UPDATES

സാംബ- 2014

വന്‍ വീഴ്ച്ചകള്‍, ചെറു പ്രതീക്ഷകള്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു

Avatar

വികടര്‍ മഞ്ഞില

പ്രഗത്ഭ ടീമുകളുടെ വീഴ്ചകള്‍ക്കൊണ്ടും ചെറിയ ടീമുകളുടെ അപ്രതീക്ഷിത വിജയങ്ങള്‍ക്കൊണ്ടും സംഭവ ബഹുലമായിരുന്നു ബ്രസീല്‍ ലോകകപ്പിലെ ആദ്യ റൌണ്ട് മത്സരങ്ങള്‍. 10 പ്രധാന മത്സരങ്ങളെ വിലയിരുത്തുകയാണ് ഇന്ത്യന്‍ ടിം മുന്‍ ഗോള്‍ കീപ്പറും കേരളത്തിന്‍റെ കോച്ചുമായിരുന്ന വിക്ടര്‍ മഞ്ഞില ഇവിടെ.

ബ്രസീല്‍-മെക്സിക്കൊ
ബ്രസീല്‍ തങ്ങളുടെ ആദ്യ മത്സരത്തിന്റെ നിലവാരത്തെക്കാള്‍ മെച്ചപ്പെട്ടു എന്നു അവകാശപ്പെടാമെങ്കിലും ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്ന നിലയിലേക്ക് ഇനിയും എത്തിയിട്ടില്ല എന്നുതന്നെയാണ് തോന്നുന്നത്. ബ്രസീലിന്‍റെ മുഴുവന്‍ പ്രതീക്ഷയും എന്നത്തേയും പോലെ പത്താം നമ്പറിലാണ് എന്ന് സാധൂകരിക്കുന്ന തരത്തിലായിരുന്നു നെയ്മറിന്റെ പ്രകടനം. ഡാനി ആല്‍വസും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഫ്രെഡ് വീണ്ടും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. നെയ്മറിന്റെ ആദ്യ ഹെഡര്‍ മികച്ച ഗോളാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രക്ഷപ്പെടുത്തലാണ് ഒക്കാവോ നടത്തിയത്. 1970ലെ ലോകകപ്പില്‍ പെലെയുടെ ഹെഡര്‍ ആണ് ഇതിന് സമാനമായിട്ടുള്ളത്. ഈ ഗോള്‍ മാത്രമല്ല ഉറപ്പെന്ന് കരുതിയ മറ്റ് മൂന്നു ഗോള്‍ കൂടി ഒക്കാവ രക്ഷപ്പെടുത്തി. ശരിക്കും മെക്സിക്കോയുടെ രക്ഷകനായി മാറുകയായിരുന്നു ഒക്കാവോ. ബ്രസീലിനും വിജയത്തിനും ഇടയിലെ തടസമായിരുന്നു ഒക്കാവോയുടെ പ്രകടനം. കൂടുതല്‍ അവസരങ്ങള്‍ തുറന്നു കിട്ടിയതു ആ മത്സരത്തില്‍ ബ്രസീലിനാണ്. മെക്സിക്കോയും തങ്ങളുടെ കഴിവ് പ്രകടിപ്പിച്ച മത്സരമായിരൂന്നു. ടീമില്‍ പന്ത് നിലനിര്‍ത്തുന്നത്തില്‍ മാത്രമല്ല നല്ല നീക്കങ്ങളിലൂടെ രണ്ടു വിംഗ് ബാക്കുകള്‍ക്ക് മുന്നേറാന്‍ അവസരം ഉണ്ടാക്കുക വഴിയും മികച്ച നീക്കങ്ങള്‍ നടത്താനും മെക്സിക്കോയ്ക്ക് കഴിഞ്ഞു. അതിന് തെളിവാണല്ലോ വസ്ക്കേസിന്റെയും ഹെക്ടര്‍ ഹരാരയുടെയും മികച്ച ഷോട്ടുകള്‍. അത് പോലെ റൌള്‍ ജിമെനേസിന്റെ അടിയും കഷ്ടിച്ചാണ് ബ്രസീല്‍ ഗോളി ജൂലിയോ സീസര്‍ രക്ഷപ്പെടുത്തിയത്.

സ്പെയിന്‍-ചിലി
ആദ്യ മത്സരത്തില്‍ തങ്ങള്‍ക്ക് സംഭവിച്ച പിഴവുകള്‍ക്ക് മറുപടി പറയാന്‍ എത്തുമെന്ന് പ്രതീക്ഷിച്ച സ്പെയിനിനെയല്ല ചിലിയുമായുള്ള മത്സരത്തില്‍ കണ്ടത്. ഹോളണ്ടുമായുള്ള മോശപ്പെട്ട പ്രകടനത്തിന്‍റെ പേരില്‍ സാവിയെയും പിക്വെയും ഒഴിവാക്കിയുള്ള ടീമിനെയാണ് സ്പെയിന്‍ കളത്തില്‍ ഇറക്കിയത്. എന്നാല്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള ആവേശമൊന്നും ഒരു ടീമെന്ന നിലയില്‍ അവരുടെ ഭാഗത്ത് നിന്ന് കണ്ടില്ല.  അടുത്ത റൌണ്ടിലേക്ക് കടക്കണമെന്ന വാശിയോടെയാണ് ചിലിയുടെ ഓരോ നീക്കവും. ആദ്യ മിനുട്ടില്‍ തന്നെ അവര്‍ സ്പെയിനിന്റെ ഗോള്‍ മുഖത്തേക്ക് ആഞ്ഞടിച്ചു. കഷ്ടിച്ചാണ് സ്പെയിന്‍ ഇതില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതിന് ഫലം കാണാന്‍ 20 മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. വളരെ ആസൂത്രിതവും മനോഹരവുമായിരുന്നു ആ ഗോളിലേക്കുള്ള നീക്കം. വിദാലും സാഞ്ചസും ചേര്‍ന്ന് നടത്തിയ നല്ല പാസുകള്‍ സ്പെയിനിന്റെ പ്രതിരോധ നിരയെ മറികടന്ന് അരാഞ്ചാസിന് ലഭിച്ചതില്‍ നിന്നാണ് ആദ്യത്തെ ഗോള്‍ പിറക്കുന്നത്. അതിനു ശേഷം സ്പെയിന്‍ പ്രതിരോധ നിര ശക്തമായ സമ്മര്‍ദ്ധത്തിലായിരുന്നു. സാഞ്ചസിന്‍റെ എല്ലാ നീക്കങ്ങളെയും നിയന്ത്രിക്കാന്‍ ശരിക്കും പാടുപെടുന്നുണ്ടായിരുന്നു അവര്‍. ആദ്യ മത്സരത്തിലെപ്പോലെ തന്നെ ഡീഗോ കോസ്റ്റയ്ക്ക് ഈ മത്സരത്തിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. സാഞ്ചസിനെ ഫൌള്‍ ചെയ്തതില്‍ നിന്ന് കിട്ടിയ ഫ്രീ കിക്കില്‍ നിന്നാണ് രണ്ടാമത്തെ ഗോളിന്റെ തുടക്കം. മുന്‍ മത്സരങ്ങളില്‍ സംഭവിച്ചത് പോലെ ഈ ഗോളും കാസിയയുടെ പിഴവില്‍ നിന്നാണ് ഉണ്ടായത്. ഗോള്‍ മുഖത്തേക്ക് വന്ന ഫ്രീ കിക്ക് കുത്തി സൈഡിലേക്ക് ഇടുന്നതിന് പകരം കാസിയ എതിരാളികളുടെ മുന്നിലേക്ക് തട്ടിയിടുകയാണ് ചെയ്തത്. അത് അരാഞ്ചസ് മുതലെടുക്കുകയായിരുന്നു. ഡി കോസ്റ്റയും റാമോസുമൊക്കെ സ്പെയിനിന് കിട്ടിയ അവസരങ്ങള്‍ പാഴാക്കി കൊണ്ടിരുന്നു. ചിലിയുടെ ഗോളി ബ്രാവോയുടെ മികച്ച സേവുകളും ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് അവരെ രക്ഷപ്പെടുത്തി.

കൊളംബിയ-ഐവറികോസ്റ്റ്
കൊളംബിയയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തില്‍ അവര്‍ക്ക് മേധാവിത്തമുള്ള കളിയായിരുന്നു ഇത്. ആദ്യ അവസരം കിട്ടിയത് കൊളംബിയയ്ക്കാണ്. 21-ആം മിനുട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ  ഗ്വിറ്റെറെസിന് കിട്ടിയ അവസരം ഗോളാകാന്‍ പറ്റാത്തത് വലിയ പിഴവായിപ്പോയി. രണ്ടു ടീമുകളും 4-2-3-1 എന്ന ഫൊര്‍മേഷനിലാണ് കളിച്ചത്. തുടക്കത്തിലെ ഗോള്‍ വഴങ്ങാതിരിക്കുക എന്ന മനോഭാവം രണ്ടു ടീമും പുലര്‍ത്തിയതായി കാണാന്‍ പറ്റും. എങ്കിലും തങ്ങളുടെ വേഗത്തിലും തന്ത്രത്തിലും എതിരാളികളുടെ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചു വിടുന്നതില്‍ കൊളംബിയ മുന്നിലായിരുന്നു. ആക്രമണം തന്നെയാണ് നല്ല പ്രതിരോധം എന്ന രീതിയിലായിരുന്നു അവര്‍ എതിരാളിയെ നേരിട്ടത്. പ്രതിരോധ നിരയിലെ സോക്കോറയെയും ബാമ്പയെയും സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ മധ്യ നിരയില്‍ കൃത്യമായി പന്തെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മധ്യ ഭാഗത്തെ ഫലവത്തായി ഉപയോഗിയ്ക്കുന്ന ടീമുകളാണ് വിജയം കാണുന്നത്. ഇത്തവണ ഇതില്‍ വിജയം കണ്ടത് കൊളംബിയ തന്നെ. പെട്ടെന്നുള്ള പാസുകളും നീക്കങ്ങളും അതിന്‍റെ തെളിവായിരുന്നു. മുന്‍നിരയില്‍ പന്തെത്തിക്കുന്നതില്‍ കൊളംബിയയുടെ പ്രതിരോധ നിര വിജയിച്ചു. സഹായത്തിനായി കൂടുതല്‍ കളിക്കാര്‍ മുന്നേറ്റ നിരയില്‍ എത്തിക്കുന്നതിലും കൊളംബിയ ശ്രദ്ധിച്ചു. എന്നാല്‍ ഐവറി കൊസ്റ്റിന്റെ മധ്യനിരയിലെ കളിക്കാര്‍ എതിരാളികളെ തടയുന്നതില്‍ മിടുക്കന്‍മാര്‍ ആയിരുന്നെങ്കിലും നല്ല ആസൂത്രകരായിരുന്നില്ല. ഐവറി കൊസ്റ്റിന് മധ്യനിരയില്‍ക്കൂടി ആക്രമിക്കാന്‍ സാധിക്കാത്തതിനാല്‍ വിംഗുകളിലൂടെയാണ് അവര്‍ മുന്നേറിയത്. അവസാന മിനുട്ടുകളില്‍ ശക്തമായ ആക്രമണം ഐവറികോസ്റ്റ് നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

ഉറുഗ്വെ-ഇംഗ്ലണ്ട്
നിര്‍ണ്ണായകമായ ഈ മത്സരത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ മുന്‍ ലൈനപ്പ് തന്നെ നിലനിര്‍ത്തിയപ്പോള്‍ ഉറുഗ്വെ അവരുടെ സൂപ്പര്‍ താരം സുവാരസിനെ കളത്തിലിറക്കി. സുവാരസിന്‍റെ സാന്നിധ്യം എതിര്‍ ടീമിന് എത്രത്തോളം മാരകമാണ് എന്നു തെളിയിക്കുന്നതായിരുന്നു ഈ മത്സരം. ഇംഗ്ലണ്ടിനെതിരെ രണ്ടു ഗോളുകള്‍ നേടുകയും ചെയ്തു. കോസ്റ്റാറിക്കയോടുള്ള തോല്‍വിക്ക് ശേഷം ഉറച്ച തീരുമാനത്തോടെയാണ് ഉറുഗ്വെ ഇംഗ്ലണ്ടിനെ നേരിട്ടത്. റൂണിയുടെ സമനില ഗോള്‍ നേടിയ ഇംഗ്ലണ്ട് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ പ്രതീക്ഷ അവര്‍ക്ക് നിലനിര്‍ത്താനായില്ല. ആത്മവിശ്വാസത്തിന്‍റെ കുറവ് ഇംഗ്ലണ്ട് ടീമില്‍ പ്രത്യക്ഷമായിരുന്നു. പലപ്പോഴും ക്ഷീണിതരായത് പോലെ അവര്‍ കാണപ്പെട്ടു. ഉറുഗ്വേയുടെ ഗോളി നീട്ടി അടിച്ച പന്ത് മധ്യ രേഖയ്ക്ക് ഇപ്പുറത്ത് സര്‍വ്വ സ്വതന്ത്രനായി നില്‍ക്കുന്ന സുവാരസിന് ലഭിക്കുകയും അതു വളരെ ഭംഗിയായി അയാള്‍ ഗോളാക്കുകയും ചെയ്തു. മുന്‍ മത്സരത്തില്‍ കളിച്ചതില്‍ നിന്നും വ്യത്യസ്തമായി റൂണി ആക്രമണത്തില്‍ മൂര്‍ച്ച കൂട്ടിയെങ്കിലും അതില്‍ നിന്ന് മികച്ച നേട്ടം കൊയ്യാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.

ഇറ്റലി-കോസ്റ്റാറിക്ക
മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഡി ഗ്രൂപ്പില്‍ നിന്ന് ഇറ്റലിക്കും ഇംഗ്ലണ്ടിനുമാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ എത്ര വ്യത്യസ്തമാണ് കോസ്റ്റാറിക്കയുടെ അരങ്ങേറ്റം എന്ന് നോക്കുക. ശക്തരായ ഉറുഗ്വേയും ഇറ്റലിയെയും തോല്പ്പിച്ചു 6 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 44-ആം മിനുറ്റില്‍ ബ്രയാന്‍ റൂയിസ് നേടിയ ഗോളാണ് ഇറ്റലിയെ കീഴടക്കിയത്. ബ്രയാന്‍ റൂയിസിന്റെ ഗോളിന്റെ പ്രഹരം ഏറ്റത് ശരിക്കും ഇംഗ്ലണ്ടിനാണ്. അതോടെ ഇംഗ്ലണ്ട് ഈ ഗ്രൂപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമില്‍ ഒന്നായി. കോസ്റ്റാറിക്കയെ അത്ര കാര്യമാക്കാതെ കളിച്ചുവോ എന്ന്‍ തോന്നല്‍ ഇറ്റലിയുടെ പ്രകടനത്തില്‍ നിഴലിച്ചിരുന്നു. മധ്യനിരയില്‍ പരിചയ സമ്പന്നനായ പിര്‍ലോ ആക്രമണത്തിന് നേതൃത്വം കൊടുത്തെങ്കിലും ബലോട്ടേല്ലിക്ക് അതെറ്റെടുക്കാന്‍ കഴിഞ്ഞില്ല. അടുത്ത മത്സരത്തില്‍ അവരുടെ പ്രകടനത്തെ ഈ കളി എത്രത്തോളം ബാധിക്കും എന്നു ചിന്തിക്കേണ്ട തരത്തില്‍ ആ കളി മാറുകയായിരുന്നു.

ഫ്രാന്‍സ്–സ്വിറ്റ്സര്‍ലണ്ട്
ലോക റാങ്കിംഗില്‍ ആറാം റാങ്കുകാരായ സ്വിസും പതിനേഴാം റാങ്കുകാരായ ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിന്റെ ഫലം അപ്രതീക്ഷിതമായിരുന്നു. 5-2നാണ് സ്വിസിനെ ഫ്രാന്‍സ് പരാജയപ്പെടുത്തുന്നത്. ആദ്യ ഗോളിന് ഉടമയും മൂന്നാം ഗോളിന് വഴിതുറന്ന കളിക്കാരനുമായ ഒളിവര് ജീറൌഡ് ആദ്യ പകുതിയിലെ മേധാവിത്തം ഫ്രാന്‍സിന് ഉറപ്പിച്ചു കൊടുത്തത്. ഫ്രാന്‍സിന് കിട്ടിയ പെനാല്‍റ്റി തര്‍ക്കത്തിന് ഇടയാക്കിയെങ്കിലും ബെന്‍സെമാ എടുത്ത കിക്ക് സ്വിസ് ഗോളി ബെനഗ്ലിയോ രക്ഷപ്പെടുത്തി. സ്വിസ് ഗോള്‍ കീപ്പറുടെ മികച്ച റിഫ്ലക്ഷനും റിയാക്ഷനും എടുത്തു പറയേണ്ടുന്നതാണ്. ആദ്യപകുതിയില്‍ മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും ഗോളിയുടെ മികവാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞത്. സ്വിറ്റ്സര്‍ലാണ്ടിന്റെ ചെറുപ്പക്കാരുടെ നിരക്ക് ഫ്രാന്‍സിന്റെ വേഗതയും കരുത്തും ചെറുക്കാന്‍ സാധിച്ചില്ല. 1958ലെ ലോകകപ്പ് മത്സരത്തിന് ശേഷം ഫ്രാന്‍സ് ഇതാദ്യമായാണ് 5 ഗോളുകള്‍ നേടുന്നത് തന്നെ.

അര്‍ജന്‍റീന-ഇറാന്‍
ആദ്യ മത്സരത്തില്‍ നിലവാരത്തിലെത്തിയില്ല എന്ന വിമര്‍ശനം നേരിട്ട അര്‍ജന്‍റീന ഇറാനെതിരെ മികച്ച മത്സരം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ മത്സരം. ശക്തരായ അര്‍ജന്‍റീനയെ 90 മിനുട്ടും പിടിച്ചു നിര്‍ത്തിയ ഇറാനിയന്‍ കളിക്കാരുടെ വാശി ഒന്നു വേറെ തന്നെയായിരുന്നു. ഇറാന്‍ ഉയര്‍ത്തിയ പ്രതിരോധത്തെ മറികടക്കാന്‍ മെസിക്കും കൂട്ടര്‍ക്കുമായില്ല എന്നു തന്നെ പറയേണ്ടിവരും. മാത്രമല്ല അര്‍ജന്‍റീനയുടെ പ്രതിരോധ നിരയെ മറികടക്കാന്‍ പലപ്പോഴും ഇറാന്‍ മുന്നേറ്റ നിരയ്ക്ക് സാധിക്കുകയും ചെയ്തു. ഇഞ്ചുറി ടൈമില്‍ മെസി തന്നെ ഇത്തവണയും രക്ഷകനാവുകയായിരുന്നു.  ആദ്യ പകുതിയില്‍ പന്ത് തങ്ങളുടെ കൈവശം വെയ്ക്കാന്‍ അര്‍ജന്‍റീനയ്ക്ക് സാധിച്ചെങ്കിലും ഇറാന്‍ പ്രതിരോധ നിരയെ മറി കടക്കാന്‍ അവര്‍ക്കായില്ല. മൂന്നോളം കളിക്കാരാല്‍ വലയം ചെയ്യപ്പെട്ട മെസിക്ക് കൂടുതലൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആ അവസരത്തില്‍ അഗ്വേറിയക്ക് കീട്ടിയ പന്ത് ചെറിയ പിഴവില്‍ നഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു. ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ ശ്രദ്ധിച്ച ഇറാന്‍ രണ്ടാം പകുതിയില്‍ ആക്രമിച്ചുകളിക്കാന്‍ ശ്രമിക്കുക തന്നെ ചെയ്തു.

ജര്‍മ്മനി-ഘാന
വളരെ വാശിയേറിയ മത്സരം. ജര്‍മ്മനി ആദ്യം തന്നെ ഗോള്‍ നേടിയെങ്കിലും പിന്നീട് ഘാന രണ്ടു ഗോള്‍ അടിച്ചു ലീഡ് ഉയര്‍ത്തുകയായിരുന്നു. ഇത് ജര്‍മ്മനിയുടെ നില പരുങ്ങലിലാക്കി. പകരക്കാരനായി ഇറങ്ങിയ ക്ലോസ് നേടിയ ഗോള്‍ ജര്‍മ്മനിക്ക് സമനില നല്കി. തങ്ങള്‍ ശക്തരാണ് എന്നു തെളിയിക്കുന്ന പ്രകടനമാണ് ഘാന പുറത്തെടുത്തത്. ജര്‍മ്മനി അവരുടെ ത്രികോണ ആകൃതിയിലുള്ള സ്ഥാനമെടുപ്പ്  സ്വീകരിച്ചുകൊണ്ടുള്ള കളി തന്നെയാണ് പുറത്തെടുത്തത്. പിന്നില്‍ നിന്ന് ഏതെങ്കിലും കളിക്കാരനിലൂടെ ബോള്‍ മുന്‍പിലെത്തിച്ച് ഗോള്‍ നേടാനുള്ള ശ്രമം നടത്തിയെങ്കിലും ക്ലോസയും ഓസിലും പലപ്പോഴും വിജയിച്ചില്ല. ഘാനയുടെ വേഗതയും ചടുലതയും ആദ്യ പകുതിയില്‍ ജര്‍മ്മനിയെ വെള്ളം കുടിപ്പിച്ചു. എന്നാല്‍ തോമസ് മുള്ളര്‍ ഘാനയ്ക്ക് പലപ്പോഴും തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.

യു എസ് – പോര്‍ച്ചുഗല്‍
യു എസ് – പോര്‍ച്ചുഗല്‍ മത്സരം വളരെ ആവേശകരമായിരുന്നു. അമേരിക്ക രണ്ടാം പകുതിയില്‍ ജേര്‍മെയിന്‍ ജോണ്‍സിലൂടെയും ഡെമ്പേസിയിലൂടെയും നേടിയ രണ്ടു ഗോളുകള്‍ക്ക് വിജയം നേടുകയായിരുന്നു. ആദ്യ പകുതിയില്‍ മൈക്കല്‍ ബ്രാഡ്ലിയും ഫാബിയോ ജോണ്‍സും നല്ല രണ്ടു നീക്കങ്ങള്‍ പോര്‍ച്ചുഗല്‍ ഗോള്‍ മുഖത്ത് നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. അഞ്ചാം മിനുട്ടില്‍ ഗോള്‍ വീണതിന് ശേഷം അമേരിക്ക ഒരു ടീമെന്ന നിലയില്‍ നന്നായി പൊരുതി കളിച്ചു. ഇതിനിടയില്‍ ഗോളെന്ന് തോന്നിയ രണ്ടു ഷോട്ടുകള്‍ അമേരിക്കന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ദിശ തെറ്റി വന്ന നാനിയുടെ തകര്‍പ്പന്‍ അടിയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഏഡര്‍ അടിച്ച പന്ത് ക്രോസ് ബാറിനു മുകളിലേക്ക് തട്ടിയകറ്റുകയായിരുന്നു. സൂസിയെടുത്ത കോര്‍ണര്‍കിക്ക് മനോഹരമായ വളഞ്ഞ അടിയിലൂടെ ഗോളാക്കുകയായിരുന്നു അമേരിക്കയ്ക്ക് വേണ്ടി ജോണ്‍സ്. 66-ആം മിനുട്ടില്‍ പോര്‍ച്ചുഗലിന് ലഭിച്ച നല്ലൊരു അവസരം അമേരിക്കയുടെ ഗോളി രക്ഷപ്പെടുത്തി. നാനിയുടെയും ഏദെറിന്റെയും തകര്‍പ്പന്‍ ഷോട്ടുകള്‍ യു എസ് ഗോള്‍ കീപ്പര്‍ മികച്ച സേവിലൂടെ രക്ഷിക്കുകയായിരുന്നു. യു എസ് മൂന്ന് പോയിന്‍റ് നേടി എന്നു കരുതിയിരിക്കുമ്പോഴാണ് 94ആം മിനുട്ടില്‍ റോണാള്‍ഡോ ഒരു കര്‍വ് പാസിലൂടെ പന്ത് വരേലയ്ക്ക് നല്കുകയും വരേല തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയും ചെയ്തത്. ഇതോടെ ലോകകപ്പിലെ മരണ ഗ്രൂപ്പായി ജി ഗ്രൂപ്പ് മാറി.

ബെല്‍ജിയം-റഷ്യ
വളരെ വാശിയോടുകൂടി തന്നെ മത്സരാന്ത്യം വരെ ബെല്‍ജിയം പോരാടിയെങ്കിലും അത്ര നിലവാരമുള്ള മത്സരമായിരുന്നില്ല ബെല്‍ജിയവും റഷ്യയും തമ്മില്‍ നടന്നത്. ബല്‍ജിയത്തിന്‍റെ മുന്നേറ്റ നിരയില്‍ ആദ്യ പകുതിയില്‍ തിളങ്ങിയത് മെര്‍ടെന്‍സ് തന്നെ ആയിരുന്നു. കളിയുടെ അവസാന പത്തു മിനുട്ടില്‍ ബെല്‍ജിയം ആക്രമിച്ചു കളിക്കുക തന്നെ ചെയ്തു. അതിന്‍റെ ഫലമാണ് 88-ആം മിനുട്ടില്‍ അവര്‍ നേടിയ ഗോള്‍. കളിയുടെ ചുക്കാന്‍ പിടിച്ച ഏഡന്‍ ഹസാര്‍ഡാണ് ഗോളിന് വഴിയൊരുക്കിയത്. ബെല്‍ജിയം നിരയിലെ പ്രതീക്ഷയുണര്‍ത്തുന്ന കളിക്കാരനായ ഒറിഗിക്ക് വളരെ സമര്‍ത്ഥമായി അത് ഗോളാക്കാന്‍ കഴിയുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍