UPDATES

സാംബ- 2014

അഴീക്കല്‍ മുഹമ്മദ് ഉസ്മാനും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്?- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു

Avatar

ഫൈസല്‍ ഖാന്‍

വര്‍ണാഭമായ ആ കിരീടത്തിന്റെ ഭംഗി ഡാന്‍ ബ്യൂഫസിനെ വല്ലാതെ മയക്കി കളഞ്ഞു. ഒരിക്കലെങ്കിലും അതൊന്ന് ചൂടാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കാതിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനല്‍സിന് പോകുന്ന രണ്ട് ആരാധകര്‍ക്കായി, ന്യൂഡല്‍ഹിയിലുള്ള അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ കലാമണ്ഡലം കുഞ്ഞികൃഷ്ണന്‍ നായര്‍ ക്ഷമാപൂര്‍വം നിര്‍മ്മിച്ച കഥകളി കിരീടത്തിന്റെ പരിഷ്‌കൃത രൂപമായിരുന്നു അത്. ജോഹന്നാസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച് ഞങ്ങള്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. ഞാനും എന്റെ 16 കാരിയായ മകളും. എല്ലാവര്‍ക്കും ഒരു ചോദ്യം മാത്രമേ ഞങ്ങളോട് ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു. ‘ഏത് രാജ്യത്ത് നിന്നും ഉള്ളവരാണ് നിങ്ങള്‍?’. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ളവരാണ് ഞങ്ങള്‍ എന്ന് മറുപടിയും നല്‍കി. കിരീടത്തിന്റെ മധ്യത്തിലുള്ള മറ്റൊരു ഘടകവും ആകര്‍ഷകമായിരുന്നു: ലോകകപ്പിന്റെ ഒരു സുവര്‍ണ മാതൃകയായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ ഞങ്ങളുടെ ആതിഥേയനായ ഡാന്‍ ബ്യൂഫസിനെ പോലെ മറ്റ് പലരും ലോകകപ്പിന്റെ ഓര്‍മയ്ക്കായി ആ കഥകളി കിരീടം ധരിച്ച് നില്‍ക്കുന്ന ചിത്രത്തിനായി ഞങ്ങളോടൊപ്പം പോസ് ചെയ്തു. സാംബയുടെ രാജ്യത്തേക്ക് ഞങ്ങള്‍ രണ്ടാമത്തെ ലോകകപ്പിനായി തിരിക്കുമ്പോള്‍, വിവിധ ഭൂഖണ്ഡങ്ങളിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ സംസ്‌കാരം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ കുറിച്ച് മറക്കാന്‍ സാധിക്കില്ല.

ദക്ഷിണാഫ്രിക്കയില്‍, കാല്‍പന്തു കളിയും സംസ്‌കാരവും വലിയ അധ്വാനമൊന്നും കൂടാതെ തന്നെ ഇഴചേര്‍ന്ന് നിന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നടന്ന ആദ്യ ലോകകപ്പിന് ആഥിത്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച ‘മഴവില്‍ രാജ്യത്തേക്ക്’ ചില നല്ല ഓര്‍മ്മകള്‍ കൊണ്ട് വരാനും അവിടെ നിന്നും സ്വന്തം രാജ്യത്തേക്ക് മറ്റ് ചില നല്ല ഓര്‍മ്മകള്‍ മടക്കിക്കൊണ്ട് പോകാനും എല്ലാവര്‍ക്കും സാധിച്ചു. എനിക്ക് കഥകളിയ്‌ക്കൊപ്പം കേരളത്തില്‍ നിന്നുള്ള ഒരു കാല്‍പ്പന്തു കളിക്കാരന്റെ ഓര്‍മ്മകളും പ്രധാനമായിരുന്നു. അഴീക്കല്‍ മുഹമ്മദ് ഉസ്മാന്‍ എന്ന എന്റെ സ്വന്തം പിതാവിന്റെ ഓര്‍മ്മകളായിരുന്നു അത്. കേരളത്തിന് വേണ്ടി അര്‍പ്പണബോധത്തോടെ പന്തു കളിച്ച എന്റെ പിതാവ്. ബ്രസീലുകാരെ പോലെ മലയാളികളെയും ഒരുമിപ്പിക്കുന്ന അതേ വികാരം. വളരെ മുമ്പ് തന്നെ കളിയില്‍ നിന്നും വിരമിച്ച അദ്ദേഹം, 1974 ല്‍ കേരളത്തിന് വേണ്ടി ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച ടീമിന് ഞങ്ങളുടെ നഗരം നല്‍കിയ സ്വീകരണം കാണിക്കുന്നതിന് എന്നെയും കൊണ്ടുപോയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അന്തരിച്ചു. എങ്കിലും ഈ മനോഹര കളിയോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രണയം അറിവിലും അര്‍ത്ഥത്തിലും ഞങ്ങളെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഫുട്ബോള്‍ വന്‍ശക്തികളായ ജര്‍മ്മനിയും ആഫ്രിക്കയുടെ ചെറുമീനുകളായ ഘാനയും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തിന് ശേഷം ഞങ്ങള്‍ സോവെറ്റോയിലെ ഓര്‍ലാണ്ടോ തെരുവിലുള്ള നെല്‍സണ്‍ മണ്ടേലയുടെ വീട് കാണാന്‍ പോയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ ദിവസവും സന്ദര്‍ശിക്കുന്ന ഒരു മ്യൂസിയമാണ് ആ വീടിപ്പോള്‍. വീടിന്റെ ഇടുങ്ങിയ മുറികളിലൊന്നില്‍, വര്‍ണവിവേചനത്തിനെതിരെ പടനയിച്ച മണ്ടേലയ്ക്ക് അമേരിക്കന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ ഷുഗര്‍ റേ ലിയോനാര്‍ഡ് സമ്മാനിച്ച് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

 

ഒരു ലക്ഷ്യത്തിനായി പോരാടുന്നവരോടുള്ള മനുഷ്യന്റെ ഐക്യദാര്‍ഡ്യത്തിന്റെ സ്പന്ദിക്കുന്ന ഓര്‍മ്മയായ ആ സമ്മാനം കായിക മേഖലയും സമൂഹവും തമ്മിലുള്ള സുവര്‍ണ ബന്ധത്തിന്റെ ഉത്തമ ഉദാഹരണമായി പരിലസിക്കുന്നു. സ്പോര്‍ട്സും സമൂഹവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിനുള്ള ഉദാഹരണങ്ങള്‍ നമുക്ക് ദിവസവും കാണാനാവും. എന്നാല്‍ ലോകകപ്പ് പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയില്‍ നില്‍ക്കുമ്പോഴാണ് അതിന്റെ ആഴത്തെ കുറിച്ച് നാം കൂടുതല്‍ ബോധവാന്മാരാകുന്നത്. അവിടെ ഒരേ സമയം നമ്മുടെ വൈയക്തിക വികാരങ്ങള്‍ പ്രാദേശികവും ആഗോളവുമാകുന്നു. നമ്മുടെ വീട്ടിലെ സ്വീകരണമുറിയില്‍ ഇരുന്ന് ലോകകപ്പ് കാണുമ്പോഴും ഇതേ വികാരമാണ് നിലനില്‍ക്കുന്നത്. എല്ലാ നാലു വര്‍ഷത്തിലൊരിക്കലും അങ്ങനെ ഒരു അവസരം കനിഞ്ഞു തരുന്ന കാല്‍പ്പന്തു കളിയോട് നമ്മള്‍ നന്ദിയുള്ളവരായിരിക്കുക തന്നെ വേണം.

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ‘ദ ഇക്കണോമിക് ടൈംസ്’ ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍