UPDATES

സാംബ- 2014

കളി ഒക്കോവയോട് വേണ്ട, അത് ബ്രസീല്‍ ആയാലും

Avatar

ടീം അഴിമുഖം

ഗോളെന്നുറച്ച നാല് ഷോട്ടുകള്‍ തടുത്ത മെക്‌സിക്കന്‍ ഗോളി ഗില്ലെര്‍മോ ഒക്കോവയുടെ മാന്ത്രിക പ്രകടനത്തില്‍ കുടുങ്ങിയ ബ്രസീലിന് രണ്ടാം മത്സരത്തില്‍ സമനില. ഇതോടെ എ ഗ്രൂപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാവും. 1978ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തില്‍ ഗോളടിക്കാന്‍ സാധിക്കാതിരിക്കുന്നത്. 

ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍, ചാമ്പ്യന്‍ഷിപ്പിലെ കറുത്ത കുതിരകള്‍ ആകുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബല്‍ജിയം പിന്നില്‍ നിന്നും ഓടിക്കയറി ആഫ്രിക്കന്‍ ശക്തികളായ അള്‍ജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി തങ്ങളുടെ വരവറിയിച്ചു. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷയായ ദക്ഷിണ കൊറിയയും റഷ്യയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

പ്രതിരോധ നിരയില്‍ അഞ്ച് പേരെ നിരത്തി മെക്‌സിക്കന്‍ കോച്ച് മിഗ്വല്‍ ഹെരെര മെനഞ്ഞ തന്ത്രമാണ് ബ്രസീലിനെ അപ്രതീക്ഷിത സമനിലയില്‍ കുടുക്കിയത്. ഇതോടൊപ്പം ഒക്കോവയുടെ തകര്‍പ്പന്‍ പ്രകടനം കൂടി ആയതോടെ സെലക്കോവകള്‍ ശരിക്കും കുടുങ്ങി. ആദ്യ മത്സരത്തില്‍ നിന്നു നേടി മൂന്നു പോയിന്റുകളുടെ ബലത്തില്‍, സൂക്ഷിച്ചാണ് രണ്ടു കൂട്ടരും കളി തുടങ്ങിയത്. മെക്‌സിക്കന്‍ ക്യാപ്റ്റന്‍ റാഫേല്‍ മര്‍കേസിന്റെ നേതൃത്വത്തിലുള്ള പിന്‍നിര കടമ കൃത്യമായി നിര്‍വഹിച്ചു. കൃത്യവും എന്നാല്‍ ഫൗളുകള്‍ക്ക് ഇടനല്‍ക്കാത്തതുമായ ടാക്ലിംഗുകളിലൂടെ അവര്‍ മഞ്ഞപ്പടയെ തടഞ്ഞു. മത്സരത്തില്‍ ഉടനീളം ഈ സ്ഥിരത അവര്‍ക്ക് നിലനിര്‍ത്താന്‍ ആയതാണ് ഈ തന്ത്രത്തിന്റെ എടുത്തു പറയാവുന്ന നേട്ടം.  നെയ്മറെ ഇടതുവിങ്ങിലേക്കു മാറ്റി ഓസ്‌കറിനെ മധ്യനിരയില്‍ കളിയൊരുക്കാന്‍ നിയോഗിക്കുകയായിരുന്നു സ്‌കൊളാരി. കഴിഞ്ഞകളിയില്‍ മങ്ങിയ ഹള്‍ക്കിനു പകരം റാമിറസ് വലതുവിങ്ങിലിറങ്ങി. ഇടതുവിങ്ങിലൂടെ ഓസ്‌കറും നെയ്മറും ചേര്‍ന്ന് നടത്തിയ നീക്കങ്ങളായിരുന്നു ആദ്യപകുതിയില്‍ ബ്രസീലിന് എടുത്തുപറയാനുണ്ടായിരുന്നത്. ഓസ്‌കറും മാഴ്‌സലൊവും ഡാനി ആല്‍വേസും നെയ്മറും അധ്വാനിച്ചു കളിച്ചു. ഗുസ്താവോയും പൗളീന്യോയും ഭേദപ്പെട്ടു കളിച്ചതോടെ കളിയില്‍ ബ്രസീലിന് ആധിപത്യമായി.  എന്നാല്‍ ഫോമിന്റെ ഏഴയലത്തല്ല താന്‍ എന്ന് തെളിയിച്ച ഫ്രഡ് ബ്രസീലിന് ഒരു ബാധ്യതയായി മാറുന്ന കാഴ്ചയായിരുന്നു ഒന്നാം പകുതിയുടെ മറ്റൊരു സവിശേഷത. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെക്‌സിക്കോ കുറച്ചുകൂടി ആക്രമിക്കാന്‍ ധൈര്യം കാട്ടിയെങ്കിലും പിന്നീട് സാവധാനം ബ്രസീല്‍ പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ ടീമെന്ന നിലയില്‍ ഒത്തിണങ്ങി കളിക്കാന്‍ അവര്‍ക്കായില്ല എന്നാതാണ് മെക്‌സിക്കോയ്ക്ക് ഇന്നലെ ലഭിച്ച മറ്റൊരു ഭാഗ്യം. രണ്ടാം പകുതിയില്‍ റാമിറസിനു പകരം ബെര്‍ണാഡ് ഇറങ്ങി. ഇത് ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് വേഗം നല്‍കി. ഫ്രഡിനു പകരം ജോ വന്നു. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിജയംഅകലുന്നുവെന്നു തിരിച്ചറിഞ്ഞ ബ്രസീല്‍ എല്ലാ മറന്നുള്ള ആക്രമണത്തിന് കോപ്പുകൂട്ടി. എങ്കിലും ഗോള്‍ അകന്നുനിന്നു. ബ്രസീല്‍ താരങ്ങളൊന്നായി കയറിക്കളിക്കാന്‍ തുടങ്ങിയതോടെ അവസരം തിരിച്ചറിഞ്ഞ മെക്‌സികോ പ്രത്യാക്രമണത്തിനും ധൈര്യം കാട്ടി. പെനാല്‍റ്റി ബോക്‌സില്‍നിന്നുള്ള നെയ്മറുടെയും പൗളിന്യോയുടെയും കനത്ത ഷോട്ടുകളും 85-ആം മിനിറ്റില്‍ തൊട്ടടുത്തുനിന്നുള്ള ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ ഹെഡ്ഡറും തട്ടിത്തെറിപ്പിച്ച ഒകോവ ശരിക്കും കളിയിലെ വീരനായകനായി. മെക്‌സിക്കോ ഇന്നലെ പയറ്റിയ തന്ത്രം മറ്റ് ടീമുകള്‍ക്കും പാഠമാകുമെന്നതിനാല്‍ ബ്രസീല്‍ കോച്ച് സ്‌കൊളാരി പുതിയ തന്ത്രങ്ങള്‍ക്കായി കൂടുതല്‍ തലപുകയ്‌ക്കേണ്ടി വരും എന്ന് കൂടി ഇന്നലത്തെ സമനില അര്‍ത്ഥമാക്കുന്നുണ്ട്. 

ഇന്നലെ ആദ്യ മത്സരത്തില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ആകുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബല്‍ജിയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അള്‍ജീരിയയെ കീഴടക്കി. കളിയുടെ 21-ആം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ അള്‍ജീരിയയുടെ സോഫിയാന ഫെഗൗലി ആദ്യ ഗോള്‍ നേടി. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അള്‍ജീരിയ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ ഗോള്‍ നേടുന്നത്. ഒന്നാം പകുതിയില്‍ ബല്‍ജിയം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസരം മുതലാക്കാനോ ലീഡ് ഉയര്‍ത്താനോ ഉള്ള കാര്യമായ ശ്രമങ്ങളൊന്നും അള്‍ജീരിയയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആദ്യ പകുതിയില്‍ അവര്‍ ബല്‍ജിയം പെനാല്‍ട്ടി ഏര്യയില്‍ പ്രവേശിച്ചത് ഒരേ ഒരു തവണ. അത് പെനാല്‍ട്ടി വഴി ഗോളില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബല്‍ജിയം എതിരാളികളുടെ നിഷേധാത്മക സമീപനം മുതലെടുത്ത് തിരിച്ചടിക്കുകയായിരുന്നു. സബ്സ്റ്റിറ്റ്യൂട്ടുകളായ ഫെല്ലെയ്‌നിയും ഡാരിസ് മെര്‍ട്ടന്‍സുമാണ് വിജയികള്‍ക്കായി ഗോളുകള്‍ നേടിയത്. 

ദക്ഷിണ കൊറിയ-റഷ്യ മത്സരം ഓരോ ഗോളിന്റെ സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും.  68-ആം മിനിറ്റില്‍ ലീ കുന്‍ഹോയാണ് കൊറിയക്കു വേണ്ടി ആദ്യം വല ചലിപ്പിച്ചത്. എന്നാല്‍ 74-ആം മിനിറ്റില്‍ റഷ്യ കെര്‍സക്കോവിലൂടെ സമനില സ്വന്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍