UPDATES

സാംബ- 2014

ലോകമിന്ന് മെസിയുടെ കാലുകളിലേക്ക്-എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇന്നത്തെ പ്രധാന രണ്ടു മത്സരങ്ങള്‍ അര്‍ജന്റീനയും ബോസ്‌നിയയും ഫ്രാന്‍സും ഹോണ്ടുറാസും തമ്മിലുള്ളതാണ്. ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെയാവും അര്‍ജന്റീന കളത്തില്‍ ഇറങ്ങുന്നതു കാത്തിരിക്കുന്നത്. എന്തായാലും ഇത്തവണ താരതമ്യേന പ്രയാസം കുറഞ്ഞ ഗ്രൂപ്പിലാണ് അര്‍ജന്റീന ഉള്‍പ്പെട്ടിരിക്കുന്നത്. പോരാത്തതിന് ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്ന ലോക കപ്പും. ചരിത്രം പരിശോധിച്ചാല്‍ പുറത്തു നിന്നൊരു ശക്തി ലാറ്റിന്‍ അമേരിക്കയില്‍ വന്ന് കിരീടം കൊണ്ടുപോയിട്ടില്ല. ചരിത്രത്തിന്റെ ഈ പിന്‍ബലവും ലോകകപ്പിലെ അനുഭവ പരിചയവും അര്‍ജന്റീനയ്ക്ക് തുണയാകുമെങ്കിലും ബോസ്‌നിയായുമായുള്ള ആദ്യമത്സരം അത്ര എളുപ്പമൊന്നുമാകില്ല. കാരണം ബോസ്‌നിയ ശക്തമായ ടീം എന്നതു തന്നെ. 

മെസിയുടെ കാലുകളിലായിരിക്കും ലോകത്തിന്റെ മുഴുവന്‍ നോട്ടമെങ്കിലും മെസി ക്ലബ് ഫുട്‌ബോളിലെ മാത്രം മിശിഹ ആണെന്നൊരു അപവാദം പേറിയായിരിക്കും ഇത്തവണയും മെസി കളിക്കളത്തില്‍ ഇറങ്ങുക. എന്തായാലും മെസിയുടെ കാലുകള്‍ എത്ര തവണ ലക്ഷ്യം കാണുമെന്നത് അര്‍ജന്റീനയെ സംബന്ധിച്ച് വിലപ്പെട്ട കാര്യം തന്നെയാണ്. മെസിയെ ഏതു പോസിഷനിലായിരിക്കും കോച്ച് കളത്തില്‍ ഇറക്കുന്നതെന്നതും വളരെ പ്രധാനമായിരിക്കും. മെസിയുടെ കാലുകളെ മാത്രമല്ല അര്‍ജന്റീനയ്ക്ക് വിശ്വസിക്കാവുന്നത്.പാബ്ലോ സാബെല്‍ട്ട, എയ്ഞ്ചല്‍ ഡി മരിയ, ഹിഗ്വയന്‍,അഗ്വേറ എന്നിവരും കോച്ച് അലസാണ്ട്രോ സാബെല്ലയുടെ കരുത്താണ്. 

അര്‍ജന്റീന ഗോളടിക്കുമെന്നത് ഉറപ്പാണ്. എന്നാല്‍ ഗോള്‍ വഴങ്ങുന്നത കാര്യത്തില്‍ അവര്‍ ഒട്ടും മോശമല്ല. അതു തന്നെയാണ് അര്‍ജെന്റീനയുടെ പ്രധാന പോരായ്മയും. ലോകോത്തര സ്‌ട്രൈക്കേഴ്‌സും മിഡിഫീല്‍ഡര്‍മാരുള്ള അവരുടെ ഡിഫന്‍സും ഗോള്‍കീപ്പറും അത്ര പോര. ആ പോരായ്മ കോച്ച് എങ്ങിനെ പരിഹരിക്കുമെന്ന് കണ്ടറിയണം. 

മറുവശത്ത് പെട്ടെന്ന് കീഴടങ്ങാന്‍ ഒരുങ്ങിയായിരിക്കില്ല ബോസ്‌നിയ ഇറങ്ങുക.അവരുടെ രണ്ടു സ്‌ട്രൈക്കര്‍മാരും മികച്ച ഫോമിലാണ്.എഡിന്‍ സെക്കോയായിരിക്കും അവരുടെ കുന്തമുന. ഒരു മേല്‍ക്കോയ്മ അര്‍ജന്റീനയ്ക്ക് ഉണ്ടെങ്കിലും കാര്യങ്ങള്‍ അവര്‍ വിചാരിക്കുന്നത്ര എളുപ്പമാവില്ല.

ഇനി ഫ്രാന്‍സ്-ഹോണ്ടുറാസ് മത്സരം നോക്കാം. ഫ്രാന്‍സിന്റെ ടീം ലൈനപ്പില്‍ ആ ടീമിനെ സ്‌നേഹിക്കുന്നവര്‍ അത്രകണ്ട് ഹാപ്പിയായിരിക്കില്ല. പല പ്രമുഖ താരങ്ങളും പരിക്കുമൂലം പുറത്തായതാണ് അവര്‍ നേരിട്ട പ്രധാന പരാജയം. ഫ്രാങ്ക് റിബറി ഉള്‍പ്പെടെയുള്ള അവരുടെ സിനീയേഴ്സിന്‍റെ അഭാവം ആ ടീമിനെ കാര്യമായി തന്നെ ബാധിക്കാം. പാട്രിക് ഇവ്‌റ, പോള്‍ പോഗ്ബ,ഡിബൂച്ചി,ജിറൂഡ് യോഹാന്‍ കബായെ എന്നിവരിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍. ഡിഫന്‍സില്‍ അത്ര ശുഭകരവുമല്ല കാര്യങ്ങള്‍. അതുപോലെ അവരുടെ ക്യാപ്റ്റന്‍ കൂടിയായ ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്‍റെ ടോട്ടന്‍ഹാമിലെ പ്രകടനവും ഫ്രാന്‍സിന്റെ നെഞ്ചില്‍ തീ കോരിയിടാന്‍ തക്കതാണ്. 

ആദ്യമത്സരത്തില്‍ ഫ്രാന്‍സിന്റെ എതിരാളികളായി എത്തുന്ന ഹോണ്ടുറാസ് ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ക്വാളിഫൈ ചെയ്തവരാണ്. അതു തന്നെയാവും അവരുടെ കരുത്തും. ഇവാന്‍ കാര്‍ലോസ് ഗാര്‍ഷ്യ, വില്‍സണ്‍ പലാസിയോസ് എന്നിവരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ലാറ്റിന്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുന്നവരാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നതു തന്നെയാണ് ഹോണ്ടുറാസിന്റെ പോരാട്ട വീര്യം ഉയര്‍ത്തുന്ന കാര്യം. അതുകൊണ്ട് അവരെ പേടിച്ചേ മതിയാകൂ മറ്റു രാജ്യങ്ങള്‍. ഫ്രാന്‍സ് എന്തായാലും പേടിക്കണം.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍