UPDATES

സാംബ- 2014

‘കടിയന്‍’ സുവാരസിന് വിലക്ക്; റൊണാള്‍ഡോയും പുറത്ത്

Avatar

ടീം അഴിമുഖം

ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ കടിച്ച് പരിക്കേല്‍പ്പിച്ച ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയിസ് സുവാരസിനെ ഒമ്പത് കളികളില്‍ നിന്നും വിലക്കാന്‍ ഫിഫയുടെ അച്ചടക്ക കമ്മിറ്റി തീരുമാനിച്ചു. ഇതോടെ സുവാരസിന് ഇനി ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി. അറുപത്തിയേഴ് ലക്ഷം രൂപ പിഴ അടയ്ക്കാനും ഫിഫ സുവാരസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുവാരസ് ഇതേ തെറ്റ് ആവര്‍ത്തിക്കുന്നത് മൂന്നാം തവണ ആയതിനാല്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നതെങ്കിലും ഫിഫ താരതമ്യേന കുറഞ്ഞ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നേരത്തെ 2010ലും 2013ലും ഇതേ തെറ്റ് ഇദ്ദേഹം ആവര്‍ത്തിച്ചിരുന്നു.സുവാരസ് പുറത്താവുന്നതോടെ ടൂര്‍ണമെന്റില്‍ ഏറെ മുന്നേറും എന്ന് പ്രതീക്ഷിച്ചിരുന്ന ഉറുഗ്വേയുടെ സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ കൊളംബിയയുമായാണ് പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേ ഏറ്റുമുട്ടുന്നത്. 

ഇന്നലെ നടന്ന കളിയില്‍ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് ജിയില്‍ നിന്നും ജര്‍മ്മനിയും മികച്ച ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ പോര്‍ച്ചുഗലിനെ മറികടന്ന് അമേരിക്കയും പ്രീക്വാര്‍ട്ടറില്‍ എത്തി. ഗ്രൂപ്പ് എച്ചില്‍ നിന്നും റഷ്യയുമായി ഓരോ ഗോള്‍ പങ്കിട്ട് സമനില നേടിയ അള്‍ജീരിയ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചു. കളിയുടെ ആറാം മിനുട്ടില്‍ അലക്‌സാണ്ടര്‍ കൊ‌ക്കോറിന്‍ റഷ്യയെ മുന്നിലെത്തിച്ചെങ്കിലും അറുപതാം മിനുട്ടില്‍ സ്ലീമീനി നേടിയ ഗോളാണ് അള്‍ജീരിയയ്ക്ക് ആശ്വാസമായത്. അവര്‍ ഇനി ജര്‍മ്മനിയുമായി മാറ്റുരയ്ക്കുമ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബല്‍ജിയത്തിന് അമേരിക്കയാണ് അവസാന പതിനാറിലെ എതിരാളികള്‍. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ലോകകപ്പ് ഇനി ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

സുവാരസിന്റെ ആശാസ്യമല്ലാത്ത സംഭവം ഒഴിച്ചാല്‍ പൊതുവെ പന്തുകളിയുടെ ചാരുത കൊണ്ട് ശ്രദ്ധിക്കപ്പെട്ടതായിരുന്നു ബ്രസീല്‍ 2014 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍. എല്ലാ ഗ്രൂപ്പുകളിലേയും അവസാന മത്സരങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായിരുന്നതിനാല്‍ അവസാന നിമിഷം വരെയും ആവേശം നിറഞ്ഞു നിന്നു. അപ്രധാനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കളി പോലും ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഈ ലോകകപ്പിന്റെ എടുത്ത് പറയാവുന്ന സവിശേഷത.

ഗോളുകളുടെ ധാരാളിത്തം ആയിരുന്നു ഈ ലോകകപ്പിലെ ഒന്നാം റൌണ്ടിന്‍റെ മറ്റൊരു പ്രത്യേകത. ശരാശരി മുന്നു ഗോളുകള്‍ വച്ച് എല്ലാ കളികളിലും പിറന്നു. 48 മത്സരങ്ങളില്‍ നിന്നായി മൊത്തം 135 ഗോളുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോര്‍ ചെയ്യപ്പെട്ടത്. പുതിയ പന്തായ ബ്രസൂക്ക ലോകവ്യാപകമായി ക്ലബ് തലത്തിലും മറ്റും ഉപയോഗിക്കുന്നതിനാല്‍ കളിക്കാര്‍ക്ക് പന്തുമായി കൂടുതല്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യക്തിഗത ഗോള്‍ വേട്ടയില്‍ നെയ്മര്‍, മെസി, മുള്ളര്‍ എന്നിവര്‍ നാല് ഗോളുകള്‍ വീതം നേടി മുന്നിട്ടു നില്‍ക്കുന്നു.

കളിയുടെ ഉയര്‍ന്ന നിലവാരവും വേഗമാര്‍ന്ന ആക്രമണ പ്രത്യാക്രമണങ്ങളും കൊണ്ട് കാണികളെ ആകര്‍ഷിച്ച ലോകകപ്പാണിത്. ആരും സമനിലയ്ക്ക് വേണ്ടി കളിക്കുന്നത് കണ്ടില്ല. എറ്റവും നല്ല ഉദാഹരണം ജി ഗ്രൂപ്പിലെ ജര്‍മ്മനിയും അമേരിക്കയും തമ്മിലുള്ള അവസാന മത്സരമായിരുന്നു. ഇരു ടീമുകള്‍ക്കും സമനില കൊണ്ട് മുന്നോട്ട് പോകാമായിരുന്നെങ്കിലും ആക്രമിച്ചു കളിക്കാനാണ് രണ്ട് കൂട്ടരും ശ്രമിച്ചത്. മുള്ളറുടെ ഗോളില്‍ ജര്‍മ്മനി ജയിക്കുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പിലെ മറ്റെ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഘാനയെ പരാജയപ്പെടുത്തിയതിനാല്‍ അമേരിക്കയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തോല്‍വി തടസമായില്ല. മറിച്ച് ഇതേ മാര്‍ജിനില്‍ ഘാന ജയിച്ചിരുന്നെങ്കില്‍ അമേരിക്കയുടെ വിധി മറ്റൊന്നാകുമായിരുന്നു. 

റഫറിയിംഗിനെ കുറിച്ച് വലിയ പരാതി ഇത് വരെ ഉണ്ടായിട്ടില്ലെങ്കിലും രണ്ട് തെറ്റായ തീരുമാനങ്ങള്‍ രണ്ട് രാജ്യങ്ങളുടെ കണ്ണീരിന് കാരണമായി. ഇതില്‍ ഏറ്റവും ദൗര്‍ഭാഗ്യകരം കളിയുടെ അന്ത്യനിമിഷത്തില്‍ ഐവറി കോസ്റ്റിനെതിരെ വിധിച്ച പെനാല്‍ട്ടി ആയിരുന്നു. ഗ്രീസുമായുള്ള കളിയില്‍ പ്രീക്വാര്‍ട്ടറില്‍ എത്താന്‍ ഐവറി കോസ്റ്റിന് സമനില മതിയായിരുന്നു. എന്നാല്‍ കളിയുടെ അന്ത്യനിമിഷത്തില്‍ വന്ന റഫറിയുടെ തെറ്റായ തീരുമാനം അവരെ തോല്‍പ്പിക്കുകയും ലോകകപ്പില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കടിവിവാദത്തില്‍ സുവാരസിന് ചുവപ്പ് കാര്‍ഡ് നല്‍കാതിരുന്നതും ഭാവി ചര്‍ച്ചകള്‍ക്ക് കാരണമാകും. ഇറ്റലിയുടെ വിധി നിര്‍ണയിച്ച ഒരു തീരുമാനമായിരുന്നു അത്. പത്തുപേരുമായി കളിക്കുകയായിരുന്ന ഇറ്റലിക്ക് സമനില പ്രീക്വാര്‍ട്ടറിലേക്കുള്ള വാതില്‍ തുറക്കുമായിരുന്നു. കളിയുടെ 80-ആം മിനിട്ടില്‍ സുവാരസിന്റെ ഫൗള്‍ നടക്കുമ്പോഴും മത്സരം ഗോള്‍രഹിത സമനിലയില്‍ ആയിരുന്നു. തൊട്ടടുത്ത നിമിഷം ഉറുഗ്വേ ഗോള്‍ നേടിക്കൊണ്ട് ഇറ്റലിക്ക് പുറത്തേക്കുള്ള വഴി തുറന്നുവെന്നത് വിധിയുടെ വൈപരിത്യമാകാം. എന്നാല്‍ റഫറി സുവാരസിനെ പുറത്താക്കിയിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഏറെ. ഇതോടെ ആധുനിക സാങ്കേതികവിദ്യകള്‍ ഫുട്ബോള്‍ റഫറിയിംഗിലും ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകും. ക്രിക്കറ്റിലും ടെന്നീസിലുമൊക്കെ ഇപ്പോള്‍ തന്നെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടെന്നിരിക്കെ കളിയുടെ ഒഴുക്കിനെ തടയാതെ ഫുട്ബോളില്‍ അതെങ്ങനെ നടപ്പില്‍ വരുത്താം എന്ന് ഫിഫ അധികൃതര്‍ ആലോചിക്കേണ്ടി വരും. ഗോള്‍ വര സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കിയ സ്ഥിതിക്ക് ഇത്തരം പരിഷ്‌കാരങ്ങള്‍ നിലവില്‍ വരാന്‍ വലിയ താമസം ഉണ്ടാവില്ല എന്ന് വേണം അനുമാനിക്കാന്‍. 48 മത്സരങ്ങളിലായി ഒമ്പത് തവണയാണ് റഫറിമാര്‍ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തത്. 

കണക്കുകളുടെ സാങ്കേതികതയ്ക്കപ്പുറം ചില പരാജയങ്ങളുടെ പേരിലാവും ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ചരിത്രത്തില്‍ ഇടം പിടിക്കുക. ഒരു യുഗാന്ത്യം എന്ന് വിശേഷിപ്പിക്കാവുന്ന നിലവിലെ ചാമ്പ്യന്മാരായ സ്‌പെയ്‌നിന്റെ മടക്കമാവും ഇതില്‍ ഏറ്റവും വേദനാജനകം. ലോക ഫുട്ബോളില്‍ ടിക്കി ടാക്ക എന്ന ഒരു പുതിയ ശൈലി തന്നെ അവതരിപ്പിച്ച തലമുറയുടെ അവസാനമാണ് ബ്രസീലില്‍ കണ്ടത്. സ്‌പെയിന് ഏറ്റവും വലിയ ഫുട്ബോള്‍ വിജയങ്ങള്‍ സമ്മാനിച്ച കളിക്കാരുടെ നിര ഇവിടെ അവസാനിക്കുന്നു. കഴിഞ്ഞ ദശകത്തിന്റെ താരങ്ങളായ ഇനിയെസ്റ്റ, കസിയസ്, ടോറസ് തുടങ്ങിയവരുടെ കായിക ജീവിതത്തിന്റെ അന്ത്യമാവും ഇവിടെ കണ്ടത്. അവസാന നിമിഷം വരെ രണ്ടാം റൗണ്ട് പ്രതീക്ഷ നിലനിര്‍ത്തി പുറത്തായ ഇറ്റലിയും ഒരു കളിപോലും ജയിക്കാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കും. വലിയ ക്ലബ് ലീഗുകള്‍ നടക്കുന്ന രാജ്യങ്ങള്‍ക്കൊന്നും ഇവിടെ തിളങ്ങാനായില്ലെന്നതും ശ്രദ്ധേയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍