UPDATES

സാംബ- 2014

വിജയം പ്രലോഭനമാകുമ്പോള്‍ ബ്രസീല്‍ ജനത എന്തു ചെയ്യും? കൈയില്‍ നയാപൈസയില്ല; എങ്കിലും നമ്മുടെ ബ്രസീല്‍ അല്ലേ, ഫുട്ബോള്‍ അല്ലേ… ലോകകപ്പ് ഞങ്ങളുടെ അരവയർപട്ടിണിയെ മുഴുപ്പട്ടിണിയാക്കും – പറയുന്നത് റൊമാരിയോയാണ്

Avatar

റിക് മെയ്സെ, ഡോം ഫിലിപ്സ്
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

സാവോപോളയിലെ നഗരമദ്ധ്യത്തില്‍ ഒരു കാലൊടിഞ്ഞ മരക്കസേരയില്‍ അന്റോണിയോ ഡ സില്‍വ ഇരിക്കുന്നു. കീഴെ ഒരാള്‍ അയാളുടെ തുകല്‍ ഷൂസുകള്‍ മിനുക്കിക്കൊടുക്കുന്നുണ്ട്. മുന്നില്‍ പ്രാകാ ഡ സെ യിലെ ചത്വരത്തിനു ജീവന്‍ വെക്കുന്നു. തെരുവ് പ്രകടനക്കാരും, വഴിവക്കിലെ ഉപദേശികളും മത്സരം തുടങ്ങും മുമ്പ് തിക്കും തിരക്കും ഒതുങ്ങുന്നതിനായി മൊഴിവഴികള്‍ നിറയ്ക്കുന്നു.

1998-ലെ ഫ്രാന്‍സിന്റെ നേട്ടത്തിന് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ലോകകപ്പ് നേടുന്ന രാഷ്ട്രമാകാനാണ് ബ്രസീലിന്റെ ശ്രമം. ലോകകപ്പിന്റെ ചിഹ്നങ്ങള്‍ രാജ്യത്തെങ്ങുമുണ്ട്. പച്ചയും മഞ്ഞയുമടിച്ച കെട്ടിടങ്ങള്‍, കൂറ്റന്‍ പന്തുകള്‍, നേയ്മര്‍ ജഴ്സികള്‍ അങ്ങനെ ധാരാളം.

പക്ഷേ, പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ അവഗണിക്കാനാകാത്തവിധം  ശക്തമാണ്. അത് എന്തുമാകാം. റുവാ അഗസ്തയിലെ ഒരു കെട്ടിടത്തില്‍ ഏറെ ജനകീയമായ പ്രതിഷേധ മുദ്രാവാക്യം: ‘ഒരു കപ്പ് ഉണ്ടാകില്ല’ എന്നെഴുതിവെച്ചിരിക്കുന്നു. മറ്റൊന്നു കൂടുതല്‍ വ്യക്തമാണ്,“ഫിഫയെ മറന്നേക്കൂ.”

പന്തുകളി ഉന്മാദം പോലെ കൊണ്ടുനടക്കുന്ന ഈ രാജ്യം ലോകകപ്പിന് പൂര്‍ണപിന്തുണ തരുമോ എന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി സര്‍ക്കാരും ഫിഫയും. ഒരുപക്ഷേ ബ്രസീലിന്റെ വിജയത്തോടെ കളി തുടങ്ങിയപ്പോള്‍ ചോദ്യം ഇതാണ്; ഈ പ്രലോഭനത്തെ അവര്‍ക്ക് ചെറുക്കാനാകുമോ?

“കളി തുടങ്ങിയതോടെ കൂടുതല്‍ ആളുകള്‍ അതില്‍ മുഴുകാന്‍ തുടങ്ങി,” എന്നാണ് പ്രതിഷേധക്കാരുടെ ഇഷ്ടവേദികളിലൊന്നായ പൌലിസ്റ്റ അവന്യൂവിലെ ഒരു കാപ്പിക്കടക്ക് മുന്നില്‍നിന്ന 23-കാരനായ ലൂക്കാസ് റോദ്റീഗസ് പറഞ്ഞത്. ആദ്യമത്സരത്തിന് മുമ്പുള്ള ദിവസങ്ങള്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളാല്‍ കലാപഭരിതമായിരുന്നു. പോലീസ് ജനങ്ങള്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പുതിയ സ്റ്റേഡിയങ്ങള്‍  പണിതുയര്‍ത്തവേ തൊഴിലാളികള്‍ മരിച്ചുവീണു.

കുതിച്ചുയര്‍ന്ന ലോകകപ്പ് സംഘാടനച്ചെലവ്  വിവിധ കാരണങ്ങളാല്‍ തൊഴിലാളികള്‍ക്കും സമരക്കാര്‍ക്കും പുതിയൊരു പ്രതിഷേധവേദി നല്കി. ബസ് ഡ്രൈവര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ചവറ് പെറുക്കുന്നവര്‍ അങ്ങനെ നിരവധി പേര്‍. തൊഴില്‍ സാഹചര്യങ്ങള്‍ തീര്‍ത്തും മോശമായിരിക്കെ പന്തുകളി നടത്താന്‍ ഇത്രയം പണം ഒഴുക്കിക്കളയുന്നതിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതേതാണ്ട് 11-14 ബില്ല്യണ്‍ ഡോളര്‍ വരുമെന്നാണ്  കണക്ക്. ഈ പണം വിദ്യാഭ്യാസം,ആരോഗ്യം, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവയ്ക്കായി ചെലവഴിക്കണമെന്നാണ് ഏറെപ്പേരും കരുതുന്നത്.

മത്സരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് ഡില്‍മ റൂസെഫ് രാജ്യത്തോടായി അഭ്യര്‍ഥന നടത്തിയിരുന്നു. ‘നിരാശാവാദികളും,’‘പരാജയ മനസ്ഥിതിക്കാരും’ പുറപ്പെടുവിക്കുന്ന ആശങ്കകളെ അവര്‍ തള്ളിക്കളഞ്ഞു.“കളി നടക്കുന്ന 12 നഗരങ്ങളിലും സന്ദര്‍ശകര്‍ ഹൃദയവിശാലതയുള്ള, ആതിഥ്യ മര്യാദയുള്ള ജനങ്ങളുമായി ഇടകലരുമെന്നും, ഓരോ ദിവസവും കൂടുതല്‍ തുല്യതക്കായി പോരാടുന്ന പ്രകൃതി രമണീയമായ ഒരു രാജ്യത്തെ ഇഷ്ടപ്പെടുമെന്നും ഞാന്‍ കരുതുന്നു,” റൂസെഫ് പറഞ്ഞു.

നാനാതരം ആളുകളുള്ള ഒരു രാജ്യമാണ് ബ്രസീല്‍. ഒരു പൊതുവികാരം കണ്ടെത്താന്‍ ഇവിടെ പാടാണ്. എന്നാലും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് പകുതിയിലേറെപ്പേരും ഇവിടെ ലോകകപ്പ്നടത്തുന്നതിന് എതിരാണെന്നാണ്.

“ഇത് ഞങ്ങളുടെ നിരാശയാണ്,” 39-കാരനായ ഒരു കടയുടമ ഹ്യൂഗോ നൊഗീരിയ പറയുന്നു. “പക്ഷേ പന്തുകളി ഞങ്ങളുടെ ആവേശമാണ്.”

വലിയ കാശ് മുടക്കി ടിക്കറ്റെടുത്ത് മൈതാനത്ത് പോയി കളി കാണാതെ നിശ്ശബ്ദം പ്രതിഷേധിക്കുന്ന അനേകം ബ്രസീലുകാരിലൊരാളാണ് നൊഗീരിയ. എന്തായാലും, ടെലിവിഷനില്‍ കളി കാണുമെന്ന് അയാള്‍ പറഞ്ഞു. “ഇത് വിദേശികള്‍ക്ക് വേണ്ടിയുള്ളതാണ്. ബ്രസീലുകാര്‍ക്കുള്ളതല്ല.”

32 രാജ്യങ്ങള്‍. 64 കളികള്‍. ജൂലായ് 13 ണു റിയോ ഡി ജെനീറോയില്‍ കിരീടപ്പോരാട്ടം. ബ്രസീലിലെ അസ്വസ്ഥതകളില്‍ നിന്നും കളിക്കാരെ അകറ്റിനിര്‍ത്തിയിരിക്കുന്നു. യു.എസ് കളിക്കാര്‍ ബസിന്റെ ചില്ലുജനലിലൂടെ ഇത് നോക്കിക്കാണുകയാണ്. ആഡംബര ഹോട്ടലുകള്‍. മികച്ച പരിശീലന സ്ഥലങ്ങള്‍‍. ഇവയ്ക്കിടയിലാണ് യാത്ര. “അധികമൊന്നും കണ്ടില്ല,”  മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ ജോണ്‍സണ്‍ പറഞ്ഞു. ‘ഭയങ്കര തിരക്കാണ്, എന്തൊരു ട്രാഫിക്ക്”

ചൂടും മഴയും ഇടകലരുന്ന തീര്‍ത്തും വൈവിധ്യമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ടീമുകള്‍. പ്രതിഷേധ സ്വരങ്ങള്‍ ശമിച്ചിട്ടില്ലെങ്കിലും തെരുവുകളില്‍ പതുക്കെ കൊടികളും അലങ്കാരങ്ങളും സ്ഥാനം പിടിക്കുന്നു. അധികവും മദ്യശാലകളും, ഭക്ഷണശാലകളും മറ്റ് കടക്കാരും ഒരുക്കിയവ. റിയോ ഡി ജെനീറോവില്‍ സഞ്ചാരികളും വഴിവില്‍പ്പനക്കാരും ഒരു പോലെ തിരക്കുകൂട്ടുന്നു.

ചിലപ്പോളൊക്കെ ചില ഉത്തേജനവും നല്‍കേണ്ടി വരുന്നു. തെരുവും വീടുകളും  ലോകകപ്പ് നിറങ്ങള്‍ പൂശാന്‍ റിയോവിലെ സാന്‍റ മാര്‍ട ചേരിനിവാസികള്‍ ഒരു പെയിന്‍റ് കമ്പനിയില്‍ നിന്നും സൌജന്യമായി പെയിന്‍റ് വാങ്ങി.

“ജനങ്ങള്‍ക്ക് ഒട്ടും ഉത്സാഹമില്ല. പക്ഷേ ഒരാഴ്ച്ച മുമ്പ്  ചായം പൂശാമെന്ന് അവര്‍ തീരുമാനിച്ചു,” സാന്‍റ മാര്‍ടയിലെ താമസക്കാരന്‍ സലേതെ മാര്‍ടിന്‍സ് പറയുന്നു. “ എന്നാല്‍ ബ്രസീലുകാര്‍ അങ്ങനെ എളുപ്പം വിട്ടുകൊടുക്കില്ല.പന്തുകളി ഒന്നാമതാണ്. ഞങ്ങള്‍ ബ്രസീലിനെ പിന്തുണയ്ക്കും.”

റിക് മേയെസ്, ഡോം ഫില്ലിപ്സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പുറത്തു നടക്കുന്ന ശബ്ദവും ബഹളവും കാരണം തങ്ങളുടെ ഫവേലയാകേ (ബ്രസീലിലെ ചേരികള്‍) ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്ന്പുരപ്പുറത്തിരിക്കുന്ന ആന്‍റോണിയ ഡ സില്‍വക്കും അവരുടെ കുടുംബത്തിനും തോന്നി. ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിന് മണിക്കൂറുകള്‍ മുമ്പുതന്നെ തുടങ്ങിയ ഒച്ചയും ആര്‍പ്പുവിളികളും പടക്കം പൊട്ടിക്കലുമൊക്കെ രാത്രി വൈകുവോളം നീണ്ടു.

ഒടുവില്‍ പുതുക്കിപ്പണിത സാവോപോളോയിലെ പുതിയ മൈതാനത്തിന്റെ നടുക്ക് കളിതുടങ്ങാന്‍ പന്ത് വെച്ചപ്പോള്‍ ബ്രസീല്‍ പുതിയ വെളിച്ചത്തില്‍ തിളങ്ങി.കഴിഞ്ഞ കുറെ മാസങ്ങളായി സാവോപോളയിലെ ആഡംബര മാളികകള്‍ മുതല്‍ ഇരമ്പുന്ന ചേരികള്‍ വരെ ഉള്ളവരും ഇല്ലാത്തവരുമായിബ്രസീലിനെ രണ്ടുതട്ടിലാക്കിയ ലോകകപ്പ് ഒടുവില്‍ അവരെ ഒരൊറ്റ കാരണംകൊണ്ട് ഒന്നിപ്പിച്ചിരിക്കുന്നു-അവരുടെ ദേശീയ പന്തുകളി സംഘം.

ക്രൊയേഷ്യയുമായുള്ള കളിയില്‍ 3-1ന് ബ്രസീല്‍ ജയിച്ചു. ആഘോഷം പുലരുംവരെ നീണ്ടു. രാജ്യത്തെ അസമത്വത്തെക്കുറിച്ച് പ്രതിഷേധത്തിന്റെ ഭാഷയില്‍ ലോകത്തോട് വിളിച്ചുപറഞ്ഞ മാസങ്ങള്‍ക്കൊടുവിലാണ് ഈ ആഘോഷം.

“ബ്രസീല്‍ സ്വന്തം നാട്ടില്‍ കളിക്കുന്നത് കാണുന്നത് വൈകാരികമായ ഒന്നാണ്,” 51-കാരിയായ ഡ സില്‍വേ പറഞ്ഞു.

ഡ സില്‍വേയുടെ ചെറിയ വീട്ടില്‍ 6 പേരുണ്ട്. പക്ഷേ കളിയുടെ ദിവസം ആരും ഇല്ലായ്മകളെക്കുറിച്ച് വേവലാതിപ്പെട്ടില്ല. ദേശീയഗാനം താളം തെറ്റി പാടി, തണുത്ത ബീറും കുടിച്ച്, കടലയും കൊറിച്ച് അവര്‍ ടെലിവിഷനില്‍ കളി കണ്ടു. ബ്രസീല്‍ എല്ലാം തികഞ്ഞ രാജ്യമല്ലെന്ന് അവര്‍ക്കറിയാം. പക്ഷേ അവരുടെ പന്തുകളി സംഘം എല്ലാം തികഞ്ഞത് ആയേക്കാം.

“ഇപ്പോള്‍ ഞങ്ങള്‍ ടീമിനെ പിന്തുണക്കണം. അതേ സമയം നാളെ രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്,” 21-കാരന്‍ ഏദെമി സൊറെസ് പറഞ്ഞു.

സാവോപോളയും റിയോ ഡി ജെനീറോയുമടക്കം 3 നഗരങ്ങളില്‍ ലോകകപ്പിന്റെ ഉദ്ഘാടന ദിവസം തന്നെവന്‍ പ്രതിഷേധങ്ങള്‍ നടന്നു. ചിലയിടങ്ങളില്‍ വഴിതടയലും അറസ്റ്റുമുണ്ടായി. ചിലയിടത്ത്  പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെല്ലാം ബ്രസീല്‍ തികച്ചും പിന്നില്‍ നില്‍ക്കുമ്പോള്‍ ലോകകപ്പിനായി കോടികള്‍ പൊടിക്കുന്നതിനെതിരെ- 11 ബില്ല്യണ്‍ ഡോളര്‍ തൊട്ട് 14 ബില്ല്യണ്‍ ഡോളര്‍ വരെയാണ് ചെലവ് എന്നാണ് കണക്കുകള്‍- മിക്ക ആളുകളും രോഷത്തോടെ പ്രതികരിക്കുകയാണ്.

സ്റ്റേഡിയത്തിലും ഫിഫക്കും സര്‍ക്കാരിനുമെതിരെ ഈ രോഷപ്രകടനം ദൃശ്യമായിരുന്നു. കളി തുടങ്ങുന്നതിന് മുമ്പ് കാണികള്‍ ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസേഫിന്റെ പേര്  ശകാരപദങ്ങളോടെ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു.

അവിടെനിന്നും 17 മൈലുകള്‍ക്കകലെ ഡ സില്‍വയുടെ വീട് നില്‍ക്കുന്ന ഫവേലയില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ചെരിവാസികള്‍ക്കറിയാമായിരുന്നു കളി നടക്കുന്ന മൈതാനത്തിന്റെ അടുത്തുപോകാന്‍ പോലും തങ്ങള്‍ക്കാവില്ലെന്ന്. കളിയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയി. 220 മുതല്‍ 500 ഡോളര്‍ വരെ നിരക്കില്‍. എന്നാല്‍ കരിഞ്ചന്തയില്‍ ഇതിലുമെത്രയോ ഇരട്ടിയായിരുന്നു വില. ലോക ബാങ്കിന്റെ കണക്കനുസരിച്ച് ബ്രസീലിലെ ശരാശരി വാര്‍ഷിക വരുമാനം 12000 ഡോളറിന് താഴെയാണ്. കുറഞ്ഞ കൂലി കിട്ടുന്നവര്‍ക്ക് പോലും അതിന്റെ നാലിലൊന്ന് വീട്ടിലെത്തിക്കാനാവുന്നില്ല. സാവോപോളയിലെ കുതിച്ചുയരുന്ന വീട്ടുവാടക കൊടുക്കാനാവുന്നില്ല, പിന്നല്ലേ ലോകകപ്പ്.

ബ്രസീലിലെ ഏറ്റവും വലിയ നഗരമാണ് സാവോപോളോ,ലോകത്തിലെ ഏഴാമത്തേതും. 2010-ലെ സെന്‍സസ് അനുസരിച്ചു സാവോപോളയിലെ 11.3 ദശലക്ഷം താമസക്കാരില്‍ 13 ശതമാനമെങ്കിലും സ്വകാര്യസ്ഥലത്തോ, പൊതുസ്ഥലത്തോ ഉള്ള ചേരികളിലും, താത്ക്കാലികമായി കെട്ടിമറച്ച പുരകളിലും ആണ് കഴിഞ്ഞുകൂടുന്നത്.

പക്ഷേ ഈ പന്തുകളി കമ്പക്കാരുടെ നാട്ടില്‍ ധനികരും ദരിദ്രരും ഒരുപോലെ കളി കാണാന്‍  വഴികള്‍ കണ്ടെത്തുന്നു. ഫിഫ ഒരുക്കിയ വലിയ സ്ക്രീനുകള്‍ക്കു മുന്നിലും, ചായക്കടകളിലും, മദ്യശാലകളിലുമൊക്കെയായി ആളുകള്‍ കളി കാണുകയാണ്. പക്ഷേ മിക്കവരും പതിവുപോലെ കുടുംബമായി ടെലിവിഷന് മുന്നില്‍ തിക്കിത്തിരക്കി, കണ്ണിമ ചിമ്മിയാല്‍ ചരിത്രം കാണാതെ പോകുമോ എന്ന ആകാംക്ഷയോടെ കളി കാണുന്നവരാണ്.

അടുക്കിപ്പെറുക്കി ഒന്നിന് മുകളില്‍ ഒന്നായി എങ്ങനെയൊക്കെയോ വെച്ചത് പോലെ തോന്നുന്ന ഒരു കെട്ടിടത്തിലെ വീട്ടിലാണ് ഡ സില്‍വയും കുടുംബവും താമസിക്കുന്നത്. പുരപ്പുറത്ത് താത്ക്കാലത്തേക്ക് കെട്ടിയുണ്ടാക്കിയ ഒരു മുറിക്കുള്ളിലിരുന്നാണ് അവര്‍ കളി കാണുന്നത്. കളിയുടെ ആ രണ്ടു പകുതികള്‍ക്കിടയില്‍ അവര്‍ ആകാംക്ഷയിലും ആവേശത്തിലും നെടുവീര്‍പ്പുകളിലുമായി പലതവണ മരിക്കുകയും ജനിക്കുകയും ചെയ്യുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം
കറുത്ത മാലാഖമാരുടെ പോസ്റ്റ്മെട്രിക് ജീവിതങ്ങള്‍

ഇന്ത്യൻ ആണ്‍ എത്ര നല്ലവനാണ്?

ഞാന്‍ ചാരനല്ല – എഡ്വേര്‍ഡ് സ്നോഡന്റെ ആദ്യ അഭിമുഖം

ആരു പറഞ്ഞു അടിമത്തം നിര്‍ത്തലാക്കിയെന്ന്?

നിങ്ങളുടെ ഫേസ്ബുക്ക് ഭൂതകാലം ഇല്ലാതാക്കാനുള്ള വഴികള്‍

സാവോപോളോയുടെ ഏതാണ്ട് നടുക്കാണ് ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന മോയിന്‍ഹോ ഫവേല. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്തും കിട്ടും. പിരിയന്‍ മണ്‍പാതകള്‍ക്കിടയില്‍ പെട്ടിക്കടകള്‍ മുതല്‍ വലിയ മദ്യശാലകള്‍ വരെ.

ഫവേലയുടെ നടുക്കുള്ള പൊടി നിറഞ്ഞ ചെറിയ മൈതാനത്ത് വൈകീട്ട് നൂറുകണക്കിനാളുകളാണ് ഒത്തുകൂടുന്നത്. കഷ്ടി 25 അടി വരുന്ന സ്ഥലത്തു കുട്ടികള്‍ ചെറിയ ഗോള്‍പോസ്റ്റുകളുണ്ടാക്കി വൈകുംവരെ കളിക്കും. എപ്പോളെങ്കിലും കെട്ടുപൊട്ടിയ നൂലിന്‍കെട്ടുപോലെ ഇഴപിരിഞ്ഞുകിടക്കുന്ന മണ്‍വഴികളിലേക്ക് പന്ത് നഷ്ടപ്പെടുമ്പോളാണ് കളി നില്‍ക്കുന്നത്.

ബ്രസീലിലെ മറ്റ് നഗരങ്ങള്‍ പാര്‍പ്പിട പ്രശ്നത്തില്‍ ചെറിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ സാവോപോളയിലെ സ്ഥിതി ഇപ്പൊഴും തീര്‍ത്തൂം നിരാശാജനകമാണ്. ഏതാണ്ട് 1 ദശലക്ഷം വീടുകളുടെ കുറവാണ് ഇവിടെയുള്ളത്. നഗരാതിര്‍ത്തിക്കുള്ളില്‍ത്തന്നെ ഏതാണ്ട് 5 ദശലക്ഷത്തിലേറെപ്പേര്‍ക്ക് സ്വന്തമായി വീടില്ല.

“ഫവേലയില്‍ ജീവിക്കുന്ന 99.9% ആളുകളും ഒരു ശരാശരി ബ്രസീലുകാരന്‍ മറ്റൊരു ബ്രസീലുകാരനെ കാണുന്നപോലെ സത്യസന്ധരും,കഠിനമായി പണിയെടുക്കുന്നവരുമാണ്. അതൊരു വീട്ടുവേലക്കാരിയോ, ഭക്ഷണശാലയിലെ വിളമ്പുകാരനോ, ഒരു ബസ് ഡ്രൈവറോ ആകാ,” കൊളംബിയ സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര വിഭാഗം അദ്ധ്യാപകന്‍ മാര്‍കോസ് ട്രോയ്ജോ പറയുന്നു. “ഫവേലയില്‍ ജീവിക്കുന്നവരോടു ആളുകള്‍ക്ക് വലിയ സഹതാപമുണ്ട്.”

റിയോ ഡി ജെനീറോയില്‍നിന്നും വ്യത്യസ്തമായി സാവോപോളോയിലെ ഫവേലകള്‍ മിക്കതും പുതിയതാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ തൊഴില്‍ത്തേടി നഗരത്തിലേക്ക് വന്ന കുടിയേറ്റക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ഇവിടം. മിക്ക ഫവേലകളും അരക്ഷിതവും, ഒട്ടും ശുചിയല്ലാത്തതും, വെള്ളമോ വൈദ്യുതിയോ പോലുള്ള അടിസ്ഥാനസൌകര്യങ്ങള്‍ പോലും ഇല്ലാത്തതുമാണ്. കുറ്റകൃത്യങ്ങള്‍ പരക്കെയുണ്ട്. ഒരു വലിയ കാറ്റിന് ഇതെല്ലാം നിലംപൊത്തുകയും ചെയ്യാം.

ലോകകപ്പിനോടനുബന്ധിച്ച നിര്‍മ്മാണങ്ങള്‍ ആയിരക്കണക്കിനാളുകളെ ഇവിടെ ഭവനരഹിതരാക്കി.  കൃത്യം കണക്ക് ആരുടെ പക്കലുമില്ല. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത് മുന്നറിയിപ്പില്ലാതെ വീട് നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടരലക്ഷത്തോളം വരുമെന്നാണ്.

“ചിലപ്പോളൊക്കെ ചില നല്ല കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും: ഒരു വഴി, അടിസ്ഥാനസൌകര്യങ്ങള്‍ ഇങ്ങനെ ചിലതിന്,”ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്റെ ബ്രസീല്‍ ഡയറക്ടര്‍ അതില റോക്കെ പറഞ്ഞു. “ ഞങ്ങള്‍ അതിനെതിരല്ല. പക്ഷേ നിങ്ങള്‍ മനുഷ്യരുടെ അവകാശങ്ങള്‍ വകവെക്കാതെ, ഒരു മുന്നറിയിപ്പും നല്‍കാതെ, കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ ചെയ്യുമ്പോള്‍ ഞങ്ങള്‍ അതിനെതിരാണ്. ഇതവരുടെ വീടാണ്, അവരുടെ തൊഴിലിടത്തിനടുത്ത്, കുടുബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമടുത്ത്. അല്പം സുതാര്യത മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.”

ഡ സില്‍വയുടെ കുടുംബം ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തോളമായി. ഈ ചേരി ഇങ്ങനെ വലുതാവുന്നത് അവര്‍ കണ്ടുകൊണ്ടിരിക്കയാണ്.  അവരുടനെയൊന്നും ഇവിടം വിട്ടുപോവില്ല. കളി തീരുമ്പോള്‍ കുടുംബം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്. പുറത്തെ ആര്‍പ്പുവിളിയും ആരവങ്ങളും  കൂടുതല്‍ ഉച്ചത്തിലാവുന്നു.

സ്റ്റേഡിയത്തില്‍ നിറഞ്ഞിരുന്ന 62,103 പേര്‍ ടിക്കറ്റിന്റെ കടക്കുറ്റികള്‍, വിലയേറിയ ഓര്‍മ്മക്കാഴ്ച്ചകളായി വീട്ടില്‍ സൂക്ഷിച്ചുവെക്കും. അന്നൊരു രാത്രി, ഡ സില്‍വയ്ക്ക് തനിക്കിപ്പോള്‍ എല്ലാമുള്ളതുപോലെ തോന്നി.

വസന്ത് കമല്‍

ഫുട്‌ബോളിനോടല്ല, ലോകകപ്പ് നടത്തിപ്പിനോടാണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്- പറയുന്നത് ബ്രസീലിലെ ഒരു സാധാരണ പ്രക്ഷോഭകനല്ല, സാക്ഷാല്‍ റൊമാരിയോയാണ്, ബ്രസീലിന്റെ പഴയ ഗോളടി യന്ത്രം. നീണ്ട കാത്തിരിപ്പിനൊടുവില്‍ കാനറികളുടെ നാട്ടിലേക്ക് ലോക കിരീടം തിരിച്ചുകൊണ്ടുവന്ന സുവര്‍ണ സംഘത്തിലെ തിളങ്ങുന്ന താരമായിരുന്ന റൊമാരിയോ. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത് ഒരു വികാരമാണ്. ലോകം ലോകകപ്പില്‍ നിറച്ച ലഹരിയില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍, ജീവിക്കാന്‍ ജോലിയില്ലാതെ, ജോലി കിട്ടാന്‍ പ്രാപ്തമായ വിദ്യാഭ്യാസമില്ലാതെ, ചികിത്സ തേടാന്‍ ആശുപത്രികളില്ലാതെ നട്ടം തിരിയുന്ന ബ്രസീലിലെ സാധാരണക്കാരന്റെ വികാരം.

1000 കോടി ഡോളര്‍ മുടക്കി 500 കോടി ഡോളര്‍ നേടുന്ന ബിസിനസ് തന്ത്രമെന്തെന്ന് അവര്‍ക്കു മനസിലാകുന്നില്ല. ആഗോള വേദികളില്‍ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിക്കുന്നത് ഏതോ വിദൂര ഭാവിയില്‍ തങ്ങളുടെയൊക്കെ പട്ടിണി മാറാന്‍ ഉപകരിക്കുമെന്നു ദില്‍മ റൗസഫ് പറയുന്നതും അവര്‍ക്കു മനസിലാകുന്നില്ല. ഒപ്പം, പെലെയുടെ നാട്ടുകാരെങ്ങനെ ഫുട്‌ബോളിനെ തള്ളിപ്പറയുമെന്ന് നമുക്കും മനസിലാകുന്നില്ല. കാല്‍പ്പന്തുകളിയിലെ കാല്‍പ്പനികതയുടെ പര്യായമായ നാടിന്, ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ രാജ്യത്തിന് എങ്ങനെ ലോകകപ്പിനെ തള്ളിപ്പറയാനാകുമെന്നു മനസിലാകാത്തവര്‍ക്കുള്ള മറുപടിയാണ് റൊമാരിയോ പറയുന്നത്- ഞങ്ങള്‍ എതിര്‍ക്കുന്നത് ഫുട്‌ബോളിനെയല്ല, ലോകകപ്പിനെയുമല്ല, ദരിദ്ര രാഷ്ട്രം ഇങ്ങനെയൊരു ആഡംബരത്തിന് വേദിയാക്കുന്നതിനെയാണ്.

പക്ഷേ, സാവോ പോളോയില്‍ പന്തുരുണ്ടു തുടങ്ങിയതോടെ പ്രക്ഷോഭങ്ങള്‍ പിന്നണിയിലേക്കു മാറിക്കഴിഞ്ഞു, പുറംലോകത്തിനെങ്കിലും. ഇനി ഗ്യാലറികളിലെ ആവേശത്തിന്റെ ആരവങ്ങളും കഷിറോളയുടെ മണികിലുക്കവും മാത്രമേ ബ്രസീലിന്റെ അതിരുകള്‍ക്കു പുറത്തേക്കു വരൂ.

ബ്രസീലിയന്‍ സര്‍ക്കാര്‍ കാത്തു വയ്ക്കുന്ന പ്രതീക്ഷകള്‍ ഏറെയാണ്. ലോകകപ്പ് സമയത്ത് ബ്രസീലില്‍ ആകമാനം 37 ലക്ഷം പേര്‍ യാത്ര ചെയ്യും; വിദേശ ടൂറിസ്റ്റുകള്‍ ശരാശരി നാല് ലോകകപ്പ് മത്സരങ്ങള്‍ വീതം കാണും; ബ്രസീലില്‍ തങ്ങുന്ന സമയത്ത് അവര്‍ ഓരോരുത്തരും ശരാശരി 2488 ഡോളര്‍ ചെലവാക്കും; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് 303 ഡോളര്‍ മുതല്‍ക്കൂട്ടാകും; ദേശീയ ആകര്‍ഷണങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കും; അതുവഴി വിദേശ നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടും എന്നൊക്കെ അവര്‍ വിശ്വസിക്കുന്നു, അഥവാ വിശ്വസിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പക്ഷേ,സ്റ്റേഡിയം നിര്‍മാണത്തിന്റെ പേരില്‍ വീടും വ്യാപാര സ്ഥാപനങ്ങളും നഷ്ടമായി, ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത പതിനായിരങ്ങളോടു പറയാന്‍ മറുപടിയില്ല.

35 വര്‍ഷത്തെ പാരമ്പര്യം മാത്രമുള്ള ബ്രസീലിയന്‍ ജനാധിപത്യത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാനൊരു ഉത്തേജനമാണ് സര്‍ക്കാര്‍ ഈ ലോകകപ്പില്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബറില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരിടുന്ന ദില്‍മയ്ക്കും ഇതൊരു രാഷ്ട്രീയ സൗകര്യമാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, ലോകകപ്പ് നടത്തിപ്പും സാമ്പത്തിക മുന്നേറ്റവും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് ബ്രസീലിയന്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പല പഠനങ്ങളിലും വ്യക്തമായിട്ടുള്ളത്. ആതിഥേയരെന്ന നിലയിലും സെമി ഫൈനലിസ്റ്റുകളെന്ന നിലയിലും 2002ലെ ലോകകപ്പ് ആതിഥ്യവും സെമി ഫൈനല്‍ പ്രവേശനവും ദക്ഷിണ കൊറിയയ്ക്ക് വലിയ സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്ന് പ്രവചിക്കപ്പെട്ടു. പക്ഷേ, പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. 1998ലെ ലോകകപ്പ് വിജയം ഫ്രാന്‍സിനെയും ഒരു സാമ്പത്തിക ഉണര്‍വിലേക്കും നയിച്ചില്ല. 2010ല്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയില്‍ ഇന്നു ചൂണ്ടിക്കാട്ടാനുള്ള ലോകകപ്പ് നേട്ടം, അനാഥമായി കിടക്കുന്ന കുറേ സ്റ്റേഡിയങ്ങള്‍ മാത്രം.

ലോകകപ്പ് വിജയം സാമ്പത്തിക ഉന്നമനത്തിലേക്കുള്ള മാര്‍ഗമാകണമെന്നില്ല എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സ്‌പെയ്ന്‍. നാലു വര്‍ഷം മുന്‍പ് അവര്‍ കിരീടം ചൂടിയതിനു പിന്നാലെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇടറിവീണത്.

ദീര്‍ഘകാല സാമ്പത്തിക നിക്ഷേപമാണ് ലോകകപ്പ് നടത്തിപ്പ് എന്ന ബ്രസീലിയന്‍ ടൂറിസം മന്ത്രാലയത്തിന്റെ വാദം പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ. ലോകകപ്പില്‍ നിക്ഷേപിക്കുന്ന മൂലധനം ഭാവിയില്‍ മറ്റ് ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുമെന്ന വാദം അദ്ദേഹം നിരുപാധികം തള്ളുകയാണ് ചെയ്തത്.

കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മേളകളുടെ നടത്തിപ്പിനും പൊതു പണം ചെലവാക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ മറ്റു സേവനങ്ങള്‍ക്കുള്ള നീക്കിയിരിപ്പിലാണ് കുറവു വരുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. ഈ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒന്നുകില്‍ നികുതികള്‍ വര്‍ധിപ്പിക്കണം, അല്ലെങ്കില്‍ കടമെടുക്കണം. കായിക മേളയ്ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനും ചെലവാക്കുന്ന തുകയും അതില്‍നിന്നു കിട്ടുന്ന വരുമാനവും തുല്യമാകാം. അല്ലാതെ ലാഭം ഒരിക്കലും പ്രതീക്ഷിക്കാനാകില്ല. ഉയര്‍ന്ന നികുതിയും ചെലവുചുരുക്കലും കാരണം മറ്റു മേഖലകളില്‍ വരുന്ന തൊഴില്‍ നഷ്ടത്തിനു തുല്യം മാത്രമാണ് കായികമേളകള്‍ നടത്തുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍.

കായികമേളകള്‍ക്ക് ആതിഥ്യം വഹിക്കുന്നതു വഴി തൊഴിലവസരങ്ങള്‍ വര്‍ധിക്കാം, എന്നാല്‍, അതൊന്നും മുഴുവന്‍ സമയ തൊഴിലുകളായിരിക്കില്ല. രാജ്യത്തിനും അവിടത്തെ പൗരന്‍മാര്‍ക്കും കിട്ടുന്ന സന്തുഷ്ടിയും സംതൃപ്തിയും മാത്രമാണ് ഇത്തരം മേളകള്‍ നടത്തുന്നതുകൊണ്ടുള്ള പ്രയോജനം. അല്ലാതെ, സമ്പത്ത് വര്‍ധിക്കലല്ല. അങ്ങനെ, പണം കൊടുത്ത് സന്തോഷം വാങ്ങാന്‍ മാത്രം സമ്പന്നവുമല്ല ബ്രസീല്‍.

ലോകകപ്പ് നടത്തിപ്പിന് ബ്രസീല്‍ ചെലവാക്കുന്ന തുകയില്‍ മൂന്നര ബില്യന്‍ ഡോളറും ഭാവിയില്‍ അത്യാവശ്യമൊന്നുമില്ലാത്ത സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനു മാത്രമാണ്. ഒരു മുന്‍നിര പ്രൊഫഷണല്‍ ടീമും ആസ്ഥാനമാക്കിയിട്ടില്ലാത്ത ബ്രസീലിയയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ മാത്രം ചെലവാക്കി 90 ലക്ഷം ഡോളര്‍. ലോകകപ്പ് കഴിയുന്നതോടെ കാര്യമായ ഒരു വരുമാനവും ഈ സ്റ്റേഡിയത്തില്‍നിന്നു പ്രതീക്ഷിക്കാനില്ല. ബീജിങ്ങില്‍ 2008 ഒളിംപിക്‌സിനോടനുബന്ധിച്ച് നിര്‍മിച്ച, 17,000 പേര്‍ക്ക് ഇരിക്കാവുന്ന വാട്ടര്‍ ക്യൂബ് എന്ന സ്വിമ്മിങ് ഫെസിലിറ്റി പിന്നീട് ഒരു ഉപയോഗവുമില്ലാതെ കിടക്കുന്നത് ഓര്‍ക്കുക.

1930ലാണ് ഫുട്‌ബോള്‍ ലോകകപ്പിന്റെ തുടക്കം. അതേ വര്‍ഷം തന്നെയാണ് ഗ്രേറ്റ് ഡിപ്രഷന്‍ ഒരു പൂര്‍ണ വര്‍ഷം പൂര്‍ത്തിയാക്കിയത്. യുഎസ് സാമ്പത്തിക മാന്ദ്യം നേരിട്ട 1990, വികസിത രാജ്യങ്ങളുടെ ആകെ വിപണികളിലേക്ക് അത് പടര്‍ന്ന 1994, ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 1998, യുഎസ് ഹൗസിങ് മാര്‍ക്കറ്റിന്റെ തകര്‍ച്ച കണ്ട 2006, യൂറോ സോണ്‍ പ്രതിസന്ധയുടെ ആരംഭം കുറിച്ച 2010, ഇതെല്ലാം ലോകകപ്പ് വര്‍ഷങ്ങള്‍ കൂടിയായിരുന്നു എന്നും ഓര്‍ക്കുക. അപ്പോള്‍, ലോകകപ്പ് ആഗോള സമ്പദ് വ്യവസ്ഥയ്ക്കും വ്യാപാര-വ്യവസായ മേഖലകള്‍ക്കുമൊക്കെ ഉണര്‍വേകുമെന്ന് പറയുന്നതില്‍ എന്തര്‍ഥം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍