UPDATES

സാംബ- 2014

നെയ്മറുണ്ട്; പക്ഷേ എന്‍റെ പ്രതീക്ഷ ഓസ്കാറിലാണ്- എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇന്ന് മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ബല്‍ജിയം-അള്‍ജീരിയ, ബ്രസീല്‍-മെക്‌സിക്കോ, റഷ്യ-ദക്ഷിണ കൊറിയ. ഇതില്‍ ഞാന്‍ കാണാന്‍ കാത്തിരിക്കുന്ന മത്സരം ബെല്‍ജിയത്തിന്റെതാണ്. ബെല്‍ജിയംകാരായ ഏതാനും മികച്ച കളിക്കാരുടെ കളി പല ക്ലബുകളിലായി ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഒരു ടീമായി കളിക്കുന്നത് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ ലോക കപ്പ് അതിനുള്ള ഭാഗ്യം കൊണ്ടുവന്നിരിക്കുന്നു. ഇത്തവണ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കുന്ന ടീം കൂടിയാണ് ബെല്‍ജിയം. 

ഒരുപിടി യുവതാരങ്ങള്‍ അവര്‍ക്കുണ്ട്. അവരെല്ലാം തന്നെ മികച്ച ഫോമിലും. ക്യാപ്റ്റന്‍ വിന്‍സന്റ് കംപാനി, എഡന്‍ ഹസാര്‍ഡ്,അഡ്‌നാന്‍ ജന്‍സാജ്, കെവിന്‍ മിറാലസ്, ഫെല്ലനി എന്നിവരുള്‍പ്പെടുന്ന ടീമിനെ ഏതു ടീമും നേരിടുന്നത് ചങ്കിടിപ്പോടു കൂടിയായിരിക്കും. ഏതു കരുത്തന്റെ കാലുകളെയും നിരാശനാക്കാന്‍ ഗോള്‍ കീപ്പര്‍ കുര്‍ട്ടോയ്‌സുമുണ്ട്. ആള്‍ മിന്നും ഫോമിലാണ്. ബെല്‍ജിയത്തിന്റെ വജ്രായുധമായി ഞാന്‍ കരുതുന്നത് ഹസാര്‍ഡിനെയാണ്. അയാള്‍ ഫോമാണെങ്കില്‍ എതിര്‍വലകുലുക്കത്തിന് കുറവൊന്നുമുണ്ടാകില്ല. എന്നാല്‍ വ്യക്തിഗത മികവു കാണിക്കുന്ന ഇവരെല്ലാം ഒരു ടീമെന്ന നിലയില്‍ എത്രത്തോളം ഒത്തിണക്കം കാണിക്കുമെന്നതിനെയാണ് ബല്‍ജിയത്തിന്റെ സാധ്യത പ്രധാനമായും ആശ്രയിക്കുന്നത്. എന്തായാലും അള്‍ജീരിയ ബെല്‍ജിയത്തിന് കടുത്ത വെല്ലുവിളിയുണ്ടാക്കുമെന്ന് കരുതുന്നില്ല.

ഇനി ബ്രസീല്‍-മെക്‌സിക്കോ കളിയിലേക്കു വരാം. രണ്ടു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അതിനാല്‍ വീറിനും വാശിക്കും കുറവൊന്നുമുണ്ടാകില്ല. എന്നാലും ബ്രസീലിന്റെ മടയിലേക്ക് മെക്സിസിക്കന്‍ തിരമാലകള്‍ക്ക് അത്ര എളുപ്പത്തില്‍ അടിച്ചു കയറാന്‍ പറ്റുമെന്നു തോന്നുന്നില്ല. സാന്റോസിന്റെ ഫോമാണ് മെക്‌സിക്കോയുടെ കരുത്ത്. ജാവിയര്‍ ഹെര്‍ണാണ്ടസിലും അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. കഴിഞ്ഞ കളിയില്‍ കോച്ച് അദ്ദേഹത്തെ രണ്ടാം പകുതിയിലാണ് ഇറക്കിയത്. പരിചയ സമ്പന്നനായ റാഫേല്‍ മാര്‍ക്വേസും ബ്രസീലിന് ഭീഷണിയാണ്. 

മറുവശത്ത് ബ്രസീല്‍ ആദ്യ കളിയിലെ ചില പിഴവുകള്‍ക്ക് പരിഹാരം കണ്ടേ മതിയാകൂ. ജയിച്ചെങ്കിലും ബ്രസീലിന്റെ കളിയില്‍ നാട്ടുകാര്‍ അത്രവലിയ തൃപ്തരൊന്നും അല്ല. ഇനിയങ്ങോട്ടുള്ള മത്സരങ്ങളിലൂടെ  ബ്രസീല്‍ ആ പരിഭവം മാറ്റിയേ പറ്റൂ കഴിഞ്ഞ കളിയില്‍ അവരുടെ രണ്ടു വിംഗര്‍മാരും തീര്‍ത്തും നിറം മങ്ങിപ്പോയി. ഹള്‍ക്കും ഫ്രെഡും വെറും നിഴലുകള്‍ മാത്രമായിരുന്നു. ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രെഡിനെ കാണാനെ കഴിയുമായിരുന്നില്ല.  ഈ മത്സരത്തില്‍ സ്‌കൊളാരി ടീം ഫോര്‍മാറ്റില്‍ മാറ്റം വരുത്തുമെന്നു തന്നെ വിശ്വസിക്കുന്നു. ഹള്‍ക്കിന്റെ സ്ഥാനം കോച്ച് മാറ്റിയേക്കും. 4-1-4-1 പോസിഷനായിരിക്കും ഈ കളിയിലും. നെയ്മറിന്റെ ഗോളുകളുടെ എണ്ണം കൂടാന്‍ തന്നെയായിരിക്കും എല്ലാവരും പ്രാര്‍ത്ഥിക്കുക. നെയ്മര്‍ മികവു കാട്ടുമെന്ന് തന്നെ വിശ്വസിക്കാം. എന്നിരുന്നാലും മറ്റൊരു കളിക്കാരനിലാണ് എന്റെ കണ്ണുകള്‍. അത് ഓസ്‌കാറാണ്. കഴിഞ്ഞ കളിയിലെ മാന്‍ ഓഫ് ദി മാച്ച് എന്റെ അഭിപ്രായത്തില്‍ ഓസ്‌കാറാണ്. നെയ്മര്‍ രണ്ടു ഗോളടിച്ചെങ്കിലും മിന്നിയത് ഓസ്‌കറാണ്. എല്ലാവരും പ്രതീക്ഷിചച്ചതിലും മേലേയാണ് ഓസ്‌കാറിന്റെ ഫോമും ഉയര്‍ന്നിരിക്കുന്നത്. ഗുസ്താവോയും മികച്ചു നിന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മഞ്ഞപ്പട കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് മനോവിഷമം ഉണ്ടാകുന്നതൊന്നും സംഭവിക്കില്ലെന്ന് തന്നെ കരുതാം.

ജപ്പാനു പിന്നാലെ മറ്റൊരു ഏഷ്യന്‍ രാജ്യം കൂടി കളത്തിലിറങ്ങുകയാണ് ഇന്ന്. ദക്ഷിണ കൊറിയ. റഷ്യയാണ് അവരുടെ എതിരാളി. പവര്‍ ഫുട്‌ബോള്‍ കളിക്കുന്നവരാണ് റഷ്യക്കാര്‍. അവര്‍ ദക്ഷിണ കൊറിയയെ അപേക്ഷിച്ച് കരുത്തരുമാണ്. എന്നാലും കൊറിയന്‍ ടീമിലും മിടുക്കരുണ്ട്. എതിരാളികള്‍ക്ക് ഭീഷണിയായി തീരുന്നവര്‍. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒന്നു രണ്ടുതാരങ്ങളുണ്ട് അവര്‍ക്ക്. സൂങ്-യോങ് ആണ് അവരില്‍ പ്രാധാനി. ഫ്രീ ക്വിക്ക് വിദഗ്ധന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ കളിയില്‍ കൊറിയയുടെ മിഡ്ഫീല്‍ഡ് നിയന്ത്രിച്ചത് സൂങ്-യോങ് ആയിരുന്നു. ഒന്നുറപ്പാണ്. പോരാട്ടം കടുപ്പിക്കാന്‍ കൊറിയയ്ക്ക് കഴിയും.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍