UPDATES

സാംബ- 2014

റൊണാള്‍ഡോവിനെപ്പോലെ നഗ്നനാവാന്‍ മെസ്സിക്കാവുമോ?

Avatar

ആരന്‍ റിക്കാഡെല
(ബ്ലൂംബര്‍ഗ്)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോഡലായ നൈക്കിയുടെ പുതിയ ലോകകപ്പ് പരസ്യം 4 ദിവസംകൊണ്ട് 78 ദശലക്ഷം ആളുകളാണ് കണ്ടത്. തുടര്‍ന്നത് ടെലിവിഷനില്‍ കാണിക്കാന്‍ തുടങ്ങി.

പന്തുകളി പ്രേമികള്‍ ഏറെപ്പേരും ലോകകപ്പ് ടി വിയില്‍ തന്നെ കാണുമെങ്കിലും ഓണ്‍ലൈനില്‍ കച്ചവട യുദ്ധം പൊടിപൊടിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 25-നാണ് മാഡ്രിഡില്‍ നടന്ന ഒരു പരിപാടിയില്‍ ഷൂ നിര്‍മ്മാതാക്കളായ നൈക്കി തങ്ങളുടെ പുതിയ ഉത്പ്പന്നത്തിന്റെ 4 മിനിറ്റ് പരസ്യം യു ട്യൂബിലും ഫെയ്സ്ബുക്കിലും നല്കിയത്. ട്വിറ്ററിലെ ഏറ്റവും  കൂടുതല്‍ ആരാധകരുള്ള പന്തുകളിക്കാരന്‍ റൊണാള്‍ഡോമണിക്കൂറുകള്‍ക്കുള്ളില്‍ അത് തന്റെ 26 ദശലക്ഷംവരുന്ന ട്വിറ്റര്‍ ആരാധകര്‍ക്കായി നല്കി. ഏപ്രില് 29 വരെ പരസ്യത്തിന്റെ ചെറുരൂപംപോലും ടി വിയില്‍ കാണിച്ചില്ല.

“ഞാനിവിടെ അവതരിപ്പിച്ചത് ഒരു നിമിഷത്തിനുള്ളില്‍ ലോകമാകെ എത്തുമെന്ന് എനിക്കുറപ്പാണ്,” എന്നാണ് മാഡ്രിഡില്‍ നൈക്കിയുടെ ബ്രാന്‍ഡ് പ്രസിഡണ്ട് ട്രെവര്‍ എഡ്വാര്‍ഡ്സ് പറഞ്ഞത്. ഫുട്ബോള്‍ ഉത്പ്പന്നങ്ങളുടെ വിപണിയില്‍ അഡിഡാസുമായുള്ള  യുദ്ധത്തില്‍ ഉപഭോക്താക്കളെ വലവീശാന്‍ തങ്ങളിപ്പോള്‍ ടി വി പരസ്യങ്ങളേക്കാള്‍ ട്വിറ്ററും ഫെയ്സ്ബുക്കുമാണ് ഉപയോഗിക്കുന്നതെന്ന് നൈക്കി പറയുന്നു. ഫുട്ബോള്‍ ഉത്പ്പന്ന വിപണി ഈ വര്‍ഷം 8%, അതായത് 17 ബില്ല്യണ്‍ ഡോളര്‍ വളര്‍ച്ച നേടും എന്നാണ് കണക്കുകൂട്ടുന്നത്.

ഈ ലോകകപ്പില്‍ ഇന്‍റര്‍നെറ്റ് പരസ്യങ്ങളിലാണ് അഡിഡാസിന്‍റെയും ശ്രദ്ധ. കമ്പനി സി ഇ ഒ ഹെര്‍ബര്‍ട് ഹെയ്നര്‍ പറയുന്നത് ഇത്തവണ അവരുടെ മാധ്യമ ചെലവിന്റെ പകുതിയും ഓണ്‍ലൈനിലാണ് എന്നാണ്. ദക്ഷിണാഫ്രിക്കയില്‍ (2010) ഇത് ചെലവിന്റെ അഞ്ചിലൊന്നായിരുന്നു. പന്തുകളിയുടെ പരസ്യത്തിന് എത്ര ചെലവാക്കുന്നു എന്നു നൈക്കിയോ അഡിഡാസോ വെളിപ്പെടുത്തുന്നില്ല.

ലോകകപ്പ് പരസ്യ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് വന്നിട്ടില്ലെങ്കിലും ആഗോള ചെലവില്‍ ഓണ്‍ലൈന്‍ പരസ്യ ചെലവ് വളരെ വേഗം ടി വിക്കൊപ്പം എത്തുന്നുണ്ട്. ഇ-മാര്‍ക്കറ്റര്‍ കണക്കാക്കുന്നത് കോര്‍പ്പറേഷനുകള്‍ ഇത്തവണ ടി വിയില്‍ 68.5 ബില്ല്യണ്‍ ഡോളറും ഓണ്‍ലൈനില്‍ 56 ബില്ല്യണ്‍ ഡോളറും പരസ്യത്തിനായി കത്തിക്കും എന്നാണ്. ദക്ഷിണാഫ്രിക്കയില്‍ ഓണ്‍ലൈനിലെ  പരസ്യച്ചെലവിനെക്കാള്‍ ഇരട്ടിയിലേറെയായിരുന്നു ടെലിവിഷനിലെപരസ്യങ്ങള്‍. ഈ അവസ്ഥ തുടര്‍ന്നാല്‍, 2018-ല്‍ റഷ്യയില്‍ പന്തുരുളുമ്പോള്‍ ടി വിയേക്കാള്‍ 17% കൂടുതല്‍ തുക പരസ്യത്തിനായി വെബില്‍ ചെലവഴിക്കും.

“2010-നു ശേഷം ലോകകപ്പിന്റെ വിപണി പാടെ മാറി. നാലു വര്‍ഷം മുമ്പ് പ്രധാനകേന്ദ്രം ടെലിവിഷനായിരുന്നു. ഇത്തവണ ഇതൊരു മൊബൈല്‍ ലോകകപ്പാണ്,” ഫെയ്സ്ബുക് മാര്‍ക്കറ്റിംഗ് എക്സിക്യുടീവ് കരോളിന്‍ എവേഴ്സണ്‍ പറയുന്നു.

വെബില്‍ ലോകകപ്പ് പരസ്യങ്ങള്‍ ഇടുന്നതില്‍ യുക്തിയുണ്ട്. കഴിഞ്ഞ 4 കൊല്ലത്തില്‍ ലോകകപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഒളിംപ്കിസും, സൂപ്പര്‍ ബൌളും, ടൂര്‍ ഡേ ഫ്രാന്‍സും ഒന്നിച്ചുകൂട്ടിയാലുള്ള അന്വേഷണങ്ങളെ കവച്ചുവെച്ചു എന്നാണ് ഗൂഗിള്‍ വെളിപ്പെടുത്തുന്നത്.

എന്നാലും, ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ പന്തുകളി മാമാങ്കം ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന-അതിലേറെപ്പേരും ടെലിവിഷനില്‍- കാണുന്ന സംഭവമാണ്. ജൂലായ് 13-നു നടക്കുന്ന കിരീടപോരാട്ടം ഏതാണ്ട് 400 ദശലക്ഷം ജനങ്ങള്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. 64 കളികളില്‍ ഓരോന്നിനും മറ്റേത് കായികവിനോദത്തെക്കാളും കൂടുതല്‍ കാണികളുണ്ടാകും.

സ്മാര്‍ട്ഫോണുകളുടെ വരവ് കളിക്കമ്പക്കാരുടെ കളി കാണുന്ന ശീലങ്ങളില്‍ പല മാറ്റവും വരുത്തിയിരിക്കുന്നു. 2010-ലെ ലോകകപ്പ് ഫൈനലില്‍ ഹോളണ്ടും സ്പെയിനും ഏറ്റുമുട്ടിയപ്പോള്‍ അതുസംബന്ധിച്ച ഗൂഗിള്‍ അന്വേഷണങ്ങള്‍ ഏറെയും വന്നത് കളിക്കുശേഷം PC-കളില്‍ നിന്നായിരുന്നു.

എന്നാല്‍ ഇത്തവണത്തെ യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മാഡ്രിഡും ബയേന്‍ മ്യൂണിക്കും തമ്മില്‍ കളി നടക്കുമ്പോള്‍ തന്നെ സ്മാര്‍ട്ഫോണുകളും ടാബ്ലെറ്റുകളും വഴിയാണ് അന്വേഷണങ്ങള്‍ തകൃതിയായി നടന്നത്.

ലോകകപ്പ് ചിത്രങ്ങളും ദൃശ്യങ്ങളും ഉടനടി വെബില്‍ പോസ്റ്റ് ചെയ്യാനായി അഡിഡാസ് ഷാങ്ഹായും മോസ്കോയും അടക്കം ലോകത്തെ 5 പ്രധാന നഗരങ്ങളില്‍ മീഡിയ ന്യൂസ്റൂമുകള്‍ ഒരുക്കുന്നു. കോപിറൈറ്റര്‍മാരും, സംവിധായകര്‍, ഛായാഗ്രാഹകരുമെല്ലാം ഇവിടെ സദാ സന്നദ്ധരായിരിക്കും. സോഷ്യല്‍ മീഡിയ സജ്ജമാക്കാന്‍ യു.എസ്, ചൈന, ബ്രസീല്‍ എന്നിവയടക്കമുള്ള രാജ്യങ്ങളില്‍ 250 പേരെ നൈക്കി വിന്യസിക്കുന്നുണ്ട്.

ഫെയ്സ്ബുകിന്റെ കണക്ക് പ്രകാരം അവരുടെ 1.38 ബില്ല്യണ്‍ ഉപയോക്താക്കളില്‍ 500 ദശലക്ഷം പേര്‍ പന്തുകളി ഭ്രാന്തന്‍മാരാണ് . അതിലെ 110 ദശലക്ഷം പേരാകട്ടെ 13-നും 34-നും ഇടക്ക് പ്രായമുള്ളവരും. പരസ്യക്കാരുടെ കണ്ണു തള്ളാന്‍ ഇതിലേറെ ഇനിയെന്തുവേണം! ഫെയ്സ്ബുക് പുറത്തിറക്കിയ പുതിയ സംവിധാനമുപയോഗിച്ച് ലോകകപ്പിനെ കുറിച്ചു പരാമര്‍ശിക്കുന്നവരുടേത്  പോലുള്ള കൂട്ടര്‍ക്കും, എന്തിന് പന്തുകളി തലക്ക് പിടിച്ച മക്കളുള്ള അമ്മമാരിലേക്കും വരെ, ഈ പരസ്യങ്ങള്‍ എത്തിക്കാനാവും.

നൈകിയുടെ ഡിജിറ്റല്‍ ചടുലത റൊണാള്‍ഡോയുമായി അവര്‍ കരാറൊപ്പിട്ടതില്‍ നിന്നും വ്യക്തമാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പന്തുകളിക്കാരന്‍ മാത്രമല്ല കായികതാരവും റൊണാള്‍ഡോയാണ്. എന്തിന്, ആരാധകപ്പെരുപ്പത്തില്‍ ട്വിറ്റര്‍ ആകെയെടുത്താലും അയാള്‍ 14-ആം സ്ഥാനത്തുണ്ട്. പക്ഷേ, അഡിഡാസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മെസ്സിക്കാകട്ടെ ഒരു ട്വിറ്റര്‍ എക്കൌണ്ട് പോലും ഇല്ല എന്നതാണു വൈരുദ്ധ്യം!

കഴിഞ്ഞ മെയ് മാസത്തില്‍ അവസാനിച്ച വര്‍ഷത്തില്‍ നൈക്കിയുടെ പന്തുകളി ഉത്പ്പന്ന വില്‍പ്പന 2 ബില്ല്യണ്‍ ഡോളര്‍ കവിഞ്ഞു. പടിഞ്ഞാറന്‍ യൂറോപ്പിലെ അവരുടെ പാദരക്ഷകളുടെ വില്‍പ്പനയും ഫെബ്രുവരിയില്‍ അവസാനിച്ച ത്രൈമാസത്തില്‍ 24% കുതിച്ചുയര്‍ന്നു. പന്തുകളി വരുമാനം 2 ബില്ല്യണ്‍ യൂറോവില്‍ എത്തിക്കാമെന്നാണ് അഡിഡാസിന്റെ കണക്കുകൂട്ടല്‍. ഷൂ, ജഴ്സി തുടങ്ങിയവയുടെ വില്‍പ്പനയില്‍ 27% വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

എന്നാലും ഗോള്‍ഫ് കച്ചവടത്തിലുണ്ടായ വരുമാന നഷ്ടവും ശക്തമായ യൂറോയും അഡിഡാസിന്റെ ആദായം 16% കണ്ടു കുറച്ചു. വിപണന തന്ത്രങ്ങളില്‍ നൈക്കിയെ മറികടക്കാനാനാണ് അഡിഡാസിന്റെ ശ്രമം. എന്നാല്‍ മൈതാനത്ത് കാല്‍പ്പന്തുകളിയില്‍ റൊണാള്‍ഡോയെ മറികടക്കാമെങ്കിലും ഫാഷന്‍ മാസികയുടെ മുഖചിത്രത്തില്‍ പെണ്‍സുഹൃത്തിന്റെ പിന്നില്‍ നഗ്നനായി പ്രത്യക്ഷപ്പെടുന്ന റൊണാള്‍ഡോയെ പരസ്യയുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ മെസ്സിക്കാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍