UPDATES

കായികം

വെസ്റ്റീന്‍ഡീസിനെ ഇന്ത്യ 182 റണ്‍സിലൊതുക്കി

അഴിമുഖം പ്രതിനിധി

ക്രിസ് ഗെയ്‌ലിനെ തളയ്ക്കാന്‍ എന്തെങ്കിലും പ്രത്യേക പ്ലാന്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍, ഒരു പ്ലാനുമില്ല, നന്നായി ബോള്‍ ചെയ്യുക മാത്രമാണ് വഴിയെന്നായിരുന്നു ക്യാപ്റ്റന്‍ ധോണിയുടെ മറുപടി. ധോണിയുടെ പ്ലാന്‍ തന്നെ ഇന്നു വിജയിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഹോള്‍ഡറിനൊഴികെ മറ്റ് വിന്‍ഡീസ് ബാറ്റ്‌സ്മാര്‍ക്കാര്‍ക്കും ഒന്നാം ചെയ്യാനാകാതെ അവര്‍ വെറും 182 റണ്‍സില്‍ ഒതുങ്ങി. നാല് ക്യാച്ചുകള്‍ വിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ സഹായിച്ചതുകൊണ്ട് മാത്രമാണ് വെസ്റ്റീന്‍ഡീസ് 182 വരെ എത്തിയതും. 22 ഓവറില്‍ 88 റണ്‍സ് നേടുന്നതിനിടയില്‍ 7 വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

ഇന്ത്യയെ പലരും പറഞ്ഞ് പേടിപ്പിച്ചപോലെ ഒന്നും നടന്നില്ല. വലുതായൊന്നും ചെയ്യാതെ ഗെയ്ല്‍ പവലിയിനിലേക്ക് തിരിച്ചുപോയി. രണ്ടു വട്ടമാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഗെയ്‌ലിനെ കൈവിട്ടത്. ഷാമിയുടെ ബോളില്‍ ഉമേഷ് യാദവ് ആദ്യം വിട്ടപ്പോള്‍ യാദവിന്റെ പന്തില്‍ ഷാമിക്കും ഗെയിലിനെ പിടികൂടാനായില്ല. ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കണം ഗെയില്‍ സ്റ്റൈലില്‍ ഒരു സിക്‌സും ഒരു ഫോറും പാഞ്ഞപ്പോള്‍ ഒരുപക്ഷേ ഇന്ത്യ ഞെട്ടിയിരിക്കണം. പക്ഷേ ഒരിക്കല്‍ തന്നില്‍ നിന്ന് രക്ഷപ്പെട്ട ഗെയ്‌ലിനെ മോഹിതിനെ കൈകളില്‍ എത്തിച്ച് ഷാമി പകരം വീട്ടി. പിന്നെ കൃത്യമായി ഇടവേളകളില്‍ ഇന്ത്യ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി കൊണ്ടിരുന്നപ്പോള്‍ വീന്‍ഡീസ് സ്‌കോര്‍ 120 കടക്കുമോയെന്നുപോലും സംശയിച്ചു. ഇതിനിടയില്‍ രണ്ടു ക്യാച്ചുകള്‍ കൂടി ഇന്ത്യക്കാര്‍ നഷ്ടപ്പെടുത്തി. എളുപ്പമുള്ളതെന്ന് പറയാനാകില്ലെങ്കിലും ശ്രമിച്ചാല്‍ പിടിക്കാന്‍ പറ്റിയവ തന്നെയായിരുന്നു ചോര്‍ന്നുപോയത്. ഇതിനിടയില്‍ ക്ലീസിലെത്തിയ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തന്നെയുറച്ചായിരുന്നു. ഫീല്‍ഡര്‍മാരുടെ സന്മനസുകൂടിയായപ്പോള്‍ ഹോള്‍ഡര്‍ ആഞ്ഞടിച്ചു. മൂന്നു സിക്‌സും നാലു ഫോറുമടക്കം 64 പന്തുകളില്‍ 57 റണ്‍സാണ് ഹോള്‍ഡര്‍ അടിച്ചെടുത്തത്. ഒടുവില്‍ ജഡേജയുടെ ബോളില്‍ കോഹ്‌ലി പിടിച്ച് ഹോള്‍ഡര്‍ ഔട്ടായതോടെ വിന്‍ഡീസ് ഇന്നിംഗ്‌സിനും അവസാനമായി. 

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷാമി 8 ഓവറില്‍ 35 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ നേടി. ഉമേഷ് യാദവും ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അശ്വിനും മോഹിത് ശര്‍മയും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍