UPDATES

സാംബ- 2014

ലോകം സാവോപോളോയിലേക്ക്- ലോകകപ്പിന് അഴിമുഖവും

Avatar

ഫൈസല്‍ ഖാന്‍

64 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രസീല്‍ അവസാനമായി സ്വന്തം നാട്ടില്‍ ലോകകപ്പ് കളിച്ചത്. ആ ലോകകപ്പില്‍, ‘സെലക്കാവോകള്‍’ (തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന് അര്‍ത്ഥം വരുന്ന പോര്‍ച്യുഗീസ് വാക്ക്) എന്നറിയപ്പെടുന്ന അവരുടെ ദേശീയ ടീം, 173850 വരുന്ന കാണികള്‍ക്ക് മുന്നില്‍, റിയോ ഡി ജനീറോയില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ വച്ച് അയല്‍ക്കാരായ ഉറുഗ്വയോട് ഫൈനലില്‍ അടിയറവ് പറഞ്ഞു. വീണ്ടും എട്ട് വര്‍ഷങ്ങളുടെ കാത്തിരുപ്പിന് ശേഷം, ആതിഥേയരായ സ്വീഡനെ തോല്‍പിച്ചു കൊണ്ട് 1958 ലാണ് ബ്രസീല്‍ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് വിജയം ആഘോഷിച്ചത്. 1930ല്‍ ആദ്യ ലോകകപ്പ് ഉറുഗ്വയില്‍ നടന്നതിന് ശേഷം,  1946 ല്‍ മത്സരങ്ങള്‍ ബ്രസീലില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്നും ലോകം പൂര്‍ണമായും മുക്തമാകാത്തതിനാല്‍, 1942ലെ പോലെ ആ ടൂര്‍ണമെന്റെും റദ്ദാക്കപ്പെടുകയായിരുന്നു. കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ രണ്ടാം തവണ മാത്രം ലോകകപ്പ് സാംബയുടെ നാട്ടിലെത്തുമ്പോള്‍, അവര്‍ തങ്ങളുടെ ആറാമത്തെ കിരീടമാണ് ലക്ഷ്യമിടുന്നത്. മറ്റൊരു ഫുട്‌ബോള്‍ ശക്തിക്കും അവകാശപ്പെടാനില്ലാത്ത ചരിത്ര നേട്ടം. 

വ്യാഴാഴ്ച നടക്കുന്ന ലോകകപ്പ് 2014 ന്റെ ഉദ്ഘാടന മത്സര വേദിയായ സാവോപോളോയെ ആറാം വട്ടവും കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ബ്രസീലിന്റെ കായിക മന്ത്രി അല്‍ഡോ റെബേലോ, തന്റെ രാജ്യം ഫൈനല്‍ കളിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ്. കടുത്ത വിലക്കയറ്റത്തിന്റെയും അടിയന്തിര ആവശ്യമായ വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും, ലോകകപ്പ് പോലുള്ള ഒരു വലിയ ഉത്സവം നടത്താന്‍ വേണ്ടി വരുന്ന വലിയ സാമ്പത്തിക ബാധ്യത, 2013 ല്‍ നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് വേദികളെ പ്രതിഷേധ കളങ്ങളാക്കി മാറ്റിയിരുന്നു. എന്നാല്‍ വ്യാപകമാകുന്ന പ്രതിഷേധങ്ങള്‍ക്ക് നടവിലും ലോകകപ്പ് ഒരു വലിയ വിജയമാക്കി മാറ്റാനുള്ള നിശ്ചയ ദാര്‍ഢ്യം തങ്ങളുടെ ദേശീയ ടീമിനെക്കാള്‍ ബ്രസീലിയന്‍ സര്‍ക്കാരിനാണുള്ളതെന്ന് പറയാം. എന്നാല്‍ സ്റ്റേഡിയങ്ങളുടെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ശുഭസൂചനയല്ല നല്‍കുന്നത്. എന്നാല്‍ ഒരിക്കല്‍ ലോകകപ്പില്‍ പന്തുരുണ്ട് തുടങ്ങുന്നതോടെ, കോണ്‍ഫഡെറേഷന്‍സ് കപ്പിന് ശേഷം ഒരിക്കല്‍ കൂടി സാംബ മാജിക് പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നെയ്മറിലേക്കും കൂട്ടാളികളിലേക്കും എല്ലാ കണ്ണുകളും പായും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ലോക ചാമ്പ്യന്മാരായ സ്‌പെയിനെ കോണ്‍ഫഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വാരി വിട്ടത് അത്ര വേഗം മറക്കാനാവില്ലല്ലോ.

എന്നാല്‍ സ്‌പെയിന് പുറമെ മൂന്ന് തവണ ജേതാക്കളായ ജര്‍മനി, ഇറ്റലി (നാല് തവണ ജേതാക്കള്‍), രണ്ട് തവണ ജേതാക്കളും പരമ്പരാഗത വൈരികളുമായ അര്‍ജന്റീന എന്നീ ടീമുകളില്‍ നിന്നും ബ്രസീലിന് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് കാണാതിരിക്കാനാവില്ല. ബ്രസീല്‍ ലോകകപ്പ് ജയിക്കുന്നതിന് മുമ്പ് അത് നേടിയ രാജ്യങ്ങളാണ് ഇറ്റലിയും ജര്‍മനിയും. 1934, 1938 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും തുടര്‍ന്ന് 1982 ലും 2006 ലും കപ്പ് നേടിയ ടീമാണ് ഇറ്റലി. 1990 ല്‍ അവസാനമായി കപ്പ് നേടിയ ശേഷമുള്ള നീണ്ട ഇടവേള അവസാനിപ്പിക്കാനുള്ള ത്വരയുമായാണ് ജര്‍മ്മനി ഇത്തവണ എത്തുന്നത്. 2002 ല്‍ ഫൈനലിലും (അതിമനോഹരമായ രണ്ട് ‘യഥാര്‍ത്ഥ’ റൊണാള്‍ഡോ ഗോളിലൂടെ ബ്രസീല്‍ അവരെ തകര്‍ത്തു), 2006 ലും ദക്ഷിണാഫ്രിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലും സെമി വരെ എത്തിയതുമാണ് അവരുടെ പിന്നീടുള്ള നേട്ടങ്ങള്‍. ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ വരുന്ന അര്‍ജന്റീനയാകട്ടെ 1978 ലും 1986 ലും ലോക ചാമ്പ്യന്മാരായെങ്കിലും കഴിഞ്ഞ രണ്ട് ലോകകപ്പ് ക്വാര്‍ട്ടറുകളില്‍ ജര്‍മനിയോടേറ്റ തോല്‍വി നല്‍കിയ വേദനയുടെ മുരള്‍ച്ചയുമായാണ് എത്തുന്നത്. 2006 ല്‍, മെസി ആദ്യമായി കളിച്ച ലോകകപ്പില്‍ അര്‍ജന്റീനയുടെ അന്നത്തെ കോച്ച് യോസെ പെക്കര്‍മാന്‍ അദ്ദേഹത്തെ സൈഡ് ബഞ്ചിലിരുത്തിയ മത്സരത്തിലായിരുന്ന അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് ഷൂട്ട് ഔട്ട് തോല്‍വി വഴങ്ങേണ്ടി വന്നത്. 2013 ല്‍ തന്റെ ഫിഫ പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നില്‍ അടിയറ വച്ച മെസി, ലോക വേദികളില്‍ തന്റെ പ്രാഗത്ഭ്യം വീണ്ടും തെളിയിക്കാനുള്ള വെമ്പലുമായാണ് ബ്രസീലില്‍ എത്തുന്നത്. 

മങ്ങിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ടിക്കി-ടാക്ക ശൈലിയെ വീണ്ടും വിജയപദത്തിലെത്തിക്കാന്‍ സ്‌പെയിന് സാധിക്കുമോ എന്നതാണ് ഈ ലോകകപ്പ് ഉയര്‍ത്തുന്ന വലിയ ചോദ്യങ്ങളില്‍ ഒന്ന്. നിരവധി ലോകകപ്പുകളിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ യാത്രാന്ത്യങ്ങള്‍ക്ക് ശേഷം 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍, പന്തു കൈവശം വച്ചുള്ള തന്ത്രത്തിലൂടെ എതിരാളികളെ വട്ടംകറക്കിയ സ്‌പെയ്ന്‍ (2008 യൂറോ കപ്പ് വിജയത്തിന് ശേഷം) അവസാന ചിരി ചിരിച്ചു. അവര്‍ ഇപ്പോഴും ശക്തരാണെന്നതില്‍ സംശയമില്ല. എന്നാല്‍ 2010 ല്‍ മറ്റ് ടീമുകള്‍ അവര്‍ക്ക് നല്‍കിയ അതേ ബഹുമാനവും അവരെ കുറിച്ചുള്ള ഭീതിയും അതേ അളവില്‍ ഇത്തവണയും നിലനില്‍ക്കുമോ? അടുത്ത മാസം നമുക്ക് ഇതിനുള്ള ഉത്തരം ലഭിക്കും. മറ്റൊരു മുന്‍ ജേതാവായ ഫ്രാന്‍സ് (1998 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സിനദെന്‍ സിദാന്‍ എന്ന മാന്ത്രികന്റെ തലയില്‍ നിന്നും ഒഴുകിയിറങ്ങിയ രണ്ട് ഗോളുകളിലൂടെ ഫൈനലില്‍ ബ്രസീലിന്റെ കഥ കഴിച്ചു നേടിയ കപ്പ്) ഇത്തവണ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അമിത സമ്മര്‍ദമില്ലായ്മയാണ് അവര്‍ക്ക് ഇക്കുറി എറ്റവും തുണയാവുക. കരിം ബന്‍സാമ, ഫ്രാങ്ക് റിബറി എന്നിവര്‍ ഇത്തവണ ഫ്രാന്‍സിന്റെ മോഹങ്ങളെ തോളിലേറ്റാന്‍ പ്രാപ്തിയുള്ളവരാണ്.

ആരു തന്നെ ജയിച്ചാലും ലോകകപ്പ് 2014 ലാറ്റിന്‍ അമേരിക്കയുടേയും ബ്രസീലിന്റെയും നിറങ്ങളുടെ പേരിലായിരിക്കും ഓര്‍ക്കപ്പെടാന്‍ പോകുന്നത്. ഏകദേശം മൂന്ന് ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് തെക്കെ അമേരിക്കയിലേക്ക് മടങ്ങി എത്തുന്നത്. ഈ ഭൂഖണ്ഡത്തില്‍ അവസാനമായി നടന്ന 1986ലെ മെക്‌സിക്കോ ലോകകപ്പില്‍, ഡീഗോ മാറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീന തങ്ങളുടെ ലോകകപ്പ് വിജയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 1978ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയതിന് ശേഷമുള്ള അവരുടെ രണ്ടാമത്തെ ലോകകപ്പ് വിജയമായിരുന്നു ഇത്. മറഡോണയുടെ കാലടികള്‍ പിന്തുടരാന്‍ മെസിക്ക് സാധിക്കുമോ? അതോ നെയ്മര്‍ സ്വന്തം നാട്ടുകാര്‍ക്കായി അത് നേടുമോ? എല്ലാ കാലത്തേയും വലിയ കളിക്കാരണായ പെലെയുടെ ആഗ്രഹം സഫലമാകുമോ?“1950ല്‍ ഉറുഗ്വേയോട് ഞങ്ങള്‍ ലോകകപ്പ് തോറ്റ ശേഷമുള്ള എന്റെ അച്ഛന്റെ കരച്ചില്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു,” 2014ല്‍ സ്വന്തം നാട്ടില്‍ ഒരു ബ്രസീല്‍ വിജയം എന്ന സ്വപ്നത്തെ കുറിച്ച് പെലെ പറയുന്നു. “അതു കൊണ്ട് എന്റെ കുട്ടികള്‍ കരയുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” മൂന്നു തവണ ബ്രസീലിനെ ലോക ചാമ്പ്യന്മാരാ്കകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഫുട്ബോളിന്റെ ബിംബം ആഗ്രഹിക്കുന്നു. ചരിത്രം നമ്മോട് ഇത്രയേ പറയുന്നുള്ളു. ബാക്കി അറിയാന്‍ ഭാവിയിലേക്ക് ഉറ്റു നോക്കാം.

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ‘ദ ഇക്കണോമിക് ടൈംസ്’ ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍