UPDATES

സാംബ- 2014

ഒരുനാള്‍ ഞാനും നെയ്മറെപ്പോലെ വളരും വലുതാകും-ബ്രസീലില്‍ നിന്ന്‍ ഫൈസല്‍ ഖാന്‍

Avatar

ഫൈസല്‍ ഖാന്‍

പരിശീലന സ്തൂപങ്ങള്‍ക്കിടയിലൂടെ അസാധ്യ പന്തടക്കത്തോടെ വെട്ടിച്ചൊഴിഞ്ഞുമാറുന്ന കുട്ടികള്‍ സാവോ പോളോയിലെ വ്യാവസായിക പ്രാന്തപ്രദേശമായ ഗുരുള്‍ഹോസില്‍ നിന്നുള്ള ഊര്‍ജ്ജപ്രദായനിയായ കാഴ്ചയായിരുന്നു. ലോകത്തിലെ മറ്റ് രാജ്യങ്ങളിലെമ്പാടുമുള്ള ബ്രസീല്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നത് പോലെ ഇവിടുത്തെ പ്രതിഭാധനരായ കുട്ടികളെ 64 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങെയെത്തിയ ലോകകപ്പ് ആശങ്കപ്പെടുത്തുന്നില്ല. 

ഗുരുള്‍ഹോസിലെ പ്രാദേശിക ടീമായ സെന്‍റിനെറിയോവിന്റെ മൈതാനത്ത്, 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന തിരക്കിലാണ് കോച്ച് വ്‌ളാഡിര്‍ കാമ്പോസ്. പന്തുകളിയില്‍ പ്രതിഭയുള്ള ഒരു കുട്ടിയും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല എന്ന് സെഗുണ്ടു ടെമ്പോ (രണ്ടാം പകുതി), എസ്‌പോര്‍ട്ടെ ഇ ലേസര്‍ ന സിഡാഡെ (നഗരത്തില്‍ കായിക, വിനോദ പരിപാടികള്‍) തുടങ്ങിയ ബ്രസീലിലെ നിരവധി കായിക പദ്ധതികള്‍ ഉറപ്പാക്കുന്നു. 

മൈതാനത്ത് പന്തിന് പിറകെ കുട്ടികളെ വിടുന്നതിന് മുമ്പ് കോച്ച് കാമ്പോസ് അവരോട് ദീര്‍ഘമായ പ്രഭാഷണം നടത്തുന്നു. ഡസന്‍ കണക്കിന് ഫുട്ബോളുകള്‍ ഉള്‍പ്പെടെ കുട്ടികള്‍ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാണ്. ചില കുട്ടികള്‍ മറ്റൊരു പരിശീലകന്റെ കീഴിലാണ്. ഗോള്‍ കീപ്പിംഗ് കോച്ചായ അദ്ദേഹം മത്സരങ്ങള്‍ രക്ഷിച്ചെടുക്കാന്‍ കുട്ടികളെ തീവ്രമായി പരിശീലിപ്പിക്കുന്നു. ‘പരിശീലനം ഫുട്ബോളറുടെ ജീവിതത്തില്‍ പ്രധാനമാണ്’. കോച്ച് കാമ്പോസ് പറയുന്നു. ‘അയാള്‍ യുവാവായാലും കുട്ടിയായാലും’. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തന്റെ കുട്ടികളെ കരുത്തുറ്റവരാക്കുന്നതിന്റെ ഭാഗമായി കാമ്പോസ് ചെറുതെങ്കിലും ഭാരമേറിയ പന്താണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ ഈ ഭാരമേറിയ പന്ത് പരസ്പരം എറിയുക മാത്രമല്ല, കളിക്കളത്തില്‍ വേണ്ട ശാരീരികക്ഷമത നേടിയെടുക്കുന്നതിനുള്ള ഒരു സഹായിയായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു. 

സെന്‍റീനെറ്യോ മൈതാനത്ത് ഒമ്പത് കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ടായിരുന്നു. സമ്പന്നരായ യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ നിന്നും 1920 കളില്‍ ഫുട്ബോളിനെ ഏറ്റെടുക്കുകയും അതിനെ ഒരു മനോഹര കളിയാക്കി മാറ്റുകയും ചെയ്ത് ആഫ്രോ-ബ്രസീലിയന്‍ വംശത്തില്‍ പെട്ടവരാണ് അവരില്‍ ആറ് പേരും. അതിന് ശേഷം സമൂഹത്തില്‍ ആരോഹണം നടത്തുന്നതിനുള്ള പാവപ്പെട്ടവരുടെ വാഹനമായി ഫുട്ബോള്‍ മാറി. സാവോപോളോയിലെ സെന്‍റീനെറ്യോ മൈതാനത്തിന് ചൂറ്റമുള്ള കൂറ്റന്‍ മതിലുകളിലെ ചുവരെഴുത്തുകള്‍ ബ്രസീലിയന്‍ ഫുട്ബോള്‍ മൂല്യങ്ങളുടെ ആകെ തുകയാണെന്ന് പറയാം. മനോഹരമായ വര്‍ണങ്ങളുടെയും ആകാംഷയാര്‍ന്ന മുഖങ്ങളുടെയും കൂറ്റന്‍ കെട്ടിടങ്ങളുടെയും പശ്ചാത്തലത്തില്‍ പോര്‍ച്ചുഗീസിലുള്ള പന്ത്രണ്ട് വാക്കുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. എസ്‌പെരാന്‍ക (പ്രതീക്ഷ), എഡ്യുക്കാക്കോ (വിദ്യാഭ്യാസം), ട്രാന്‍സ്‌ഫോര്‍മാക്കോ (പരിവര്‍ത്തനം), അലെഗ്രിയ (സന്തോഷം), ഓര്‍ഡെം (ചിട്ട), പ്രോഗ്രെസോ (പുരോഗമനം), ഹോണെസ്റ്റിഡാഡ് (സത്യസന്ധത), സെഗ്വറാന്‍ക (സുരക്ഷ), സ്വുദേ (ആരോഗ്യം), ഫെ (വിശ്വാസം), പാസ് (സമാധാനം), അമോര്‍ (സ്‌നേഹം) എന്നിവയാണ് ആ വാക്കുകള്‍. വളരെയധികം സാമൂഹിക അസമത്വങ്ങള്‍ നിറഞ്ഞ് നിന്ന ഒരു സമൂഹത്തെ മാറ്റി മറിച്ച, ചേരികളില്‍ നിന്നുള്ളവര്‍ക്ക് പോലും താരമായി ഉയരാന്‍ സഹചര്യമൊരുക്കിയ ബ്രസീലിയന്‍ ഫുട്ബോള്‍ തത്വശാസ്ത്രത്തെ വിശദീകരണമാണ് ആ ചുവരെഴുത്തുകളില്‍ വിശദീകരിക്കപ്പെടുന്നത്. 

സാവോപോളോയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി ആറ് തവണ ബ്രസീല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിന്റെ കായിക മന്ത്രി അല്‍ഡോ റെബെലോയുടെ വാക്കുകളില്‍ പറഞ്ഞാല്‍ തന്റെ രാജ്യത്തിന്റെ ഫുട്ബോള്‍ വിജയങ്ങളുടെ ആണിക്കല്ല് ജനങ്ങളിലും അവരുടെ സ്വഭാവ സവിശേഷതകളിലും നടത്തിയ നിക്ഷേപങ്ങളാണ്. ‘ഒരു ദിവസം തങ്ങളുടെ ആരാധനാമൂര്‍ത്തികളെ പോലെ ആവും എന്ന ലക്ഷക്കണക്കിന് കുട്ടികളുടെ സ്വപ്‌നങ്ങളാണ് ഞങ്ങളുടെ ഫുട്ബോള്‍ ഫാക്ടറിയുടെ അസംസ്‌കൃത വസ്തു’, ലോകകപ്പിന് മുന്നോടിയായി ഈ ലേഖകന് നല്‍കിയ ഒരു അഭിമുഖത്തില്‍ റെബെലോ ചൂണ്ടിക്കാട്ടി. 

സാംബ-2014

ഡിവിഡികള്‍ പൊടിതട്ടിയെടുക്കുന്ന ബ്രസീലുകാര്‍- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു
അഴീക്കല്‍ മുഹമ്മദ് ഉസ്മാനും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്?- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു
ലോകം സാവോപോളോയിലേക്ക്- ലോകകപ്പിന് അഴിമുഖവും
എന്‍റെ 16 എം എം ലോകകപ്പ്; വിക്ടര്‍ മഞ്ഞില എഴുതുന്നു
ലോകകപ്പ്: ഇനി വമ്പന്‍മാര്‍ക്ക് എളുപ്പമാകില്ല കാര്യങ്ങള്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു

സമ്പന്നരായ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ വിനോദത്തിനായി മാത്രം ഈ മണ്ണിലെടുത്തിട്ട ഫുട്ബോള്‍ ഇന്ന് ഈ രാജ്യത്ത് വളര്‍ച്ചയുടെ ഒരു ചക്രം പൂര്‍ത്തിയാക്കി കഴിഞ്ഞു. 20-ആം നൂറ്റാണ്ടിന്റെ ആദ്യ ശതകത്തില്‍ യൂറോപ്പില്‍ നിന്നു വന്ന ഒരു കപ്പലില്‍ സൂട്ട്‌കേസിലാണ് ആദ്യ ഫുട്ബോള്‍ ബ്രസീലിയന്‍ മണ്ണില്‍ കാലുകുത്തിയത്. ഈ കളിയിലെ ആഢ്യത്വം കാറ്റില്‍ പറത്തിക്കൊണ്ട് ആഫ്രോ-ബ്രസീലുകാര്‍ മൈതാനങ്ങളില്‍ കാല്‍പ്പന്ത് തട്ടിക്കളിക്കാന്‍ തുടങ്ങിയതോടെ അത് രാജ്യത്തെ ഒരു ജീവതചര്യയായി മാറി. 2013ലെ കോണ്‍ഫഡറേഷന്‍ കപ്പിനും ഈ ലോകകപ്പിനും എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ പോലും സമൂഹവും ഫുട്ബോളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളുടെ സൂചകങ്ങളാണ്. സമ്പന്നമായ തെക്കന്‍ ബ്രസീലും ദരിദ്രമായ വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക വിടവ് വെളിച്ചത്ത് കൊണ്ട് വരാന്‍ ലോകകപ്പ് കാരണമായി. എല്ലാ ബ്രസീലുകാര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ എന്ന ആവശ്യത്തിന് വേണ്ട ഊന്നല്‍ ലഭിക്കാനും ലോകകപ്പ് സഹായിച്ചു. ഒരിക്കല്‍ ഫുട്ബോള്‍ ബ്രസീലിയന്‍ സമൂഹത്തെ മാറ്റിമറിച്ചത് പോലെ ലോകകപ്പും ഈ രാജ്യത്തെ മാറ്റി മറിക്കും എന്ന്  പ്രതീക്ഷിക്കാം. ജൂലൈ 13ന് മരക്കാന സ്റ്റേഡിയത്തില്‍ സെലക്കോകള്‍ ജയിച്ചാലും ഇല്ലെങ്കിലും…..

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ‘ദ ഇക്കണോമിക് ടൈംസ്’ ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍