UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് പോരാട്ടങ്ങളുടെ ചരിത്രം

Avatar

ടീം അഴിമുഖം

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെ ഓസ്‌ട്രേലിയും ഇന്ത്യയും തമ്മില്‍ സെമി പോരാട്ടത്തിന് ഇറങ്ങുകയാണ്. കിരീടം ചൂടാന്‍ തുല്യസാധ്യതയുള്ള രണ്ടു ടീമുകള്‍. 11 ലോകകപ്പ് വിജയങ്ങളുടെ തുടര്‍ച്ച തേടിയാണ് ഇന്ത്യ നാളെ സെമിയില്‍ ഇറങ്ങുന്നത്. കിരീടം നിലനിര്‍ത്തുന്നതിലേക്കുള്ള യാത്രയില്‍ ഇനിയവര്‍ക്ക് കടക്കാന്‍ രണ്ടേരണ്ടു കടമ്പകള്‍ മാത്രം. പാകിസ്താനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ SCG-ല്‍ നാളെ നിലവിലെ ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

ലോകകപ്പില്‍ ഇരു രാജ്യങ്ങളും ഇതുവരെ പത്തു തവണയാണ് ഏറ്റുമുട്ടിയിരിക്കുന്നത്. ചരിത്രം ഇന്ത്യക്ക് ഒട്ടും സന്തോഷം നല്‍കുന്നതല്ല. പത്തില്‍ ഏഴുതവണയും എതിരാളികള്‍ക്കു മുന്നില്‍ തലകുനിക്കാനായിരുന്നു ഇന്ത്യയുടെ വിധി. ആ നാണക്കേടിന്റെ ആഴം കുറയ്ക്കുക എന്നതുകൂടി നാളെ ഒരു ജയം സ്വന്തമാക്കുന്നിലൂടെ ഇന്ത്യയുടെ ലക്ഷ്യമായിരിക്കും.

ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടങ്ങളിലൂടെ…

ആദ്യ മത്സരം
1983 ജൂണ്‍ 13 (60 ഓവര്‍ മാച്ച്)
ട്രെന്റ് ബ്രിഡ്ജ് നോട്ടിംഗ്ഹാം 
ഓസ്‌ട്രേലിയയ്ക്ക് 162 റണ്‍സ് വിജയം

ലോകകപ്പിലെ ആദ്യ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നേടിയത് 9 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ്. ചാപ്പലിന്റെ സെഞ്ച്വറിയാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ നേടുന്നതിന് കരുത്തായത്. 131 പന്തില്‍ 110 റണ്‍സായിരുന്നു ചാപ്പലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് കപില്‍ദേവ് മാത്രം. 12 ഓവറില്‍ 43 റണ്‍സ് വിട്ട് കൊടുത്ത് കപില്‍ അന്നു നേടിയത് 5 വിക്കറ്റുകള്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 37. 5 ഓവറില്‍ 158 റണ്‍സിന് പുറത്തായി. ബൗളിംഗിലെന്നപോലെ ബാറ്റിംഗിലും കപിലിന്റെ പ്രകടനം മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വാസം. കപില്‍ 27 പന്തില്‍ നിന്നും 40 റണ്‍സെടുത്തു. 39 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ പിഴുത കെന്‍ മക്‌ലിയുടെ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗിനെ തവിടുപൊടിയാക്കിയത്. ട്രോവര്‍ ചാപ്പലായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ഒരാഴ്ച്ചയ്ക്കപ്പുറം തിരിച്ചടി
1983 ജൂണ്‍20 (60 ഓവര്‍ മാച്ച്) 
കൗണ്ടി ഗ്രൗണ്ട്, ചെംസ്‌ഫോര്‍ഡ്
ഇന്ത്യക്ക് 118 റണ്‍സ് വിജയം

ആദ്യ തോല്‍വിക്ക് ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ പകരം വീട്ടല്‍. ലോകകപ്പിലെ തങ്ങളുടെ രണ്ടാം ഏറ്റമുട്ടലില്‍ 118 റണ്‍സിന്റെ ഉജ്ജ്വല വിജയമായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 55.5 ഓവറില്‍ 247 റണ്‍സ് എടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു. 40 പന്തില്‍ 40 റണ്‍സ് എടുത്ത യശ്പാല്‍ ശര്‍മയുടെ ബാറ്റിംഗാണ് ടീമിന് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്. ഇന്ത്യന്‍ സ്‌കോറിനെ മറികടക്കാനിറങ്ങിയ ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ കശക്കിയെറിഞ്ഞു. 38.2 ഓവറില്‍ 129 റണ്‍സിന് എതിരാളികളുടെ കുതിപ്പ് അവസാനിപ്പിക്കാന്‍ ബൗളര്‍മാര്‍ക്കായി. റോജര്‍ ബിന്നിയും മദന്‍ ലാലുമാണ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്. ബിന്നി 8 ഓവറില്‍ 29 റണ്‍സിന് 4 വിക്കറ്റ് നേടിയപ്പോള്‍ മദന്‍ ലാല്‍ 8.2 ഓവര്‍ ബൗള്‍ ചെയ്ത് 20 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി. 4 വിക്കറ്റും 21 റണ്‍സും നേടിയ റോജര്‍ ബിന്നി തന്നെ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വി
1987 ഒക്ടോബര്‍ 9
എംഎ ചിദംബരം സ്‌റ്റേഡിയം, ചെപ്പോക്, മദ്രാസ്
(ഏകദിന ക്രിക്കറ്റ് 50 ഓവര്‍ മത്സരമായി മാറുന്നത് ഈ ലോകകപ്പോടെയാണ്)
ഇന്ത്യക്ക് 1 റണ്‍സ് തോല്‍വി

ഇന്ത്യ ലോകകപ്പില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന തോല്‍വി. തുടര്‍ച്ചയായ രണ്ടാം വിജയത്തിന്റെ വക്കില്‍ നിന്നായിരുന്നു ഈ തോല്‍വിയിലേക്ക് ഇന്ത്യ വീണുപോയത്. കൃഷ്ണമാചാരി ശ്രീകാന്തിന്റെ അര്‍ദ്ധ സെഞ്ച്വറിയും നവജ്യോത് സിദ്ധുവിന്റെ വെടിക്കെട്ട് ബാറ്റിംഗും(73) ഇന്ത്യയെ വിജയത്തിന്റെ പടിക്കല്‍വരെയെത്തിച്ചെങ്കിലും മനീന്ദര്‍ സിംഗിനെ തന്റെ ഓഫ് സിപിന്നിലൂടെ വീഴ്ത്തി സ്റ്റീവ് വോ ഓസ്‌ട്രേലിയയ്ക്ക് അപ്രതീക്ഷിത വിജയം നേടിക്കൊടുക്കുകയായിരുന്നു. ജെഫ് മാര്‍ഷായിരുന്നു മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്.

പ്രതികാരം വീട്ടല്‍
1987 ഒക്ടോബര്‍ 22 
ഫിറോസ് ഷാ കോട്‌ല, ഡല്‍ഹി 
ഇന്ത്യക്ക് 52 റണ്‍സ് വിജയം

നാല് അര്‍ദ്ധ സെഞ്ച്വറികള്‍ പിറന്ന ഇന്ത്യന്‍ ഇന്നിംഗ്‌സ്. സുനില്‍ ഗവാസ്‌കറും നവജ്യോത് സിദ്ധുവും ദിലിപ് വെംഗ്‌സര്‍ക്കാരും മുഹമ്മദ് അസ്ഹറുദ്ദിനും നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 289 റണ്‍സ് നേടി. ക്രെയ്ഗ് മക് ഡെര്‍മോട്ട് 3 വിക്കറ്റ് എടുത്തെങ്കിലും 10 ഓവറില്‍ 61 റണ്‍സ് വഴങ്ങേണ്ടി വന്നു. മറുപടിയ്ക്കിറങ്ങിയ ഓസ്‌ട്രേലിയ 49 ഓവറില്‍ 233 റണ്‍സിന് പുറത്തായി. അസ്ഹറുദ്ദീന്റെ അത്ഭുത ബൗളിംഗ് പ്രകടനമായിരുന്നു ഓസ്‌ട്രേലിയയെ ഞെട്ടിച്ചത്. 3.5 ഓവറില്‍ 19 റണ്‍സ് വഴങ്ങി 3 ഓസ്‌ട്രേലിയന്‍ വിക്കറ്റുകളാണ് അസ്ഹര്‍ സ്വന്തമാക്കിയത്. മനീന്ദര്‍ സിംഗ് 34 റണ്‍സ് വഴങ്ങി 3 വിക്കറ്റ് എടുത്തു. 54 റണ്‍സും മൂന്നുവിക്കറ്റും സ്വന്തമാക്കിയ അസ്ഹര്‍ തന്നെയായിരുന്നു കളിയിലെ കേമനും.

മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടം
1992 മാര്‍ച്ച് 1
ബ്രിസ്ബന്‍ ക്രിക്കറ്റ് ഗ്രൗണ്ട്, ഗാബ്ബ
ഓസ്‌ട്രേലിയ 1 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി

വീണ്ടും ഒരിക്കല്‍ കൂടി 1 റണ്‍സിന്റെ പരാജയം ഇന്ത്യ ഏറ്റു വാങ്ങി. ഓസ്ട്രലിയ 9 വിക്കറ്റ് നഷ്ടപ്പൈടുത്തി 237 റണ്‍സ് നേടിയപ്പോള്‍ അതില്‍ 90 റണ്‍സ് സംഭാവന ചെയ്ത ഡീന്‍ ജോണ്‍സ് ആയിരുന്നു ടോപ് സ്‌കോറര്‍. കപില്‍ ദേവും മനോജ് പ്രഭാകറും 3 വിക്കറ്റ് വീതം നേടി. പതിനേഴാമത്തെ ഓവറില്‍ മഴ ഇന്ത്യയുടെ റണ്‍ വേട്ടയെ തടസ്സപ്പെടുത്തിയെങ്കിലും 47 ഓവറില്‍ 236 എന്ന പുതുക്കിയ ലക്ഷ്യത്തോടെ കളി പുനരാരംഭിച്ചു .പക്ഷേ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ഒടുവില്‍ 47 ഓവറില്‍ 234 റണ്‍സിന് ഇന്ത്യ കീഴടങ്ങി. ക്യാപ്റ്റന്‍ അസ്ഹറുദീന്‍ ഔട്ടായതാണ് ഇന്ത്യന്‍ വിജയത്തിന് തടസ്സമായത്. 93 റണ്‍സില്‍ നില്‍ക്കുകയായിരു ഇന്ത്യന്‍ ക്യാപ്റ്റനെ ഓസീസ് ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ റണ്‍ ഔട്ട് ആക്കുകയായിരുന്നു.  ഡീന്‍ ജോണ്‍സണായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

മാര്‍ക് വോ വീഴ്ത്തിയ ഇന്ത്യന്‍ വിജയം
1996 ഫെബ്രുവരി 27
വാങ്കഡെ സ്റ്റേഡിയം, മുംബൈ
ഓസ്‌ട്രേലിയയ്ക്ക് 16 റണ്‍സ് വിജയം

മാര്‍ക് വോയുടെ ഉജ്ജ്വല സെഞ്ച്വറിയുടെയും(126) മാര്‍ക് ടെയ്‌ലറിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും(59) ബലത്തില്‍ ഓസ്‌ട്രേലിയ ഈ മത്സരത്തില്‍ നേടിയത് 258 റണ്‍സ്. അഞ്ച് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരാണ് റണ്‍ ഔട്ടായാണ് പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48 ഓവറില്‍ 242 റണ്‍സിന് പുറത്തായി. സച്ചിന്‍ ഇന്ത്യയെ വിജയത്തിലെത്തിക്കും എന്ന പ്രതീക്ഷ തകര്‍ത്താണ് ഓസീസ് വിജയം തട്ടിയെടുത്തത്. മാര്‍ക് വോ എറിഞ്ഞ ഒരു വൈഡ് ബോള്‍ സച്ചിന്റെ ബാറ്റിനെ മറി കടന്നപ്പോള്‍ അത് കൈപ്പിടിയിലൊതുക്കിയ ഓസ്‌ട്രേലിയന്‍ കീപ്പര്‍ ഇയാന്‍ ഹീലി ഇന്ത്യന്‍ പ്രതീക്ഷയുടെ ബെയ്ല്‍ ഇളക്കുകയായിരുന്നു. 90 റണ്‍സ് നേടിയ സച്ചിന്‍ പുറത്തായതോടെ ഇന്ത്യക്ക് പിന്നെ തോല്‍ക്കുക മാത്രമായിരുന്നു വഴി. സെഞ്ച്വറി നേടുകയും സച്ചിന്റെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മാര്‍ക് വോയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ജഡേജയുടെ സെഞ്ച്വറി പാഴായപ്പോള്‍
1999 ജൂണ്‍ 4
കെന്നിംഗ്ടണ്‍ ഓവല്‍, ലണ്ടന്‍
ഇന്ത്യക്ക് 77 റണ്‍സ് പരാജയം

മാര്‍ക് വോയുടെ ബാറ്റിംഗ് ഒരിക്കല്‍ കൂടി ഓസ്‌ട്രേലിയയെ സഹായിച്ചു. 89 റണ്‍സ് നേടിയ മാര്‍ക് വോയുടെ മികവില്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ 6 വിക്കറ്റിന് 282 റണ്‍സ് നേടി. ഈ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത് 35 എകസ്ട്രാസാണ്! വിജയം തേടിയിറങ്ങിയ ഇന്ത്യയെ പക്ഷെ ഗ്ലെന്‍ മക്ഗ്രാത്തിന്റെ തീപന്തുകള്‍ വിഴുങ്ങി. സച്ചിനെ പൂജ്യത്തിനും ദ്രാവിഡിനെ 2 റണ്‍സിനും അസ്ഹറുദീനെ 3 റണ്‍സിനും മക്ഗ്രാത്ത് പുറത്താക്കി. 8 റണ്‍സ് എടുത്ത ഗാംഗുലിയെ ഡാമിയന്‍ ഫ്‌ളെമിംഗും വീഴ്ത്തിയതോടെ കൂറ്റന്‍ തോല്‍വിയിലേക്ക് ഇന്ത്യ വീഴുമെന്ന് ഉറപ്പായി. പക്ഷെ, പോരാടാനായിരുന്നു ജഡേജയുടെയും റോബിന്‍ സിംഗിന്റെയും തീരുമാനം.17 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗിസ് തങ്ങളുടെ ചുമലിലേറ്റിയത്.പക്ഷെ, വിജയത്തിലെത്തിക്കാന്‍ ഈ രണ്ടുപേരുടെയും ബാറ്റ് മാത്രം ചലിച്ചാല്‍ പോരായിരുന്നു. ജഡേജയുടെ ഒരു ഉജ്ജ്വല സെഞ്ച്വറിയാണ് ഓവലില്‍ പാഴായത്. ജഡേജ പുറത്താകാതെ 100 റണ്‍സ് നേടി. മനോഹാരമായി ബാറ്റ് വീശിയ റോബിന്‍ സിംഗ് 75 റണ്‍സ് നേടി. മറ്റാരും ഒന്നും ചെയ്യാതെ മടങ്ങിയ മത്സരത്തില്‍ ഇന്ത്യ 48.2 ഓവറില്‍ 205 റണ്‍സിന് പുറത്തായി. 34 റണ്‍സിന് 3 വിക്കറ്റ് നേടിയ മക്ഗ്രാത്ത് ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ഗില്ലെസ്പിക്ക് മുന്നില്‍ തകര്‍ന്ന ഇന്ത്യ
2003 ഫെബ്രുവരി 15
വാന്‍ഡേഴ്‌സസ് സ്റ്റേഡിയം, ജോഹന്നാസ്ബര്‍ഗ്
ഓസ്‌ട്രേലിയയ്ക്ക് 9 വിക്കറ്റ് വിജയം

ജാസണ്‍ ഡിസ്സി ഗില്ലെസ്പിയുടെ മാന്ത്രിക ബൗളിംഗിനു മുന്നില്‍ ഇന്ത്യ വിറച്ചുപോയ മത്സരം. 10 ഓവറില്‍ വെറും 13 റണ്‍സിന് 3 വിക്കറ്റ് കൊയ്താണ് ഗില്ലെസ്പി ഇന്ത്യയെ തകര്‍ത്തത്. സച്ചിന്‍(36), ദ്രാവിഡ്(1), കൈഫ്(1) എന്നിവരുടെ വിക്കറ്റുകളാണ് ഗില്ലെസ്പി പിഴുതത്. ഈ മത്സരത്തില്‍ 41.4 ഓവര്‍ വരെ ബാറ്റ് ചെയ്തിട്ടും ഇന്ത്യക്ക് നേടാനായത് വെറും 125 റണ്‍സ്. ഈ ലക്ഷ്യം 22.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു. ഗില്ലെസ്പിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

പോണ്ടിംഗ് തകര്‍ത്ത കീരീടം മോഹം
2003 മാര്‍ച്ച് 23
വാണ്ടേഴ്‌സ് സ്‌റ്റേഡിയം, ജോഹന്നാസ്ബര്‍ഗ്
ഓസ്‌ട്രേലിയയ്ക്ക് 125 റണ്‍സ് വിജയം

തുടക്കത്തിലെ പരാജയങ്ങള്‍ക്ക് ശേഷം അത്ഭുത കഥയിലെന്നപോലെ ഫൈനലിലെത്തിയ ഇന്ത്യയുടെ കുതിപ്പ് കണ്ട ലോകകപ്പായിരുന്നു 2003 ലേത്. പക്ഷെ, ഫൈനലില്‍ എല്ലാം തകര്‍ന്നു. ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ അത്യുജ്ജ്വല സെഞ്ച്വറിയിലൂടെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നേടിയത് 50 ഓവറില്‍ 2 വിക്കറ്റിന് 359 റണ്‍സ് . 4 ബൗണ്ടറികളും 8 സിക്‌സും അടക്കം 121 പന്തില്‍ നിന്ന് പോണ്ടിംഗ് അടിച്ചു കൂട്ടിയത് 140 റണ്‍സ്.സച്ചിനെ 4 റണ്‍സിന് പുറത്താക്കി മക്ഗ്രാത്ത് ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി നല്‍കി. 82 റണ്‍സ് എടുത്ത സെവാഗും 47 റണ്‍സ് എടുത്ത ദ്രാവിഡും മാത്രമായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. റിക്കി പോണ്ടിംഗ് തന്നെയാായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

കിരീടത്തിലേക്കുള്ള യാത്രയിലെ ഇന്ത്യന്‍ വിജയം
2011 മാര്‍ച്ച് 24
സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം അഹമ്മദാബാദ്
ഇന്ത്യക്ക് 5 വിക്കറ്റ് വിജയം

വീണ്ടുമൊരിക്കില്‍ കൂടി ലോകകപ്പില്‍ ഇന്ത്യക്കെതിരെ പോണ്ടിംഗിന് സെഞ്ച്വറി. 104 റണ്‍സായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഈ മത്സരത്തില്‍ നേടിയത്. പക്ഷെ, മോട്ടോറയില്‍ ഒരു പരാജയത്തിന് ഇന്ത്യ തയ്യാറല്ലായിരുന്നു. രണ്ടു വിക്കറ്റുകള്‍ വീതം സഹീര്‍ ഖാനും അശ്വിനും യുവരാജും വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സ് 50 ഓവറില്‍ 6 വിക്കറ്റിന് 260 ല്‍ അവസാനിച്ചു. ഇന്ത്യക്കായി സച്ചിനും ഗംഭീറും യുവരാജും അര്‍ദ്ധ സെഞ്ച്വറി നേടി. ഇവരുടെ ബാറ്റിംഗ് തന്നെയാണ് ഇന്ത്യന്‍ വിജയത്തിന് താങ്ങായതെങ്കിലും സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ബാറ്റിംഗും എടുത്തു പറയേണ്ടതാണ്. ഓസ്‌ട്രേലിയന്‍ പേസര്‍മാരെ നിര്‍ഭയത്തോടെ നേരിട്ട് 28 പന്തില്‍ 34 റണ്‍സ് നേടിയ റെയ്‌നയാണ് ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിച്ചത്. യുവരാജ് സിംഗായിരുന്നു ഈ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍