UPDATES

സാംബ- 2014

നാട്ടിലേക്ക് വിമാനം കയറണോ?ഇംഗ്ലണ്ടിന് ഇന്ന് തീരുമാനിക്കാം- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

വിജയം അല്ലെങ്കില്‍ മരണം;  ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ ഇംഗ്ലണ്ട്-ഉറുഗ്വെ പോരാട്ടം ഇതാണ്. അതുതന്നെയാണ് ഈ മത്സരത്തിന്റെ ആവേശവും. ജയം അനിവാര്യമായി ഇറങ്ങുന്ന രണ്ടു ടീമുകളില്‍ ആര്‍ക്കാണ്, നേരിയതെങ്കിലും, മേല്‍ക്കൈ എന്നു പറയാന്‍ സാധിക്കില്ല.

ഉറുഗ്വെയെ സംബന്ധിച്ച് സുവാരസ് കളിക്കാത്തത് തന്നെയാണ് പ്രശ്‌നം. ആ രാജ്യം അയാളെ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ടെന്ന് കോസ്റ്റാറിക്കയുമായുള്ള മത്സരം കാണിച്ചു തന്നു. അറ്റാക്കിംഗ് സ്പിരിറ്റ് അവര്‍ക്ക് നഷ്ടമായിരിക്കുന്നു. കോസ്റ്റാറിക്കായുടെ വിജയം അട്ടിമറിയെന്നു പറയുന്നുണ്ടെങ്കിലും ആ വിജയം ഉറുഗ്വെയുടെ പോരായ്മകളുടെ സന്തതി തന്നെയായിരുന്നു. എഡിസന്‍ കവാനി അത്ര ഫോമിലല്ല എന്ന വേദനയും കഴിഞ്ഞ കളിയിലൂടെ ആദ്യലോകചാമ്പ്യന്‍മാര്‍ മനസ്സിലാക്കിയിരിക്കുന്നു.  കവാനിയുടെ കാലുകള്‍ക്ക് ലക്ഷ്യബോധം ഉണ്ടാകാന്‍ ഉറുഗ്വെ മനമുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടാവും. റോഡ്രീജസും നന്നായി മിനക്കട്ടെ മതിയാകൂ. ഡിയോ ഫോര്‍ലാന്‍ കളത്തിലുണ്ടെങ്കിലും, ആ പഴയ ഫോര്‍ലാന്‍ ആയിട്ടല്ല. കഴിഞ്ഞ ലോക കപ്പില്‍ തന്നെ വിരമിക്കലിന്റെ പടിയിലെത്തിയിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണയും അദ്ദേഹം ടീമിലുണ്ട്. എന്തെങ്കിലും അത്ഭുതങ്ങള്‍ ഫോര്‍ലാനില്‍ നിന്നുണ്ടാകുമോ എന്ന് കണ്ടറിയാം. കഴിഞ്ഞ കളിയില്‍ പിന്നോട്ടുപോയെങ്കിലും ഉറുഗ്വെയുടെ പ്രതിരോധം ശക്തം തന്നെയാണ്. വയസ്സ് മുപ്പത്തിമൂന്ന് ആയെങ്കിലും അവരുടെ ക്യാപ്റ്റന്‍ ഡിയോ ലുഗാനോ നേതൃത്വം നല്‍കുന്ന പ്രതിരോധ നിര ഇന്ന് ഇംഗ്ലണ്ടിന് ശക്തമായ തട തീര്‍ക്കുമെന്ന് തന്നെ ഞാന്‍ വിചാരിക്കുന്നു. 

ഇംഗ്ലീഷുകാര്‍ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. അല്ലെങ്കില്‍ നാട്ടിലേക്ക് വിമാനം കയറാന്‍ തയ്യാറാകണം. ഇറ്റലിക്കെതിരേ അവര്‍ നന്നായി കളിച്ചു എന്നു പറയാന്‍ കഴിയില്ല. അത്ര മോശമായിരുന്നില്ല എന്നു പറയാം. അതുപോര. ഇനിയവര്‍ നന്നായി തന്നെ കളിച്ചേ മതിയാകൂ. കളിക്കാര്‍ക്ക് അവരുടെ പെരുമ കളത്തില്‍ കാണിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇംഗ്ലണ്ടിന്റെ പ്രശ്‌നം. വെയ്ന്‍ റൂണിയുടെ അപരനായിരുന്നോ ഇറ്റലിക്കെതിരേ കളിക്കാന്‍ ഇറങ്ങിയതെന്നുവരെ തോന്നിപ്പോയവര്‍ ഉണ്ട്. ലെഫ്റ്റ് ഹാഫില്‍ താഴോട്ടിറങ്ങി നില്‍ക്കുന്ന സ്‌ട്രൈക്കര്‍ ആയിട്ടു തന്നെയായിരിക്കും ഇന്നും റൂണി കളിക്കുക. ആ പോസിഷനില്‍ അയാള്‍ക്ക് ശോഭിക്കാന്‍ കഴിയുന്നതാണ്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ റൂണി അപകടകാരിയാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. കൂടുതല്‍ അറ്റാക്കിംഗ് ശൈലിയിലേക്ക് മാറാനായി നാലു സ്‌ട്രൈക്കര്‍മാരെ വച്ചാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയിരുന്നത്. പ്രതിരോധത്തില്‍ അവര്‍ക്ക് പിഴയ്ക്കുന്നുണ്ട്. സെറ്റ്പീസുകളും കോര്‍ണറുകളും പ്രതിരോധിക്കാന്‍ അവര്‍ പരാജയപ്പെടുന്നു.

ഇതുവരെയുള്ള മത്സരങ്ങള്‍ കണ്ടപ്പോള്‍ ഒരുകാര്യം വ്യക്തമായി. തങ്ങളുടെമേലുള്ള പ്രതീക്ഷകള്‍ക്കനുസരിച്ച് കളിച്ച മൂന്നു ടീമുകളെ ഉള്ളൂ. ജര്‍മനിയും ഹോളണ്ടും പിന്നെ ഇറ്റലിയും. ബാക്കി കേമന്‍മാരെല്ലാം നിരാശപ്പെടുത്തുകയാണ്. ആ കൂട്ടത്തിലാണ് ഇംഗ്ലണ്ടും ഉറുഗ്വെയും. 

ഇന്നത്തെ ബാക്കി കളികള്‍ കൊളംബിയയും ഐവറി കോസ്റ്റും ജപ്പാനും ഗ്രീസും തമ്മിലാണ്. ആദ്യ കളിയിലൂടെ തന്നെ ചിലത് കല്‍പ്പിച്ചു തന്നെയാണ് ഈ വരവെന്ന് കൊളംബിയ അറിയിപ്പ് തന്നിരുന്നു. ഫല്‍ക്കോവയില്ലാത്ത കൊളംബിയ പൊള്ളയായിരിക്കുമെന്ന് പറഞ്ഞവരെ അവര്‍ ഞെട്ടിച്ചു. ഫല്‍ക്കോവയില്ലാതെ തന്നെ അവര്‍ നല്ലഫോമിലാണ്. ഐവറികോസ്റ്റും ജയിച്ചുവന്നവരാണ്. ഒരു ഗോളിനു പിന്നിട്ടു നിന്നതിനുശേഷമാണ് അവര്‍ ജപ്പാനെ ആക്രമിച്ചു കീഴടക്കിയത്. രണ്ടാം പകുതിയില്‍ ദ്രോഗ്ബ ഇറങ്ങിയതോടെയാണ് ഐവറികോസ്റ്റ് ശരിക്കും കരുത്തരായത്. ദ്രോഗ്ബയുടെ സാന്നിധ്യം ആ ടീമിന് വളരെ വിലപ്പെട്ടതാണെന്നു ഞാന്‍ കരുതുന്നു. മികച്ച ലീഡിംഗ് കപ്പാസിറ്റി ഉണ്ട് അദ്ദേഹത്തിന്. വില്‍ഫ്രഡ് ബോണി, ജെര്‍വീഞ്ഞോ എന്നിവരും കൊളംബിയയുടെ കോട്ടയ്ക്ക് ഭീഷണിയാണ്.

ജപ്പാന്‍-ഗ്രീസ് മത്സരത്തില്‍ ഞാന്‍ ജപ്പാനാണ് സാധ്യത കാണുന്നത്. തോറ്റെങ്കിലും നന്നായി പൊരുതിയാണ് അവര്‍ ഐവറികോസ്റ്റിനോട് തോറ്റത്. എന്നാല്‍ ഗ്രീസിന്റെ കാര്യമങ്ങിനെ ആയിരുന്നില്ല. നിര്‍ഭാഗ്യം കൂടി ജപ്പാനെതിരെ കഴിഞ്ഞ കളിയില്‍ ഗോളടിച്ചിരുന്നുവെന്നും ഞാന്‍ കരുതുന്നു. ഇന്നവര്‍ക്ക് പിഴയ്ക്കില്ലെന്ന് കരുതാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍