UPDATES

സാംബ- 2014

പന്തിപ്പോള്‍ നെയ്മറുടെ കാലുകളിലാണ്; സമ്മര്‍ദവും

Avatar

ഡോം ഫില്ലിപ്സ്  
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ബ്രസീലിലെ ജനപ്രീതിയുള്ള ടെലിവിഷന്‍ പരിപാടി ‘ഫന്‍റാസ്റ്റികൊ’യില്‍ പന്തുകളിക്കാരന്‍ നെയ്മറെ കുറിച്ചായിരുന്നു ഈയിടെ വന്ന ഒരു റിപ്പോര്‍ട്. എഫ് സി ബാഴ്സിലോണ ഫോര്‍വേഡ് ആരാധകരോടൊപ്പം ചിത്രങ്ങള്‍ക്കായി നിന്നുകൊടുക്കുന്നു, വിമാനങ്ങളില്‍ പറക്കുന്നു, പരിക്കേറ്റ കാല്‍ തടവിക്കുന്നു, പിന്നെ സുഹൃത്തുക്കളോടൊപ്പം വണ്ടിയോടിക്കലില്‍ മത്സരിക്കുന്നു.

ലോകകപ്പില്‍ പന്തുരുളാന്‍ തുടങ്ങിയതോടെ ആതിഥേയ രാജ്യത്തിന് ഈ ചെറുപ്പക്കാരന്‍ കിരീടം നേടിത്തരും എന്ന പ്രതീക്ഷ വാനോളം ഉയര്‍ന്നുകഴിഞ്ഞു. ബ്രസീല്‍ ദേശീയ ടീമിലെ ഏറ്റവും പ്രതിഭാസമ്പന്നനായ കളിക്കാരന് ഇപ്പോള്‍ ടി വി നിലയങ്ങളെ അന്വേഷിച്ചു പോകേണ്ട കാര്യമില്ല. അവര്‍ അയാളെ അന്വേഷിച്ചു വരും. ഇപ്പോള്‍ നെയ്മര്‍ക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാം എന്ന അവസ്ഥയാണ്.  പക്ഷേ അതിനു ആറാമതും ലോകജേതാക്കളാകുക എന്ന ബ്രസീല്‍ സ്വപ്നം അയാള്‍ സാക്ഷാത്ക്കരിച്ചു കൊടുക്കണം. ഒരുപക്ഷേ ആതിഥേയരാജ്യം ജനപ്രീതിയില്‍ ഏറ്റവും പുറകിലായ ലോകകപ്പെന്ന് പറയാവുന്ന ഇത്തവണ ബ്രസീലെങ്ങാനും തോറ്റുപോയാല്‍ കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ സമയത്ത് നടന്ന പോലുള്ള വന്‍ പ്രതിഷേധ സമരങ്ങള്‍ വീണ്ടും തെരുവുകളില്‍ പടരും. അവസാനമായി ബ്രസീല്‍ ലോകകപ്പിന് ആതിഥ്യം വഹിച്ചത് 1950-ലാണ്. അന്ന് മരക്കാനാ മൈതാനത്ത് ഉറുഗ്വേയില്‍ നിന്നും ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ ഓര്‍മ്മകള്‍ ഇപ്പൊഴും ബ്രസീലുകാരെ ഭയപ്പെടുത്തുന്നു.

“ബ്രസീല്‍ തോറ്റാല്‍ അത് 1950-ലേതിന് സമാനമായ ദുരന്തമായിരിക്കും,’ മുന്‍ ബ്രസീല്‍ പ്രസിഡണ്ട് ലുല ഡ സില്‍വ പറയുന്നു. “ അതുണ്ടാക്കിയക്കാവുന്ന കടുത്ത നിരാശ ജനങ്ങളില്‍ സൃഷ്ടിക്കുന്ന മാനസികാഘാതം എന്തായിരിക്കുമെന്ന് എനിക്കറിയില്ല.”

2002-ല്‍ ബ്രസീല്‍ ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ ഫിഫയുടെ ഏറ്റവും മികച്ച പന്തുകളിക്കാരനുള്ള പുരസ്കാരം നേടിയ രണ്ടുപേര്‍ ടീമിലുണ്ടായിരുന്നു-റൊണാള്‍ഡോയും, റിവാള്‍ഡോയും. അന്ന് ടീമിലുണ്ടായിരുന്ന റൊണാള്‍ഡീഞ്ഞോ പിന്നീടത് നേടുകയും ചെയ്തു. ഇത്തവണത്തെ സംഘത്തില്‍ അങ്ങനെ ആരുമില്ല. നെയ്മറിലാണ് എല്ലാ പ്രതീക്ഷയും. നെയ്മര്‍ക്ക് പരിക്കേല്‍ക്കുന്നതിനെക്കുറിച്ച് ബ്രസീലിലെ കളിവിദഗ്ധര്‍ക്കു സങ്കല്‍പ്പിക്കാന്‍ കൂടി ആകുന്നില്ല.

തന്റെ ആദ്യ ലോകകപ്പ് കളിക്കുന്ന ഈ 22-കാരന്റെ ചുമലില്‍ പ്രതീക്ഷകളുടെ ഭാരം ആകാവുന്നതിലേറെയാണ്. “അയാള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത സമ്മര്‍ദ്ദമാണ് വഹിക്കേണ്ടിവരിക,” ബിബിസിയുടെ തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ലേഖകന്‍ ടിം വിക്കേറി പറഞ്ഞു.

“സമ്മര്‍ദ്ദം എല്ലാ കളിക്കാര്‍ക്കുമുണ്ട്,”കഴിഞ്ഞ  വര്‍ഷം  നല്കിയ ഒരഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു. “കളി തുടങ്ങും മുമ്പേ  ആകാംക്ഷയുടെ പൂമ്പാറ്റകള്‍ വയറ്റില്‍ പറക്കാന്‍ തുടങ്ങും. കളി തുടങ്ങുന്നതോടെ അതവസാനിക്കുകയും ചെയ്യും.”

നെയ്മര്‍ക്ക് 6-7 വയസ്സുള്ളപ്പോളേ അയാളുടെ മാതാപിതാക്കള്‍ മകനിലെ പ്രതിഭ തിരിച്ചറിഞ്ഞു. “പ്രതിഭയോടൊപ്പം പന്തുകളിയോടുള്ള കടുത്ത അഭിനിവേശവും അവനുണ്ടായിരുന്നു,” എന്നാണ് 2011-ല്‍ അയാളുടെ അച്ഛന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്. ചെറുകിട ടീമുകളില്‍ കളിച്ചിരുന്ന ഒരു പന്തുകളിക്കാരനായിരുന്നു നെയ്മറുടെ അച്ഛന്‍. സ്നേഹവും, ശ്രദ്ധയും, പിന്നെ കളിപ്പന്തുകളും അയാള്‍ മകന് ആവോളം കൊടുത്തു. ഇപ്പോള്‍ മകന്റെ മാനേജരാണ് അച്ഛന്‍.

ഒരുകാലത്ത് ഇതിഹാസതാരം പെലെ കളിച്ചിരുന്ന ബ്രസീല്‍ ക്ലബ് സാന്‍റോസിലാണ് നെയ്മര്‍ അരങ്ങേറ്റം കുറിച്ചത്. 11 വയസ്സില്‍ ക്ലബ്ബില്‍ കയറിയ നെയ്മര്‍ 16 വയസ്സില്‍ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടു. സാന്‍റോസ്, തെക്കേ അമേരിക്കന്‍ ക്ലബ് കിരീടം ചൂടിയ 2011-ലെ കളിയില്‍ ഗോളടിച്ചതോടെ നെയ്മര്‍ ദേശീയ താരമായി. 77.6 ദശലക്ഷം ഡോളറിന് സ്പാനിഷ് ഭീമന്‍ എഫ് സി ബാര്‍സലോണ 2013-ല്‍ വാങ്ങും വരെ സാന്‍റോസിന് വേണ്ടി നെയ്മര്‍ 138 ഗോളുകള്‍ നേടി. നെയ്മറുടെ മാതാപിതാക്കളുടെ സ്ഥാപനത്തിന് ആ കരാറില്‍ 54 ദശലക്ഷം ഡോളറാണ് കിട്ടിയത്.

ചടുലവും, ഒഴുക്കുള്ളതും, അപ്രവചനീയവുമായ കളിയാണ് നെയ്മറുടേത്. നേര്‍രേഖയിലോ, വളഞ്ഞോ, താഴ്ന്നോ, ഉയരത്തിലോ അങ്ങനെ എങ്ങനെ വേണമെങ്കിലും അയാളുടെ അടികള്‍ വരാം. ഇടം, വലം കാലുകളും തലയും അയാള്‍ പന്തടിക്കാന്‍ ഒരുപോലെ ഉപയോഗിക്കും. പ്രതിരോധനിരയെ അതിസമര്‍ത്ഥമായി കബളിപ്പിക്കാനും അയാള്‍ക്കറിയാം. ഒരു ഗോളടിക്കാരന്റെ വേട്ടയ്ക്കുള്ള തൃഷ്ണ അതിലുണ്ട്. “അതൊരു ആക്രമണകാരിയുടെ ചോദനയാണ്,” നെയ്മര്‍ പറയുന്നു. “അയാള്‍ വളരെ മിടുക്കനാകണം, ഗോളടിക്കാനായി കളിയുമായി ശരിക്കും ഒട്ടിച്ചേര്‍ന്നിരിക്കണം.”

സാന്‍റോസില്‍ നെയ്മര്‍ ഇടത്തെ വിങ്ങില്‍ നിന്നാണ് ആക്രമിച്ചിരുന്നത്, അതാണയാളുടെ ഇഷ്ടപ്പെട്ട സ്ഥാനം. ബാര്‍സലോണ അയാളെ വലതുവശത്തുനിന്നും കളിപ്പിച്ചെങ്കിലും. ഓസ്കാറിനും ഹല്‍ക്കിനുമൊപ്പം ടീമിന്റെ സെന്‍റര്‍ ഫോര്‍വേഡ് ഫ്രെഡിന് പിന്നിലായിട്ടാണ് ബ്രസീല്‍ പരിശീലകന്‍ ഫെലിപ് സ്കൊളാരി നെയ്മറെ ഇറക്കുക. അതിലാണ് അയാള്‍ ഏറ്റവും കൂടുതല്‍ തിളങ്ങുന്നതും.

ടോസ്ട്ടവോ പറയുന്നതു പ്രതിരോധത്തിനിടയില്‍ പഴുത് കിട്ടിയാല്‍ നെയ്മര്‍ തീര്‍ത്തും അപകടകാരിയാകും എന്നാണ്. “ബ്രസീലിന് വേണ്ടി കളിക്കുമ്പോളും പ്രത്യാക്രമണത്തിലുമാണ് അയാള്‍ വെട്ടിത്തിളങ്ങുന്നത്.” കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീലിനുവേണ്ടി നെയ്മര്‍ 5 കളിയില്‍നിന്നും 4 ഗോളുകള്‍ നേടി. കലാശക്കളിയില്‍ ലോകജേതാക്കളായ സ്പെയിനിനെ 3-0-ത്തിന് തോല്‍പ്പിച്ചപ്പോള്‍ അതിലെ ഒന്നാന്തരമൊരു ഗോള്‍ നെയ്മറുടെ വകയായിരുന്നു. അര്‍ജന്‍റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പം ബാഴ്സലോണയിലെ ആദ്യ സീസണില്‍ നെയ്മര്‍ 17 ഗോളുകള്‍ നേടി. പക്ഷേ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായി വിളിക്കപ്പെട്ട അവര്‍  ഇക്കൊല്ലത്തെ ചാപ്യന്‍സ് ലീഗ് ക്വാര്‍ടര്‍ ഫൈനലില്‍ അത്ലെറ്റിക്കോ മാഡ്രിഡിനോടു തോറ്റ് പുറത്തായി. 1-0 ത്തിന് തോറ്റ ആ കളിയിലും നെയ്മരുടെ പ്രതിഭാവിലാസം ദൃശ്യമായിരുന്നു.

കാണാന്‍ സുന്ദരനായ, അയല്‍പക്കത്തെ പയ്യനെന്ന് തോന്നിക്കുന്ന നെയ്മര്‍ കൌമാരക്കാരികളുടെ ഹൃദയഭാജനവും ആണ്‍ട്ടികളുടെ മാതൃകാബിംബവുമാണ്. എന്നാല്‍ നെയ്മരുടെ ആരാധനാപാത്രം ഡേവിഡ് ബെക്കാമാണ്.

ബെക്കാമിന്റെ പ്രശസ്തിയും പണവും ഇരട്ടിച്ചത് സ്പൈസ് ഗേള്‍സ് താരം വിക്ടോറിയ ആഡംസിനെ കല്ല്യാണം കഴിച്ച് ‘ബ്രാന്‍ഡ് ബെക്കാം’ ആയതോടെയാണ്. നെയ്മാറാകട്ടെ, ബ്രസീലിലെ ജനപ്രിയ ടെലിവിഷന്‍ പരമ്പര താരം, 18-കാരിയായ ബ്രൂണ മാര്‍ക്വേസുമായുള്ള പ്രണയം വീണ്ടും തുടങ്ങിയിരിക്കുന്നു.

അടിക്കടി പെരുകിയ ചെലവും, പണിതീരാത്ത ഗതാഗത പരിഷ്ക്കാരങ്ങളും എല്ലാംകൊണ്ടു വലയുന്ന ബ്രസീലിന്റെ ആകെ താറുമാറായ ലോകകപ്പിന് നെയ്മറെ പോലൊരു നായകനെ ലഭിച്ചേ മതിയാകൂ. പക്ഷേ 2013-ലെ പ്രതിഷേധങ്ങളില്‍ ഫിഫ മാത്രമല്ല പ്രതിക്കൂട്ടില്‍ നിന്നത്. ഫിഫ നിലവാരത്തിലുള്ള ആരോഗ്യവും വിദ്യാഭ്യാസവും എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. ഒരു അദ്ധ്യാപകന്‍ നെയ്മരുടെ ശമ്പളത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് എന്ന പ്ലക്കാര്‍ഡുകളും ചിലര്‍ കയ്യിലേന്തി. ബാര്‍സലോണയുമായുള്ള 5 വര്‍ഷ കരാറില്‍ അയാള്‍ 75 ദശലക്ഷം ഡോളറുണ്ടാക്കും. പരസ്യവരുമാനം കൂടാതെയാണിത്.

ലോകകപ്പിനുള്ള ബ്രസീലിന്റെ ശുഷ്കവും പരിതാപകരവും, അലങ്കോലപ്പെട്ടതുമായ തയ്യാറെടുപ്പുകളില്‍ തനിക്ക് ലജ്ജയുണ്ടെന്ന് സംഘാടകസമിതി അംഗം കൂടിയായ റൊണാള്‍ഡോ അടുത്തിടെ പറഞ്ഞു. 1994-ലേ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമിലെ കളിക്കാരിലൊരാളായിരുന്ന, ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് അംഗം കൂടിയായ റൊമാരിയോ ലോകകപ്പിനുവേണ്ടി ഇത്രയും പണം ചെലവിടുന്നതിനെ എതിര്‍ക്കുകയാണ്.

എന്തായാലും പന്തുകളിയുടെ മാമാങ്കം തുടങ്ങിക്കഴിഞ്ഞു. ബ്രസീല്‍ ആദ്യവിജയവും നേടി. 2 ഗോളുകളടിച്ചു നെയ്മറും പ്രതീക്ഷ കാത്തു. പക്ഷേ കടുപ്പമേറിയ വരും കളികളിലേക്ക് ബ്രസീല്‍ ഇനിയും മെച്ചപ്പെടാനുണ്ട്. നെയ്മര്‍ വീണ്ടും ഗോല്‍വളകള്‍ കുലുക്കുമോ? പുറത്തു പോലീസ് പ്രതിഷേധക്കാരെ നേരിടുമ്പോളും മൈതാനത്തില്‍ ബ്രസീലിന്റെ മോഹങ്ങള്‍ക്ക് നെയ്മര്‍ ചിറകു വെപ്പിക്കുന്നു.

പന്തിപ്പോള്‍ നെയ്മറുടെ കാലുകളിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍