UPDATES

സാംബ- 2014

ഒത്തുപിടിച്ചാല്‍ മറിച്ചിടാം, അര്‍ജന്‍റീനയേയും – ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇന്ന് നാലുകളികളിലായി എട്ടു ടീമുകള്‍ കളത്തിലിറങ്ങുകയാണ്. അതില്‍ രണ്ടു ടീമുകള്‍ക്കൊഴിച്ച് ബാക്കി ആറു ടീമുകള്‍ക്കുംഈ മത്സരങ്ങള്‍ നിര്‍ണയാകമാണ്. മറ്റു രണ്ടു ടീമുകളാകട്ടെ അത്താഴം മുടക്കാന്‍ തയ്യാറായവരും. എല്ലാം കൊണ്ടും ഇന്നത്തെ എല്ലാ മത്സരങ്ങളും കാണേണ്ടതു തന്നെ. 

അര്‍ജന്റീനയും നൈജീരിയയും തമ്മിലാണ് ആദ്യ മത്സരം. അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ആഫ്രിക്കന്‍ ടീമിന് പ്രി-ക്വാര്‍ട്ടില്‍ എത്താം. നൈജീരിയ തോല്‍ക്കുകയും ഇറാന്‍ ജയിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനക്കാരിയ നൈജീരിയ വരുമോ ഇറാന്‍ വരുമോ എന്നത് ഗോള്‍ ശരാശരി നോക്കി തീരുമാനിക്കേണ്ടി വരും. ഇവര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു റിസള്‍ട്ട്. ഇങ്ങിനെയൊരു ദുഃസ്ഥിതിയിലേക്ക് എത്താന്‍ നില്‍ക്കാതെ അര്‍ജന്റീനയ്‌ക്കെതിരേ ജയിക്കാന്‍ അല്ലെങ്കില്‍ സമനില നേടാന്‍ അവര്‍ ആഞ്ഞു ശ്രമിക്കും. ഇറാനെതിരെ സമനില വഴങ്ങിയെങ്കിലും ബോസ്‌നിയക്കെതിരെ അവര്‍ മികച്ച കളി പുറത്തെടുത്ത് വിജയം നേടിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക കളിക്കാരനെ കേന്ദ്രീകരിച്ചല്ല നൈജീരിയ കളിക്കുന്നത്. അവര്‍ ഒരു ടീമെന്ന നിലയില്‍ ഒത്തൊരുമ കാണിക്കുന്നു. അര്‍ജന്റീനയ്‌ക്കെതിരേ വിജയം നേടുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആനക്കാര്യമൊന്നുമില്ല. ഒത്തുപിടിച്ചാല്‍ മറിച്ചിടാവുന്ന ദുര്‍ബലതയിലുള്ളൊരു മല മാത്രമാണ് അര്‍ജന്റീനയെന്ന് അവര്‍ക്ക് അറിയാം. അതിനാല്‍ അവര്‍ ജയം തന്നെ ലക്ഷ്യമിട്ട് കളിക്കും. ആ ലക്ഷ്യം തകര്‍ക്കുക എന്നത് മെസിക്കും കൂട്ടര്‍ക്കും ഇന്ന് വലിയ വെല്ലുവിളി തന്നെയായിരിക്കും. 

ബോസ്‌നിയയോടു ചുമ്മാതൊരു വിജയം നേടുകയും ഇറാനോടു സമനിലയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തവരാണ് അര്‍ജന്റീന. ഒരേയൊരു മെസിയില്‍ അഭയം പ്രാപിച്ച് കളത്തിലിറങ്ങുന്ന ടീമാണ് അവരുടേത്. മെസിയൊഴിച്ച് ആരും കളിക്കുന്നില്ലെന്നതു തന്നെയാണ് അവരുടെ പ്രശ്‌നം. ഭൂരിഭാഗം സമയവും ഗ്രൗണ്ടില്‍ കറങ്ങി നടക്കുകയും ഒടുവില്‍ ഒരു ഗോളടിക്കുകയും ചെയ്യുന്നതാണ് മെസിയുടെ രീതി. മെസിയെ ഒരിക്കലും ചെറുതാക്കി കണിക്കുന്നതല്ല. ഇതല്ല മെസി; അതാണ് നിരാശ. പ്രതിരോധ നിര അവരെ കാക്കുന്നുണ്ട്. പിന്നെ ഗോളി റൊമേറിയോയും. അയാളുടെ പ്രകടനമാണ് ഇറാന്റെ കൈയില്‍ നിന്നും അര്‍ജന്റീനയെ രക്ഷപ്പെടുത്തിയത്. ഇന്ന് എങ്ങിനെയെങ്കിലും നൈജീരയെ തോല്‍പ്പിച്ച് പ്രി-ക്വാര്‍ട്ടില്‍ എത്തിയിട്ട് കാര്യമൊന്നുമില്ല. അവിടെ അവരെ കാത്തിരിക്കുന്നവര്‍ ഇപ്പോള്‍ കണ്ടതിലും ഭയങ്കരന്മാരാണ്.

അര്‍ജന്റീനയെ വിറപ്പിച്ച വിട്ട ഇറാനും ലോകകപ്പില്‍ നിന്ന് പുറത്തായ ബോസ്‌നിയയും തമ്മിലാണ് രണ്ടാമത്തെ മത്സരം. ബോസ്‌നിയയ്ക്ക് ഇനിയൊന്നും നഷ്ടപ്പെടാനില്ല; പ്രതീക്ഷിക്കാനും. പക്ഷെ, അവര്‍ക്ക് ഒന്നു ചെയ്യാനാകും. ഇറാനു നാട്ടിലേക്ക് മടക്ക ടിക്കറ്റെടുത്തു കൊടുക്കാന്‍. ബോസ്‌നിയ കന്നി വിജയം നേടിയാല്‍ പിന്നെ ഇറാനു രണ്ടാം റൗണ്ട് സ്വപ്‌നത്തില്‍ നിന്ന് ഉണരാം. എന്നാല്‍ ഇന്ന് ഇറാന്‍ ജയിക്കുമെന്നു തന്നെയായിരിക്കും അര്‍ജന്റീനയോട് തോറ്റ ആ മത്സരം കണ്ടവര്‍ക്കെല്ലാം തോന്നുക. അത്ര മനോഹരമായി അവര്‍ കളിച്ചു. നല്ല ആസൂത്രിത മികവ് അവരുടെ കളിക്കുണ്ട്. മികച്ച പ്രതിരോധവും. അതുകൊണ്ട് തന്നെ ജയിച്ച് എഷ്യന്‍ പ്രതിനിധിയായി പ്രി-ക്വാര്‍ട്ടില്‍ എത്താന്‍ തന്നെ ഇറാന്‍ കളിക്കും.

സ്വിറ്റ്‌സര്‍ലാന്‍ഡ്- ഹോണ്ടുറാസ് മത്സരമാണ് മൂന്നാമത്തേത്. ഹോണ്ടുറാസ് ആണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്കതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിനെ പുറത്താക്കാം. ഹോണ്ടുറാസ് ജയിക്കുകയും ഇക്വഡോര്‍ ഫ്രാന്‍സിനോട് തോല്‍ക്കുകയും ചെയ്താല്‍ മൂന്നുടീമിനും തുല്യ പോയന്‍റാകും. അങ്ങിനെ വരുമ്പോള്‍ ഫ്രാന്‍സിന് പിറകിലായി ഇക്വഡോര്‍ അടുത്ത റൗണ്ടിലേക്കുപോകും. സ്വിറ്റ്‌സര്‍ലന്‍ഡും ഹോണ്ടുറാസും നാട്ടിലേക്കും. അതിനു തയ്യാറല്ലെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഹോണ്ടുറാസിനെ തോല്‍പ്പിക്കണം. അത് അത്രവലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല. പക്ഷെ നന്നായി വിയര്‍പ്പൊഴുക്കണമെന്ന് മാത്രം. സ്വിസ് അകൗണ്ടിലേക്ക് ഹോണ്ടുറാസിന്റെ നിക്ഷേപമൊന്നും സ്വീകരിക്കാതെ തന്നെ അവര്‍ ജയിക്കട്ടെ.

ഫ്രാന്‍സ്- ഇക്വഡോര്‍ മത്സരമാണ് ഇനിയുള്ളത്. ഫ്രാന്‍സ് ഏറെക്കുറെ പ്രി-ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നു. ഒരു സമനിലയായാലും മതി ഇന്നവര്‍ക്ക്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ മുന്നോട്ടു പോകാം. ഈ ലോകകപ്പില്‍ വലിയ അവകാശവാദങ്ങളോ മാന്ത്രിക പാദങ്ങളുള്ള കളിക്കാരോ ഇല്ലാതെ വന്ന ടീമാണ് ഫ്രാന്‍സ്. നമ്മള്‍ വലിയ പ്രതീക്ഷകള്‍ കൊടുത്ത ടീമുകള്‍ ആ പ്രതീക്ഷകളോട് നീതിപുലര്‍ത്താതിരിക്കുകയും അത്രയൊന്നും പ്രതീക്ഷ നല്‍കാതിരുന്ന ഫ്രാന്‍സ് നന്നായി കളിക്കുന്നതുമാണ് ഇപ്പോള്‍ കാണുന്നത്. ബെന്‍സിമോ തന്നെയാണ് അവരുടെ നട്ടെല്ല്. മൂന്നുഗോളുകളുമായി കൂടുതല്‍ ഗോളടിച്ചവരില്‍ രണ്ടാം സ്ഥാനത്തുണ്ടയാള്‍. ബന്‍സിമോക്ക് ബോള്‍ എത്തിച്ചുകൊടുക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുന്നതും ഫ്രാന്‍സിന്റെ വിജയത്തില്‍ നിര്‍ണായകമാകുന്നുണ്ട്. ഒരുപാടു ദൂരം അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുമെന്നു തന്നെയാണ് വിശ്വാസം. ഈ വെല്ലുവിളി ഇന്ന് മറികടക്കനാണ് ഇക്വഡോര്‍ ശ്രമിക്കുക.  ജയിച്ചാല്‍ പിന്നെ അവര്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വെല്ലുവിളി പേടിക്കണ്ട. സ്വിറ്റ്‌സര്‍ലാന്‍ഡ് ഹോണ്ടുറാസിനോട് തോറ്റാല്‍ ഇന്ന് ഫ്രാന്‍സിനോട് പരാജയപ്പെട്ടാലും ഗോള്‍വ്യത്യാസം നോക്കി ഇക്വഡോറിന് രണ്ടാം റൗണ്ടില്‍ കടക്കാം.

സാംബ-2014

മുദ്രാവാക്യങ്ങളിലെ ഉഷാര്‍ കളിയില്‍ കാണുമോ?

നെയ്മറുണ്ട്; പക്ഷേ എന്‍റെ പ്രതീക്ഷ ഓസ്കാറിലാണ്- എന്‍ പി പ്രദീപ് എഴുതുന്നു

പന്തിപ്പോള്‍ നെയ്മറുടെ കാലുകളിലാണ്; സമ്മര്‍ദവും

പട പേടിച്ച പറങ്കികളും മുള്ളറുടെ ഹാട്രിക്കും

കളി ഒക്കോവയോട് വേണ്ട, അത് ബ്രസീല്‍ ആയാലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍