UPDATES

കായികം

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കല്‍ വീണു, ന്യൂസിലന്‍ഡ് ഫൈനലില്‍ കടന്നു

അഴിമുഖം പ്രതിനിധി

ചരിത്രത്തില്‍ മാറ്റം വരുത്താന്‍ ഇത്തവണയും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല, എന്നാല്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞു. നാലാം തവണയും ഫൈനല്‍ കാണാതെ സെമിയില്‍ പുറത്തുപോകാനുള്ള വിധി ദക്ഷിണാഫ്രിക്കയെ പിടികൂടിയപ്പോള്‍ അര്‍ഹിച്ചത് പിടിച്ചുവാങ്ങിക്കൊണ്ട് തന്നെ ന്യൂസിലന്‍ഡ് ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ആവേശം ശ്വാസം മുട്ടിച്ച മത്സരത്തില്‍ സ്‌റ്റെയിന്‍ എറിഞ്ഞ അവാസന ഒവറിലെ അഞ്ചാമത്തെ പന്ത് സിക്‌സ് പറത്തി ഗ്രാന്റ് എലിയറ്റ് ആണ് ന്യൂസിലന്‍ഡിന്റെ കാത്തിരിപ്പിന് അറുതിവരുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് 281 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്ക 38 ഓവറില്‍ മൂന്നു വിക്കറ്റിന് 216 റണ്‍സ് എടുത്തു നില്‍ക്കുമ്പോള്‍ മഴ പെയ്തതിനെ തുടര്‍ന്ന് 43 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. പിന്നീട് ഡക് വര്‍ത്ത് ലൂയിസ് പ്രകാരം ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 43 ഓവറില്‍ 299 ആക്കി പുതുക്കി നിശ്ചയിച്ചു. 82 റണ്‍സ് എടുത്ത ഡുപ്ലിസ്, 65 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ്,23 പന്തില്‍ 49 റണ്‍സ് എടുത്ത മില്ലര്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കന്‍ സ്‌കോറിനെതിരെ തകര്‍പ്പന്‍ തുടക്കമായിരുന്നു കീവികളുടെത്. ഇരട്ട സെഞ്ച്വറി വീരന്‍ ഗപ്റ്റിലും സാക്ഷാല്‍ മക്കല്ലവും ചേര്‍ന്ന് ആഫിക്കന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തു. എന്നാല്‍ സ്‌കോര്‍ 71 ല്‍ എത്തിയപ്പോള്‍ മക്കലം വീണു. 32 പന്തില്‍ 59 റണ്‍സ് എടുത്താണ് മക്കലം പുറത്തായത്. അധികം വൈകാതെ തന്നെ 6 റണ്‍സെടുത്ത വില്യംസും പുറത്തായതോട ന്യൂസിലന്‍ഡ് അപകടം മണത്തെങ്കിലും കീഴടങ്ങാന്‍ തയ്യാറാകാത്തവര്‍ ന്യൂസിലന്‍ഡ് നിരയില്‍ ഉണ്ടായിരുന്നു.പക്ഷെ ആശയക്കുഴപ്പത്തിലൂടെ ഗപ്റ്റില്‍ റണൗട്ട് ആയതോടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനല്‍ പ്രവേശത്തിന് സാധ്യതയേറി. സ്‌കോര്‍ 149 ല്‍ എത്തിയപ്പോള്‍ ടെയ്‌ലറും വീണു. എന്നാല്‍ അവിടെ നിന്ന് കോറി ആന്‍ഡേഴ്‌സണും ഗ്രാന്റ് ഏലിയറ്റും ചേര്‍ന്ന് കീവകളുടെ സ്വപ്‌നങ്ങള്‍ തങ്ങളുടെ ചുമലിലേറ്റി. ഇരുവരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ സധൈര്യത്തോടെ അടിച്ചു മുന്നേറി. ഇതിനിടയില്‍ ദക്ഷിണാഫ്രിക്ക ചെയ്ത ഏറ്റവും വലിയ പിഴവ് കളിക്കളത്തില്‍ കണ്ടു. കോറി ആന്‍ഡേഴ്‌സനെ റണൗട്ടാക്കാനുള്ള സുവര്‍ണാവസരമാണ് ദക്ഷിണാഫ്രിക്ക നഷ്ടമാക്കിയത്. ആ അവസരം നഷ്ടമാക്കിയതാക്കട്ടെ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സും. നോണ്‍ സ്‌ട്രൈക്കില്‍ നിന്ന ആന്‍ഡേഴ്‌സന്‍ റണ്ണിനായി ഓടിയെങ്കിലും ഏലിയറ്റ് ഓടാന്‍ തയ്യാറാകാഞ്ഞതോടെ തിരികെ ക്രീസിലെത്താനായി തിരിഞ്ഞോടിയ ആന്‍ഡേഴ്‌സന്‍ ക്രീസിലെത്തുന്നതിനു മുമ്പെ ഡിവില്ലിയേഴ്‌സിന്റെ കൈയിലേക്ക് ബോള്‍ എത്തിയെങ്കിലും ക്യാപ്റ്റന്റെ അമിതാവേശം എല്ലാം തകര്‍ത്തു. ബോള്‍ കളക്ട് ചെയ്യും മുമ്പെ ഡിവില്ലിയേഴ്‌സിന്റെ കൈയ് കൊണ്ട് ബെയ്ല്‍സ് ഇളകി വീണിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയ ആന്‍ഡേഴ്‌സണ്‍ 58 റണ്‍സ് നേടിയാണ് പിന്നീട് പുറത്താവുന്നത്. ഈ പിഴവ് ശരിക്കും ദക്ഷിണാഫ്രിക്കയുടെ മനോനില തകര്‍ത്തിരുന്നു. തുടരെയുള്ള പിഴവുകള്‍ അവര്‍ കളിയുടെ അവസാനം വരെ കാണിക്കുന്നുണ്ടായിരുന്നു. ഏലിയട്ടിനെ റണ്‍ ഔട്ടാക്കാനുള്ള അവസരവും ദക്ഷിണാഫ്രിക്ക തുലയ്ക്കുകയായിരുന്നു. ഡികോക്ക് വരുത്തിയ ആ പിഴവില്‍ നിന്ന് രക്ഷപ്പെട്ട ഏലിയറ്റാണ് സിക്‌സിലൂടെ കീവീസിനെ വിജയത്തിലെത്തിച്ചതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍