UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഹിച്ച്‌കോക്ക് തിരക്കഥയെ വെല്ലുന്നൊരു സെമി പോരാട്ടം

ഇത്രയും വളവും തിരിവുമുള്ള ഒരു തിരക്കഥ തയ്യാറാക്കാന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന് പോലും ബുദ്ധിമുട്ടായിരിക്കും. നട്ടെല്ലിനെ തരിപ്പിക്കും വിധം അത്രയും  ഉദ്വേഗം നിറഞ്ഞതായിരുന്നു ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം സെമിഫൈനല്‍. മത്സരം അവസാനിക്കാന്‍ ഒരു പന്ത് ശേഷിച്ചപ്പോള്‍ മാത്രമാണ് ആരാണ് വിജയി എന്ന് നിശ്ചയിക്കപ്പെട്ടത്. 

ന്യൂസിലന്‍ഡ് പ്രശസ്തമായ വിജയം കൈപ്പിടിയിലൊതുക്കുമ്പോഴും ദക്ഷിണാഫ്രിക്ക തോല്‍വി അര്‍ഹിച്ചിരുന്നില്ലെന്ന് ഞാന്‍ ധൈര്യപൂര്‍വം പറയും. അത്രയധികം ശ്രദ്ധേയവും വൈകാരിക സമ്മര്‍ദമേറ്റുന്നതുമായി മത്സരം എന്നത് തന്നെയാണ് ഇതിന് കാരണം. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നു ഇന്നലെ കണ്ടതെന്ന് നിസംശയം പറയാന്‍ സാധിക്കും. 

ഓസ്‌ട്രേലിയയ്‌ക്കെതിരെയും അവസാന ഓവര്‍ വിജയം കൈപ്പിടിയിലൊതുക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിരുന്നു. പക്ഷെ അതൊരു ലീഗ് മത്സരം മാത്രമായിരുന്നു. സെമിഫൈനലിന്റെ സമ്മര്‍ദ്ദം പൂര്‍ണമായും വ്യത്യസ്തമാണ്. അവസാനം, സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച്ച ടീമിനെ വിജയം അനുഗ്രഹിച്ചു. 

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന രീതിയില്‍ മത്സരത്തെ അതുവരെ സമ്മര്‍ദ്ദത്തിലേക്ക് നയിച്ച പോരാട്ടവീര്യത്തെ മുഴുവന്‍ നാണിപ്പിച്ചുകൊണ്ട്, സൂചിവീണാല്‍ കേള്‍ക്കുന്ന അത്ര നിശബ്ദമായിരുന്ന സ്‌റ്റേഡിയത്തെ സാക്ഷി നിര്‍ത്തി അവസാനത്തേതിന് തൊട്ടു മുമ്പത്തെ പന്തില്‍ ഗ്രാന്റ് ഏലിയട്ട് പായിച്ച സിക്‌സര്‍, 1986ല്‍ ഷാര്‍ജയില്‍ ചേതന്‍ ശര്‍മ്മയ്‌ക്കെതിരെ ജാവദ് മിയാന്‍ദാദ് നേടിയ അവസാന പന്ത് സിക്‌സറിന് സമാനമായിരുന്നു. 

മിയാന്‍ദാദ് ചെയ്തത് പോലെ എതിരാളികളുടെ മനസില്‍ ദീര്‍ഘകാല വടുക്കളുണ്ടാക്കാന്‍ ഏലിയട്ടിന്റെ സിക്‌സറിന് സാധിക്കുമെന്ന് തോന്നുന്നില്ലെങ്കിലും, ഈ തിരിച്ചടിയില്‍ നിന്നും കരകയറാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കുറച്ച് സമയം വേണ്ടിവരുമെന്ന് തീര്‍ച്ച. ചാമ്പ്യന്മാരാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം എന്ന നിലയിലാണ് അവര്‍ ടൂര്‍ണമെന്റിനെത്തിയത്. മത്സരത്തിന് ശേഷം നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞത് പോലെ, കപ്പ് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു രാഷ്ട്രം നിരാശയുടെ പടുകുഴിയിലേക്ക് വീണതാണ് ഏറ്റവും വേദനിപ്പിക്കുന്ന ഘടകം.

‘നിരുദ്ധകണ്ഠര്‍’ എന്ന് ദക്ഷിണാഫ്രിക്കയെ വിശേഷിപ്പിക്കുന്നത് അന്യായമായിരിക്കും. സ്‌കോര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന നിലയില്‍ തന്നെ അവരുടെ പരിമിതി വ്യക്തമായിരുന്നു. എന്നാല്‍, തങ്ങളുടെ നിശ്ചയദാര്‍ഢ്യം നഷ്ടപ്പെടുത്തുന്നതിന്റെ എത്രത്തോളം അടുത്ത് ന്യൂസിലന്‍ഡ് എത്തി എന്നതിന്റെ ഉത്തമ തെളിവാണ് ഗപ്റ്റിലിന്റെ റണ്ണൗട്ടും ടെയ്‌ലര്‍, ആന്‍ഡേഴ്‌സണ്‍, റോങ്കി എന്നിവരുടെ പുറത്താവലും. 

സന്ദര്‍ഭത്തിന് ഒത്ത ആളെ ഏലിയട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതായിരുന്നു ന്യൂസിലന്‍ഡിന്റെ ഭാഗ്യം. 36ാം വയസില്‍ അദ്ദേഹം ഒരു കൊച്ചു കുഞ്ഞല്ല. വാസ്തവത്തില്‍ സഹജവാസനയുള്ള ബാറ്റ്‌സ്മാന്‍മാരുടെയും മിടുമിടുക്കന്മാരായ ബൗളര്‍മാരുടെയും കുത്തൊഴുക്കിനിടയിലെ ഏറ്റവും ദുര്‍ബലമായ കണ്ണി എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 

പക്ഷെ, ഡാനിയല്‍ വെട്ടോറിയെ പോലുള്ള ഏലിയട്ടിന്റെ ‘മുതിര്‍ന്ന പൗരന്മാര്‍’ ടീമില്‍ ഇടംപിടിച്ചതോടെ, ഏത് മര്‍മ്മഭേദക സാഹചര്യങ്ങളെയും നേരിടാന്‍ കഴിയുന്ന തരത്തില്‍ മനസ്ഥൈര്യം ഉള്ളവരും ആ പ്രതിഭ സംഘത്തിന്റെ ഭാഗമായി. 

ഏലിയട്ടിന്റെ ഉജ്ജ്വലമായ ബാറ്റിംഗ് മികവ് അദ്ദേഹത്തിന് അര്‍ഹമായ കളിയിലെ കേമന്‍ പുരസ്‌കാരം നേടിക്കൊടുക്കുമ്പോഴും, ന്യൂസിലഡിന്റെ വിജയത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് ബ്രണ്ടന്‍ മക്കല്ലമാണെന്ന് ഞാന്‍ പറയും. ടൂര്‍ണമെന്റിലുടനീളം നായകന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് മക്കല്ലം നടത്തിയത്. എന്നാല്‍ സെമിയില്‍ അത് ഒരു പടികൂടി കടന്ന് മുന്നോട്ട് പോയി. ഫീല്‍ഡര്‍മാരെ ആക്രമണോത്സുകമായി വിന്യസിക്കുന്നതില്‍ മാത്രമല്ല, ഡെയ്ല്‍ സ്‌റ്റെയിനെ നിര്‍വീര്യമാക്കിയ രീതിയും മത്സരത്തിന്റെ അന്ത്യഫലത്തില്‍ വലിയ സ്വാധീനം ചെലുത്തി.

എന്റെ അഭിപ്രായത്തില്‍ അതായിരുന്നു മത്സരത്തിലെ നിര്‍ണായക ഘട്ടം. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സ്‌റ്റെയിന്‍. ലീഗ് മത്സരങ്ങളിലെ ആവേശകരമല്ലാത്ത പ്രകടനത്തിന് ശേഷം, ശ്രീലങ്കയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹം സ്വന്തം കരുത്തിലേക്ക് മടങ്ങി വരുന്നതായി തോന്നി. തുടക്കത്തില്‍ തന്നെ നാശം വിതയ്ക്കാന്‍ സ്‌റ്റെയിന് സാധിച്ചിരുന്നില്ലെങ്കില്‍ ന്യൂസിലന്‍ഡ് പ്രതിരോധത്തിലാവുമായിരുന്നു.

സ്‌റ്റെയിനെ ആക്രമിച്ച മക്കല്ലത്തിന്റെ കളി ആസ്വാദ്യമായിരുന്നു. എന്നാല്‍ അതിലും പ്രധാനമായിരുന്നു ആ ആക്രമണം ദക്ഷിണാഫ്രിക്കക്കാരില്‍ ഏല്‍പ്പിച്ച മാനസിക ആഘാതം. നിങ്ങളുടെ ആക്രണത്തിന്റെ കുന്തമുനയ്ക്ക് പരിക്കേല്‍ക്കുമ്പോള്‍ തോളുകള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ആത്മവീര്യം നഷ്ടമാവുകയും ചെയ്യും. 

ഒരു വലിയ ലക്ഷ്യം പിന്തുടരേണ്ടി വന്നപ്പോള്‍, ന്യൂസിലന്റ് നായകന്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം അന്യാദൃശ്യമായിരുന്നു. ഫാഫ് ഡ്യൂപ്ലസിസും എബി ഡിവില്ലിയേഴ്‌സും ആക്രമണോത്സുകത പ്രകടിപ്പിച്ചു തുടങ്ങിയ സമയത്ത് മഴ കളിമുടക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് ദൗര്‍ഭാഗ്യമായി എന്ന ഒരു വാദത്തിനും സാധ്യതയുണ്ട്. 

എന്നാല്‍ മില്ലറുടെ അവസാന നിമിഷ വെടിക്കെട്ട് സ്‌കോറിന് അവശ്യം വേണ്ട ഊര്‍ജ്ജം നല്‍കി. ഡക്‌വര്‍ത്തും ലൂയിസും അത് ഒന്നുകൂടി പരിപോഷിപ്പിക്കുകയും ചെയ്തു. ന്യൂസിലന്‍ഡിനെ സംബന്ധിച്ചിടത്തോളം തുടക്കം നന്നായാല്‍ മാത്രം പോരായിരുന്നു. അവര്‍ക്ക് തുടക്കത്തില്‍ തന്നെ ഒരു മേല്‍കൈ നേടിയെടുക്കുകയും ചെയ്യേണ്ടിയിരുന്നു. 

സ്‌റ്റെയിനെ ഉന്മൂലനം ചെയ്തതിലൂടെ മക്കല്ലം നേടിയെടുത്തത് ആ മേല്‍കൈയായിരുന്നു. ന്യൂസിലന്‍ഡിന് സ്വപ്നതുല്യമായ ഒരു തുടക്കം മാത്രമല്ല അത് നല്‍കിയത്. മറിച്ച്, എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും ഈ മത്സരം നമുക്ക് ജയിക്കാനാവുമെന്ന ഒരു വിശ്വാസം ന്യൂസിലന്‍ഡിന്റെ അണിയറയില്‍ സൃഷ്ടിക്കാനും ആ ഇന്നിംഗ്‌സിന് സാധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍