ് ഡേവി 4 വിക്കറ്റ് വീഴ്ത്തി.

304 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സ്‌കോട്ട്‌ലാന്‍ഡ് ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനു വെല്ലുവിളിയായില്ല. 71 റണ്‍സ് എടുത്ത ഓപ്പണര്‍ കൈല്‍ കൊട്ട്‌സീയര്‍ മാത്രമാണു സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. ക്യാപ്റ്റന്‍ പ്രെസ്റ്റണ്‍ മോമ്മേന്‍സരന്‍(26),മാത്യു ക്രോസ്സ്(23),മജീദ് ഹക്(15) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനായി സ്റ്റീഫന്‍ ഫിന്‍ 3 വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച മോയീന്‍ അലി അതേ പ്രകടനം ബൗളിങ്ങിലും ആവര്‍ത്തിച്ചു. മോയീന്‍ അലി, ക്രിസ്സ് വോക്‌സ് ,ആന്‍ഡേഴ്‌സന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ രണ്ടു കളികളും തോറ്റ ഇംഗ്ലണ്ടിന് ഈ വിജയം അനിവാര്യമായിരുന്നു. ന്യൂസിലന്‍ഡിിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഓവറില്‍ 49 റണ്‍സ് വഴങ്ങിയ സ്റ്റീഫന്‍ ഫിന്നിന്റെ തകര്‍പ്പന്‍ ബൗളിങ് ആണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായത്. 9 ഓവറില്‍ 3 മെയ്ഡിന്‍ ഉള്‍പ്പെടെ 26 റണ്‍സ് വഴങ്ങിയാണ് ഫിന്‍ 3 വിക്കറ്റെടുത്തത് .സെഞ്ചുറി നേടിയ മോയീന്‍ അലിയാണ് കളിയിലെ കേമന്‍. മാര്‍ച്ച് ഒന്നിന് ശ്രീലങ്കക്കെതിരെ വെല്ലിങ്ടണില്‍ വച്ചാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍