UPDATES

സാംബ- 2014

കണക്കുകള്‍ തീര്‍ക്കാനൊരു ദിവസം

Avatar

ടീം അഴിമുഖം

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കാലാകാലങ്ങളായി കൊണ്ടാടപ്പെടുന്ന ഒരു ശീലമുണ്ട്. സ്ഥലത്തെ പ്രധാന അമ്പലത്തിലായാലും പള്ളിയിലായാലും നടക്കുന്ന ഉത്സവമോ പെരുന്നാളോ എന്തുമായിക്കോട്ടെ അന്നാണ് ആ വര്‍ഷത്തെ കണക്കുകള്‍ തീര്‍ക്കപ്പെടുന്നത്. കണക്കുകള്‍ എന്നാല്‍ ശത്രുത എന്നര്‍ത്ഥം. നിന്നെ ഉത്സവത്തിന് അല്ലെങ്കില്‍ പെരുന്നാളിന് എടുത്തോളാം എന്ന ഓര്‍മപ്പെടുത്തലോടെയാണ് മിക്ക കശപിശകളും അവസാനിക്കുക. ബ്രസീല്‍ 2014 അവസാന എട്ടില്‍ എത്തി നില്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് നാട്ടിന്‍ പുറത്തിന്റെ ഈ രോഗ ശാന്തിയാണ്.

രാഷ്ട്രീയ തലത്തിലെ പല കണക്കുകളും തീര്‍ക്കാനുള്ള വേദിയായി എല്ലായ്പ്പോഴും ഫുട്ബോള്‍ ലോകകപ്പുകള്‍ മാറുന്നു. ചില മത്സരങ്ങളോ, പെരുമാറ്റങ്ങളോ പ്രത്യക്ഷമായ രാഷ്ട്രീയ പ്രഖ്യാപനമായി പലപ്പോഴും മാറുന്നു. ഒരു പക്ഷെ മറ്റൊരു കായിക വിനോദത്തിനും അവകാശപ്പെടാനില്ലാത്ത ഒരു പ്രത്യേകതയാണിത്.

അതുകൊണ്ടാണ് ഫോക്ലന്റ് യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് രാജകുമാരനെ കണ്ട മറഡോണ അദ്ദേഹത്തിന് ഹസ്തദാനം ചെയ്യാതെ മാറി നടക്കുന്നത്. 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇറാഖ് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നതും അതുകൊണ്ടാണ്. എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഈ രാഷ്ട്രീയമാണ് ലോകകപ്പില്‍ പങ്കെടുക്കുന്നവരെയും പങ്കെടുക്കാത്തവരെയും ഈ മാമാങ്കത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇവിടെ ജീവിതം നിര്‍ണയിക്കപ്പെടുന്നു. അത് ആവേശത്തിന്റെ രൂപത്തിലായാലും ആരാധനയുടെ പേരിലായിലും പ്രതിഷേധത്തിന്റെ പേരിലായാലും.

ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഒരു യൂറോപ്യന്‍ ടീമിന്റെയും ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമിന്റെയും വിധി നിശ്ചയിക്കും. ഇതില്‍ കൂടുതല്‍ രാഷ്ട്രീയ പോരാട്ടമായി മാറേണ്ടത് ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള യൂറോപ്യന്‍ പോരിലാണ്. ഒരുപാട് കണക്കുകള്‍ പറയാന്‍ ബാക്കി വച്ച രാഷ്ട്രീയമാണ് അവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇരു രാജ്യങ്ങളും തമ്മിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നുറപ്പോയപ്പോള്‍ ഒന്നും രണ്ടും ലോകയുദ്ധകാലത്തെ ന്യൂനോക്തികള്‍ കൊണ്ട് ട്വിറ്റര്‍ നിറഞ്ഞതും. അല്‍സെയ്‌സിനോ ലൊറാനോ വേണ്ടിയുള്ള യുദ്ധത്തിന്റെ നിഴല്‍രൂപം മാരക്കാനയില്‍ തെളിയും എന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നു. 


നാസി പട്ടാളത്തിന്റെ കാവലില്‍ നടന്നു നീങ്ങുന്ന ഫ്രെഞ്ച് തടവുകാര്‍

പോയ കാലത്തിന്റെ ചില മത്സരങ്ങളിലെങ്കിലും ഈ വൈരാഗ്യം തെളിഞ്ഞു നിന്നിരുന്നു. ഒരു പക്ഷെ ലോകം ഓര്‍ക്കുന്ന വൈരനിര്യാതനം ഫുട്ബോള്‍ മൈതാനത്ത് സംഭവിച്ചത് 1982ലെ ലോകകപ്പിലാണ്. വിഖ്യാതനായ പശ്ചിമ ജര്‍മ്മന്‍ ഗോളി ഹരോള്‍ഡ് ഷൂമാക്കര്‍ അന്ന് ഫ്രഞ്ച് പ്രതിരോധ കളിക്കാരന്‍ പാട്രിക് ബാറ്റിസണെ ചാടി ചവിട്ടിയത് എക്കാലത്തെയും കുപ്രസിദ്ധമായ ഒരു പകപോക്കലായിരുന്നു. ചവിട്ടേറ്റ ബാറ്റിസണിന്റെ വാരിയെല്ല് ഒടിയുകയും നട്ടെല്ലിന് ക്ഷതം ഏല്‍ക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ബാറ്റിസണ്‍ മരിച്ചു എന്നാണ് താന്‍ കരുതിയതെന്ന് മിഷേല്‍ പ്ലാറ്റിനി പിന്നീട് പറഞ്ഞു. ഏതായാലും ഈ ഫൗള്‍ ശിക്ഷിക്കപ്പെട്ടില്ല എന്നത് മറ്റ് ചില ചിന്തകളിലേക്കും വഴി തിരിക്കുന്നു. എന്തുകൊണ്ടാണ് റഫറിയിംഗിലെ പിഴവുകള്‍ എപ്പോഴും യൂറോപ്യന്‍ ടീമുകള്‍ക്ക് അനുകൂലമാകുന്നത് എന്ന വലിയ ചോദ്യം. ഈ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കുന്ന ചിലരെങ്കിലും ആ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തിരിക്കും. പ്രത്യേകിച്ചും ഐവറി കോസ്റ്റിനെതിരെ അവസാന നിമിഷത്തില്‍ ഗ്രീസിന് പെനാല്‍ട്ടി അനുവദിച്ചപ്പോള്‍, മെക്‌സിക്കോയ്‌ക്കെതിരെ ആര്യന്‍ റോബന് സമാനമായ മറ്റൊരു പെനാല്‍ട്ടി അനുവദിച്ചു കിട്ടുമ്പോള്‍, ഫ്രാന്‍സിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഇക്വഡോര്‍ ക്യാപ്റ്റനും ടീമിന്റെ പ്ലേമേക്കറുമായ അന്റോണിയോ വാലെന്‍സിയ അനാവശ്യമായി പുറത്താക്കപ്പെടുമ്പോള്‍ (ഫലത്തില്‍ തീരുമാനം സ്വിറ്റസര്‍ലന്റിന് അനുകൂലമായി) ഒക്കെ ഈ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു. 

ഏതായാലും പഴയ വൈരാഗ്യത്തിന്റെ രാഷ്ട്രീയം മറന്നാണ് ഇന്ന് ജര്‍മ്മനിയും ഫ്രാന്‍സും പോരാട്ടത്തിന് ഇറങ്ങുക. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും സൌഹാര്‍ദം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇരുവരും. അതുകൊണ്ട് തന്നെ മാരക്കാനയില്‍ കളിയുടെ തീപ്പൊരി മാത്രമേ ചിതറാന്‍ സാധ്യതയുള്ളു. ഏതായാലും ബ്രസീല്‍ 2014ല്‍ ഏറ്റവും സംഘടിതമായി പന്തുകളിച്ച രണ്ട് ടീമുകളില്‍ ഒന്ന് ഇന്ന് നമ്മോട് വിട പറയും.

സ്വന്തം ചരിത്രത്തിന്റെ ചില ഇരുളിടങ്ങളോട് പൊരുതി ജയിക്കാനാണ് ബ്രസീലും കൊളംബിയയും രണ്ടാമത്തെ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. തങ്ങളോട് കാരുണ്യം കാണിക്കാതിരുന്ന ചില ഭൂതകാല നീതികളെ തിരുത്തുകയാണ് ഇരുവരുടെയും ലക്ഷ്യം. 1950ലെ ഫൈനലില്‍ സ്വന്തം നാട്ടില്‍, മാരക്കാന സ്റ്റേഡിയത്തില്‍ വച്ച് ഉറുഗ്വെയോട് ഏറ്റ പരാജയം മറക്കാന്‍ തക്കവണ്ണം വിശാലമല്ല ബ്രസീലിന്റെ ഫുട്ബോള്‍ ഹൃദയം. 64 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക ഫുട്ബോള്‍ മാമാങ്കം തങ്ങളുടെ നാട്ടിലെത്തുമ്പോള്‍ അത് വിജയിക്കുന്നതിലൂടെ മാത്രമേ ആ പരാജയത്തിന്റെ കാര്‍മേഘം ബ്രസീലിയന്‍ ഫുട്ബോളില്‍ നിന്നും ഒഴിഞ്ഞു പോകൂ എന്നവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എതിരാളികളല്ല, വിജയം മാത്രമാണ് ബ്രസിലിന്റെ മുന്നില്‍ ഉള്ളത്. 

20 വര്‍ഷം മുമ്പ് തങ്ങള്‍ കൊന്ന ലോകത്തിലെ ഏറ്റവും മാന്യനായ ഫുട്ബോള്‍ കളിക്കാരന്റെ മോക്ഷക്രിയയാണ് കൊളംബിയയ്ക്ക് വലുത്. 1994 ജൂണ്‍ 22ന്, പസഡേന സ്റ്റേഡിയത്തില്‍ 93,869 കാണികളെ സാക്ഷി നിറുത്തി കളിയുടെ 35-ആം മിനിട്ടില്‍ അമേരിക്കയ്‌ക്കെതിരെ ആന്ദ്രെ എസ്‌കൊബാര്‍ അടിച്ച സെല്‍ഫ് ഗോളും 1994 ജൂലൈ രണ്ടിന് വെളുപ്പിലെ മൂന്ന് മണിക്ക് മെഡെല്ലിന് സമീപമുള്ള എല്‍ ഇന്‍ഡ്യോ നിശാക്ലബില്‍ വച്ച് ഹംബെര്‍ട്ടോ കാസ്‌ട്രോ മുനോസ് എന്ന കൊലയാളി എസ്‌കൊബാറിന്റെ നെഞ്ചിലേക്ക് ഗോള്‍, ഗോള്‍ എന്ന് നീട്ടിവിളിച്ച് ആറു തവണ നിറയൊഴിച്ചതും കൊളംബിയയ്ക്ക് ഇന്നും പൊള്ളുന്ന ഓര്‍മ്മകളാണ്. ഒരു സെല്‍ഫ് ഗോളില്‍ ലോകം അവസാനിക്കുന്നില്ല എന്ന് പറഞ്ഞ് പട്ടടയിലേക്ക് പോയ എസ്‌കൊബാറിന് ഒരു ലോകകപ്പ്. ഒരു പക്ഷെ കൊളംബിയയുടെ അവസരം ഇതാവാം. അതുകൊണ്ട് അവര്‍ക്കും എതിരാളികളല്ല, വിജയമാണ് പ്രധാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍