UPDATES

സാംബ- 2014

ഇംഗ്ലണ്ട് ഇനിയും തോല്‍ക്കട്ടെ; രാജ്യം രക്ഷപ്പെടും

Avatar

മെര്‍വിന്‍ കിംഗ്
(ബ്ലൂംബര്‍ഗ്)

ഇംഗ്ലണ്ടില്‍ കാല്‍പന്തിലുള്ള വിശ്വാസ്യത രാജ്യത്തെക്കാള്‍ ഉപരി ക്ലബുകളില്‍ അധിഷ്ടിതമാണ്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഞാന്‍ ആസ്റ്റണ്‍ വില്ല ക്ലബിന്റെ കളി കാണുകയും അവരുടെ ആരാധകനായി തുടരുകയും ചെയ്യുന്നു. അത്രത്തോളം വിജയകരമല്ലാത്തതെങ്കിലും, ലോകത്തിലെ അതിപ്രശസ്തമായ ക്ലബുകളില്‍ ഒന്നായ ആസ്റ്റണ്‍ വില്ലയോടൊപ്പം സഞ്ചരിച്ച ആ 50 വര്‍ഷങ്ങള്‍ ഒട്ടേറെ ഉയര്‍ച്ച താഴ്ചകള്‍ക്ക് ഞാന്‍സാക്ഷിയായി. ഇംഗ്ലണ്ടിന്റെ സാമ്പത്തികരംഗത്തെ കുറിച്ചും ഈ അഭിപ്രായം തന്നെ പ്രകടിപ്പിക്കാം എന്ന് തോന്നുന്നു. 

വില്ലാ പാര്‍ക്കിലേക്കുള്ള എന്റെ ആദ്യ സന്ദര്‍ശനം 1960 ഒക്ടോബര്‍ എട്ടിനായിരുന്നു. അന്ന് ആസ്റ്റണ്‍ വില്ല എതിരാളികളായ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഹോള്‍ട്ടെ എന്‍ഡില്‍ ശരത്ക്കാല മഞ്ഞോടു കൂടിയ ആ വലിയ സ്‌റ്റേഡിയം ഞങ്ങളുടെ മുന്നില്‍ പരന്നു കിടന്നു. വലിയ ചരിത്രത്തിന്റെ ഉടമകളായ ക്ലബ്, ഫുട്ബോള്‍ ലീഗ് സ്ഥാപിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ തൊട്ട് തലേദിവസം, അതായത് ഒരു നൂറ്റാണ്ട് മുമ്പുള്ള സായാഹ്നത്തില്‍, ബ്ലാക്‌ബേണ്‍ റോവേഴ്‌സ് വില്ല പാര്‍ക്കിലെ സന്ദര്‍ശകരായിരുന്നു. അന്നത്തെ കളി കാണാന്‍ എത്തിയവരില്‍ ഒരാള്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മേയ്‌നാര്‍ഡ് കെയ്ന്‍സ് ആയിരുന്നു. ബ്രിമിംഗാം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം രാജ്യത്തെ രണ്ട് മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്നത് കാണാന്‍ തീരുമാനിക്കുകയായിരുന്നു. കളി നടന്നതിന്റെ പിറ്റെ ദിവസം, തന്റെ ചിത്രകാരന്‍ന്‍ സുഹൃത്തായ ഡങ്കണ്‍ ഗ്രാന്റിന് കെയ്ന്‍സ് ഇങ്ങനെ എഴുതി: 

‘ഇന്നലെ മറ്റ് 40,000 ആളുകളോടൊപ്പമിരുന്നു ഞാന്‍ ഗംഭീരമായ ഫുട്ബോള്‍ മത്സരം വീക്ഷിച്ചു. ഒരു വലിയ കോളീഷ്യം പോലെയുള്ള കാഴ്ചയായിരുന്നു അവിടെ. സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നതും ഏകദേശം അതുപോലെയാണ്. എനിക്ക് എണ്ണാന്‍ സാധിച്ചിടത്തോളം പടിപടിയായി 50 നിരകളോട് കൂടിയ അര്‍ദ്ധവൃത്താകൃതിയിലുള്ള സ്‌റ്റേഡിയമാണത്. ഏകദേശം മുഴുവന്‍ സമയവും കാണികള്‍ ആരവം ഉയര്‍ത്തിക്കൊണ്ടിരുന്നു. സംഭവിക്കുന്ന ചെറിയ കാര്യങ്ങളോടുള്ള ആവേശമോ ദേഷ്യമോ ആയിരുന്നു ആ ആരവം’.

എഫ് എ കപ്പ് വിജയിച്ച അതുല്യനായ ക്ലെം സ്റ്റീവന്‍സണിന്റെ ക്ലബായിരുന്നു ആസ്റ്റണ്‍ വില്ല. അദ്ദേഹത്തിന് വേഗം കുറവായിരുന്നെങ്കിലും, ആധുനിക കാല ഫുട്ബോള്‍ നിരീക്ഷകരുടെ പ്രയോഗം കടമെടുത്താല്‍, ‘മോഷ്ടിക്കപ്പെട്ട ചുംബനങ്ങള്‍’ പോലെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പാസുകള്‍. അത്തരം ഒരു കളിക്കാരനെ ഇപ്പോള്‍ ലഭിക്കുന്നതിനായി വില്ലയും ഇംഗ്ലണ്ടും എന്ത് തന്നെ നല്‍കില്ല!

ലോകകപ്പ് ജയിക്കാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നല്ല ഇംഗ്ലണ്ട്. മറ്റ് പലതിനേയും പോലെ, ഫുട്ബോളിന്റെ മാതൃരാജ്യത്തിന് കായിക രംഗത്തും സാമ്പത്തിക രംഗത്തും ഒരു കാലത്തുണ്ടായിരുന്ന അധീശത്വം നഷ്ടപ്പെട്ടുകഴിഞ്ഞു. യുവത്വത്തിന്റെയും അനുഭവ സമ്പത്തിന്റെയും ഒരു മിശ്രിതമാണ് ഇപ്പോഴത്തെ ഇംഗ്ലീഷ് ടീമെന്ന് പറയാം (ഗ്രേറ്റ് ബ്രിട്ടണിലെ മറ്റൊരു രാജ്യവും ലോകകപ്പിന് യോഗ്യത നേടിയില്ല). കഴിഞ്ഞ ലോകകപ്പില്‍ കളിച്ച പല പ്രമുഖരെയും മോശ പ്രകടനത്തിന്റെ പേരില്‍ ഒഴിവാക്കിയിരുന്നു. അവരുടെ പകരക്കാര്‍ കുറഞ്ഞ ഭയാശങ്കകള്‍ ഉള്ളവരായിരിക്കാം, എന്നാല്‍ ലോകത്തിലെ മികച്ച കളിക്കാരുടെ മുന്നില്‍ എത്തുമ്പോള്‍ അവര്‍ പതറിപ്പോകാന്‍ സാധ്യതയുണ്ട്.

അടിപതറാത്തതും ആസൂത്രിതവുമായ പ്രതിരോധത്തിന്റെ പേരിലാണ് ഇംഗ്ലീഷ് ടീമുകള്‍ ചരിത്രപരമായി അറിയപ്പെട്ടിരുന്നത്. 1966 ല്‍ ലോകകപ്പില്‍ ജേതാക്കളായ ടീമില്‍ നിന്നുള്ള അഞ്ച് പ്രതിരോധക്കാരില്‍ നാലു പേരും എത് ലോക ഇലവനിലും സ്ഥാനം പിടിക്കാന്‍ കെല്‍പ്പുള്ളവരായിരുന്നു. എന്നാല്‍ ഇന്നത്തെ ടീമിന്റെ പ്രതിരോധത്തിലുള്ള ഒരു കളിക്കാരന്‍ പോലും അതിന് അര്‍ഹനല്ല. പ്രതിരോധത്തിലുള്ള പിഴവിനായിരിക്കും ബ്രസീലില്‍ വലിയ വില നല്‍കേണ്ടി വരിക, പ്രത്യേകിച്ചും അവിടുത്തെ കടുത്ത ചൂടും ഊര്‍ജ്ജം ചോര്‍ത്തുന്നതുമായ കാലാവസ്ഥയില്‍. 

ബുദ്ധികൂര്‍മത – ജര്‍മ്മനിയുടെ വിജയങ്ങളിലെ നിര്‍ണായക ഘടകം- ഇംഗ്ലീഷ് കളിക്കാരുടെ തുറുപ്പ് ചീട്ടല്ല. ശക്തമായ പ്രതിരോധങ്ങളെ കീറി മുറിക്കത്തക്കവണ്ണം മുന്‍ നിരയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണി തന്നെയാണ് നിരയിലെ ഏറ്റവും പ്രതിഭാസമ്പന്നന്‍. എന്നാല്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര തലത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല കളിക്കളത്തിലെ അദ്ദേഹത്തിന്റെ ആത്മനിയന്ത്രണമില്ലായ്മ പലപ്പോഴും എതിരാളികള്‍ ചൂഷണം ചെയ്യാറുമുണ്ട്. ഒരു മഹാനായ കളിക്കാരനാണെന്ന് വെയ്ന്‍ റൂണിക്ക് തെളിയിക്കാനുള്ള അവസാന അവസരമായിരുന്നു ഈ ലോകകപ്പ്. 

പ്രതീക്ഷകളുടെ ഭാരം കുറയ്ക്കുന്നതില്‍ ഒരു പരിധി വരെ ഹോഡ്‌സണ്‍ വിജയിച്ചിട്ടുണ്ട്. അതാണ് അതിന്റെ ശരിയും. ബ്രസീല്‍, സ്‌പെയ്ന്‍, ജര്‍മ്മനി, ബല്‍ജിയം (ആസ്റ്റണ്‍ വില്ലയുടെ ക്രിസ്റ്റ്യന്‍ ബെന്റേക്കയുടെ പരിക്ക് തുടരുകയാണെങ്കില്‍ ലോകത്തിലെ എറ്റവും മികച്ച മുന്‍നിരക്കാരന്‍ ഇല്ലാതെയാണ് അവര്‍ ബ്രസീലിലേക്ക് പോകുന്നതെങ്കിലും ബല്‍ജിയത്തിന്റെ ശക്തി പലരും കുറച്ചു കാണുകയാണെന്ന് പറയാതിരിക്കാനാവില്ല) തുടങ്ങിയ ടീമുകളെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് പ്രയാസമായിരിക്കും.

കലയെ കൂടുതല്‍ സ്‌നേഹിച്ചിരുന്ന കെയ്ന്‍സ് മറ്റൊരു ഫുട്ബോള്‍ മത്സരം വീക്ഷിച്ചതായി തോന്നുന്നില്ല (ചിലര്‍ക്ക് രണ്ടും ആസ്വദിക്കാനാവുമെങ്കിലും). കെയ്ന്‍സിനെ കുറിച്ചുള്ള പരാമര്‍ശം നമ്മെ ബ്രീട്ടിഷ് സാമ്പത്തികരംഗത്തേക്ക് കൊണ്ട് പോകുന്നു. ബ്രസീലില്‍ കായിക വിജയം വിദൂരമാണെങ്കിലും ജി-7 കൂട്ടായ്മയിലെ ഏത് രാജ്യത്തെക്കാളും മികച്ച സാമ്പത്തിക വളര്‍ച്ച കാണിക്കുന്നത് ബ്രിട്ടീഷ് സാമ്പത്തികരംഗമാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ച നിരക്ക് മുന്ന് ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിലാണ്. ഈ കണക്കുകള്‍ പരിഷ്‌കരിക്കുമ്പോള്‍ ഇതിനിയും ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. സന്തുലിത വികസനം സാധ്യതമാക്കുന്നതിന് അത്യന്താപേക്ഷിതമായ പുനസന്തുലനം നടന്നു കൊണ്ടിരിക്കുന്നു. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പാദന കണക്കുകളും പ്രോത്സാഹനജനകമായി തുടരുന്നു. സാമ്പത്തിക മാന്ദ്യം തുടങ്ങുന്നതിന് മുമ്പുള്ള തലത്തിലേക്ക് തൊഴിലില്ലായ്മ താഴ്ന്ന് വരുന്നു. കൂലി പെരുപ്പം പ്രതിവര്‍ഷം ഒരു ശതമാനമായി തുടരുന്നു. 

ആസ്റ്റണ്‍ വില്ലയുടെ പ്രകടനങ്ങളും ബ്രിട്ടീഷ് സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള തിരശ്ചീന ബന്ധത്തെ കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുണ്ടായിരുന്ന കാലത്ത് ഞാന്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സാമ്പത്തികരംഗം മെച്ചപ്പെടുന്നതിനനുസരിച്ച് ആസ്റ്റണ്‍ വില്ലയുടെ പ്രകടനം മോശമാകുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാഷ്ട്രം രക്ഷപ്പെടുന്നു എന്നതിന്റെ സൂചനകളാണ് ആസ്റ്റണ്‍ വില്ലയുടെ പ്രകടനം നല്‍കുന്നത്. ദീര്‍ഘ കാലത്തില്‍, ലോകത്തെമ്പാടും നിന്നുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിലൂടെ ബ്രിട്ടീഷ് സാമ്പത്തികരംഗം മെച്ചപ്പെടുമ്പോള്‍, ഇംഗ്ലണ്ടില്‍ നിന്നുള്ള കളിക്കാരെ മാത്രം ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ബ്രിട്ടീഷ് ഫുട്ബോള്‍ ടീമിന് വീഴ്ചകളുടെ കാലമായിരിക്കും.

(ന്യൂയോര്‍ക്ക് സര്‍വകലാശാല സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രഫസറായ മെര്‍വിന്‍ കിംഗ്, 2003 മുതല്‍ പത്ത് വര്‍ഷക്കാലം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍