UPDATES

സാംബ- 2014

ലോകകപ്പിലെ ഗോള്‍ വരള്‍ച്ച അതിജീവിച്ച് മെസി

Avatar

ടിം അഴിമുഖം

മത്സരത്തില്‍ ഒരു നിമിഷം മാത്രം പൊട്ടിത്തെറിച്ച മെസി മാജിക്കിന്റെ പിന്‍ബലത്തില്‍ അര്‍ജന്റീന കഷ്ടിച്ച് ലോകകപ്പിലെ കന്നിക്കാരായ ബോസ്‌നിയ ഹെര്‍സഗോവ്നയെ മറികടന്നപ്പോള്‍, എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ തകര്‍ത്ത് 2014 ലെ അരങ്ങേറ്റം ഫ്രാന്‍സ് ഉജ്ജ്വലമാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസവും ലാറ്റിന്‍ അമേരിക്കന്‍ പ്രതീക്ഷ കടപുഴകി വീണപ്പോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്റ് ജയപ്രതീക്ഷയുണ്ടായിരുന്ന ഇക്വഡോറിനെ വീഴ്ത്തി. ഈ ലോകകപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ ഏറെ മുന്നേറും എന്ന പ്രതീക്ഷ നിലനില്‍ക്കെ കഴിഞ്ഞ ദിവസം കോസ്റ്റാറിക്ക ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേയെ തകര്‍ത്തിരുന്നു. 

ആദ്യമായി ലോകകപ്പ് കളിക്കുന്ന ബോസ്നിയയ്ക്ക് മുന്നില്‍ വെള്ളം കുടിക്കുന്ന അര്‍ജന്റീനയെ ആണ് കളിയില്‍ ഉടനീളം കണ്ടത്. 65-ആം മിനുട്ടില്‍ പൊട്ടിത്തെറിച്ച മെസിയുടെ പ്രതിഭയാണ് കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബോസ്‌നിയയെ തോല്‍പ്പിക്കാന്‍ മുന്‍ ചാമ്പ്യന്മാരെ സഹായിച്ചത്. കളിയുടെ ആദ്യ മിനുട്ടില്‍ തന്നെ കൊളാസിനിച്ചിന്റെ സെല്‍ഫ്‌ഗോളില്‍ ബോസ്‌നിയ പിന്നിലായി. തുടര്‍ന്ന് മെസ്സിയുടെ ഗോളിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോസ്‌നിയന്‍ താരങ്ങളെ സമര്‍ഥമായി കബളിപ്പിച്ച് മെസി തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി ബോസ്‌നിയന്‍ വലയില്‍ വീണപ്പോള്‍ മാറക്കാന ഇളകിമറിഞ്ഞു. ഈ നിമഷത്തിനായി കാത്തിരുന്ന അര്‍ജന്റീനിയന്‍ ആരാധകര്‍ ആനന്ദനൃത്തമാടി. മെസിയുടെ രണ്ടാം ലോകകപ്പ് ഗോള്‍.  എന്നാല്‍ 85-ആം മിനിറ്റില്‍ ഇബിസെവിച്ച് ബോസ്‌നിയക്കുവേണ്ടി നേടിയ ഗോള്‍ കളി വീണ്ടും ആവേശത്തിലാക്കിയെങ്കിലും പിന്നീടുള്ള നിമിഷങ്ങളില്‍ സമനില നേടാനുള്ള കന്നിക്കാരുടെ ശ്രമം വിഫലമാകുകയായിരുന്നു. ആദ്യ പകുതിയില്‍ ചില ഉജ്ജ്വല സേവുകളിലൂടെ അര്‍ജന്റീനയുടെ ഗോളിയും അവരുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 

പോര്‍ട്ടോ അലഗ്രയില്‍ നടന്ന മത്സരത്തില്‍, 2010ല്‍ ആഫ്രിക്കന്‍ മണ്ണിലെ കയ്പുനീര്‍ ഫ്രാന്‍സ് മറക്കുന്ന കാഴ്ചയാണ് കണ്ടത്. പരിഭവങ്ങളും പരാതികളും കടന്നെത്തിയ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് ബ്രസീല്‍ മണ്ണില്‍ വീരോചിത തുടക്കം. താരതമ്യേന പുതുനിരയുമായി കളത്തിലിറങ്ങിയ ഫ്രാന്‍സ് കോണ്‍കാകാഫിന്റെ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു തകര്‍ത്തത്. മറുവശത്ത്, ആദ്യപകുതി തീരുംമുമ്പെ പത്തുപേരായി ചുരുങ്ങേണ്ടിവന്ന ഹോണ്ടുറാസിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പെനല്‍റ്റിയുള്‍പ്പെടെ രണ്ടു ഗോള്‍ നേടിയ ബെന്‍സെമയായിരുന്നു ഫ്രാന്‍സിന്റെ വിജയശില്‍പ്പി. ഹോണ്ടുറാസ് ഗോളി വല്ലാദറസിന്റെ ദാനമായിരുന്നു മറ്റൊന്ന്. ആദ്യ പകുതിയില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയ ഹോണ്ടുറാസിന് പിന്നീട് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പോഗ്ബയെ ഹോണ്ടുറാസിന്റെ പലാഷ്യോ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ബന്‍സാമെയ്ക്ക് പിഴച്ചില്ല. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പലാഷ്യോ പുറത്താകുകയും ചെയ്തു. 

ലോങ് വിസിലിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ പിറന്ന ഗോളിലൂടെയാണ് ലോകകപ്പ് ഗ്രൂപ്പ് ‘ഇ’യില്‍ ഇക്വഡോറിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡിന് മിന്നുന്ന ജയം നേടിയത്. ആദ്യ പകുതിയുടെ 22-ആം മിനിറ്റില്‍ എന്നര്‍ വലന്‍സിയയുടെ ഗോളിലൂടെ ലീഡ് നേടിയ ഇക്വഡോറിനെതിരെ രണ്ടാം പകുതിയിലാണ് സ്വിസ് പട തിരിച്ചടിച്ചത്. 48-ആം മിനിറ്റില്‍ അദ്മിര്‍ മഹ്മദിയിലൂടെ സമനില പിടിച്ച സ്വിറ്റ്‌സര്‍ലന്‍ഡിന് ഇഞ്ച്വറി ടൈമില്‍ ഹാരിസ് സെഫറോവിചാണ് ത്രസിപ്പിക്കുന്ന വിജയ ഗോള്‍ സമ്മാനിച്ചത്.

മെസിയും ഗോള്‍ നേടിയതോടെ ലോകത്തെ പ്രമുഖ സ്‌ട്രൈക്കര്‍മാരെല്ലാം ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി എന്ന് പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. നെയ്മര്‍, ബെന്‍സാമെ, ആര്യന്‍ റോബന്‍, റോബിന്‍ വാന്‍പേഴ്‌സി എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ ബാലട്ടെല്ലിയും മെസിയും സാവി അലേന്‍സോയും ഓരോ ഗോളോടെ പട്ടിയകയില്‍ ഇടം പിടിച്ചു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍